25 April Thursday

നിക്കരാഗ്വയിലെ ഇടതുമുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2016


അമേരിക്കന്‍ തെരഞ്ഞെടുപ്പിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ തെരഞ്ഞെടുപ്പാണ് മധ്യ അമേരിക്കയിലെ നിക്കരാഗ്വയിലേത്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന് രണ്ടുദിവസംമുമ്പ് നവംബര്‍ ആറിന് നടന്ന നിക്കരാഗ്വന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സാന്തനീസ്റ്റ ഫ്രണ്ട് ഫോര്‍ നാഷണല്‍ ലിബറേഷന്‍ (എഫ്എസ്എല്‍എന്‍) വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. ഡാനിയല്‍ ഒര്‍ടേഗയെ പ്രസിഡന്റായും ഭാര്യയും കവിയും മാധ്യമപ്രവര്‍ത്തകയുമായ മുരില്ലോയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. മൊത്തം 68 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷകക്ഷി 72.5 ശതമാനം വോട്ട് നേടി. 2011ലെ തെരഞ്ഞെടുപ്പില്‍ 66 ശതമാനം വോട്ടാണ് ലഭിച്ചത്. ഇക്കുറി ആറ് ശതമാനം വോട്ട് കൂടുതല്‍ ലഭിച്ചു. പ്രതിപക്ഷകക്ഷികള്‍ക്ക് 25 ശതമാനം വോട്ട് നേടാനായി. പ്രധാന പ്രതിപക്ഷകക്ഷിയായ കോണ്‍സ്റ്റിറ്റ്യുഷണല്‍ ലിബറല്‍ പാര്‍ടിക്ക് (പിഎല്‍സി) 15 ശതമാനം വോട്ടാണ് ലഭിച്ചത്. മാക്സിമോ റൊഡ്രിഗ്യുസായിരുന്നു മധ്യ- വലതുപക്ഷ കക്ഷിയായ പിഎല്‍സിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 18 ശതമാനം വോട്ടാണ് ഈ കക്ഷിക്ക് കുറഞ്ഞത്. തുടര്‍ച്ചയായി മൂന്നാംതവണയാണ് ഡാനിയല്‍ ഒര്‍ടേഗയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറുന്നത്. ഏഴുതവണ പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിച്ച ഒര്‍ടേഗയുടെ നാലാംവിജയമാണിത്.

തെരഞ്ഞെടുപ്പില്‍ വന്‍ ആക്രമണവും കൃത്രിമവും നടക്കുമെന്ന് പതിവുപോലെ 'ന്യൂയോര്‍ക് ടൈംസ്' ഉള്‍പ്പെടെയുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചെങ്കിലും തീര്‍ത്തും സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്.  മെക്സിക്കോയും അയല്‍രാജ്യമായ ഗ്വാട്ടിമാലയും മറ്റും സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പാണ് നിക്കരാഗ്വയില്‍ നടന്നതെന്ന് അഭിപ്രായപ്പെട്ടു.ക്യൂബന്‍ വിപ്ളവനേതാവ് ഫിദെല്‍ കാസ്ട്രോയുമായുള്ള അടുത്ത സൌഹൃദവും അമേരിക്കന്‍ അധിനിവേശനയങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുമാണ് ഒര്‍ടേഗയെ പാശ്ചാത്യശക്തികള്‍ക്ക് കണ്ണിലെ കരടായി മാറ്റിയത്. നിക്കരാഗ്വയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ട് ഒര്‍ടേഗയെ പുറത്താക്കാന്‍ കഴിയാത്തതിലുള്ള അമര്‍ഷവും ഇവര്‍ പ്രകടിപ്പിക്കുന്നുണ്ട്. പാശ്ചാത്യപ്രചാരണത്തിന്റെ മറവില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 

നിക്കരാഗ്വയിലെ തെരഞ്ഞെടുപ്പിന് പല പ്രത്യേകതകളുമുണ്ട്. 16 വയസ്സുള്ളവര്‍ക്ക് ഇവിടെ വോട്ടവകാശമുണ്ട്. മാത്രമല്ല, 92 അംഗ പാര്‍ലമെന്റില്‍ പകുതി സീറ്റ് സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. വികസിത യൂറോപ്യന്‍ രാഷ്ട്രങ്ങളായ സ്വിറ്റ്സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളേക്കാളും വനിതാപ്രാതിനിധ്യം നിക്കരാഗ്വയിലുണ്ടെന്നര്‍ഥം. 2012ല്‍ ഒര്‍ടേഗയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് വനിതകള്‍ക്ക് 50 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബില്‍ പാസാക്കിയത്. 

അമേരിക്കന്‍ അധിനിവേശത്തിനും അവര്‍ അടിച്ചേല്‍പ്പിച്ച പാവഭരണകൂടത്തിനും എതിരെ ശക്തമായ ഗറില്ലാപോരാട്ടം നടത്തിയാണ് ഒര്‍ടേഗയും എഫ്എസ്എല്‍എന്നും നിക്കരാഗ്വയില്‍ അധികാരത്തില്‍ വന്നത്.  കാര്‍ലോസ് ഫോണ്‍സ്കെയാണ് എഫ്എസ്എല്‍എന്നിന് രൂപംനല്‍കിയത്. ദേശീയ വിപ്ളവകാരി സാന്തനീസ്റ്റയുടെ പേരിലായിരുന്നു ഈ ഗറില്ലാപ്രസ്ഥാനം. ക്യൂബന്‍ വിപ്ളവത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് സാന്തനീസ്റ്റ വിപ്ളവകാരികള്‍ സമോസവിരുദ്ധവിപ്ളവം ആരംഭിച്ചത്. 1979ല്‍ അനസ്താസിയോ സമോസ ജൂനിയറെ അട്ടിമറിച്ച് സാന്തനീസ്റ്റ ഗറില്ലകള്‍ ഭരണം പിടിച്ചെടുത്തു. 43 വര്‍ഷത്തെ സമോസ ഏകാധിപത്യ ഭരണത്തിനാണ് അന്ത്യമായത്. പരാഗ്വയിലേക്ക് രക്ഷപ്പെട്ട സമോസ അവിടെവച്ച് കൊല്ലപ്പെട്ടു.

എന്നാല്‍, 1981ല്‍ റൊണാള്‍ഡ് റീഗന്‍ അമേരിക്കയില്‍ അധികാരമേറിയതോടെ നിക്കരാഗ്വന്‍ വിപ്ളവത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടു. കോണ്‍ട്രാകള്‍ എന്ന പേരിലറിയപ്പെടുന്ന പ്രതിവിപ്ളവസേനയ്ക്ക് അമേരിക്ക രൂപംകൊടുത്തു. അമേരിക്കയുടെ ഹോണ്ടുറാസ് അംബാസഡറായിരുന്ന ജോണ്‍ നെഗ്രോപോണ്ടെയായിരുന്നു കോണ്‍ട്രാകള്‍ക്ക് ഹോണ്ടുറാസില്‍ താവളം തീര്‍ത്തതും പരിശീലനത്തിന് നേതൃത്വം നല്‍കിയതും. കോണ്‍ട്രാകള്‍ നടത്തിയ ആക്രമണത്തില്‍ 40,000 നിക്കരാഗ്വരാണ് കൊല്ലപ്പെട്ടത്. എന്നാല്‍, ഇറാന്‍- കോണ്‍ട്ര കുംഭകോണം പുറത്തുവന്നത് റീഗന് ക്ഷീണമായി. ഇറാന് ആയുധങ്ങള്‍ വില്‍ക്കരുതെന്ന റീഗന്റെതന്നെ നിര്‍ദേശം ലംഘിച്ച് രഹസ്യമായി ഇറാന് ആയുധം വില്‍ക്കുകയും ആ കിട്ടുന്ന പണം കോണ്‍ട്രാകള്‍ക്ക് നല്‍കി ഒര്‍ടേഗയെ അട്ടിമറിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതാണ് റീഗന്റെ മാനംകെടുത്തിയ ഇറാന്‍- കോണ്‍ട്ര കുംഭകോണം. അമേരിക്കയുടെ ശക്തമായ ഇടപെടലും കോണ്‍ട്രാകള്‍ സൃഷ്ടിച്ച ഭീകരാന്തരീക്ഷവും നിലനിന്നിട്ടും 1984ലെ  തെരഞ്ഞെടുപ്പില്‍ എഫ്എസ്എല്‍എന്‍ വന്‍ വിജയം നേടി. ഒര്‍ടേഗ പ്രസിഡന്റായി. പ്രധാന വ്യവസായങ്ങളും പദ്ധതികളും ദേശസാല്‍ക്കരിച്ച ഒര്‍ടേഗ സര്‍ക്കാര്‍ ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും തൊഴില്‍സാഹചര്യവും സൃഷ്ടിച്ചു.

ഒര്‍ടേഗ സര്‍ക്കാര്‍ വന്‍ ജനപിന്തുണ നേടുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ അട്ടിമറിശ്രമം ഉപേക്ഷിച്ച് പ്രതിപക്ഷകക്ഷികളെ പിന്തുണച്ച് ഒര്‍ടേഗയെ മാറ്റിനിര്‍ത്താനായി ശ്രമം. അതില്‍ അമേരിക്ക വിജയിച്ചു. കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകനായ പെദ്രോയുടെ ഭാര്യ വയലറ്റ ചമോറോയെ മുന്‍നിര്‍ത്തി നടത്തിയ രാഷ്ട്രീയക്കളിയുടെ ഭാഗമായി 1990ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ വിജയിച്ചു. തുടര്‍ന്ന് ആര്‍നാള്‍ഡോ അലിമാനും എന്റിക്വ ബൊലാറസും ഭരണം നടത്തി. അലിമാന്‍ അഴിമതിക്കേസില്‍പ്പെട്ടതോടെ പാര്‍ടിക്ക് ജനങ്ങള്‍ക്കിടയില്‍ മതിപ്പില്ലാതായി. ഈ സാഹചര്യത്തിലാണ് 2007ലെ തെരഞ്ഞെടുപ്പില്‍ ഒര്‍ടേഗ വീണ്ടും അധികാരമേറിയത്. ജനക്ഷേമകരമായ പരിപാടികള്‍ നടപ്പാക്കി ഒര്‍ടേഗ ഭരണം ഉറപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top