26 April Friday

വൈ സി മോഡിയുടെ നിയമനം ഉപകാരസ്മരണ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2017


ദേശീയ അന്വേഷണ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ വൈ സി മോഡിയെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. 2002ല്‍ ഗുജറാത്തില്‍ ഗോധ്രസംഭവത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയകലാപ കേസ് അന്വേഷിക്കുകയും അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്ക് ക്ളീന്‍ ചിറ്റ് നല്‍കുകയും ചെയ്ത ഉദ്യോഗസ്ഥനെയാണ് ഇപ്പോള്‍ രാജ്യത്തെ ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയുടെ തലവനായി നിയമിച്ചിരിക്കുന്നത്. സുപ്രീംകോടതി നിര്‍ദേശിച്ചതനുസരിച്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിലും വൈ സി മോഡി അംഗമായിരുന്നു. നരോദ ഗാം, ഗുല്‍ബര്‍ഗ് സൊസൈറ്റി, നരോദ പാട്യ കേസുകളാണ് ഈ ഉദ്യോഗസ്ഥന്‍ അന്വേഷിച്ചത്. അതിലെല്ലാംതന്നെ മോഡിസര്‍ക്കാരിനെ കുറ്റവിമുക്തമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് അയാള്‍. മോഡിക്ക് പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചത് ഈ കേസുകളില്‍നിന്ന് മുക്തനാകാന്‍ കഴിഞ്ഞതുകൊണ്ടാണ്. അതിനുള്ള ഉപകാരസ്മരണയായി വേണം വൈ സി മോഡിയുടെ സ്ഥാനക്കയറ്റത്തെ വിലയിരുത്താന്‍. 

എന്നാല്‍, നരേന്ദ്ര മോഡിയും വൈ സി മോഡിയും തമ്മിലുള്ള ബന്ധത്തിന് മറ്റൊരു കാരണംകൂടിയുണ്ട്. അത് ഹരേന്‍ പാണ്ഡ്യയുടെ വധവുമായി ബന്ധപ്പെട്ട കേസാണ്. മോഡി തന്റെ രാഷ്ട്രീയജീവിതത്തില്‍ ഗുജറാത്ത് കലാപക്കേസ് പോലെതന്നെ ഏറെ ഭയപ്പെട്ട കേസായിരുന്നു അത്. ഗുജറാത്തിലെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും സവര്‍ണമുഖമായിരുന്നു ഹരേന്‍ പാണ്ഡ്യയുടേത്. ഗുജറാത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ അനുയായിയായി അറിയപ്പെടുന്ന ഹരേന്‍ പാണ്ഡ്യ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. ബിജെപിയില്‍ മോഡിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. 2001 അവസാനം കേശുഭായിയെ മാറ്റി ബിജെപി കേന്ദ്രനേതൃത്വം മോഡിയെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ സ്വാഭാവികമായും ഹരേന്‍ പാണ്ഡ്യ തഴയപ്പെട്ടു. എന്നാല്‍, കേന്ദ്രനേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പാണ്ഡ്യയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ മോഡി നിര്‍ബന്ധിതനായെങ്കിലും റവന്യൂ സഹമന്ത്രിസ്ഥാനം മാത്രമാണ് പാണ്ഡ്യക്ക് നല്‍കിയത്. മാത്രമല്ല, മൂന്നുതവണ പാണ്ഡ്യ വിജയിച്ച എല്ലിസ് ബ്രിഡ്ജ് സീറ്റ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മോഡി ആവശ്യപ്പെട്ടെങ്കിലും അത് വിട്ടുനല്‍കാന്‍ പാണ്ഡ്യ തയ്യാറായില്ല. ഈ വിരോധത്തിന് 2002ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാണ്ഡ്യക്ക് സീറ്റ് നിഷേധിക്കാന്‍ മോഡി തയ്യാറായി. കേന്ദ്രനേതൃത്വം സമ്മര്‍ദം ചെലുത്തുമെന്ന് അറിയാവുന്ന മോഡി, അതൊഴിവാക്കാന്‍ നെഞ്ചുവേദനയാണെന്ന് പറഞ്ഞ് രണ്ടുദിവസം ആശുപത്രിയില്‍ കിടക്കുകപോലും ചെയ്തു. സ്വാഭാവികമായും ഹരേന്‍ പാണ്ഡ്യയെ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചു. എന്നാല്‍, ഡല്‍ഹിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് പ്രഭാതസവാരിക്കിറങ്ങിയ ഹരേന്‍ പാണ്ഡ്യ വെടിയേറ്റ് കൊല്ലപ്പെട്ടു. ഹരേന്‍ പാണ്ഡ്യയെ കൊല്ലുന്നതിന് ഗൂഢാലോചന നടത്തിയത് മോഡിയാണെന്ന്, പാണ്ഡ്യയുടെ ഭാര്യ ജാഗ്രതി പാണ്ഡ്യയും അദ്ദേഹത്തിന്റെ അച്ഛന്‍വിത്തല്‍ഭായിയും പരസ്യമായി ആരോപിച്ചു.

ഗോധ്രസംഭവത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയകലാപം ആളിക്കത്തിക്കുന്നതില്‍ മോഡിക്ക് പങ്കുണ്ടെന്ന് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സിറ്റിസണ്‍ ട്രിബ്യൂണലിനുമുമ്പില്‍ പാണ്ഡ്യ മൊഴികൊടുത്തുവെന്നതാണ് അദ്ദേഹത്തെ ഇല്ലാതാക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഔട്ട്ലുക്ക് മാസിക റിപ്പോര്‍ട്ട് ചെയ്തു. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തുളസി പ്രജാപതിയെ ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് ഡിഎന്‍എ പത്രം റിപ്പോര്‍ട്ട് ചെയ്തു. സൊറാബുദീന്‍ ഷേഖ് പിന്മാറിയതിനെതുടര്‍ന്നാണ് തുളസി പ്രജാപതി കൃത്യം നിര്‍വഹിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഗോധ്രസംഭവത്തിനുശേഷം മുസ്ളിങ്ങള്‍ക്കെതിരെ ജനങ്ങളില്‍നിന്ന് പ്രതികരണം ഉണ്ടാകുമെന്നും അത് തടയാന്‍ ശ്രമിക്കരുതെന്നും മോഡി നിര്‍ദേശിച്ചിരുന്നുവെന്നാണ് പാണ്ഡ്യയുടെ സ്ഫോടനാത്മകമായ വെളിപ്പെടുത്തല്‍. നിശ്ചയമായും മോഡി കുടുങ്ങുമായിരുന്ന ഈ കേസുമായി ബന്ധപ്പെട്ട ഹരേന്‍ പാണ്ഡ്യയും സൊറാബുദീന്‍ ഷേഖും തുളസി പ്രജാപതിയും കൊല്ലപ്പെട്ടു. പാണ്ഡ്യയുടെ വധത്തിനുപിന്നില്‍ നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെ ബലപ്പെടുത്തുന്ന സംഭവങ്ങളാണ് ഇതൊക്കെ. എന്നാല്‍, ഈ കേസ് അന്വേഷിച്ച സിബിഐ ടീമിന് നേതൃത്വം നല്‍കിയ വൈ സി മോഡി ആ കേസില്‍ 12 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കിയെങ്കിലും പിന്നീട് ഹൈക്കോടതി എല്ലാ പ്രതികളെയും വിട്ടയച്ചു. വിലക്ഷണമായ രീതിയില്‍ നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് കേസില്‍ നീതി ലഭിക്കാതെ പോയതെന്ന് ഹൈക്കോടതിതന്നെ നിരീക്ഷിക്കുകയുണ്ടായി. 2002 വര്‍ഗീയകലാപത്തിന് പ്രതികാരമായി മുസ്ളിം ഭീകരവാദസംഘടനകളാണ് കൊല നടത്തിയതെന്ന സിബിഐയുടെയും മറ്റും നിഗമനത്തെ പാണ്ഡ്യയുടെ കുടുംബാംഗങ്ങള്‍തന്നെ എതിര്‍ക്കുകയും പുനരന്വേഷണത്തിന് ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഫലമൊന്നും ഉണ്ടായില്ലെന്നുമാത്രം.

ഈ കേസിലും മോഡിയെ രക്ഷിച്ചെടുത്തത് വൈ സി മോഡിയാണെന്നര്‍ഥം. അതിനുള്ള ഉപകാരസ്മരണയായാണ് എന്‍ഐഎ മേധാവിസ്ഥാനം. 2021 വരെ വൈ സി മോഡി സ്ഥാനത്ത് തുടരും. മോഡി പ്രധാനമന്ത്രിയായശേഷം സുപ്രധാന ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും തലപ്പത്ത് സംഘപരിവാറുകാരെ നിയമിക്കുന്നുവെന്നുമാത്രമല്ല, മോഡി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സ്റ്റാഫിലുണ്ടായിരുന്ന പന്ത്രണ്ടിലധികംപേരെ കേന്ദ്രത്തിലെ സുപ്രധാന സീറ്റുകളില്‍ കുടിയിരുത്തുകയും ചെയ്തിരിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ അഞ്ചല്‍ കുമാര്‍ ജ്യോതിയും റവന്യൂ, ഊര്‍ജം, വാണിജ്യം, കോര്‍പറേറ്റ് വകുപ്പ് സെക്രട്ടറിമാരും ഗുജറാത്ത് കേഡര്‍മാരായ ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന കാര്യം മോഡിയുടെ കടിഞ്ഞാണ്‍ ഭദ്രമാക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top