09 December Saturday

നിശ്ചയദാർഢ്യത്തിന്റെ പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023


നിപായുടെ നാലാം വരവിനെയും സമഗ്രമായ പ്രതിരോധ സംവിധാനത്തിലൂടെ ഫലപ്രദമായി ചെറുക്കാൻ നമുക്ക് കഴിഞ്ഞിരിക്കുന്നു. നിപാ ബാധയുടെ മൂന്നു പതിറ്റാണ്ടിന്റെ ചരിത്രം പരിശോധിക്കുന്ന ആർക്കും  ഈ പകർച്ചവ്യാധിയുടെ വ്യാപനം  പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനം പുലർത്തിയ ജാഗ്രതയും കാര്യക്ഷമതയും കാണാതിരിക്കാനാകില്ല. നിപാ രോഗബാധയ്ക്ക് ആ പേരുവീഴാൻ കാരണമായ മലേഷ്യയിലെ കബൂങ് ബാറു സുന്ഗയി നിപാ എന്ന പ്രദേശത്ത് 1998–-99ൽ ഉണ്ടായ ആദ്യ നിപാ രോഗബാധയിൽ 250 പേരിൽ 105 പേരാണ് മരിച്ചത്. 2001ൽ ബംഗ്ലാദേശിലെ ബഹർപുർ ജില്ലയിലുണ്ടായ നിപാ വൈറസ് രോഗം മറ്റു ജില്ലകളിലേക്ക് പകരുകയും 2012 വരെ ആവർത്തിക്കുകയും ചെയ്തപ്പോൾ രോഗബാധിതരിൽ 75 ശതമാനവും മരിച്ചു. 2001ൽ ഇന്ത്യയിൽ ആദ്യമായി നിപാ പൊട്ടിപ്പുറപ്പെട്ട പശ്ചിമബംഗാളിലെ സിലിഗുരിയിൽ വൈറസ് ബാധിതരായ 71 പേരിൽ 50 പേരും മരിച്ചു. പശ്ചിമബംഗാളിലെ നാദിയയിൽ 2007ൽ 30 പേർക്ക് രോഗം പിടിപെടുകയും അഞ്ചുപേർ മരിക്കുകയും ചെയ്തു.

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി മരുതോങ്കര പ്രദേശത്ത് ആഗസ്ത് ഒടുവിലുണ്ടായ നിപാ ബാധയിൽ രണ്ടുപേർ മരിച്ചെന്ന ദുഃഖസത്യം നിലനിൽക്കെ തന്നെ മൂന്നാഴ്ച പിന്നിടുമ്പോഴും രോഗബാധ, മരിച്ചവർ ഉൾപ്പെടെ ആറുപേരിൽ ഒതുക്കിനിർത്താൻ കഴിഞ്ഞെന്നത് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വ്യക്തമാക്കുന്നു. ചികിത്സയിൽ തുടരുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരവുമാണ്. മൂന്നു ദിവസംകൂടി പിന്നിട്ടാൽ രോഗവ്യാപന കാലാവധിയായ 21 ദിവസം പൂർത്തിയാകുകയും രോഗം നിയന്ത്രണവിധേയമായതായി കണക്കാക്കുകയും ചെയ്യാമെന്നത്‌ ആശ്വാസകരമാണ്‌. മാത്രവുമല്ല, ആദ്യ കേസിൽനിന്നാണ് എല്ലാവർക്കും രോഗം ബാധിച്ചതെന്നതും രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്നതും തീർച്ചയായും ശുഭസൂചന തന്നെ. തീവ്ര സമ്പർക്കപ്പട്ടികയിൽ 352 പേരുണ്ടെങ്കിലും ഞായറാഴ്ച പരിശോധനാഫലം നെഗറ്റീവായ 42 പേരിൽ 23 പേരും തീവ്ര സമ്പർക്കപ്പട്ടികയിൽ ഉള്ളവരായിരുന്നു എന്നതും ആശ്വാസം നൽകുന്നു. നിപാ ബാധിച്ചുമരിച്ച വ്യക്തിയുമായി അടുത്തിടപഴകിയ ആളുടേതടക്കം തിങ്കളാഴ്ച പുറത്തുവന്ന 61 പേരുടെ പരിശോധനാഫലവും നെഗറ്റീവായി. ഇതുവരെ ഇരുനൂറോളം സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. ആരോഗ്യപ്രവർത്തകരുടെ അശ്രാന്ത പരിശ്രമമാണ് രോഗവ്യാപനം തടഞ്ഞുനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകമെന്നതിൽ തർക്കമില്ല. നിപാ സംശയമുണ്ടായ ഉടൻ ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ടെത്തി പ്രതിരോധ നടപടികൾക്കു നേതൃത്വം നൽകി. പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ്‌ റിയാസും ഉടൻ ജില്ലയിൽ എത്തി. നിയന്ത്രിത മേഖലയിൽ ഉൾപ്പെടെ 34,167 വീട്‌ ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു. സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനമാകെ കോഴിക്കോട്ട്‌ കേന്ദ്രീകരിച്ചു. രോഗബാധിതർക്ക് അടിയന്തരഘട്ടത്തിൽ നൽകേണ്ട മോണോ ക്ലോണൽ ആന്റിബോഡി ലഭ്യമാണ്. കൂടുതൽ ഫലപ്രാപ്തിയുള്ള ആന്റിബോഡി എത്തിക്കാൻ ശ്രമം നടക്കുന്നു.

പകർച്ചവ്യാധികൾ നേരത്തേ കണ്ടെത്തി പ്രതിരോധിക്കാനും ചികിത്സയൊരുക്കാനും സംസ്ഥാനത്തുള്ളത് പഴുതടച്ച സംവിധാനമാണ്. 2018ലെ ആദ്യ നിപാ സ്ഥിരീകരണത്തിനു പിന്നാലെ സർക്കാർ ഒരുക്കിയ നിരന്തര നിരീക്ഷണ സംവിധാനങ്ങൾ ഫലം കണ്ടതിനാലാണ് തുടർന്നുണ്ടായ നിപാ വൈറസ് ബാധകളെ വരുതിയിൽ നിർത്താൻ നമുക്ക് കഴിഞ്ഞത്. 2018 മേയ് രണ്ടുമുതൽ 29 വരെയുണ്ടായ ആദ്യ നിപാ വ്യാപനത്തിൽ 17 പേർ മരിച്ചപ്പോൾ അതിൽനിന്ന് പാഠം ഉൾക്കൊണ്ട് ഉണർന്നു പ്രവർത്തിച്ച ആരോഗ്യ വകുപ്പിന് 2019ൽ എറണാകുളത്ത് വീണ്ടും രോഗബാധയുണ്ടായപ്പോൾ അത് ഒറ്റയാളിൽ ഒതുക്കിനിർത്താനായി. കോവിഡിന്‌ എതിരായ അതിജീവന പോരാട്ടം നടക്കവേ 2021ൽ കോഴിക്കോട്ട് ഒരു കുട്ടിയുടെ ജീവനെടുത്ത  മൂന്നാം വ്യാപനത്തെയും ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞു.

കരുതലിന്റെയും നിശ്ചയദാർഢ്യത്തിന്റെയും  ജാഗ്രതയുടെയും കാര്യക്ഷമതയുടെയും ഈ തുടർച്ച  കണ്ടില്ലെന്നു നടിച്ചാണ് ചില മാധ്യമങ്ങൾ പ്രതിരോധം അമ്പേ പാളിയെന്ന്  ആക്ഷേപം ഉന്നയിക്കുന്നത്. അസത്യങ്ങളും അർധസത്യങ്ങളും സംഭ്രമജനകമാംവിധം കൂട്ടിക്കലർത്തി ജനങ്ങളിൽ പരിഭ്രാന്തിയും അതുവഴി സർക്കാർവിരുദ്ധ വികാരവും ഉണർത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ മലയാള മനോരമാദി പത്രങ്ങൾ വാർത്ത ചമയ്ക്കുന്നത്‌. പൊതുജനാരോഗ്യ മേഖല അടിമുടി നവീകരിച്ച എൽഡിഎഫ് സർക്കാരിനെ താറടിക്കാൻ നടത്തുന്ന ഈ ശ്രമങ്ങളാണ് ജനദ്രോഹമെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ജനകീയ സർക്കാരിന് ജനങ്ങളുടെ പിന്തുണയാണ് നിശ്ചയദാർഢ്യത്തോടെ മുന്നേറാനുള്ള കരുത്ത്. അത്‌ ഉള്ളിടത്തോളംകാലം പൊതുജന നന്മയ്ക്ക് നിരക്കാത്ത വിമർശങ്ങൾ അവഗണിക്കുകയല്ലാതെ തരമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top