09 June Friday

നിപാ വൈറസ‌് ബാധ തടയാൻ കൂട്ടായി യത‌്നിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday May 23, 2018


പ്രതീക്ഷിത ആക്രമണമാണ് നിപാ വൈറസിന്റേത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്രകടിപ്പിച്ച രണ്ടുപേർകൂടി മരിച്ചതായാണ് കോഴിക്കോട്ടുനിന്നുള്ള അവസാനത്തെ വിവരം. ഇതുവരെ മരണമടഞ്ഞത് 10 പേരാണ്. വൈറസ് ബാധ സംശയിച്ച് പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്   പരിശോധനയ്ക്കയച്ച 18 സാമ്പിളില്‍ 12 എണ്ണത്തിലും വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. രോഗികളുമായി ഇടപഴകിയവർക്കും രോഗസാധ്യത കണക്കിലെടുത്ത്‌ അറുപതോളം പേരുടെ രക്ത സാമ്പിളുകൾ പരിശോധനയ‌്ക്കയച്ചിരിക്കയാണ്. കേരളംപോലെ ജനസാന്ദ്രതകൂടിയ പ്രദേശത്ത് ഇത്തരം മാരകരോഗങ്ങൾ പടരുന്നത് തടഞ്ഞുനിർത്തുക എളുപ്പമല്ല.

മഴ വ്യാപകമായതിനാൽ പകർച്ചപ്പനി പൊട്ടിപ്പുറപ്പെടുന്ന കാലമാണ്. അതിനിടയിലാണ്, വ്യത്യസ്തമായ പനിമൂലം  കോഴിക്കോട്  ജില്ലയിലെ പേരാമ്പ്ര പന്തിരിക്കരയിൽ ഒരു  മരണമുണ്ടായത്.  തൊട്ടുപിന്നാലെ അതേ അവസ്ഥയിൽ രണ്ടാമത്തെ ആൾ മരിച്ചതോടെയാണ് പനിയുടെ മാരകശേഷിയെക്കുറിച്ച് വ്യക്തമായി സംശയങ്ങൾ ഉയർന്നതും. മരണമടഞ്ഞയാളുടെ രക്തസാമ്പിളുകൾ മണിപ്പാലിലെ  ഇൻസ്റ്റിറ്റ്യൂട്ടിലേക്ക‌് ഉടൻ  അയച്ചു. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനയിലാണ്  നിപാ വൈറസാണെന്ന് സ്ഥിരീകരിച്ചത്.  രണ്ടാമത്തെ മരണം ഉണ്ടായപ്പോൾത്തന്നെ കേന്ദ്രസർക്കാരുമായും എൻസിഡിസിയുമായും  സംസ്ഥാനം ബന്ധപ്പെട്ടു. വിദഗ്ധരടങ്ങിയ കേന്ദ്രസംഘത്തെ അയക്കണമെന്ന്  ആവശ്യപ്പെട്ടു.

നിപാ വൈറസിനെ കൃത്യസമയത്ത‌് തിരിച്ചറിയുകയും വ്യാപനം തടയാൻ  അതീവ ജാഗ്രതയോടെ ഇടപെടുകയും ചെയ്തതുകൊണ്ടാണ്, അനിയന്ത്രിതമായ കൂട്ടമരണം എന്ന മഹാദുരന്തത്തിൽനിന്ന് സംസ്ഥാനം രക്ഷപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും രോഗബാധ ആദ്യം ദൃശ്യമായ പേരാമ്പ്രയിൽ കേന്ദ്രീകരിച്ച‌് ആശ്വാസപ്രതിരോധ പ്രവർത്തനങ്ങൾക്ക‌് നേരിട്ട് നേതൃത്വം നൽകുന്ന തൊഴിൽമന്ത്രി ടി പി രാമകൃഷ്ണനും നടത്തിയ ഇടപെടൽ മാതൃകാപരംതന്നെയാണ്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ച‌്  എത്തിയ കേന്ദ്രസംഘം രോഗം കണ്ടുപിടിക്കുന്നതിനും പ്രതിരോധിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ആരോഗ്യവകുപ്പ് നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകമാത്രമല്ല, ലോകത്തൊരിടത്തും നിപാ വൈറസ് നിയന്ത്രണത്തിന‌് ഇത്രയും കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന‌് അഭിപ്രായപ്പെടുകയും ചെയ്തു. രണ്ടു തരത്തിലുള്ള ഇടപെടലാണ് ശക്തമായി തുടരേണ്ടത്. ആദ്യത്തേത് വൈറസുകൾ പടരാനുള്ള എല്ലാ മാർഗവും ഇല്ലാതാക്കുക എന്നതുതന്നെയാണ്. സുരക്ഷാ മുൻകരുതലും ബോധവൽക്കരണവും നിയന്ത്രണങ്ങളും കർക്കശമായി തുടരേണ്ടതുണ്ട്. രോഗം ബാധിച്ചവരുടെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുക എന്നതാണ് രണ്ടാമത്തെ കാര്യം. അതിൽ സർക്കാർ ഇതുവരെ വിജയിച്ചിട്ടുണ്ട്. സർക്കാർമാത്രം ചെയ്യേണ്ട കാര്യമല്ലിത്. എല്ലാവരുടെയും മുൻകൈ ഉണ്ടാകേണ്ടതുണ്ട്. 

രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ സ്വയംസന്നദ്ധരായി ധാരാളംപേര്‍ രംഗത്തുവന്നിട്ടുണ്ട്. കേരളത്തിനു പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭഡോക്ടര്‍മാര്‍ ഇതിനകംതന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻതന്നെയാണ് വെളിപ്പെടുത്തിയത്. കൂട്ടായ പ്രയത്നത്തിന്റെ ആവശ്യകതയിലേക്കുള്ള സൂചനയും കൂട്ടായ ഇടപെടലിനുള്ള ആഹ്വാനവുമായി  അതിനെ കാണണം. പൊതുസമൂഹം ഒന്നാകെ സ്വയംസന്നദ്ധരായി രംഗത്തിറങ്ങണം. മാരക വൈറസിന്റെ ഉറവിടം  ആൾപ്പാർപ്പില്ലാത്ത വീടും കിണറുമാണെന്ന‌് കണ്ടെത്തിയിട്ടുണ്ട‌്. വൈറസ‌് വാഹകരായ വാവ്വാലുകളെ  കൂട്ടത്തോടെ കണ്ട കിണർ വലയിട്ട‌് മൂടി. രോഗബാധിതർ ചികിത്സിക്കുന്നതിനിടെ വൈറസ്  ബാധയേറ്റ‌് മരണമടഞ്ഞ നേഴ്സ് ലിനി ഒരു പ്രതീകമാണ്. സ്വന്തം ജീവൻ വെടിഞ്ഞും സമൂഹത്തിനുവേണ്ടി സേവനം നടത്തിയ മഹത്തായ ത്യാഗത്തെയാണ് ലിനി  അടയാളപ്പെടുത്തുന്നത്. ലിനിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യവും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി  മന്ത്രി കെ കെ ശൈലജ  വ്യക്തമാക്കിയിട്ടുണ്ട്. ലിനിയുടെ ഭര്‍ത്താവ് സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ച് സര്‍ക്കാരിന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തിൽ എത്രയുംവേഗം തീരുമാനമെടുക്കാൻ കഴിയേണ്ടതുണ്ട്.

ഈ വിഷയത്തിൽ  പൊതുവെ മാധ്യമങ്ങളും നാട്ടിൽ ഇങ്ങനെയൊരാപത്തുണ്ടാകുമ്പോൾ എല്ലാംമറന്ന‌് ഇടപെടണമെന്ന മനോഭാവത്തോടെ സർക്കാരിനൊപ്പമുണ്ട്. രാഷ്ട്രീയ പാർടികളും സന്നദ്ധ സംഘടനകളും പ്രതിരോധബോധവൽക്കരണ പരിചരണ പ്രവർത്തനങ്ങളിൽ മുഴുകുന്നുണ്ട്.   അതേസമയം, നിപാ വൈറസിനേക്കാൾ മാരകമായ രോഗാണു ബാധിച്ച മനസ്സുമായി ചിലർ രംഗത്തുള്ളതിനെയും വിസ്മരിക്കാനാകില്ല. പ്രതിസന്ധിവരുമ്പോൾ അത് പരിഹരിക്കാൻ തയ്യാറാകുന്ന ടീമിനെ ആക്രമിച്ച് മനോനില തകർക്കുകയും  നിർവീര്യമാക്കാൻ ശ്രമിക്കുകയും  വിവാദരോഗാണുക്കളെ കുടംതുറന്ന‌് വിടുകയും ദുരന്തത്തിന്റെ വലുപ്പം കൂടിയാൽ  ആഹ്ലാദിക്കുകയും ചെയ്യുന്ന അത്തരക്കാർ ഇവിടെയും നീചമായ ചില ഇടപെടലുകൾ നടത്തിയിട്ടുണ്ട്. നിപാ എന്ന് കേട്ടപ്പോൾ ബംഗ്ലാദേശിലേക്ക‌് നോക്കിയവരും മരണസംഖ്യ കൂട്ടിയെഴുതിയവരും സർക്കാരിന് വീഴ്ച എന്ന  ഓഖിക്കാലത്തെ പല്ലവി ആവർത്തിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീതിയും പരിഭ്രാന്തിയും വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരുമുണ്ട്. അത്തരക്കാരുടെ മനോഘടന മാറ്റിമറിക്കാനാകില്ല എന്നറിയാം. എന്നാൽ, നാടിനെയാകെ ബാധിക്കുന്ന  ഈ വിഷയത്തിലെങ്കിലും ജനങ്ങൾക്കൊപ്പംനിന്ന് ആശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളാകണം എന്നാണ‌് ഞങ്ങൾക്ക് അഭ്യർഥിക്കാനുള്ളത്. ഈ ദുർഘടസന്ധി തരണംചെയ്യാനുള്ള എല്ലാ പ്രവർത്തനങ്ങളിലും ഞങ്ങൾ പരിപൂർണ പിന്തുണ അറിയിക്കുന്നു. സിസ്റ്റർ ലിനി ഉൾപ്പെടെയുള്ളവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top