27 April Saturday

‌എൻഐഎയ‌്ക്ക‌് അമിതാധികാരം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019


വംശീയ ഉന്മൂലനത്തിന്റെ പ്രധാന ആയുധമായി  ഫാസിസ്റ്റുകൾ ലോകമെമ്പാടും ഉപയോഗപ്പെടുത്തിയത് രക്തശുദ്ധിയാണ്. ജൂതരക്തം കലർന്നതിനാലാണ് ജർമൻ ജനത അധഃപതിച്ചതെന്ന ഹിറ്റ്ലറുടെ വിധിതീർപ്പിന് സംഘപരിവാരം ഇന്ത്യയിൽ നൽകിയ അനുബന്ധം മുസ്ലിങ്ങളെന്നാണ്.  ആ ജനവിഭാഗത്തെ ശത്രുക്കളും ഒറ്റുകാരും ദേശദ്രോഹികളുമായാണ് അവർ ചിത്രീകരിക്കുന്നത്. നീതിയും നിയമങ്ങളും ഇതര ഭരണകൂടോപകരണങ്ങളുമെല്ലാം മുസ്ലിങ്ങളെ അഴികൾക്കുള്ളിലാക്കാനും നാടുകടത്താനുമാണ് ഉപയോഗപ്പെടുത്തുന്നതും. കഴിഞ്ഞദിവസം പാർലമെന്റിൽ അവതരിപ്പിച്ച ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഭേദഗതി നിയമം അതിലൊന്നുമാത്രം.  പ്രത്യേക മതത്തിൽപെട്ടവരെയും  വിമർശകരെയും ഭീകരരായി മുദ്രകുത്താൻ  മോഡിക്ക് ഇനി നിഷ്പ്രയാസം സാധിക്കും. 

പുതിയ  ഭേദഗതി വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നതിന്  സർക്കാരിന് തുറന്ന അവസരം  നൽകുകയാണ്. കുറ്റം ചെയ്താലോ അതിന് തുനിഞ്ഞാലോ ആണ് ക്രിമിനൽ നിയമതത്വങ്ങൾ പ്രകാരം  പ്രതിയാകുക.  എന്നാൽ, അതിന് വിരുദ്ധമാണ് പുതിയ  ഭേദഗതി. അതുപ്രകാരം   ഭീകരപ്രവർത്തനത്തിൽ നേരിട്ട് ഏർപ്പെടുകയോ പങ്കാളിയാകുകയോ ചെയ്തില്ലെങ്കിലും കുറ്റവാളിയാക്കപ്പെടാം. മറ്റൊരർഥത്തിൽ പറഞ്ഞാൽ ഒരാൾ  ഭീകരനാണോയെന്ന് തീരുമാനിക്കുക സർക്കാരിന്റെ ഏകപക്ഷീയ  നിശ്ചയപ്രകാരമാവും. അതിലൂടെ  സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും ആശയപ്രചാരണത്തിനുമുള്ള അവകാശങ്ങൾ ഭയാനകമായ നിലയിൽ ഹനിക്കപ്പെടുമെന്ന് തീർച്ച. 

വിമർശകരെ നിരന്തരം പിന്തുടർന്ന് കള്ളക്കേസ് ചുമത്തി  സാമൂഹ്യമായി ഉന്മൂലനംചെയ്യാൻ മടിയില്ലാത്ത  ഗവൺമെന്റാണ് വീണ്ടും അധികാരത്തിലെത്തിയതെന്നത് മറന്നുകൂടാ. ഗുജറാത്ത് വംശഹത്യയുടെപേരിൽ  മോഡിയെ  വിമർശിച്ച ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് മൂന്ന് ദശാബ്ദം മുമ്പത്തെ സംഭവത്തിന്റെപേരിൽ ശിക്ഷിക്കപ്പെട്ടതും  ഗവൺമെന്റിന്റെ ഭരണഘടനാവിരുദ്ധ നടപടികളെ സുപ്രീംകോടതിയിൽ ചോദ്യംചെയ്ത മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങിനും മറ്റുമെതിരെ അഞ്ചുവർഷം മുമ്പ് കെട്ടിച്ചമച്ച   വിദേശനാണ്യ വിനിമയ ചട്ടലംഘനക്കേസ്   കരുവാക്കിയതും  ഭീകരവാദക്കേസുകളിൽ  കോടതിയിലെത്തുന്ന അഭിഭാഷകരെ അതേ നിയമം  ആരോപിച്ച്  ജയിലിലിട്ടതും ആക്ടിവിസ്റ്റുകൾ,  ട്രേഡ് യൂണിയൻ നേതാക്കൾ, കലാകാരന്മാർ, മാധ്യമ‐ വിവരാവകാശ പ്രവർത്തകർ തുടങ്ങിയവരെ  കള്ളക്കേസുകളിൽ കുരുക്കി ദ്രോഹിക്കുന്നതും നിത്യസംഭവങ്ങളാണ്. ഇങ്ങനെയൊരു    ഗവൺമെന്റിന് അമിതാധികാരം പ്രയോഗിക്കാൻ മറ്റൊരവസരംകൂടി ലഭിക്കുകയാണ് നിർദിഷ്ട നിയമഭേദഗതിയിലൂടെ.

എന്നാൽ, ഹിന്ദുത്വശക്തികൾ പ്രതികളായ  ഭീകരവാദക്കേസുകളിൽ എൻഐഎയുടെ സമീപനം ഏകപക്ഷീയവും സാർവത്രിക വിമർശനത്തിന് ഇടയാക്കിയതുമാണ്.  മക്കാ മസ്ജിദ്‐ അജ്മീർ ശരീഫ് സ്ഫോടനക്കേസുകളിൽ ഇത് പകൽപോലെ വ്യക്തമായി.  മുസ്ലിംപള്ളികൾ ആക്രമിക്കപ്പെടുമ്പോൾ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതു നൽകുകയാണ് അന്വേഷണ ഏജൻസികൾ.  മലേഗാവ് കേസിൽ   മുഖ്യപ്രതിയായ കാവിപ്പടയുടെ നേതാവിനെ  ഒഴിവാക്കുന്ന നിലപാടായിരുന്നു എൻഐഎയുടേത്. അത് പിന്നീട്  കോടതിക്ക്  റദ്ദാക്കേണ്ടിവന്നു.  കേസ് ദുർബലമാക്കാൻ എൻഐഎ ഉന്നതരുടെ ഭാഗത്തുനിന്ന്  ഇടപെടലുണ്ടായതായി  പബ്ലിക് പ്രോസിക്യൂട്ടർക്കുപോലും വെളിപ്പെടുത്തേണ്ടിവന്നു. പ്രധാന പ്രതിയുടെ ജാമ്യാപേക്ഷയെ  എൻഐഎ എതിർത്തതുമില്ല. 70 നിരപരാധികൾ  കൊല്ലപ്പെട്ട 2007 ഫെബ്രുവരി 18ന്റെ സംഝോത എക്പ്രംപസ് സ്ഫോടനക്കേസിന്റെ നാൾവഴികളും അതുതന്നെ.  ചില വിഭാഗങ്ങൾക്കെതിരായ   തീവ്രവാദക്കേസുകളിൽ  അന്വേഷണം നിർത്തിവയ്ക്കുകയോ   മൃദുസമീപനം സ്വീകരിക്കുകയോയാണ്. 

എൻഐഎ ഭേദഗതിബിൽ അവതരിപ്പിക്കവേ ആഭ്യന്തരമന്ത്രി അമിത് ഷാ മറ്റൊരു ഭീഷണികൂടി ആവർത്തിച്ചു. ദേശീയ പൗരത്വപട്ടിക രാജ്യത്തിന്റെ  എല്ലാ മേഖലയിലും  നടപ്പാക്കുമെന്ന് പറഞ്ഞ അദ്ദേഹം  അനധികൃത പൗരന്മാരെ  അന്താരാഷ്ട്രനിയമത്തിന്റെ അടിസ്ഥാനത്തിൽ  തിരിച്ചയക്കുമെന്നും കൂട്ടിച്ചേർത്തു. ഇത്രയും അപകടകരങ്ങളായ പ്രഖ്യാപനങ്ങളുണ്ടായിട്ടും എൻഐഎ ഭേദഗതിബിൽ പാസാക്കാൻ   കോൺഗ്രസ് ഇരുസഭയിലും ബിജെപിക്കൊപ്പംനിന്നത് അത്യന്തം അപകടകരമായ സൂചനയാണ് നൽകുന്നത്.   ഭൂരിപക്ഷവർഗീയത ദേശീയതയുടെ മുഖംമൂടി അണിഞ്ഞാണ് രംഗത്തെത്തുകയെന്ന ജവാഹർലാൽ നെഹ്റുവിന്റെ മുന്നറിയിപ്പുപോലും രാഹുലും സംഘവും ബോധപൂർവം വിസ്മരിച്ചു. മുസ്ലിംലീഗാകട്ടെ, വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നാണ് സഹായിച്ചത്.  മുത്തലാഖ്, മുന്നോക്കവിഭാഗത്തിലെ പിന്നോക്കക്കാർക്ക് സംവരണം തുടങ്ങിയ വിഷയങ്ങളിലെ ന്യൂനപക്ഷവിരുദ്ധ നിലപാട് ആവർത്തിക്കാൻ മൃദുഹിന്ദുത്വം കൈമുതലായ കോൺഗ്രസിന്റെ സഖ്യകക്ഷിയായ ലീഗിന്  മനഃസാക്ഷിക്കുത്തുമുണ്ടാകില്ലല്ലോ. ഇത്തരം നിരുത്തരവാദങ്ങൾ കാവിപ്പടയ്ക്കെതിരായ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുകയേയുള്ളൂവെന്ന് ഓർമപ്പെടുത്തേണ്ടതുണ്ട്. നിരന്തരമായ അസഹിഷ്ണുതയിലൂടെ രാജ്യത്തിന്റെ ബഹുസ്വരതയും സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കൈകടത്തി ഫെഡറൽ തത്ത്വങ്ങളും തകർക്കുന്ന  നീക്കങ്ങൾക്കെതിരെ  അതിശക്തമായ ചെറുത്തുനിൽപ്പ്  അനിവാര്യമായിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top