04 October Wednesday

വിനാശം വിതച്ച ഒമ്പതാണ്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

വികസന– ജനകീയ മുദ്രാവാക്യങ്ങൾക്കിടയിൽ ഹിന്ദുത്വ അജൻഡ ഒളിപ്പിച്ച്‌ മോദിസർക്കാർ അധികാരത്തിൽ വന്നിട്ട്‌ ഒമ്പതു വർഷം തികയുന്നു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്‌ കത്തിനിന്ന അഴിമതി ആരോപണങ്ങളും വൻജനരോഷത്തിന്‌ ഇടയാക്കിയ ഡൽഹി നിർഭയക്കേസ്‌ പോലുള്ള സംഭവങ്ങളും പ്രയോജനപ്പെടുത്തിയാണ്‌ ബിജെപി 2014ൽ അധികാരം പിടിച്ചത്‌.  ഉത്തർപ്രദേശിലെ മുസഫർനഗറിൽ 2013ൽ ഉണ്ടായ വർഗീയകലാപം സൃഷ്ടിച്ച വർഗീയധ്രുവീകരണവും സീറ്റുകൾ വാരിക്കൂട്ടാൻ ബിജെപിയെ സഹായിച്ചു. ഇന്ത്യക്കാർ വിദേശത്തേക്ക്‌ കടത്തിയ കള്ളപ്പണം തിരിച്ചുപിടിച്ച്‌ പൗരന്മാരുടെ ബാങ്ക്‌ അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കും, കാർഷികവിളകൾക്ക്‌ മൊത്തം ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർത്ത്‌ മിനിമം താങ്ങുവില നൽകും, പ്രതിവർഷം രണ്ടു കോടി തൊഴിലവസരം സൃഷ്ടിക്കും എന്നീ മോഹനവാഗ്‌ദാനങ്ങൾ 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപിയും പ്രധാനമന്ത്രി സ്ഥാനാർഥിയായ നരേന്ദ്ര മോദിയും നൽകി.

കേവലഭൂരിപക്ഷത്തോടെ ഭരണംനേടിയ ശേഷമാകട്ടെ കോർപറേറ്റ്‌– -വർഗീയ അജൻഡ തിരക്കിട്ട്‌ നടപ്പാക്കുകയാണ്‌ ചെയ്‌തത്‌. 2015ലെ   പുതുവർഷദിനത്തിൽ ഭൂമി ഏറ്റെടുക്കൽ നിരോധന നിയമം കോർപറേറ്റുകൾക്ക്‌ അനുകൂലമായി ഭേദഗതിചെയ്‌ത്‌ ഓർഡിനൻസ്‌ ഇറക്കി. കർഷകസംഘടനകളും ജനകീയപ്രസ്ഥാനങ്ങളും അതിശക്തമായ പ്രക്ഷോഭം അഴിച്ചുവിട്ടതിനെത്തുടർന്നാണ്‌ ഈ നീക്കത്തിൽനിന്ന്‌ സർക്കാർ പിന്മാറിയത്‌. എന്നിരുന്നാലും കാർഷികമേഖലയിൽ കോർപറേറ്റുവൽക്കരണം ലക്ഷ്യമിട്ട്‌ കേന്ദ്രം മുന്നോട്ടുനീങ്ങിയെന്നതിനു തെളിവാണ്‌ 2020ൽ കോവിഡിന്റെ മറവിൽ കൊണ്ടുവന്ന മൂന്ന്‌ കാർഷികനിയമം. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദീർഘവും വിപുലവുമായ സമരത്തിനാണ്‌ കാർഷികനിയമങ്ങൾ വഴിയൊരുക്കിയത്‌. സമരം അടിച്ചമർത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ഒടുവിൽ കർഷകരോട്‌ പ്രധാനമന്ത്രി മാപ്പ്‌ പറയുകയും കാർഷികനിയമങ്ങൾ പിൻവലിക്കുകയും ചെയ്‌തത്‌ കൃഷിയെ സ്വകാര്യകോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കാനുള്ള ശ്രമത്തിന്‌ വൻതിരിച്ചടിയായി.

മോദിയുടെ ഒന്നാം സർക്കാരിന്റെ ഏറ്റവും നാടകീയവും വിനാശകരവുമായ നടപടിയായിരുന്നു നോട്ടുനിരോധനം. കള്ളപ്പണവും അഴിമതിയും നിയന്ത്രിക്കുക, ഭീകരപ്രവർത്തനങ്ങൾക്കുള്ള ഫണ്ട്‌ തടയുക, കള്ളനോട്ട് അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ നിരത്തി 2016 നവംബർ എട്ടിന്‌ രാത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ടുനിരോധനം ഏഴു വർഷത്തോളമാകുമ്പോൾ പരിഹാസ്യമായി മാറിയിരിക്കുന്നു. പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനായില്ല;  ജനങ്ങളെ ദുരിതത്തിലേക്ക്‌ തള്ളിവിടുകയും ചെയ്‌തു. പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ 86 ശതമാനവും പിൻവലിച്ചതോടെ സമ്പദ്‌ഘടന കൂപ്പുകുത്തി. ഇപ്പോൾ  ഒമ്പതു വർഷത്തെ പ്രവർത്തനത്തെക്കുറിച്ച്‌ കേന്ദ്രസർക്കാർ പുറത്തിറക്കിയ പുസ്‌തകത്തിൽ നോട്ടുനിരോധനത്തെക്കുറിച്ച്‌ പരാമർശമില്ല.

രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കാനും സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനും ലക്ഷ്യമിട്ടാണ്‌ ജിഎസ്‌ടി നടപ്പാക്കിയതെന്ന ആരോപണം ശരിവയ്‌ക്കുന്ന രീതിയിലാണ്‌ കാര്യങ്ങളുടെ പോക്ക്‌. നികുതിവരുമാനം സംസ്ഥാനങ്ങളുമായി പങ്കിടുന്നതിൽ കടുത്ത വിവേചനമാണ്‌ കേന്ദ്രം കാട്ടുന്നത്‌. വികസനപദ്ധതികൾ അനുവദിക്കുമ്പോഴും ബിജെപിയിതരകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിക്കുന്നു. ജമ്മു -കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ്‌ രണ്ടു കേന്ദ്രഭരണ പ്രദേശമായി വെട്ടിമുറിക്കൽ, പൗരത്വ ഭേദഗതി നിയമം, പുതിയ പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം നടത്തിയ രീതി എന്നിവ മോദിസർക്കാരിന്റെ ഏകാധിപത്യ–- ഹിന്ദുത്വനയങ്ങളുടെ പ്രകടനമായി. കാവിപൂശിയ പുതിയ വിദ്യാഭ്യാസനയം വാണിജ്യവൽക്കരണവും ലക്ഷ്യമിട്ടുള്ളതാണ്‌.

വിമർശകരെയും രാഷ്‌ട്രീയ എതിരാളികളെയും അസഹിഷ്‌ണുതയോടെ കാണുന്ന മോദിസർക്കാർ മാധ്യമങ്ങളെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ  കസ്റ്റഡിമരണം ബിജെപിസർക്കാരിന്റെ പ്രതികാരബുദ്ധിക്ക്‌ ഉദാഹരണമാണ്‌. ഒട്ടേറെ ധൈഷണികരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഇക്കാലത്ത്‌ ജയിലിലടച്ചു. മതസ്വാതന്ത്ര്യം, ജനാധിപത്യം, പട്ടിണി എന്നീ മേഖലകളിലെ ആഗോളസൂചികകളിൽ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞു. പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയർ വിഷയം മോദിസർക്കാർ എതിരാളികളെ നേരിടാൻ ഏതറ്റംവരെയും പോകുമെന്ന്‌ വ്യക്തമാക്കി. കേന്ദ്രത്തിന്റെ മുഖം വികൃതമാക്കിയ മറ്റൊരു പ്രധാന സംഭവവികാസമാണ്‌ അദാനി– -ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌. ഇതേക്കുറിച്ച്‌ പാർലമെന്റിൽ ചർച്ചവേണമെന്ന ആവശ്യംപോലും നിരാകരിച്ചാണ്‌ മോദിസർക്കാർ ഒമ്പതാം വാർഷികം ആഘോഷിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top