27 April Saturday

കോവിഡ്‌ മറയിൽ കുത്തകവൽക്കരണം

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020



പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ്‌ സംബന്ധിച്ച ധനമന്ത്രി നിർമല സീതാരാമന്റെ വാർത്താസമ്മേളന പരമ്പര ഞായറാഴ്‌ച അവസാനിച്ചു. കോവിഡ്‌‌ ബാധയെ തുടർന്ന്‌ തൊഴിലും ഉപജീവനവും നഷ്ടപ്പെട്ടവർക്ക്‌ വൻതോതിലുള്ള സഹായം പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. അടച്ചുപൂട്ടലിനെ തുടർന്ന്‌ ജീവിക്കാൻ മാർഗമില്ലാതെ നൂറും ആയിരവും കിലോമീറ്റർ താണ്ടി വീടുകളിലേക്ക്‌ മടങ്ങുന്ന അതിഥിത്തൊഴിലാളികളുടെ കണ്ണീരൊപ്പാൻ ഒരു പ്രഖ്യാപനവും കേന്ദ്ര സർക്കാരിൽ നിന്നുണ്ടായില്ല. അടച്ചുപൂട്ടലിന്റെ തുടക്കത്തിൽ പ്രഖ്യാപിച്ച സൗജന്യറേഷനിലും ജൻധൻ അക്കൗണ്ടിൽ തുച്ഛമായ തുക കൈമാറിയതിലും തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ 40000 കോടി രൂപ അനുവദിച്ചതിലും ഒതുങ്ങുന്നതായി ഇവർക്കായുള്ള കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനങ്ങൾ.

സ്വയംപര്യാപ്‌ത ഇന്ത്യയെക്കുറിച്ചായിരുന്നു പ്രധാനമന്ത്രി വാചാലനായത്‌. അധികാരമേറുന്നതിന്‌ മുമ്പ്‌ ‘മെയ്‌ക്ക്‌ ഇൻ ഇന്ത്യ’യെക്കുറിച്ച്‌ പറയുകയും പിന്നീട്‌ അത്‌ വിസ്‌മരിക്കുകയും ചെയ്‌ത പ്രധാനമന്ത്രിയാണ്‌ സ്വയംപര്യാപ്‌തതയെക്കുറിച്ച്‌ സംസാരിച്ചത്‌. എന്നാൽ, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തിക്കൊണ്ടുള്ള സ്വയംപര്യാപ്‌ത ഇന്ത്യയെക്കുറിച്ചല്ല പ്രധാനമന്ത്രി പറയുന്നതെന്ന്‌ ധനമന്ത്രിയുടെ വിവരണങ്ങൾ ബോധ്യപ്പെടുത്തി. രാജ്യത്തിന്റെ സമ്പത്ത്‌ കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക്‌ അവസരമൊരുക്കുകയാണ്‌ സ്വയംപര്യാപ്‌തതകൊണ്ട്‌ മോഡി സർക്കാർ ലക്ഷ്യമാക്കുന്നത്‌.

മുപ്പത്‌ വർഷങ്ങൾക്ക്‌ മുമ്പാണ്‌ നരസിംഹറാവു സർക്കാരിന്റെ കാലത്ത്‌ നവഉദാരവൽക്കരണ നയം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്‌. ചെലവ്‌ ചുരുക്കലിന്റെ പേരിൽ പാവങ്ങൾക്കുള്ള എല്ലാ സബ്‌സിഡികളും എടുത്തുകളഞ്ഞ്‌, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയ്‌ക്കുള്ള ബജറ്റ്‌ വിഹിതം വെട്ടിക്കുറച്ച്‌ ആ മേഖലകളെല്ലാം തന്നെ സ്വകാര്യമേഖലയ്‌ക്ക്‌ തീറെഴുതിയത്‌ ഈ നയത്തിന്റെ ഭാഗമായിരുന്നു. കോവിഡ്‌ പടർന്നുപിടിച്ചപ്പോഴാണ്‌ സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റണമെങ്കിൽ പൊതുമേഖല തന്നെ വേണമെന്ന തിരിച്ചറിവ്‌‌ ഈ നയവിശാരദന്മാർക്കുണ്ടായത്‌. ഇറ്റലിയും സ്‌പെയിനും മറ്റും സ്വകാര്യ ആരോഗ്യമേഖല ദേശസാൽക്കരിച്ചതിൽ നിന്നുതന്നെ ഇക്കാര്യം വ്യക്തമാകും. എന്നാൽ, ഇതിൽനിന്നും ഒരു പാഠവും ഉൾക്കൊള്ളാൻ തയ്യാറല്ലെന്നും ലാഭത്തിനുള്ള എല്ലാ മാർഗങ്ങളും സ്വകാര്യമേഖലയ്‌ക്ക്‌ തുടർന്നും നൽകുമെന്നുമാണ്‌ മോഡി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്‌. കൽക്കരി ഖനനമേഖലയും ധാതുലവണ മേഖലയും പൂർണമായും സ്വകാര്യമേഖലയ്‌ക്ക്‌ തീറെഴുതുകയാണ്‌. ഇന്ത്യക്ക്‌ ഏറെ അഭിമാനനിമിഷങ്ങൾ സമ്മാനിച്ച ബഹിരാകാശ മേഖലയിലും സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്തുകയാണ്‌. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ വർഷങ്ങളുടെ അധ്വാനഫലമായി കെട്ടിപ്പൊക്കിയ ഐഎസ്‌ആർഒയിലേതുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും സ്വകാര്യമേഖലയുടെ ലാഭം വർധിപ്പിക്കാനായി തുറന്നുകൊടുക്കുകയാണ്‌. രാജ്യസ്‌നേഹത്തെക്കുറിച്ച്‌ ഉരുവിട്ടുകൊണ്ടിരിക്കുന്നവരാണ്‌ രാജ്യത്തിന്റെ അഭിമാനസ്‌തംഭങ്ങളെ ഒന്നൊന്നായി സ്വകാര്യമേഖലയ്‌ക്ക്‌ വിട്ടുകൊടുക്കുന്നത്‌. തന്ത്രപ്രധാന മേഖലകളായ പ്രതിരോധ നിർമാണം, ആണവം, വ്യോമയാനം എന്നീ മേഖലകളിലെല്ലാം വിദേശ–സ്വദേശ കുത്തകകൾക്ക്‌ പ്രവേശനം അനുവദിക്കുകയാണ്‌. ബഹുരാഷ്ട്ര കുത്തകകളായി വളർന്ന റിലയൻസ്‌ പോലുള്ള ഇന്ത്യൻ കോർപറേറ്റുകളെ സഹായിക്കാനാണ്‌ ഈ നയംമാറ്റം.


 

വ്യവസായ മേഖലയിൽ മാത്രമല്ല കാർഷിക മേഖലയിലും 1991ന്‌ സമാനമായ നവ ഉദാരവൽക്കരണ പരിഷ്‌കാരങ്ങളാണ്‌ മോഡി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്‌. കാർഷികമേഖലയിൽ കരിഞ്ചന്തയ്‌ക്കും പൂഴ്‌‌ത്തിവയ്‌പിനും അവധി വ്യാപാരത്തിനും അവസരമൊരുക്കി ഇന്ത്യൻ കർഷകരെ കമ്പോളശക്തികൾക്ക്‌ മുമ്പിലേക്ക്‌ വലിച്ചെറിഞ്ഞിരിക്കുകയാണ്‌ മോഡി സർക്കാർ. കർഷകൻ ഇനി എന്താണ്‌ വിളയിറക്കേണ്ടത്‌ എന്ന്‌ പോലും കുത്തകകൾ തീരുമാനിക്കുന്ന അവസ്ഥയാണ്‌ സംജാതമാകുന്നത്‌. അതായത്‌ ഉൽപ്പാദനം, വില നിർണയം, വിതരണം എന്നിവയെല്ലാം നിയന്ത്രിക്കുന്ന കോർപറേറ്റ്‌ കൂട്ടം കാർഷികമേഖലയിലും ഉദയം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിനായി അവശ്യവസ്‌തു നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഭക്ഷ്യസുരക്ഷയെ തന്നെ അപകടപ്പെടുത്തും. പട്ടിണിപ്പാവങ്ങൾ ഏറെയുള്ള ഇന്ത്യപോലുള്ള രാജ്യത്ത്‌ അതുണ്ടാക്കുന്ന ഭവിഷ്യത്ത്‌ ഭയങ്കരമായിരിക്കും.

കോർപറേറ്റ്‌‌ ലാഭം വർധിപ്പിക്കുക ലക്ഷ്യമാക്കി തൊഴിൽനിയമങ്ങളിലും ബിജെപിയും കോൺഗ്രസും ഭരിക്കുന്ന പല സംസ്ഥാനങ്ങളും മാറ്റം വരുത്തുകയാണ്‌. തൊഴിൽസമയം എട്ട്‌ മണിക്കൂറിൽനിന്നും 12 മണിക്കൂറായാണ്‌ ഉയർത്തുന്നത്‌. അതോടൊപ്പം കൃഷിഭൂമി വ്യാവസായികാവശ്യങ്ങൾക്ക്‌ നൽകാനുള്ള നീക്കവും മോഡിസർക്കാർ ആരംഭിച്ചിട്ടുണ്ട്‌. പരിസ്ഥിതി അനുമതി നിർബന്ധമാക്കുന്ന നിയമങ്ങളിലും വെള്ളം ചേർക്കാനുള്ള നീക്കവും തുടങ്ങിക്കഴിഞ്ഞു. അതായത്‌ കോവിഡിന്റെ പേരിൽ രാജ്യത്തെ അടച്ചിട്ട്‌, സാധാരണ ജനങ്ങളെ ‌പട്ടിണിയിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്കും വലിച്ചെറിഞ്ഞ്‌ രാജ്യത്തിന്റെ സമ്പത്ത്‌ മുഴുവൻ കോർപറേറ്റുകൾക്ക്‌ മുമ്പിൽ തുറന്നിടുകയാണ്‌ മോഡി സർക്കാർ. കടുത്ത രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ല ഇത്‌. രാജ്യത്തെ ഒറ്റുകൊടുക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top