29 March Friday

ജനകോടികൾ പട്ടിണിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jun 18, 2020


കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായി സിപിഐ എം ചൊവ്വാഴ്‌ച സംഘടിപ്പിച്ച പ്രതിഷേധം സമരചരിത്രത്തിലെ പുതിയ അധ്യായമായി. സംസ്ഥാനത്ത്‌ രണ്ടു ലക്ഷത്തിൽപ്പരം കേന്ദ്രങ്ങളിൽ 10 ലക്ഷത്തിലധികം പേരാണ് കേന്ദ്രനയത്തിനെതിരെ അണിനിരന്നത്. കോവിഡ്‌ –-19 മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു സമരം. രാജ്യത്തെ ജനത നേരിടുന്ന വിവിധ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനെ അലട്ടുന്നില്ല. കോവിഡിന്റെ മറവിൽ സ്വകാര്യവൽക്കരണവും തൊഴിൽനിയമങ്ങൾ അട്ടിമറിക്കാനുമൊക്കെയാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. കോവിഡ് മഹാമാരി ലോകവ്യാപകമായി അസാധാരണ പ്രത്യാഘാതങ്ങളുണ്ടാക്കിക്കഴിഞ്ഞു. ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക മേഖലകളെയെല്ലാം എങ്ങനെ ബാധിക്കുമെന്ന് പറയാൻ കഴിയാത്ത ഗുരുതരമായ സ്ഥിതിവിശേഷം. ജനകോടികൾ തൊഴിലും വരുമാനവും നഷ്ടപ്പെട്ട്, ജീവിക്കാൻ വഴിയില്ലാതെ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു. ഇന്ത്യയിലും സ്ഥിതി അതിവേഗം വഷളാകുന്നു. ഈ സാഹചര്യത്തിൽ സിപിഐ എം നടത്തിയ ദേശവ്യാപക പ്രക്ഷോഭത്തിന് വലിയ പ്രാധാന്യമുണ്ട്.

കോവിഡും മുന്നൊരുക്കമില്ലാത്ത ലോക്ഡൗണും ഇന്ത്യയിൽ സാധാരണ ജനങ്ങളുടെ  ജീവിതം ഇതിനകം തകർത്തു. നഗരങ്ങളിൽ പണി നഷ്ടപ്പെട്ട ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികൾ ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തിയതോടെ ഗ്രാമങ്ങളിൽ ദാരിദ്ര്യം എല്ലാ അർഥത്തിലും ഭീതിദമായി വളരുന്നു. ഒരു നേരത്തെപ്പോലും വിശപ്പടക്കാൻ വഴിയില്ലെന്ന് മാത്രമല്ല, കേറിക്കിടക്കാനിടമില്ല, ഉടുതുണിക്ക് മറുതുണിയില്ല. ഇതിനിടെയാണ് കോവിഡ് മഹാമാരിയും മറ്റു രോഗങ്ങളും. കേരളമൊഴികെ, ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പാവപ്പെട്ടവരെ ചികിത്സിക്കാൻ ഫലപ്രദമായ പൊതുജനാരോഗ്യ സംവിധാനമില്ല.

കോവിഡ് ലോകത്ത് 13 കോടിയിലേറെ ജനങ്ങളെക്കൂടി ദാരിദ്ര്യത്തിലേക്ക് തള്ളിയിടുമെന്ന് യുഎൻ അടുത്തിടെ പറഞ്ഞിരുന്നു. യുഎൻ കണക്കുപ്രകാരം ലോകത്ത് 82 കോടി ജനങ്ങൾ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഇനി 13 കോടി ജനങ്ങൾകൂടി അവർക്കൊപ്പം ചേരും. കോവിഡ് പത്തുകോടി ജനങ്ങളെ പട്ടിണിയിലാക്കുമെന്ന് ലോക ബാങ്കും കണക്കാക്കുന്നു.

ലോകത്തെവിടെയും ജനങ്ങൾ ക്ഷാമത്തിലേക്കും പട്ടിണിയിലേക്കും വഴുതിവീഴുകയാണെന്ന് ഓരോ ദിവസവും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഐക്യരാഷ്ട സഭ (യുഎൻ) ഏതാനും മാസത്തിനപ്പുറം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇന്ത്യയിൽ 36.4 കോടി ജനങ്ങൾ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന പാവപ്പെട്ടവരാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ, കോവിഡിൽ സാമ്പത്തിക പ്രത്യാഘാതങ്ങൾകൂടി രൂക്ഷമായതോടെ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം പെരുകുമെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകുന്നുമുണ്ട്. കോവിഡ് ലോകത്ത് 13 കോടിയിലേറെ ജനങ്ങളെക്കൂടി ദാരിദ്ര്യത്തിലേക്ക് തള്ളിയിടുമെന്ന് യുഎൻ അടുത്തിടെ പറഞ്ഞിരുന്നു. യുഎൻ കണക്കുപ്രകാരം ലോകത്ത് 82 കോടി ജനങ്ങൾ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഇനി 13 കോടി ജനങ്ങൾകൂടി അവർക്കൊപ്പം ചേരും. കോവിഡ് പത്തുകോടി ജനങ്ങളെ പട്ടിണിയിലാക്കുമെന്ന് ലോക ബാങ്കും കണക്കാക്കുന്നു. ഇതെല്ലാം പരിഗണിക്കുമ്പോൾ ഇന്ത്യയിലെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. ലോക ജനസംഖ്യയിൽ പട്ടിണി അനുഭവിക്കുന്നവരുടെ മൂന്നിലൊന്നും നൈജീരിയ, ഇന്ത്യ, കോംഗോ എന്നിവിടങ്ങളിലാണ്.

കോവിഡിനെ നേരിടുന്നതിൽത്തന്നെ വലിയ അലംഭാവം കാണിച്ച മോഡി സർക്കാർ രാജ്യത്തിന്റെ ഈ സ്ഥിതിയൊന്നും പരിഗണിക്കുന്നേയില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയും എഫ്സിഐ ഗോഡൗണുകളിൽ നിറഞ്ഞുകിടക്കുന്ന ഭക്ഷ്യധാന്യവും ഫലപ്രദമായി ഉപയോഗിച്ചാൽ പാവപ്പെട്ടവരുടെ ദാരിദ്ര്യം ഒരുപരിധിവരെ അകറ്റാനാകും. നഗരങ്ങളിൽ ജോലി നഷ്ടപ്പെട്ട് ഗ്രാമങ്ങളിലേക്ക് എത്തിയവരടക്കം ആവശ്യക്കാരായ എല്ലാവർക്കും തൊഴിൽ നൽകണം. അതുവഴി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാനും കഴിയും.

കേന്ദ്രം പ്രഖ്യാപിച്ച പാക്കേജിൽ തൊഴിലുറപ്പുപദ്ധതിക്ക് അധികമായി 40,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് തീർത്തും അപര്യാപ്തമാണ്. നടപ്പു ധനവർഷത്തെ ബജറ്റിൽ അനുവദിച്ചത് 61,500 കോടി. ഇത് മുൻവർഷത്തെ പുതുക്കിയ കണക്കിനേക്കാൾ കുറഞ്ഞ തുകയാണ്. പുതുക്കിയ തുക 71,000 കോടിയായിരുന്നു. പക്കേജ് തുകയും ബജറ്റിലെ തുകയും ചേർത്താലും പണം മതിയാകില്ല. ആവശ്യമുള്ളവർക്കെല്ലാം വർഷത്തിൽ 100 ദിവസം ജോലി കൊടുക്കണമെന്ന് തൊഴിലുറപ്പു നിയമത്തിന്റെ മാർഗനിർദേശത്തിലുണ്ട്. എന്നാൽ, 14 സംസ്ഥാനത്ത്‌ 50 ദിവസംപോലും തൊഴിലില്ല. തൊഴിൽദിനവും വേതനവും അടിയന്തരമായി കൂട്ടണം. 200 ദിവസം തൊഴിൽ നൽകാൻ കഴിയണം. മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലൊന്നും തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കുന്നില്ല. ഇതൊക്കെ പരിഹരിച്ച്, അസംഘടിതമേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടവരെയടക്കം ഉൾപ്പെടുത്തി പദ്ധതി ശക്തമാക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. മറ്റൊന്ന്, എഫ്‌സിഐ ഗോഡൗണുകളിലുള്ള ഭക്ഷ്യധാന്യമാണ്. 770 ലക്ഷം ടൺ അരിയും ഗോതമ്പും കെട്ടിക്കിടപ്പുണ്ട്. ഇതിന്റെ സൗജന്യവിതരണം ഇനിയും കാര്യക്ഷമമായി നടക്കുന്നില്ല. അപ്പോൾ, തൊഴിലുറപ്പുപദ്ധതിയും ഭക്ഷ്യധാന്യശേഖരവും  വേണ്ടവണ്ണം ഉപയോഗിച്ചാൽ ദാരിദ്ര്യം കുറച്ചെങ്കിലും പിടിച്ചുനിർത്താനാകുമെന്ന് വ്യക്തം.
വരുമാന നികുതിയുടെ പരിധിയിൽ ഉൾപ്പെടാത്ത എല്ലാവർക്കും പ്രതിമാസം 7500 രൂപ വീതം ആറുമാസത്തേക്ക്  കൊടുക്കുക,ദിനമെന്നോണമുള്ള എണ്ണവില വർധനപിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സിപിഐ എം ദേശീയ പ്രതിഷേധദിനം ആചരിച്ചത്. ജനങ്ങളെ പട്ടിണിക്കിടരുതെന്നുതന്നെയാണ്  സമരമുയർത്തിയ സുപ്രധാന ആവശ്യം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top