08 December Wednesday

ക്ഷേത്രഭരണത്തിന്‌ പൊതുസംവിധാനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ ഒരു പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന നിയമനടപടികൾക്ക്‌ സുപ്രീംകോടതി അന്തിമതീർപ്പ്‌ കൽപ്പിച്ചിരിക്കുന്നു. ക്ഷേത്രഭരണ നിർവഹണത്തിന്‌ തിരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രതിനിധികൂടി ഉൾപ്പെടുന്ന സ്ഥിരംസമിതി രൂപീകരിക്കണമെന്ന വിധിയിലൂടെ, പാരമ്പര്യ അവകാശം എന്ന ഹർജിക്കാരുടെ വാദം ഭാഗികമായി സുപ്രീംകോടതി അംഗീകരിച്ചു. കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെയും ജുഡീഷ്യറിയുടെയും പ്രതിനിധികൾ ഉൾപ്പെടുന്നതാണ്‌ ഭരണസമിതി എന്നതിനാൽ ക്ഷേത്രഭരണത്തിന്‌ പൊതുസംവിധാനം എന്ന ആവശ്യമാണ്‌ ‌പരമോന്നത കോടതി ശരിവച്ചത്‌.

അമൂല്യങ്ങളായ ക്ഷേത്രസ്വത്തുക്കളുടെ ദുർവിനിയോഗമാണ്‌ വിവാദങ്ങൾക്ക്‌ വഴിമരുന്നിട്ടത്‌. നിലവറകളിലെ നിധിവസ്‌തുക്കൾ  മോഷണംപോകുന്നതടക്കമുള്ള പരാതികൾ‌ ഉയർന്നുവന്നിരുന്നു. പരാതികളെത്തുടർന്നുണ്ടായ നടപടികളാണ്‌ ‌പിന്നീട്‌ നിയമക്കുരുക്കിലായത്‌. നിലവറകൾ തുറന്ന്‌ നിധികളുടെ മൂല്യം തിട്ടപ്പെടുത്തി സൂക്ഷിക്കുന്നതിന്‌ സംവിധാനമുണ്ടാകണമെന്ന ആവശ്യത്തിന്‌ സബ്‌കോടതിമുതൽ ഹൈക്കോടതിവരെയുള്ള നീതിപീഠങ്ങൾ അംഗീകാരം നൽകി. ഇപ്പോൾ സുപ്രീംകോടതിയിൽനിന്നുണ്ടായ വിധിയും മെച്ചപ്പെട്ട ക്ഷേത്രഭരണ സംവിധാനത്തിന്‌ വഴിയൊരുക്കുന്നതാണ്‌. ക്ഷേത്രത്തിലെ നിധിശേഖരം കടത്തിക്കൊണ്ടുപോകുന്നുവെന്നു കാണിച്ച്‌ ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെടുന്ന സ്വകാര്യ ഹർജി ഒരു ഭക്തനാണ്‌ ഹൈക്കോടതിയിൽ സമർപ്പിച്ചത്‌. എന്നാൽ, ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടുന്നില്ലെന്ന നിലപാടാണ്‌ എൽഡിഎഫ്‌‌ സർക്കാർ സ്വീകരിച്ചത്‌. 1949ൽ  ശ്രീചിത്തിര തിരുനാൾ മഹാരാജാവ്‌  സർക്കാരുമായി ഒപ്പുവച്ച കവനന്റ്‌ പ്രകാരം ക്ഷേത്രഭരണം രാജകുടുംബത്തിൽ നിക്ഷിപ്‌തമായിരുന്നു. 1991ൽ ‌അദ്ദേഹത്തിന്റെ മരണത്തോടെ ക്ഷേത്രഭരണത്തിൽ രാജകുടുംബത്തിനുള്ള അവകാശം അവസാനിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചു. ആചാരപരമല്ലാതെ, ഭരണപരമായ കാര്യങ്ങളിൽ പാരമ്പര്യാവകാശം നിലനിൽക്കില്ലെന്നും വ്യക്തമാക്കി. സർക്കാർ ക്ഷേത്രം ഏറ്റെടുക്കണമെന്നായിരുന്നു വിധി. നിലവറകൾ തുറന്നു പരിശോധിക്കുന്നതിനും സംരക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവായി. ‌ഇതിനെതിരെ മുൻ രാജകുടുംബം നൽകിയ അപ്പീലിലാണ്‌ ഇപ്പോൾ വിധി വന്നിരിക്കുന്നത്‌.


 

രാജഭരണകാലത്ത്‌ സമാഹരിക്കപ്പെട്ട അളവറ്റ സ്വർണം, വെള്ളി ഉരുപ്പടികൾ സൂക്ഷിച്ച നിലവറകൾ പലതവണ തുറന്നതിന്റെ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു‌. കുറെ നഷ്ടപ്പെട്ടതായും സംശയിക്കുന്നു. സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറി ഗോപാൽ സുബ്രഹ്മണ്യവും സാമ്പത്തിക തിരിമറികൾ അന്വേഷിക്കുന്നതിന്‌ ചുമതലപ്പെടുത്തിയ മുൻ സിഎജി വിനോദ്‌ റായിയും സമർപ്പിച്ച റിപ്പോർട്ടുകൾ ഇത്‌ സാക്ഷ്യപ്പെടുത്തുന്നു. പിന്നീട്‌ കോടതി ഉത്തരവിന്റെ ബലത്തിൽ എ നിലവറകളിലെ അമൂല്യവസ്‌തുക്കൾ പരിശോധിക്കുകയും മൂല്യം തിട്ടപ്പെടുത്തുകയും ചെയ്‌തു. എന്നാൽ, ബി നിലവറ തുറക്കാൻ സുപ്രീംകോടതി വിലക്കുമൂലം സാധിച്ചില്ല. അതുകൊണ്ടുതന്നെ ഇതിലെ ശേഖരത്തെക്കുറിച്ചോ മൂല്യത്തെക്കുറിച്ചോ വ്യക്തതയില്ല‌. ഈ വിഷയങ്ങൾ വിവാദമായപ്പോൾ എൽഡിഎഫ്‌ സർക്കാരുകൾ സ്വീകരിച്ച നിലപാട്‌ സുവ്യക്തമായിരുന്നു. രാജഭരണകാലത്ത്‌ സ്ഥാപിക്കപ്പെട്ടതായാലും ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും ദുർവിനിയോഗം ചെയ്യപ്പെട്ടുകൂടാ. ക്ഷേത്രനിലവറയിലെ അമൂല്യവസ്‌തുക്കൾ അന്യാധീനപ്പെടാതെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ജനകീയഭരണത്തിൽ സർക്കാരിന്റേതാണ്‌. അതുകൊണ്ടുതന്നെ നിലവറയിലെ വസ്‌തുക്കൾ പുറത്തെടുത്ത്‌ മ്യൂസിയമാക്കി ജനങ്ങളുടെ കാഴ്‌ചയ്‌ക്കും സംരക്ഷണത്തിനും അവസരമൊരുക്കുക എന്ന നിർദേശമാണ്‌ സർക്കാർ മുന്നോട്ടുവച്ചത്‌. ഹൈക്കോടതി ഇത്‌ അംഗീകരിച്ചു.

ക്ഷേത്രഭരണത്തിന്റെ കാര്യത്തിലാകട്ടെ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ മാതൃകയിലുള്ള ഒരു സംവിധാനം ഏർപ്പെടുത്തണമെന്നതായിരുന്നു ഹൈക്കോടതി നിർദേശം‌. അവിടെ സാമൂതിരി കുടുംബത്തിന്റെ പ്രതിനിധി ദേവസ്വം ബോർഡിലുണ്ട്‌. ക്ഷേത്രത്തിന്റെ ഭരണച്ചുമതല മുൻ രാജകുടുംബത്തിന്‌ പരമ്പരയായി അനുവദിച്ചുകൊടുക്കുന്നതിനു പകരം നിയമപരവും വ്യവസ്ഥാപിതവുമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകണമെന്നാണ്‌ നിർദേശിച്ചത്‌. ആചാരപരവും വിശ്വാസപരവുമായ കാര്യങ്ങളിൽ പരമ്പരാഗതമായി നിലനിൽക്കുന്ന രീതികൾ അങ്ങനെതന്നെ തുടരുന്നതിൽ ഒരു പ്രയാസവും ഉണ്ടാകുന്നില്ലതാനും. ദേവസ്വം ബോർഡിനു കീഴിലുള്ള ശബരിമലയിൽ താഴമൺ തന്ത്രികുടുംബത്തിനും പന്തളം രാജകുടുംബത്തിനുമുള്ള ആചാരപരമായ അവകാശങ്ങൾക്ക്‌ ഒരു മാറ്റവും വന്നിട്ടില്ലെന്നത്‌ ശ്രദ്ധേയമാണ്‌.

ഈ വിഷയങ്ങളെല്ലാം സുപ്രധാനമായ കേസിന്റെ  വിചാരണവേളയിൽ സുപ്രീംകോടതി പരിഗണിച്ചെന്ന്‌ വിധിയിൽ വ്യക്തമാകുന്നുണ്ട്‌. വിധി നടപ്പാക്കുന്നതിന്‌ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ‌ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്‌താവന നൽകുന്ന സൂചനയും വ്യക്തമാണ്‌. ക്ഷേത്രഭരണത്തിന്‌ അഞ്ചംഗ ഭരണസമിതി രൂപീകരിക്കണമെന്നതാണ്‌ വിധിയുടെ സുപ്രധാന ഭാഗം. ജില്ലാ ജഡ്‌ജി അധ്യക്ഷനായ നിലവിലുള്ള ഭരണസമിതി അതുവരെ തുടരും. ബി നിലവറ തുറക്കുന്നതു സംബന്ധിച്ച തീരുമാനം പുതിയ ഭരണസമിതി കൈക്കൊള്ളണമെന്ന്‌ നിഷ്‌കർഷിച്ചതും സർക്കാർ നിലപാടിനെ സാധൂകരിക്കുന്നതാണ്‌. നിലവറ തുറക്കരുതെന്ന മുൻ രാജകുടുംബത്തിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണ്‌ സുപ്രീംകോടതി ഇക്കാര്യത്തിൽ തീരുമാനമെടുത്തത്‌. വിശ്വാസവും ആചാരവും സംരക്ഷിക്കുന്നതോടൊപ്പം നല്ല ഭരണസംവിധാനംകൂടി ഉറപ്പാക്കുമെന്ന്‌ വിധിയിലൂടെ പ്രതീക്ഷിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top