19 April Friday

ചരിത്രപരം ഈ ഉച്ചകോടി

വെബ് ഡെസ്‌ക്‌Updated: Saturday Apr 28, 2018


കൊറിയൻ ഉപദ്വീപിൽ യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും കാർമേഘം നീങ്ങുകയാണ്. വടക്കൻ കൊറിയൻ പ്രസിഡന്റ് കിം ജോങ‌് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജായ് ഇന്നും തമ്മിൽ വെള്ളിയാഴ്ച നടത്തിയ ഉച്ചകോടി സംഭാഷണത്തിലാണ് സമാധാനവും പുരോഗതിയും ഉറപ്പുവരുത്താനുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. 65 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഒരു വടക്കൻ കൊറിയൻ പ്രസിഡന്റ് അതിർത്തി കടന്ന് ദക്ഷിണ കൊറിയൻ പ്രദേശത്ത്  ഉച്ചകോടി സംഭാഷണത്തിനു തയ്യാറാകുന്നത്. നേരത്തെ വടക്കൻ കൊറിയൻ പ്രസിഡന്റായ കിം ജോങ‌് ഇൽ (ജിം ജോങ‌് ഉന്നിന്റെ അച്ഛൻ) 2000ലും 2007ലും തെക്കൻ കൊറിയൻ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അതൊക്കെ വടക്കൻ കൊറിയൻ പ്രദേശത്തായിരുന്നു. മാത്രമല്ല തെക്കൻ കൊറിയൻ പ്രസിഡന്റുമാരായ കിം ദായ് ജൂങ്ങും റോഹ് മൂൺ ഇന്നും കിം ജോങ‌് ഇല്ലുമായി നടത്തിയ കൂടിക്കാഴ്ചകളിൽ സുപ്രധാന തീരുമാനമൊന്നും കൈക്കൊണ്ടിരുന്നുമില്ല. 

എന്നാൽ, ഇക്കുറി ഇരുകൊറിയകളുടെയും അതിർത്തിയിലുള്ള ദക്ഷിണ കൊറിയൻ പ്രദേശമായ പാൻമുൻജിയോമിലെ  പീസ് ഹൗസിലാണ് നേതാക്കൾ തമ്മിലുള്ള ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടന്നത്.  അതിർത്തിയിൽ തന്നെ സ്വീകരിക്കാനെത്തിയ തെക്കൻ കൊറിയൻ പ്രസിഡന്റിനോട് വടക്കൻ കൊറിയൻ പ്രദേശത്തേക്ക് വരാൻ കിം ജോങ‌് ഉൻ ആവശ്യപ്പെടുകയും മൂൺ ജായ് ഇൻ അത് അനുസരിക്കുകയും ചെയ്തത് ഇരു കൊറിയകളുടെയും ബന്ധത്തിലുണ്ടായിരുന്ന സംഘർഷത്തിന് അയവു വരുകയാണെന്നതിന്റെ ശക്തമായ സൂചനയാണ്. 1950‐53 കാലത്ത് ഇരുകൊറിയകളും തമ്മിൽ നടന്ന യുദ്ധത്തിന് ഔദ്യോഗികമായി അന്ത്യമിട്ടുകൊണ്ട് സമാധാന സന്ധി ഒപ്പിടാൻ ഇരുരാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചു. അതോടൊപ്പം മേഖലയെ ആണവമുക്തമാക്കാനും തീരുമാനിച്ചു.

അമേരിക്ക ഇടപെട്ടാണ് കൊറിയൻ ഏകീകരണത്തെ തടഞ്ഞതും രണ്ടായി വിഭജിച്ചതും. താൽക്കാലിക വെടിനിർത്തൽ കരാർ ഒപ്പിട്ടുകൊണ്ടാണ് അന്ന് യുദ്ധം നിർത്തിയത്. സമാധാന സന്ധി ഒപ്പിട്ടിരുന്നില്ല. അതിനാൽ അമേരിക്ക തങ്ങളെ ആക്രമിക്കുമെന്ന ഭയം വടക്കൻ കൊറിയയെ നിരന്തരം വേട്ടയാടിയിരുന്നു. മാത്രമല്ല അമേരിക്ക അവരുടെ സൈനിക സാന്നിധ്യവും സൈനികത്താവളങ്ങളും ദക്ഷിണ കൊറിയയിൽ തുടരുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ മേഖലയിലെ ഏറ്റവും വലിയ സൈനികാഭ്യാസവും നടത്തിവരുന്നു.  ഈ സാഹചര്യത്തിലാണ് സ്വയം രക്ഷയ‌്ക്കായി വടക്കൻ കൊറിയ ആയുധ സംഭരണം നടത്തിയത്. എന്നാൽ, സമാധാന സന്ധി ഒപ്പിടുന്നതോടെ വടക്കൻ കൊറിയയുടെ ഏറ്റവും വലിയ ആശങ്കയാണ് ദുരീകരിക്കപ്പെടുന്നത്. ജൂണിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി വടക്കൻ കൊറിയൻ പ്രസിഡന്റ് നടത്തുന്ന കൂടിക്കാഴ്ചയിൽ സമാധാന സന്ധി ഒപ്പിടുന്ന പക്ഷം മേഖലയിൽ സമാധാനാന്തരീക്ഷം പുലരുമെന്ന് ഉറപ്പ്.

എന്നാൽ, ദക്ഷിണ കൊറിയയുടെ ഏറ്റവും വലിയ ആശങ്ക വടക്കൻ കൊറിയയുടെ ആണവായുധവൽക്കരണമാണ്. സമാധാന നീക്കങ്ങളുടെ ഭാഗമായി ആണവപരീക്ഷണങ്ങളും മിസൈൽപരീക്ഷണങ്ങളും നിർത്തിവയ‌്ക്കുമെന്നു പറഞ്ഞ വടക്കൻ കൊറിയ ഇപ്പോൾ കൊറിയൻ ഉപദ്വീപിനെ ആണവമുക്തമാക്കുക എന്നത് പൊതുലക്ഷ്യമായി അംഗീകരിച്ചിരിക്കുകയാണ്. കൂടിക്കാഴ‌്ചയ‌്ക്കു ശേഷം പുറത്തിറക്കിയ സംയുക്ത പ്രഖ്യാപനത്തിലാണ് സുപ്രധാനമായ ഇക്കാര്യമുള്ളത്. മൂൺ ജായിയെ വടക്കൻ കൊറിയയിലേക്ക് കിം ജോങ‌് ഉൻ ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു. സോളിലേക്ക് ക്ഷണിച്ചാൽ അത് സ്വീകരിക്കുമെന്നും കുടിക്കാഴ്ചയിൽ കിം ജോങ‌് ഉൻ വ്യക്തമാക്കി. ഇടയ്ക്കിടെ കൂടിക്കാഴ്ചകളും ചർച്ചകളും വേണമെന്ന നിർദേശവും കിം ജോങ‌് ഉൻ മുന്നോട്ടുവയ‌്ക്കുകയുണ്ടായി. മെയ് ഒന്നുമുതൽ ഇരു കൊറിയകളും പരസ്പരം നടത്തുന്ന എതിർ പ്രചാരണത്തിന് അന്ത്യമിടാനും വടക്കൻ കൊറിയയിലെ ഗായ്സിയോങ്ങിൽ സംയുക്ത നേതൃത്വത്തിൽ ലെയ്സൺ ഓഫീസ് തുറക്കാനും കൊറിയൻ യുദ്ധവേളയിൽ വേർപെട്ട കുടംബാംഗങ്ങളുടെ സംഗമം സംയുക്തമായി ആഗസ്ത് 15ന് നടത്താനും ഇരുകൊറിയകളും ധാരണയായി. എഷ്യൻ ഗെയിംസിൽ ഇരു കൊറിയകളും സംയുക്തമായി പങ്കെടുക്കാനും ധാരണയായി. 

ഫെബ്രുവരിയിൽ ദക്ഷിണകൊറിയയിലെ പ്യോങ‌്ചാങ്ങിൽ നടന്ന ശീതകാല ഒളിമ്പിക‌്സിൽ ഒരു കൊടിക്കു കീഴിൽ ഇരു കൊറിയൻ ടീമുകളും പങ്കെടുത്തതോടെയാണ് ബന്ധത്തിലെ മഞ്ഞുരുക്കം ആരംഭിച്ചത്.  അതിന്റെ തുടർച്ചയെന്നോണമാണ് ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. കൊറിയൻ മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വേഗം പകർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും വടക്കൻ കൊറിയൻ നേതാവ് കിം ജോങ‌് ഉന്നും തമ്മിൽ ബീജിങ്ങിൽ ഉച്ചകോടി സംഭാഷണവും നടത്തി. റെയിൽ മാർഗം ബീജിങ്ങിലെത്തിയ വടക്കൻ കൊറിയൻ സംഘം പ്യോങ‌്യാങിലേക്ക് തിരിച്ചുപോയതിനു ശേഷമാണ് സന്ദർശനത്തെക്കുറിച്ച് ലോകം അറിഞ്ഞത്.  പല നയതന്ത്ര വിദഗ്ധരും വിലയിരുത്തുന്നതുപോലെ കൊറിയൻ ഉപദ്വീപ് സമാധാനത്തിലേക്ക് നീങ്ങുകയാണ്. ഉച്ചകോടി സംഭാഷണം നടന്ന പീസ് ഹൗസിലെ സന്ദർശക പുസ്തകത്തിൽ കിം കുറിച്ചിട്ടതുപോലെ 'ഒരു പുതുചരിത്രത്തിനാണ് ഇവിടെ തുടക്കം കുറിക്കപ്പെടുന്നത്.  അതോടൊപ്പം സമാധാന യുഗത്തിനും.' യുദ്ധ കുതുകിയെന്ന് അമേരിക്കയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും വിശേഷിപ്പിച്ച കിം ജോങ‌് ഉൻ തന്നെയാണ് ഈ സമാധാന നീക്കങ്ങൾക്കും തുടക്കം കുറിച്ചതെന്ന കാര്യവും വിസ്മരിച്ചുകൂടാ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top