2018ൽ 18 പേരുടെയും 2021ൽ ഒരാളുടെയും മരണത്തിന് ഇടയാക്കിയ നിപാ വൈറസ് വീണ്ടും കോഴിക്കോട് ജില്ലയിൽ ഭീതി പടർത്തുമ്പോൾ നമ്മൾ കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു. ഒരു പ്രത്യേക പ്രദേശത്ത് ആവർത്തിച്ചു കണ്ടുവരുന്ന രോഗമെന്ന നിലയ്‌ക്ക് പകർച്ചവ്യാധി എന്ന ഗണത്തിലാണ് നിപായെ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊറോണപോലെ അത്യന്തം വ്യാപന ശേഷിയുള്ളതല്ല നിപാ വൈറസ്. വേഗത്തിൽ നിയന്ത്രണവിധേയമാക്കാവുന്ന സാംക്രമികരോഗമാണിത്.
2018ലും 2021ലും മരണകാരണമായ രോഗബാധയുണ്ടായപ്പോൾ നാമതിനെ സധൈര്യം നേരിട്ടു. 2019ൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാൻ നമുക്ക് സാധിച്ചു. 2018ൽ നിപാ വൈറസിനെ നേരിട്ടതിന്റെ അനുഭവപാഠങ്ങൾ പിന്നീടുള്ള വർഷങ്ങളിലെ ചെറുത്തുനിൽപ്പിന് തീർച്ചയായും നമ്മെ സഹായിച്ചു.
ഇത്തവണയും ആരോഗ്യവകുപ്പ് ഉൾപ്പെടെ എല്ലാ സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുന്നത് നമ്മുടെ അതിജീവന വാഞ്‌ഛയുടെ ദൃഷ്‌ടാന്തമാണ്. കോഴിക്കോട്ടെ അസ്വാഭാവികമായ രണ്ടു മരണങ്ങൾക്ക് കാരണം നിപാ വൈറസ് ആകാമെന്ന സൂചന ലഭിച്ചതിനു പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും കോഴിക്കോട്ടെത്തി എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചു. ഏതു അപകടഘട്ടത്തെയും നേരിടാൻ ആരോഗ്യവകുപ്പ്, റവന്യു, മൃഗസംരക്ഷണം, പൊലീസ് അടക്കം മറ്റ് വകുപ്പുകളിലെ ജീവനക്കാരും സർവസജ്ജരായിരിക്കുന്നു. ഒരു പക്ഷേ കേരളത്തിന് മാത്രം സാധ്യമാകുന്ന മുൻകരുതലുകളുടെ ഏകോപനം. മരണസംഖ്യ വർധിക്കാതിരിക്കാനും കൂടുതൽ മേഖലകളിലേക്ക് പടരാതിരിക്കാനും രോഗം സ്ഥീരീകരിച്ചവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുമുള്ള ഭഗീരഥശ്രമം. പഞ്ചായത്തുകളിൽ വിവിധ വാർഡുകളെ കണ്ടെയ്‌ൻമെന്റ് സോണുകളാക്കി ജനങ്ങളുടെ പോക്കുവരവ് നിയന്ത്രിച്ചിരിക്കുന്നു. നമ്മുടെ ജനകീയ ആരോഗ്യ മേഖലയുടെ കരുത്ത് വെളിവാക്കപ്പെടുന്ന സന്ദർഭങ്ങളാണിത്.
നിപാ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്നുപേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയിൽ കണ്ടെത്തിയത് തികച്ചും ആശാവഹമാണ്. ചികിത്സതേടിയ മൂന്നുപേരുടെ സാമ്പിളുകളാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ചത്. പ്രാഥമിക പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ ഇവരുടെ സാമ്പിളുകൾ പുണെയിലേക്ക് അയക്കേണ്ടതില്ല. എന്നാൽ മരിച്ച മരുതോങ്കര സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവരുടെ സാമ്പിളുകൾ പുണെയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
ജനങ്ങൾ ഒരുമനസ്സോടെ ഏകാഗ്രമായി ഈ വ്യാധിയെ നേരിടാൻ സജ്ജരാകുമ്പോൾ അവരിൽ തെറ്റിദ്ധാരണ പടർത്താനും സംസ്ഥാന സർക്കാരിനെതിരെ അപഖ്യാതി പരത്താനും ലക്ഷ്യമിടുന്ന നിപായെക്കാൾ മാരകമായ പ്രഹരശേഷിയുള്ള ചിലർ ഉണ്ടെന്നത് അത്യന്തം നിർഭാഗ്യകരമാണ്. നിപാ ഭീതി ഉയർന്നതോടെ എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം തോന്നയ്‌ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജിക്കെതിരെ (ഐഎവി) നുണപ്രചാരണവുമായി ബിജെപി നേതാക്കളും മാധ്യമങ്ങളും രംഗത്തെത്തിയിരിക്കയാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ നിപാ പരിശോധിക്കാനാകില്ലെന്നും വാഗ്ദാനങ്ങൾ പാളിയെന്നുമാണ് മലയാളത്തിലെ പ്രധാനപത്രങ്ങളിലൊന്നിന്റെ ഓൺലൈൻ പതിപ്പ് വാർത്തകൾ നൽകിയത്. നിപാ പരിശോധനയ്‌ക്ക് തോന്നയ്ക്കലിലെ ഇൻസ്‌റ്റിറ്റ്യൂട്ടിനെ ഉപയോഗപ്പെടുത്തിയില്ല എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. ചില കുബുദ്ധികൾ സമൂഹ മാധ്യമങ്ങളിൽ നൽകിയ സർക്കാർ വിരുദ്ധ പ്രചാരണത്തിന്റെ മറ പിടിച്ചായിരുന്നു മാതൃഭൂമി ഓൺലൈനിലെ അസത്യ പ്രചാരണം. തോന്നയ്‌ക്കൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലും കോഴിക്കോട് റീജണൽ ഐഡിവിആർഎൽ ലാബിലും ആലപ്പുഴ എഐവിയിലും നിപാ വൈറസ് സ്‌ഥിരീകരിക്കാൻ സൗകര്യമുണ്ടെങ്കിലും പുണെയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നുള്ള സ്ഥിരീകരണം മാത്രമേ ഔദ്യോഗികമായി പരിഗണിക്കാവൂ. ഐസിഎംആറിന്റെ മാർഗനിർദേശമാണത്.
ദുരന്തമുഖത്ത് ഒന്നിച്ചു നിൽക്കേണ്ടതിനു പകരം ദുഷ്‌ടലാക്കോടെ ചമയ്‌ക്കുന്ന ഇത്തരം വാർത്തകൾ ഇനിയും ആവർത്തിച്ചേക്കാം. അത് ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും; മഹാവ്യാധിയെ ഒന്നിച്ചു ചെറുക്കുന്നതുപോലെ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..