19 April Friday

നിപായ്‌ക്ക്‌ മുമ്പും ശേഷവും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018


കാലത്തെ യുദ്ധത്തിനുമുമ്പും പിൻപുമെന്ന‌് വിഭജിക്കാറുണ്ട്‌. കേരളചരിത്രത്തെ നിപാ ആക്രമണത്തിനുമുമ്പും ശേഷവുമെന്ന‌് രണ്ടായി തിരിക്കാമെങ്കിൽ, മഹായുദ്ധം ജയിച്ച ആശ്വാസവും ആഹ്ലാദവുമാണ്‌ മലയാളികൾക്കിപ്പോൾ. ജനങ്ങളെ അത്രയേറെ അങ്കലാപ്പിലാക്കിയ  മൂന്നാഴ്‌ചയാണ്‌ കടന്നുപോയത്‌. ഇത്രയും ചുരുങ്ങിയ കാലയളവിൽ ഈ മഹാരോഗത്തെ നിയന്ത്രണവിധേയമാക്കിയ അനുഭവം ലോകത്ത്‌ മറ്റൊരിടത്തുമില്ല. രോഗം ബാധിച്ചവരെ ചികിത്സിച്ച‌് ഭേദമാക്കിയതായും മുമ്പ്‌ രേഖപ്പെടുത്തിയിട്ടില്ല. വിലപ്പെട്ട 17 ജീവൻ നഷ്ടപ്പെട്ടു. എന്നാൽ, ആശുപത്രിയിൽ രോഗിയുടെ അടുത്ത കട്ടിലിലുള്ളവരിലേക്കും കൂട്ടിരിപ്പുകാരിലേക്കും പടരാൻ തുടങ്ങിയ നിപാ വൈറസിന്റെ ആക്രമണശേഷിയുമായി തട്ടിച്ചുനോക്കുമ്പോൾ മരണം 17ൽ നിർത്താനായത്‌ ചരിത്രത്തിലെ മറ്റൊരു അപൂർവത.

മരണസംഖ്യ നൂറിലേറെ ആയപ്പോഴാണ്‌ മറ്റു പല രാജ്യങ്ങളിലും നിപായെ തിരിച്ചറിഞ്ഞതെങ്കിൽ, കേരളം രണ്ടാമത്തെ മരണത്തിൽ രോഗഭീകരനെ  കണ്ടെത്തി. രോഗികളുടെ ചികിത്സ, പകർച്ചസാധ്യതയുള്ളവരെ നിരീക്ഷിക്കൽ, ശവസംസ്‌കാരം തുടങ്ങിയ കാര്യങ്ങളിൽ മുൻ അനുഭവം ഒന്നുമില്ലാതിരുന്നിട്ടും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കപ്പുറത്തെ ശ്രദ്ധയും മുൻകരുതലും പാലിക്കാൻ നമുക്ക‌് സാധിച്ചുവെന്നത്‌ നിസ്സാര കാര്യമല്ല.  ഇത്തരത്തിൽ ഒട്ടേറെ അനുഭവങ്ങളും പാഠങ്ങളുമാണ്‌ കേരളം ലോകത്തിന്‌ നൽകുന്നത്‌.

ആദ്യ  നിപാമരണം സ്ഥിരീകരിച്ച അന്നുതന്നെ കോഴിക്കോട്ടെത്തിയ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ്‌ ഈ യുദ്ധമുഖത്തെ പടനായിക. ഓരോ സൂക്ഷ്‌മാംശത്തിലും ശ്രദ്ധചെലുത്തി പ്രവർത്തനങ്ങളെയാകെ കൂട്ടിയോജിപ്പിച്ച ആരോഗ്യമന്ത്രിയുടെ നേതൃവൈഭവത്തെയും ഭരണപാടവത്തെയും മനസ്സുകൊണ്ടോ വാക്കുകൊണ്ടോ  അഭിനന്ദിക്കാത്ത  ഒരു കേരളീയനും ഉണ്ടാകില്ല. പ്രതിരോധസംവിധാനങ്ങൾ ഒരുക്കുന്നതിന്‌ ഫണ്ടും ചുവപ്പുനാടയും ഒരിടത്തും തടസ്സമാകില്ലെന്ന്‌ ഉറപ്പുവരുത്തിയും കേന്ദ്ര ഏജൻസികളുടെ സഹായം യഥാസമയം ലഭ്യമാക്കിയും  മുഖ്യമന്ത്രി  പിണറായി വിജയൻ എല്ലാറ്റിനും ചുക്കാൻ പിടിച്ചു. മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലെ രോഗനിവാരണ യജ്ഞങ്ങൾക്ക്‌  മന്ത്രിമാർ നേരിട്ടെത്തി നേതൃത്വം നൽകിയത്‌ ജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും സൃഷ്ടിച്ച ആത്മധൈര്യവും പ്രതീക്ഷയും അളവറ്റതായിരുന്നു.

സ്വകാര്യ‐സർക്കാർ വ്യത്യാസമില്ലാതെ ഡോക്ടർമാർ, നേഴ്‌സുമാർ, ആരോഗ്യവകുപ്പിലെ എല്ലാതലങ്ങളിലുമുള്ള ഉദ്യോഗസ്ഥർ, സാമൂഹ്യ‐ സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീയനേതാക്കൾ, ബഹുജനങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങി സമൂഹമാകെ  ഈ തീവ്രയത്‌നത്തിൽ സഹകരിച്ചു, പങ്കാളികളായി. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ഭീതിയും തെറ്റായ വിവരങ്ങളും പരത്താൻ ശ്രമിച്ചവരെ ആദ്യഘട്ടത്തിൽതന്നെ നിയന്ത്രിക്കാൻ പൊലീസ്‌ ജാഗ്രത കാട്ടി. സമാന്തര ചികിത്സയുടെ അപകടം ബോധ്യപ്പെടുത്താനും മുറിവൈദ്യന്മാരെ വിലക്കാനും ആരോഗ്യവകുപ്പ്‌ നടപടിയെടുത്തു. നിരീക്ഷണപട്ടികയിൽപ്പെട്ട മൂവായിരത്തോളംപേരെ വീട്ടിൽതന്നെ നിർത്തി രോഗവ്യാപനത്തിന്റെ വിദൂര സാധ്യതകൾപോലും തടഞ്ഞു.  ഇവർക്ക്‌ ഭക്ഷണമെത്തിക്കാനും എന്തെങ്കിലും രോഗമുണ്ടായാൽ ആംബുലൻസ്‌ അയച്ച്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ നേരിൽ കൊണ്ടുവരാനും സംവിധാനമൊരുക്കി. 

സമ്പർക്കത്തിലൂടെ പകരുന്ന രോഗത്തെ നേരിടാൻ ജനങ്ങളെയാകെ പ്രാപ്‌തമാക്കിയ കേരളത്തിന്റെ ആരോഗ്യസംവിധാനത്തെ എത്ര പ്രശംസിച്ചാലും അധികമാകില്ല. നിപാപ്രതിരോധത്തിൽ കേന്ദ്ര സർക്കാർ മുതൽ സാധാരണ നാട്ടുമ്പുറത്തുകാരനെവരെ ഒറ്റച്ചരടിൽ കോർത്ത്‌ മുന്നോട്ടുനീങ്ങിയ സംസ്ഥാന സർക്കാർ പുതിയൊരു മാതൃകയാണ്‌ മുന്നോട്ടുവച്ചത്‌. ഭയപ്പെട്ട്‌ രോഗബാധിതരെയും രോഗസാധ്യതയുള്ളവരെയും ഒറ്റപ്പെടുത്തിയിരുന്നുവെങ്കിൽ അതിഭീകരമായ ദുരന്തമായി അത്‌ പരിണമിക്കുമായിരുന്നു.

ഈ നേട്ടങ്ങൾക്കപ്പുറത്ത്‌ ഒരുപാട‌് മുന്നറിയിപ്പുകളും നിപാ ബാക്കിയാക്കുന്നു. ആരോഗ്യപരിപാലനത്തിലും വ്യക്തിശുചിത്വത്തിലുമൊക്കെ കേരളം മുന്നിലാണെങ്കിലും സാമൂഹ്യമായ പോരായ്‌മകൾ ഏറെ. കരിമ്പനി, ഡെങ്കി, ചിക്കുൻ ഗുനിയ, എലിപ്പനി തുടങ്ങി അപകടകാരികളായ പകർച്ചവ്യാധികൾക്ക്‌ ശമനമില്ല. മാലിന്യങ്ങൾ കുന്നുകൂടിയ നമ്മുടെ പരിസരങ്ങളിൽനിന്നാണ്‌ ഇവ  പിറവിയെടുക്കുന്നത്‌. കൊതുകുവഴിയും മറ്റും പരക്കുന്ന ഇത്തരം രോഗങ്ങൾ നിപായെ അപേക്ഷിച്ച്‌ കൂടുതൽ വ്യാപനസാധ്യതയുള്ളതാണ്‌. സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന ഹരിതകേരളം, മാലിന്യമുക്ത കേരളം  തുടങ്ങിയ പദ്ധതികളിലൂടെ  ഈ രോഗങ്ങൾക്ക്‌ പ്രതിരോധം തീർക്കാനാകും. അപൂർവ വൈറസ്‌ ഇനങ്ങളെ കണ്ടെത്തുന്നതിനുള്ള ദേശീയ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട്‌ കേരളത്തിൽ സ്ഥാപിക്കേണ്ടതിന്റെ അടിയന്തരപ്രാധാന്യം ബോധ്യപ്പെട്ട ഘട്ടംകൂടിയാണിത്‌. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ഗവേഷണവും മുന്നോട്ടുകൊണ്ടുപോകണം.

കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ യുദ്ധകാലാടിസ്ഥാനത്തിൽ കുറ്റമറ്റ ഐസൊലേഷൻ വാർഡ്‌ സ്ഥാപിക്കാൻ കഴിഞ്ഞുവെങ്കിലും ഇത്തരം സംവിധാനങ്ങളുടെ അപര്യാപ്‌തത പലയിടത്തും ഭാവിയിലും പ്രശ്‌നമാകും. പ്രധാന ആശുപത്രികളിലെങ്കിലും അടിയന്തര സ്ഥിതിഗതികളെ നേരിടുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയേ മതിയാകൂ. ആരോഗ്യപ്രവർത്തകർക്ക്‌ ഫലപ്രദമായ രോഗപ്രതിരോധ പരിശീലനവും സംവിധാനങ്ങളും വേണമെന്ന്‌ നേഴ്‌സ്‌ ലിനിയുടെ രക്തസാക്ഷിത്വം ഓർമിപ്പിക്കുന്നു.  ജനകീയപ്രശ്‌നങ്ങളോട്‌ പ്രതിബദ്ധത പുലർത്തുന്ന എൽഡിഎഫ്‌ സർക്കാർ ക്ഷേമപ്രവർത്തനങ്ങളിലെന്നപോലെ  ദുരന്തനിവാരണത്തിലും ഒപ്പമുണ്ടെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്‌. ആശങ്കയുടെ നെടുവീർപ്പല്ല, ആശ്വാസത്തിന്റെ നിശ്വാസമാണ്‌ ഇന്ന്‌ ജനങ്ങളിൽനിന്ന്‌ ഉയരുന്നത്‌. നിപാഭീതിയിൽ ആളൊഴിഞ്ഞ തെരുവുകൾ വീണ്ടും സജീവമായി. കോഴിക്കോടും മലപ്പുറവും ഇൗദുൽ ഫിത്തറിനെ വരവേൽക്കാനുള്ള ആവേശത്തിലാണ്‌. ഇവിടങ്ങളിലെ സ്‌കൂളുകൾ ഇന്ന്‌ തുറക്കുന്നു. വലിയൊരു ദുരന്തത്തെ വഴിയിൽതന്നെ തടയാൻ ഒത്തൊരുമിച്ച എല്ലാ സുമനസ്സുകൾക്കും അവരെ നയിച്ച എൽഡിഎഫ്‌ സർക്കാരിനും ബിഗ്‌ സല്യൂട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top