26 April Friday

നിതീഷിന്റെ പതനം

വെബ് ഡെസ്‌ക്‌Updated: Friday Jul 28, 2017


ജനങ്ങള്‍ തിരസ്കരിച്ചാലും രാഷ്ട്രീയ ഉപജാപവും കേന്ദ്രഭരണവും വഴി സംസ്ഥാനങ്ങളില്‍ അധികാരത്തിന്റെ പങ്കുപറ്റുക എന്ന ബിജെപി കുതന്ത്രമാണ് ബിഹാറില്‍ വിജയം കണ്ടത്. സംഘപരിവാര്‍ അജന്‍ഡയ്ക്ക് തലവച്ചുകൊടുത്ത ഒറ്റുകാരന്‍ എന്നതായിരിക്കും ഇനി ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിതീഷ്കുമാറിനുള്ള സ്ഥാനം. ബിജെപിയുമായുള്ള കേവലമായ ഒരു രാഷ്ട്രീയസഖ്യമല്ല ഈ ഭരണമാറ്റത്തിലുള്ള പ്രശ്നം. മുമ്പും നിതീഷ്കുമാര്‍ ബിജെപിയുമായി ചേര്‍ന്ന് ഭരണത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. അന്നൊക്കെ രാഷ്ട്രീയത്തിലെ മാറ്റംമറിച്ചിലുകളെന്ന നിലയിലുള്ള ന്യായവാദങ്ങളും നിരത്തിയിട്ടുണ്ട്. സോഷ്യലിസ്റ്റ് പാരമ്പര്യം അവകാശപ്പെടുമ്പോഴും സങ്കുചിത പ്രാദേശിക, സ്വത്വ താല്‍പ്പര്യങ്ങളുടെ തടവുകാരായി ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും ജനാധിപത്യകക്ഷികള്‍ മാറുന്ന കാഴ്ചയും പുതുമയുള്ളതല്ല.

എന്നാല്‍, ഇന്നത്തെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. അടിമുടി ഹിന്ദുത്വവര്‍ഗീയതയില്‍ അധിഷ്ഠിതമായതും ആര്‍എസ്എസ് നിയന്ത്രിക്കുന്നതുമായ ഭരണമാണ് കേന്ദ്രത്തില്‍ നിലനില്‍ക്കുന്നത്. അമിതാധികാര പ്രയോഗത്തിലൂടെയും ഭയപ്പെടുത്തിയും എല്ലാ ഇടങ്ങളും തങ്ങളുടെ വരുതിയിലാക്കുക, എതിര്‍പ്പുകളും ഭിന്നാഭിപ്രായങ്ങളും ഇല്ലാതാക്കുക, അതിനായി ആക്രമിക്കുകയും കൊല്ലുകയും ചെയ്യുക, മനസ്സുകളില്‍ കപട ദേശീയതയും വംശമഹിമയും കുത്തിനിറച്ച് ഇതര മതസ്ഥരോട് ശത്രുത വളര്‍ത്തുക, വര്‍ഗീയകലാപങ്ങള്‍ കുത്തിപ്പൊക്കുക, കലയിലും സാഹിത്യത്തിലും സ്പോര്‍ട്സിലും ഉള്‍പ്പെടെ എല്ലാറ്റിലും വര്‍ഗീയത കുത്തിച്ചെലുത്തി ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുക- ഇതെല്ലാം മുഖമുദ്രയാക്കിയ ഭരണമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഈ ഇരുട്ടിന്റെ ശക്തികളുമായി, ജനവിധി കീഴ്മേല്‍മറിച്ച് ഭരണം പങ്കുവച്ച നിതീഷ്കുമാര്‍ എക്കാലത്തെയും വലിയ വഞ്ചകനായി ചരിത്രത്തില്‍ ഇടംപിടിക്കും.

ബിഹാറിലെ ഈ രാഷ്ട്രീയവഞ്ചനയ്ക്ക് ചരടുവലിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന വസ്തുത ഇതിനകം പുറത്തുവന്നുകഴിഞ്ഞു. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് തീവ്രവര്‍ഗീയതയുടെ ഗുജറാത്ത് മോഡല്‍ രാജ്യത്താകെ പരീക്ഷിക്കാന്‍ ബിജെപി ഒരുങ്ങിയപ്പോള്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാന്‍ തയ്യാറായ നേതാവാണ് നിതീഷ്. ഗുജറാത്ത് കലാപത്തിന്റെ ചോരക്കറ പുരണ്ട വ്യക്തിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന നിലപാട് അദ്ദേഹത്തെ ദേശീയതലത്തില്‍ ശ്രദ്ധേയനാക്കി. 2005 മുതല്‍ തുടര്‍ച്ചയായി ഭരണത്തിലിരുന്ന് (ചെറിയ ഇടവേള ഒഴിച്ച്) ക്രമസമാധാനപാലനം, അടിസ്ഥാനസൌകര്യ വികസനം, വനിതാശാക്തീകരണം, വൈദ്യുതിവിതരണം തുടങ്ങിയ രംഗങ്ങളിലുണ്ടാക്കിയ നേട്ടങ്ങളും നിതീഷിന്റെ ഗ്രാഫ് ഉയര്‍ത്തി. ഒരു ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രിസ്ഥാനാര്‍ഥി എന്നുപോലും മാധ്യമങ്ങള്‍ വാഴ്ത്തി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഭരണമുന്നണിയെ തകര്‍ത്ത് ബിജെപി നേടിയ ഉജ്വലവിജയത്തെ തുടര്‍ന്ന്, ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് മുഖ്യമന്ത്രിസ്ഥാനവും ഒഴിഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ നേതൃത്വത്തില്‍ ബിഹാറില്‍ രൂപംകൊണ്ട മഹാസഖ്യം ബിജെപിക്കെതിരായ ശക്തമായ പ്രതിരോധമെന്നനിലയില്‍ പ്രസക്തമായി. ബദ്ധവൈരികളായ ലാലുപ്രസാദും നിതീഷ്കുമാറും കൈകോര്‍ത്തപ്പോള്‍ മഹാസഖ്യമെന്ന പുതപ്പിനുള്ളിലേക്ക് കോണ്‍ഗ്രസും കയറിക്കൂടി. 25 വര്‍ഷമായി ബിഹാര്‍രാഷ്ട്രീയത്തില്‍നിന്ന് പുറത്തായ കോണ്‍ഗ്രസിന് ലഭിച്ച പിടിവള്ളിയായിരുന്നു മഹാസഖ്യം.  രണ്ട് തെരഞ്ഞെടുപ്പില്‍ തനിച്ചുമത്സരിച്ച് ഒരക്ക സീറ്റില്‍ ഒതുങ്ങിപ്പോയ കോണ്‍ഗ്രസിന്റെ മുമ്പില്‍ മറ്റു മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ആവര്‍ത്തനം പ്രതീക്ഷിച്ച ബിജെപിക്കെതിരായ പ്രതിരോധമെന്ന നിലയിലുള്ള പ്രസക്തി നിഷേധിക്കാതിരിക്കുമ്പോഴും മഹാസഖ്യത്തിന്റെ സഹജമായ ദൌര്‍ബല്യങ്ങള്‍ ഇടതുപക്ഷം ചൂണ്ടിക്കാട്ടി. ആശയപരമായ ഐക്യത്തിന്റെയോ മിനിമം പരിപാടിയുടെയോ അടിസ്ഥാനമില്ലാത്ത ഈ മുന്നണിയുടെ ഭാഗമാകാതെ സ്വതന്ത്രനിലപാട് സ്വീകരിച്ച് പരമാവധി സീറ്റുകളില്‍ തനിച്ചുമത്സരിക്കാനായിരുന്നു ഇടതുപക്ഷത്തിന്റെ തീരുമാനം. രാഷ്ട്രീയ ധാര്‍മികത തൊട്ടുതീണ്ടാത്ത അവസരവാദസഖ്യങ്ങളില്‍ പങ്കാളികളാകുന്നതാണ് മഹാസഖ്യത്തിലെ മൂന്നു കക്ഷികളുടെയും ചരിത്രം. വര്‍ഗീയവിപത്തിനെതിരായ അടിസ്ഥാന നിലപാടല്ലെങ്കിലും മോഡിയുടെ അജന്‍ഡകള്‍ക്കെതിരായ ചെറുത്തുനില്‍പ്പെന്ന നിലയില്‍ രാജ്യം മഹാസഖ്യത്തെ ഉറ്റുനോക്കി. ഇടതുപക്ഷത്തിന്റെ സ്വതന്ത്രനിലപാടിനെ ഇതേതൂക്കത്തില്‍ വിമര്‍ശിക്കാനും ചിലര്‍ തയ്യാറായി. നിയമസഭാ തെരഞ്ഞെടുപ്പില്‍  ബിജെപിയെ പിന്തള്ളി മഹാസഖ്യം അധികാരത്തിലെത്തി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലാലുപ്രസാദിന്റെ ആര്‍ജെഡി മാറിയെങ്കിലും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ നിതീഷ്തന്നെ ഭരണം നയിച്ചു.

മഹാസഖ്യത്തിന്റെ മധുവിധു അധികകാലം നീണ്ടില്ല. ഒടുവില്‍ മോഡി ഒരുക്കിയ കെണിയില്‍ നിതീഷ് വീണിരിക്കുന്നു. സിബിഐ എടുത്ത കേസ് ചൂണ്ടിക്കാട്ടി ലാലുവിന്റെ പുത്രനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് സ്ഥാനം ഒഴിയണമെന്ന ആവശ്യമാണ് ഇരുപാര്‍ടികളെയും അകറ്റിയത്. സിബിഐ കേസ് കേന്ദ്രത്തിന്റെ രാഷ്ട്രീയ വൈരനിര്യാതനമാണെന്ന് ആര്‍ജെഡിവാദിക്കുന്നു. മറുവശത്ത് ധാര്‍മികതയുടെ പേരില്‍ സ്ഥാനമൊഴിഞ്ഞ നിതീഷ്, നേരംവെളുക്കുന്നതിനുമുമ്പ് ബിജെപിയുമായി കച്ചവടമുറപ്പിച്ച് വീണ്ടും മുഖ്യമന്ത്രിയായി. ശരത്യാദവിന്റെ നേതൃത്വത്തില്‍ ജെഡിയുവിനകത്ത് രൂപപ്പെട്ട ബദല്‍നീക്കം നിതീഷിനെ വിശ്വാസവോട്ട് എന്ന കടമ്പയില്‍ വീഴ്ത്തിയേക്കാം. ഇത് ബിജെപിക്കെതിരായ മറ്റൊരു മഹാസഖ്യത്തിന്റെ തുടക്കവുമാകാം.  ബിഹാറില്‍ അധികാരരാഷ്ട്രീയത്തിന്റെ ഒരു അധ്യായംകൂടി പിന്നിടുമ്പോള്‍ തിളങ്ങിനില്‍ക്കുന്നത്, ആത്മാവില്ലാത്ത മഹാസഖ്യത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള ഇടതുപക്ഷത്തിന്റെ തീരുമാനം തന്നെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top