29 March Friday

പ്രതിബദ്ധത പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തോട്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 21, 2018


ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റ് രണ്ടാംവർഷത്തിൽ എത്തുമ്പോൾ അതിന്റെ ഇടപെടലുകളുടെ ഭാഗമായി സംസ്ഥാനത്ത് പ്രയോജനം ലഭിക്കാത്ത ജനവിഭാഗങ്ങൾ  ഇല്ലെന്നു തന്നെ പറയാം. പിന്നോക്കവിഭാഗങ്ങൾ, മതന്യൂനപക്ഷങ്ങൾ എന്നിവരുടെ ഉന്നമനം ലക്ഷ്യമാക്കി കഴിഞ്ഞദിവസം ആരംഭിച്ച രണ്ട് പദ്ധതികൾ  സർക്കാരിന്റെ  ജനക്ഷേമപ്രവർത്തനങ്ങളിലെ പൊൻതൂവലാണ്. പിന്നോക്കവിഭാഗ വികസന കോർപറേഷന്റെ നേതൃത്വത്തിൽ തുടക്കമിട്ട റീടേൺ, സ്റ്റാർട്ടപ്പ് എന്നീ പദ്ധതികൾ പ്രകാരമുള്ള വായ്പാവിതരണം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനംചെയ്തത്. പ്രവാസികൾ ഉൾപ്പെടെ നിരവധി ജീവിതങ്ങളുടെ പ്രതീക്ഷ യാഥാർഥ്യമാക്കുന്നതാണ് ഇരു പദ്ധതികളും.

പ്രവാസി പുനരധിവാസം ലക്ഷ്യമിട്ടാണ് നോർക്ക റൂട്ട്സുമായി സഹകരിച്ച് 'റീടേൺ' എന്ന പേരിൽ പ്രവാസി പുനരധിവാസ വായ്പാപദ്ധതി പിന്നോക്കവികസന കോർപറേഷൻ ആവിഷ്കരിച്ചത്. നോർക്ക റൂട്ട്സ് നിലവിൽ പ്രവാസി പുനരധിവാസ പദ്ധതി നടപ്പാക്കുന്നുണ്ട്.  അതുപ്രകാരം പ്രവാസി സംരംഭകർക്ക് മൂലധന സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിക്കുന്നുണ്ട്. എന്നാൽ, വായ്പയ്ക്കായി ബാങ്കുകൾ ചുമത്തുന്ന ഉയർന്ന പലിശനിരക്ക് പ്രവാസികളെ  ബുദ്ധിമുട്ടിക്കുകയാണ്. പന്ത്രണ്ടുമുതൽ പതിനാല് ശതമാനംവരെ പലിശയാണ് പല ദേശസാൽക്കൃത ബാങ്കുകളും ഈടാക്കുന്നത്.

ഇതുമൂലം സർക്കാർ നൽകുന്ന ആനുകൂല്യത്തിന്റെ പൂർണ പ്രയോജനം പ്രവാസികൾക്ക് ലഭ്യമാകുന്നില്ല.  ഇതുസംബന്ധിച്ച ധാരാളം പരാതികൾ സർക്കാരിന് ലഭിക്കുന്നുണ്ട്.  ഇതിനുപരിഹാരമെന്ന നിലയ്ക്കാണ് സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപറേഷൻ മുഖേന 'റീടേൺ' പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം കേവലം ആറുമുതൽ ഏഴുവരെ ശതമാനം പലിശനിരക്കിൽ പ്രവാസികൾക്ക് വായ്പ ലഭിക്കും. അതുകൊണ്ടുതന്നെ ജന്മനാട്ടിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസിമലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ ഒരു പദ്ധതിയാകുന്നു ഇത്. 

പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയവരെ തൊഴിലന്വേഷകരാക്കാതെ സംരംഭകരാക്കിമാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കോർപറേഷൻ സ്റ്റാർട്ടപ് വായ്പാപദ്ധതിക്ക് തുടക്കമിട്ടത്. ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന നാടാണ് കേരളം.  എന്നാൽ, വിദ്യാഭ്യാസ ഉന്നതിക്കനുസൃതമായി അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം വർധിക്കുന്നുണ്ട് എന്നത് കാണാതെപോയ്ക്കൂടാ. ഇതിനു പരിഹാരം വിദ്യാഭ്യാസ ഉന്നതി തടയുക എന്നതല്ല, മറിച്ച് അത് കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരംകാണുക എന്നതാണ്. പ്രൊഫഷണൽ ഡിഗ്രി എടുത്തവർക്കുപോലും യോഗ്യതയ്ക്കനുസൃതമായ ജോലി ലഭിക്കുന്നില്ല എന്നത് സത്യമാണ്. തൊഴിൽദാതാക്കൾ സർക്കാർമാത്രമാണ് എന്ന സ്ഥിതി മാറിയാലേ പറ്റൂ. സ്വകാര്യസ്ഥാപനങ്ങൾ മാത്രമാണ് എന്ന സ്ഥിതിയും മാറണം. ഓരോ ഉദ്യോഗാർഥിയും ഓരോ സംരംഭകനാകുക എന്നതുതന്നെയാണ്  പോംവഴി.

സംരംഭകത്വത്തെ കുറിച്ചുള്ള ആശങ്കകളും ബാങ്കുകൾ ഉൾപ്പെടെയുള്ള ധനസ്ഥാപനങ്ങളിൽനിന്ന് വായ്പ എടുക്കുന്നതിനുള്ള  സങ്കീർണമായ വ്യവസ്ഥകളും ഉയർന്ന പലിശനിരക്കുമൊക്കെയാണ് പലരെയും ഇതിൽനിന്ന് അകറ്റിനിർത്തുന്നത്.  സ്റ്റാർട്ടപ്പ് വായ്പാപദ്ധതി നടപ്പാക്കുന്നതിലൂടെ  ഈ പ്രശ്നത്തിന് വലിയൊരു പരിധിവരെ പരിഹാരമാകുകയാണ്.

ഈ പദ്ധതി പ്രകാരം വായ്പ എടുക്കുന്ന പിന്നോക്കവിഭാഗത്തിൽപ്പെട്ട സംരംഭകർക്ക് ആറുമുതൽ ഏഴുശതമാനംവരെ പലിശനിരക്കിൽ പരമാവധി ഇരുപത് ലക്ഷം രൂപവരെ വായ്പ അനുവദിക്കും. മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് ആറുമുതൽ എട്ട് ശതമാനംവരെ പലിശനിരക്കിൽ മുപ്പത് ലക്ഷം രൂപവരെ വായ്പ നൽകും. മാത്രമല്ല, വ്യവസ്ഥകൾക്ക് വിധേയമായി സംരംഭകർക്ക്  രണ്ടുലക്ഷം രൂപവരെ മൂലധന സബ്സിഡിയും കോർപറേഷൻ  അനുവദിക്കുന്നുണ്ട്. ഇത്തരത്തിൽ നമ്മുടെ യുവജനങ്ങളുടെ കഴിവ് നാടിനുതന്നെ പ്രയോജനമാകുംവിധം വിനിയോഗിക്കാൻ ഇത് അവസരമൊരുക്കും.

പാർശ്വവൽക്കരിക്കപ്പെടുന്നവരോടും ദുർബലരോടുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിൽനിന്നൊക്കെ വ്യക്തമാകുന്നത്.  കേരളം ഇന്ന് പല നിലയ്ക്കും രാജ്യത്തിനാകെ മാതൃകയാണ്. മതന്യൂനപക്ഷങ്ങളെയും പിന്നോക്കവിഭാഗക്കാരെയും സംബന്ധിച്ചിടത്തോളം ഒരുതരത്തിലുള്ള വിവേചനവും ഈ നാട്ടിൽ അനുവദിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത സർക്കാരാണ് കേരളത്തിന്റേത്. സാമൂഹ്യനീതി എന്ന ലക്ഷ്യത്തിലേക്കുള്ള ചിട്ടയായ മുന്നേറ്റത്തിൽ നാഴികക്കല്ലാണ് ഈ പദ്ധതികൾ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top