26 September Tuesday

കേൾക്കണം ഈ മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Apr 27, 2020

മനുഷ്യരാശിക്കാകെ ഭീഷണിയായി കോവിഡ് മഹാമാരി ലോകമാകെ പടരുമ്പോൾ മറ്റൊരു മഹാമാരിയെക്കുറിച്ച് ഐക്യരാഷ്ട്രസംഘടന നൽകുന്ന മുന്നറിയിപ്പ് സമയോചിതവും യാഥാർഥ്യം തൊട്ടറിയുന്നതുമാണ്. കോവിഡിന്റെ പ്രത്യാഘാതമായി ഭക്ഷ്യക്ഷാമവും പട്ടിണിയും മഹാമാരിയായി പടരാമെന്നാണ് യുഎൻ ലോകരാജ്യങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പ്‌. ഇപ്പോൾ, ലോകത്ത് പട്ടിണിയിൽ കഴിയുന്നവർക്കു പുറമെ 13  കോടിയിലേറെ ജനങ്ങൾകൂടി പട്ടിണിയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്രസംഘടന (യുഎൻ )പറയുന്നു.

യുഎൻ കണക്കുപ്രകാരം ലോകത്ത് 82 കോടിയിലേറെ ജനങ്ങൾ ഇപ്പോൾത്തന്നെ പട്ടിണിയിൽ ജീവിക്കുന്നുണ്ട്. കൊറോണ എത്രനാൾ നീളുമെന്ന് ആർക്കുമറിയില്ല. അതുകൊണ്ട്, കരുതിയിരുന്നില്ലെങ്കിൽ, കർശനമായ ജാഗ്രത പാലിച്ചില്ലെങ്കിൽ പലതരത്തിലുള്ള ക്ഷാമങ്ങൾ ഒരുമിച്ചു നേരിടേണ്ടി വരും.  ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യ പരിപാടി (വേൾഡ്‌ ഫുഡ്‌ പ്രോഗ്രാം– ഡബ്ല്യൂഎഫ്പി -) ഡയറക്ടർ ഡേവിഡ് ബീസ് ലി പോയവാരം യുഎൻ സുരക്ഷാസമിതിയുടെ വീഡിയോ കോൺഫറൻസിലാണ്  ലോകത്തോടായി ഇക്കാര്യങ്ങൾ പറഞ്ഞത്. പ്രതിസന്ധിയൊഴിവാക്കാൻ എല്ലാമേഖലയിലും ആവശ്യമായ പണം എത്തിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം നിർദേശിച്ചു. കോടിക്കണക്കിനാളുകൾ പട്ടിണിയിലേക്ക് എടുത്തെറിയപ്പെടുമെന്ന് ഡബ്ല്യുഎഫ്പിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും ഗവേഷണവിഭാഗം ഡയറക്ടറുമായ ആരിഫ് ഹുസൈനും രാജ്യങ്ങളെ  ജാഗ്രതപ്പെടുത്തുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ലോകം നേരിടുന്നത്.

യുഎൻ നൽകുന്ന ഈ മുന്നറിയിപ്പ് നമ്മുടെ കേന്ദ്ര സർക്കാർ‌ അതിന്റെ എല്ലാ അർഥത്തിലും ഉൾക്കൊള്ളേണ്ടതുണ്ട്. കൊറോണയുടെ സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങൾ ഏറ്റവും കുറഞ്ഞ തോതിലാക്കണമെങ്കിൽ വലിയ സാമ്പത്തിക പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കണം. അതിനിയും ഉണ്ടായിട്ടില്ല. വൈറസ് വ്യാപനം തടയുന്നതിന് ആളുകൾ വീട്ടിലിരിക്കേണ്ടിവരും. കാര്യങ്ങൾ സാധാരണ നിലയിലെത്താൻ ഏറെ വൈകും. അപ്പോൾ, ആവശ്യമായ എല്ലാവർക്കും അഭയകേന്ദ്രം, വെള്ളം, ഭക്ഷണം, വസ്ത്രം എന്നിവ ഉറപ്പാക്കണം. ധനികർക്ക് ഇതൊന്നും പ്രശ്നമാകില്ല. പക്ഷേ, സാധാരണക്കാരുടെ സ്ഥിതി അതല്ലല്ലോ.


 

മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ, ഭക്ഷണത്തിനും കിടപ്പാടത്തിനുംവേണ്ടി ജനകോടികൾ അനുഭവിക്കുന്ന ദുരിതം ഇപ്പോഴും അവസാനിച്ചില്ല. അതിഥിത്തൊഴിലാളികൾക്ക് കേരളത്തിലൊഴികെ മറ്റൊരിടത്തും മതിയായ സുരക്ഷയും സൗകര്യങ്ങളും ഏർപ്പെടുത്തിയില്ല. ഇപ്പോൾ, രാജ്യത്ത് ഈ സ്ഥിതിയെങ്കിൽ വരുംനാളുകളിൽ കാര്യങ്ങൾ വഷളാകാതിരിക്കാൻ നല്ല തയ്യാറെടുപ്പിന്റെ സമയം അതിക്രമിച്ചു.

രാജ്യത്തിന്റെ ഭക്ഷ്യധാന്യ കലവറകൾ നിറഞ്ഞുകിടക്കുമ്പോഴും വിവിധ നഗരങ്ങളിൽ ആയിരക്കണക്കിന് കുടിയേറ്റത്തൊഴിലാളികൾ പട്ടിണി കിടക്കേണ്ടി വന്നുവെന്നത് വസ്തുതയാണ്. വിശക്കുന്നവർക്കെല്ലാം, ആവശ്യക്കാർക്കെല്ലാം ഭക്ഷ്യധാന്യമെത്തിക്കാൻ അതിവേഗ നടപടി വേണം. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, കർണാടകം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യധാന്യ വിതരണം ഫലപ്രദമായി നടന്നില്ല.


 

എഫ് സിഐ കലവറകളിൽ 770 ലക്ഷം ടൺ അരിയും ഗോതമ്പും കിടപ്പുണ്ട്. പൊതുവിതരണ സംവിധാനം മുഖേന ഇത് ആവശ്യക്കാർക്കെല്ലാം  എത്തിക്കണം. കുടിയേറ്റത്തൊഴിലാളികൾക്ക് പല സംസ്ഥാനങ്ങളിലും റേഷൻകാർഡില്ല. താൽക്കാലിക കാർഡ് നൽകി അത് പരിഹരിക്കണം. കേരളത്തിലെപ്പോലെ സമൂഹ അടുക്കളകൾ വ്യാപകമാക്കിയും പട്ടിണി ഇല്ലാതാക്കാം. കേന്ദ്രം പ്രഖ്യാപിച്ച ആളൊന്നിന് അഞ്ചുകിലോ അരിയും ഒരു കിലോ ഗോതമ്പും പലേടത്തും വൈകിയാണ് എത്തിയത്. പല സംസ്ഥാനങ്ങളിലും കിട്ടിത്തുടങ്ങിയത് ഏപ്രിൽ പകുതിക്കുശേഷം.

യുഎൻ പറയുന്ന പട്ടിണിയുടെ കണക്കിൽ ഇന്ത്യൻ ഗ്രാമങ്ങൾ നേരത്തേതന്നെയുണ്ട്. നമ്മുടെ ഗ്രാമങ്ങളിലെ ചെറുകിട, നാമമാത്ര കൃഷിക്കാർ, കർഷകത്തൊഴിലാളികൾ, ആദിവാസികൾ എന്നിവരൊക്കെ കാലങ്ങളായി പട്ടിണി അനുഭവിക്കുന്നു. ഗ്രാമീണമേഖലയുടെ വരുമാനം വർധിപ്പിക്കാൻ കഴിയാത്തതാണ് അടിസ്ഥാനപ്രശ്നം. പ്രഖ്യാപനങ്ങൾ പലതുണ്ടെങ്കിലും വിളകൾക്ക് ന്യായമായ വിലയില്ല, മതിയായ താങ്ങുവിലയും സംഭരണവിലയുമില്ല, കൂലിയില്ല. ഇതെല്ലാം ഇന്ത്യൻ ഗ്രാമങ്ങൾ നേരിടുന്ന പ്രതിസന്ധിയും പ്രയാസങ്ങളുമായി തുടരുന്നു. കൊറോണ വ്യാപനം ചെറുക്കാൻ ലോക്ക്‌ഡൗൺ വേണ്ടിവന്നതോടെ സ്ഥിതി വീണ്ടും മോശമായി. ഈയൊരു സാഹചര്യത്തിൽ ആശ്വാസ നടപടികൾ, പുനരധിവാസ പ്രവർത്തനങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ അതിവേഗ വിതരണം എന്നിവയിൽ കേന്ദ്ര സർക്കാർ അടിയന്തര ശ്രദ്ധ പതിപ്പിക്കണം.  ഭക്ഷ്യവസ്തുക്കളുടെ വിതരണശൃംഖലയിൽ ഒരു തരത്തിലുള്ള വിള്ളലും വരാൻ പാടില്ല. ഉൽപ്പാദനം, വിളവെടുപ്പ്, സംസ്‌കരണം, വിപണനം, വിതരണം തുടങ്ങിയവ സ്ഥിരമായി ഉറപ്പാക്കണം. ഇതിന്‌ വേണ്ടിവരുന്ന സാമ്പത്തികബാധ്യത കേന്ദ്രം ഏറ്റെടുക്കണം. സംസ്ഥാനങ്ങളെ കൈയയച്ച് സഹായിക്കണം. വലിയതോതിലുള്ള സാമ്പത്തിക ഉത്തേജകപാക്കേജുകൾ പ്രഖ്യാപിക്കണം. യുഎൻ  നൽകുന്ന സന്ദേശം ഉൾക്കൊള്ളുമെങ്കിൽ  ഇന്ത്യ ഇക്കാര്യങ്ങൾ ഉടൻ ചെയ്യേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top