15 December Monday

ജനവിരുദ്ധത തുറന്നുകാട്ടാൻ അവിശ്വാസപ്രമേയം

വെബ് ഡെസ്‌ക്‌Updated: Friday Jul 28, 2023


അഭിപ്രായസ്വാതന്ത്ര്യവും സംവാദങ്ങളും ന്യൂനപക്ഷത്തിന്റെ വാക്കുകൾ  ഭൂരിപക്ഷം ഉൾക്കൊള്ളുന്നതുമാണ്‌ പാർലമെന്ററി ജനാധിപത്യത്തിന്റെ കാതൽ. എന്നാൽ, ലോക്‌സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച്‌ പാർലമെന്ററി ജനാധിപത്യത്തിനുനേരെ മോദി സർക്കാർ നടത്തുന്ന കടന്നാക്രമണം എല്ലാ അതിർവരമ്പുകളും കടന്നിരിക്കുകയാണ്‌. പാർലമെന്റിൽ ഹാജരാകാതെ, രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കാൻപോലും തയ്യാറാകാത്ത പ്രധാനമന്ത്രി എല്ലാ ജനാധിപത്യ മര്യാദകളും കീഴ്‌വഴക്കങ്ങളും ലംഘിക്കുന്നു. രാജ്യത്തെ ബാധിക്കുന്ന ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായാൽപ്പോലും മുമ്പ്‌ പ്രധാനമന്ത്രിമാർ പാർലമെന്റിനെ വിശ്വാസത്തിലെടുത്ത്‌ പ്രസ്‌താവനകൾ നടത്തിയ മഹത്തായ ജനാധിപത്യ പാരമ്പര്യമാണ്‌ ഇന്ത്യക്കുണ്ടായിരുന്നത്‌. അപരമത വിദ്വേഷത്തിന്റെയും ഫാസിസ്റ്റ് സംസ്‌കാരത്തിന്റെയും പ്രതീകമായ മോദി അധികാരത്തിൽ വന്നശേഷം പ്രതിപക്ഷത്തെ അവഗണിച്ചും പാർലമെന്റിനെ നോക്കുകുത്തിയാക്കിയും ഉന്നത നീതിപീഠത്തിന്റെ ഉത്തരവുകൾ കാറ്റിൽപ്പറത്തിയും ഏകാധിപത്യ ശൈലിയാണ്‌ പിന്തുടരുന്നത്‌. മൂന്നുമാസത്തോളമായി വംശീയ കലാപത്തിൽ കത്തിയെരിയുന്ന മണിപ്പുരിലെ സ്ഥിതിഗതികളെപ്പറ്റി പാർലമെന്റിൽ ഒരക്ഷരം സംസാരിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാർഷ്‌ട്യം നിറഞ്ഞ നിലപാട്‌ തികച്ചും സ്വേച്ഛാധിപത്യപരമാണ്‌. മണിപ്പുർ വിഷയത്തിൽ ഇരുസഭയിലും പ്രസ്‌താവന നടത്തണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം തുടർച്ചയായി പ്രതിഷേധിക്കുമ്പോഴും മൗനം പാലിച്ച മോദി അഞ്ചു ദിവസമായി പാർലമെന്റിൽ വന്നില്ല. പാർലമെന്റിലും പുറത്തും ഉയരുന്ന പ്രതിഷേധങ്ങളിൽ പ്രതികരിക്കാതെ പ്രതിപക്ഷസഖ്യത്തിന്റെ പേരിലെ രാജ്യദ്രോഹം ചികഞ്ഞ് പരിഹാസ്യനാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ്‌ മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രിയെക്കൊണ്ട്‌ ലോക്‌സഭയിൽ സംസാരിപ്പിക്കുമെന്ന ദൃഢനിശ്‌ചയത്തിൽ പ്രതിപക്ഷക്കൂട്ടായ്‌മയായ ‘ഇന്ത്യ’ മോദി മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയത്‌. 

ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സർക്കാരിനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കാനുള്ള അംഗബലം പ്രതിപക്ഷത്തിന്‌ ലോക്‌സഭയിൽ ഇല്ല എന്നത്‌ വസ്‌തുതയാണ്‌. ‘ഇന്ത്യ’യിലെ കക്ഷികൾക്ക്‌ ലോക്‌സഭയിൽ 144 ഉം എൻഡിഎയ്‌ക്ക്‌ 331 അംഗങ്ങളുമാണുള്ളത്‌. മറ്റെല്ലാ കക്ഷികൾക്കുമായി 54 അംഗങ്ങളും. സർക്കാർ അവരുടെ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനാൽ അധികാരസ്ഥാനത്ത്‌ തുടരാൻ യോഗ്യതയില്ലെന്ന്‌ തെളിയിക്കാൻ ലോക്‌സഭയിൽ കേന്ദ്രമന്ത്രിസഭയ്‌ക്കെതിരെ അവതരിപ്പിക്കുന്ന പാർലമെന്ററി പ്രമേയമാണ് അവിശ്വാസപ്രമേയം. ഇന്ത്യൻ ഭരണഘടന വിശ്വാസ, അവിശ്വാസ പ്രമേയങ്ങളെപ്പറ്റി പരാമർശിക്കുന്നില്ലെങ്കിലും ലോക്‌സഭയോട് കൂട്ടുത്തരവാദിത്വമുള്ളവരായിരിക്കും മന്ത്രിസഭയെന്ന്‌ ആർട്ടിക്കിൾ 75 വ്യക്തമാക്കുന്നുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ലോക്‌സഭാ നടപടിക്രമം ചട്ടം 198 പ്രകാരം സർക്കാരിനെതിരെ "അവിശ്വാസപ്രമേയം' അവതരിപ്പിക്കുന്നത്‌. നരേന്ദ്ര മോദി സർക്കാരിനെതിരായി പ്രതിപക്ഷ പാർടികളുടെ കൂട്ടായ്‌മ കൊണ്ടുവരുന്നത്‌ ലോക്‌സഭയുടെ ചരിത്രത്തിലെ 28–-ാമത്‌ അവിശ്വാസ പ്രമേയമാണ്‌. ‘ഇന്ത്യ’യിലുണ്ടായ ധാരണപ്രകാരം കോൺഗ്രസ്‌ കക്ഷി ഉപനേതാവ്‌ ഗൗരവ്‌ ഗൊഗോയിയാണ്‌ അവിശ്വാസപ്രമേയത്തിന്‌ ബുധനാഴ്‌ച നോട്ടീസ്‌ നൽകിയത്‌.

മതനിരപേക്ഷ ജനാധിപത്യ ഭരണഘടനാ റിപ്പബ്ലിക്കിനെ അട്ടിമറിച്ച്‌ പ്രസിഡൻഷ്യൽ രീതിയിലുള്ള ഭരണസമ്പ്രദായത്തോടെ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കാനുള്ള ശ്രമത്തിലാണ്‌ ആർഎസ്‌എസ്‌. ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഉയർന്നുവരുന്ന കൂട്ടായ്‌മ മോദിയെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഈ അസ്വസ്ഥത ഉള്ളതുകൊണ്ടാണ്‌ പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാൻ കേന്ദ്രഏജൻസികളെ ഉപയോഗിക്കുന്നതോടൊപ്പം പ്രതിപക്ഷ കൂട്ടായ്‌മയായ ‘ഇന്ത്യ’ യെ അപഹസിക്കുന്നതും. ഇന്ത്യ എന്ന പേര്‌  ഈസ്റ്റ് ഇന്ത്യാ കമ്പനിയിലും ഇന്ത്യൻ മുജാഹിദീനിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലും  ഉണ്ടെന്നുപറയുന്ന മോദി സ്വന്തം പ്രസ്ഥാനമായ ആർഎസ്‌എസിന്റെ സാമ്രാജ്യത്വസേവയുടെയും ദേശവഞ്ചനയുടെയും മതതീവ്രവാദത്തിന്റെയും ചരിത്രത്തെയാണ് ഓർമിപ്പിക്കുന്നത്‌. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ മറച്ചുപിടിക്കാൻ ഭീകരവാദ ഭീഷണി, ദേശസുരക്ഷ എന്നൊക്കെ പറഞ്ഞ് സങ്കുചിത ദേശീയവികാരവും അന്യമത വിദ്വേഷവും ഇളക്കിവിടുന്ന മോദിയുടെ കൗശലമാണ് മണിപ്പുരിൽ വംശീയ കലാപത്തിന്‌ ഇടയാക്കിയത്‌. മണിപ്പുരിൽ ഗോത്ര ജനതയ്‌ക്കും സ്‌ത്രീകൾക്കും നേരെ ആരംബായ് തെങ്കലും മെയ്‌ത്തീ ലിപൂണും നടത്തുന്ന ക്രൂരത 2002ൽ ഗുജറാത്തിൽ മോദിയുടെ ഒത്താശയോടെ സംഘപരിവാർ സംഘടനകൾ നടത്തിയതിനു സമാനമാണ്‌. ആർഎസ്‌എസ്‌ നയിക്കുന്ന മോദി സർക്കാരിന്റെ സ്വേച്ഛാധിപത്യ നടപടികൾക്കെതിരെയും ഫാസിസ്റ്റു ഭീഷണിക്കെതിരെയും പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം സംഘടിപ്പിക്കുന്ന ശക്തമായ പ്രതിഷേധത്തിന്റെ  ഭാഗമാണ്‌ അവിശ്വാസപ്രമേയവും. മോദി സർക്കാരിന്റെ ജനവിരുദ്ധവും മണിപ്പുർ വിഷയത്തിൽ ഉൾപ്പെടെയുള്ള രാജ്യവിരുദ്ധവുമായ നയങ്ങൾ തുറന്നുകാട്ടുന്നതിനുള്ള അവസരമായി അവിശ്വാസപ്രമേയ ചർച്ചയെ മാറ്റിയെടുക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top