02 May Thursday

ഹൃദയപക്ഷം എൽഡിഎഫ്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021


രാജ്യത്തിന്റെ രാഷ്ട്രീയ‐സാമൂഹ്യ‐സാമ്പത്തികാവസ്ഥ പരിതാപകരമായ നിലയിലേക്ക്‌ കൂപ്പുകുത്തുകയാണ്‌. ദാരിദ്ര്യവും പട്ടിണിയും തുടർന്നുണ്ടാകുന്ന കൂട്ടപ്പലായനങ്ങളും ചരിത്രത്തിലില്ലാത്തവിധം പ്രതിസന്ധി തീർക്കുന്നുമുണ്ട്‌. ഒടുവിൽ പുറത്തുവന്ന ആഗോള പട്ടിണിസൂചിക സ്ഥിതിഗതികളുടെ ഭീകരമുഖം വ്യക്തമാക്കുന്നു. അതനുസരിച്ച്‌ ഇന്ത്യ 94‐ാം സ്ഥാനത്തുനിന്ന് 101ലേക്ക്‌ പിന്തള്ളപ്പെട്ടു. 116 രാജ്യം ഉൾപ്പെട്ട പട്ടികയിൽ അയൽക്കാരായ  പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയവയെല്ലാം മുന്നിലാണ്‌. സോമാലിയ, സിയേറ ലിയോൺ തുടങ്ങി അതിദരിദ്ര രാജ്യങ്ങൾ മാത്രമാണ് ഇന്ത്യക്കു പിന്നിൽ. ‘ഇക്കോ റാപ്പ്‌’ റിപ്പോർട്ട്‌ പ്രകാരം  രാജ്യത്തിന്റെ പൊതുകടം 170 ലക്ഷം കോടിയോളമായി. എയർ ഇന്ത്യ തുച്ഛവിലയ്‌ക്ക്‌ ടാറ്റയ്‌ക്ക് കൈമാറിയതിന്റെ തുടർച്ചയായി കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ  വിൽക്കാനൊരുങ്ങുകയാണ്‌  മോദി സർക്കാർ. എൽഐസിയുടെ  ഓഹരി വിറ്റഴിക്കാനുള്ള പ്രക്രിയക്ക്‌ വൈകാതെ തുടക്കമാകുമെന്നാണ്‌ പൊതുമേഖലാ വിറ്റഴിക്കൽവകുപ്പ്‌ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ  പറഞ്ഞത്‌. ഇന്ധനവില വർധിപ്പിക്കാത്ത ദിവസമില്ലെന്നു പറയാം. അനുബന്ധമേഖലയിലും അമിതഭാരം അടിച്ചേൽപ്പിക്കുകയാണ്‌. ഹൈവേ ടോൾപിരിവ്‌  വർധിപ്പിച്ചു. കോവിഡിന്റെ പേരിൽ ‘പിഎം കെയേഴ്‌സ്‌’ രൂപീകരിച്ച് ലോകത്താകെനിന്ന്‌  പിരിച്ച പണം എത്ര കോടിയെന്നോ ആർക്ക് നൽകിയെന്നോ  വ്യക്തമല്ല.

ഈ പശ്ചാത്തലത്തിലാണ്‌ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ബദൽ നയങ്ങൾ പിന്തുടർന്ന്‌ സാധാരണക്കാരുടെ ഹൃദയപക്ഷമാകുന്നത്‌. തൊഴിലുറപ്പുതൊഴിലാളി ക്ഷേമപദ്ധതിക്ക്‌ നിയമസാധുത നൽകുന്ന ബിൽ  നിയമസഭ അംഗീകരിച്ചത്‌ കഴിഞ്ഞദിവസമാണ്‌. അതിലൂടെ സംസ്ഥാനം രാജ്യത്തിനുതന്നെ സവിശേഷ മാതൃകയായിരിക്കുന്നു.  തൊഴിലുറപ്പുമേഖലയിൽ ഇത്തരം  പദ്ധതി മറ്റൊരു സംസ്ഥാനത്തുമില്ല.  മഹാത്മാഗാന്ധി, അയ്യൻകാളി പദ്ധതികളിലെ 40 ലക്ഷം തൊഴിലാളികൾക്ക്‌ ഇനിമുതൽ പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ ഉറപ്പാകും. ലോകത്തിനും ഇന്ത്യക്കും  ഇതരസംസ്ഥാനങ്ങൾക്കും മാതൃകയാകുന്നതാണ്‌ മറ്റൊരു പദ്ധതി. കോവിഡ് ജീവൻ അപഹരിച്ചവരുടെ ആശ്രിതർക്ക് മൂന്നു വർഷത്തേക്ക് മാസം 5000 രൂപ വീതം  സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചത്‌ കെടുതിയുടെ നാളിൽ കൈത്താങ്ങാണ്‌.  കുടുംബത്തിലെ പ്രധാന വരുമാനക്കാരൻ / വരുമാനക്കാരിയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ബിപിഎൽ കുടുംബങ്ങൾക്കാണ് സഹായം. ആദ്യം സമാശ്വാസം ലഭിക്കുന്ന മാസംമുതൽ മൂന്നു വർഷത്തേക്ക്‌ തുക ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറായി എത്തും. കേന്ദ്ര സർക്കാരോ  ഏതെങ്കിലും സംസ്ഥാന സർക്കാരോ  ഇത്തരം  കോവിഡ്  സമാശ്വാസപദ്ധതി പ്രഖ്യാപിച്ചിട്ടില്ല. മഹാമാരി ഉയർത്തുന്ന സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ജനങ്ങളെ ചേർത്തുനിർത്തുകയാണ് എൽഡിഎഫ് സർക്കാർ. ലോകത്ത് ആദ്യമായിട്ടാകും ഒരു സർക്കാർ ഇത്തരം പാക്കേജ് പ്രഖ്യാപിക്കുന്നത്‌. കോവിഡ് ബാധിച്ച്‌ മരിച്ച /മരിക്കുന്ന ആശ്രിത കുടുംബങ്ങൾക്ക് നിലവിലെ  സഹായങ്ങൾക്കു പുറമേയാണ്‌ പുതിയ പ്രഖ്യാപനം.  സാമൂഹ്യക്ഷേമ, ക്ഷേമനിധി, മറ്റു പെൻഷനുകൾ ആശ്രിതർക്ക് ലഭ്യമാകുന്നത് ഇത്‌ അയോഗ്യതയാകില്ല. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരിച്ചാലും  കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാണെങ്കിൽ ആനുകൂല്യത്തിന്‌ അർഹതയുണ്ടാകും.

കഴിഞ്ഞയാഴ്‌ച  സർക്കാർ സേവനങ്ങളിലെ ഫീസ്‌ ഒഴിവാക്കി നടപടിക്രമങ്ങൾ  ലഘൂകരിച്ചത്‌ ഇവിടെയും ബാധകമാക്കും. ഒറ്റപ്പേജിൽ ലളിതമായ ഫോറത്തിൽ അപേക്ഷിക്കാം. ആവശ്യമായ തുടർനടപടികൾക്ക് ബന്ധപ്പെട്ട കലക്ടർമാരെയും റവന്യൂ മേധാവികളെയും ചുമതലപ്പെടുത്തും. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം അർഹർക്ക്‌ ആനുകൂല്യം നൽകേണ്ടതാണ്. ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായനികുതി ദായകരോ ഇല്ലെന്ന് വില്ലേജ്  ഓഫീസർ ഉറപ്പുവരുത്തണം. ധനസഹായ കാര്യത്തിൽ  തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തുന്ന പഴയസ്ഥിതി ആവർത്തിക്കരുതെന്ന കർശന നിർദേശവും ഇറങ്ങിക്കഴിഞ്ഞു. ആവശ്യമായ തുക ബജറ്റിൽ വകയിരുത്തുംവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് വഹിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതും ആനുകൂല്യം പെട്ടെന്ന്‌ ലഭ്യമാക്കാൻ സഹായകമാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top