25 April Thursday

നിതീഷിന്റെ ചുവടുമാറ്റം ബിജെപിക്കുള്ള താക്കീത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022


കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക്‌ കനത്ത തിരിച്ചടി നൽകി ഐക്യ ജനതാദൾ നേതാവ്‌ നിതീഷ്‌ കുമാർ എൻഡിഎ വിട്ടു. രണ്ടു ദശാബ്ദത്തിലെ ബന്ധത്തിനിടയിൽ ഇത്‌ രണ്ടാം തവണയാണ്‌ നിതീഷ്‌കുമാർ ബിജെപിയുമായുള്ള ബന്ധം വേർപെടുത്തുന്നത്‌. ഇതോടെ ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനമായ ബിഹാറിൽ ബിജെപിക്ക്‌ ഭരണം നഷ്ടമായി. ആർജെഡിയുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ മുന്നണി ബിജെപി ബന്ധം ഉപേക്ഷിച്ച നിതീഷിനെ പിന്തുണയ്‌ക്കാൻ തയ്യാറായതോടെ ബിജെപിക്ക്‌ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള സാധ്യത അടഞ്ഞിരിക്കുകയാണ്‌. 

ബിജെപിയുടെ കൂടെനിന്നാൽ സ്വന്തം ഭാവി അവതാളത്തിലാകുമെന്ന ഭയം ഐക്യജനതാദളിനെയും വേട്ടയാടിയതാണ്‌ ബിഹാറിലെ ഭരണമാറ്റത്തിന്‌ ഗതിവേഗം വർധിപ്പിച്ചത്‌. മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തി സർക്കാർ രൂപീകരിച്ച ‘ഷിൻഡെ ഫോർമുല’ ബിഹാറിലും ബിജെപി പുറത്തെടുക്കാൻ അണിയറയിൽ നീക്കം ആരംഭിച്ച ഘട്ടത്തിലാണ്‌ ആ തന്ത്രം തടഞ്ഞുകൊണ്ട്‌ നിതീഷ്‌  ബിജെപിബന്ധം ഉപേക്ഷിച്ചത്‌. നിതീഷ്‌ കുമാറിന്റെ ജില്ലക്കാരനും  ജാതിക്കാരനുമായ രാമചന്ദ്രപ്രസാദ സിങ്‌ എന്ന ആർ സി പി സിങ്ങിനെ മുന്നിൽനിർത്തി 45 അംഗ ഐക്യ ജനതാദളിനെ പിളർത്തി സർക്കാരുണ്ടാക്കാനുള്ള നീക്കമാണ്‌ ബിജെപി അണിയറയിൽ നടത്തിയിരുന്നത്‌. ഐക്യജനതാദളിന്റെ രാജ്യസഭാംഗവും കേന്ദ്ര ഉരുക്കുമന്ത്രിയുമായിരുന്ന ആർ സി പി സിങ്‌ അടുത്തകാലത്തായി ബിജെപിയുമായി അടുത്ത ബന്ധത്തിലായിരുന്നു. ഇതിനാലാണ്‌ അദ്ദേഹത്തിന്‌ രാജ്യസഭാ സീറ്റ്‌ പുതുക്കി നൽകാൻ നിതീഷ്‌ വിസമ്മതിച്ചത്‌. രാജ്യസഭാംഗമാകാൻ കഴിയാത്തതുകൊണ്ടുതന്നെ മന്ത്രിസ്ഥാനം രാജിവയ്‌ക്കാൻ ആർ സി പി സിങ്‌ നിർബന്ധിതനായി. കേന്ദ്രമന്ത്രിസ്ഥാനംതന്നെ വേണ്ടെന്നുവയ്‌ക്കാനും നിതീഷ്‌കുമാർ തയ്യാറായി.

എംപിയായിരിക്കെ നളന്ദ ജില്ലയിൽ അനധികൃതമായി വാങ്ങിക്കൂട്ടിയ സ്വത്ത്‌ സംബന്ധിച്ച്‌ പാർടി വിശദീകരണം തേടിയതിന്‌ തൊട്ടുപുറകെയാണ്‌ ആർ സി പി സിങ്‌ ഐക്യജനതാദളിൽനിന്ന്‌ രാജിവച്ചത്‌. ഇതോടെയാണ്‌ നിതീഷ്‌ ക്യാമ്പ്‌ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച്‌ എൻഡിഎയ്‌ക്ക്‌ തിരിച്ചടി നൽകാൻ ഉറച്ചത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽത്തന്നെ ഐക്യജനതാദളിനെ തളർത്താൻ ബിജെപി ചിരാഗ്‌ പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപിയെ രംഗത്തിറക്കിയിരുന്നു. ഒരേ സഖ്യത്തിലെ അംഗമായിട്ടും എൽജെപി ഐക്യജനതാദളിന്‌ അനുവദിച്ച എല്ലാ സീറ്റിലും സ്ഥാനാർഥിയെ നിർത്തി  നിതീഷിന്റെ പാർടിയുടെ സീറ്റ്‌ പകുതിയായി കുറച്ചു.

ജൂലൈ 31ന്‌ പട്‌നയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നടത്തിയ പ്രസംഗം ഐക്യജനതാദളിനുള്ള വ്യക്തമായ സന്ദേശമായിരുന്നു. രാജ്യത്ത്‌ നിലനിൽക്കാൻ പോകുന്ന പാർടി ബിജെപി മാത്രമാണെന്നും പ്രാദേശിക കക്ഷികളെല്ലാം നശിച്ചുപോകുമെന്നുമായിരുന്നു നദ്ദയുടെ പ്രസംഗം. കുറച്ചു മാസമായി ബിജെപിയുടെ പല രാഷ്ട്രീയ തീരുമാനങ്ങളെയും നിതീഷ്‌ എതിർക്കുകയായിരുന്നു. ജാതി സെൻസസിന്‌ എതിരായി ബിജെപി നിലപാടെടുത്തപ്പോൾ ബിഹാറിൽ ജാതി സെൻസസ്‌ നടത്തുമെന്നു പറഞ്ഞ നിതീഷ്‌ അതിനായി ആർജെഡിയുമായും ഇടതുപക്ഷവുമായും കൈകോർക്കാൻ തയ്യാറാകുകയും ചെയ്‌തു. അതുപോലെതന്നെ അഗ്നിപഥ്‌ പദ്ധതിയെ പ്രതിപക്ഷത്തിനൊപ്പം ചേർന്ന്‌ എതിർക്കാനും നിതീഷ്‌ തയ്യാറായി. ഇതിനൊടുവിലാണ് ഇപ്പോൾ എൻഡിഎയുമായി നിതീഷിന്റെ പാർടി ബന്ധം വേർപെടുത്തിയിട്ടുള്ളത്‌.

ഇതിനുമുമ്പ്‌ ബിജെപിയുമായി സമദൂരം പാലിക്കുകയായിരുന്നു നിതീഷ്‌. എല്ലാ വീട്ടിലും ത്രിവർണ പതാക എന്ന അജൻഡയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽനിന്ന്‌ വിട്ടുനിന്ന നിതീഷ്‌  രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാചടങ്ങിലും മുൻ രാഷ്ട്രപതി രംനാഥ് കോവിന്ദിന്‌ പ്രധാനമന്ത്രി നൽകിയ അത്താഴവിരുന്നിലും പങ്കെടുത്തില്ല. ഏറ്റവും അവസാനമായി ഈ മാസം ഏഴിന്‌ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച നിതി ആയോഗ്‌ ഗവേണിങ്‌ കൗൺസിൽ യോഗത്തിൽനിന്നും വിട്ടുനിന്നു. നിതീഷിന്റെ ചുവടുമാറ്റം ഇന്ത്യൻ രാഷ്ട്രീയത്തിൽ സുപ്രധാന വഴിത്തിരിവാകുമെന്ന പ്രതീക്ഷയാണ്‌ പ്രതിപക്ഷ കക്ഷികൾ പങ്കുവയ്‌ക്കുന്നത്‌. ഒന്നിച്ചുനിന്നാൽ ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്തുനിർത്താൻ കഴിയുമെന്ന മഹത്തായ സന്ദേശം ഈ രാഷ്ട്രീയ നീക്കത്തിലുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top