26 April Friday

പ്രതിബന്ധം വഴിമാറും; ഒപ്പമുണ്ട്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019



പ്രളയത്തിന്റെ വാർഷികദിനങ്ങളിൽ മറ്റൊരു പ്രളയത്തെ മുഖാമുഖം കാണുന്ന കേരളജനത നേരിടുന്ന ദുരിതങ്ങളും പ്രതിബന്ധങ്ങളും വിവരണാതീതമാണ്‌. എന്നാൽ, ഇതിലും വലിയ ദുരന്തത്തെ അതിജീവിച്ച അനുഭവപാഠം ഇക്കുറി മലയാളികൾക്ക്‌ കൂടുതൽ കരുത്ത്‌ പകരുന്നുണ്ട്‌. സഹജീവികളെ സഹായിക്കാൻ എല്ലാം മറന്ന്‌ പ്രവർത്തിക്കുന്ന എണ്ണമറ്റ മനുഷ്യരും അവരെ നയിക്കാൻ നിശ്ചയദാർഢ്യത്തോടെ എൽഡിഎഫ്‌ സർക്കാരുമുണ്ട്‌. വരുംദിവസങ്ങളിൽ മഴ ശക്തിപ്പെട്ടേക്കുമെന്ന പ്രവചനം വന്ന സാഹചര്യത്തിൽ, ഇപ്പോഴുള്ള ആശ്വാസം താൽക്കാലികമാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്‌. പഴുതടച്ച മുൻകരുതലുകളോടെ ഏത്‌ അടിയന്തരഘട്ടത്തെയും മറികടക്കാമെന്ന ആത്മധൈര്യമാണ്‌ ജനങ്ങളിലുള്ളത്‌. ആർക്കും ഭിന്നിപ്പിക്കാനാകാത്ത മനപ്പൊരുത്തമാണ് പ്രതിസന്ധികളിൽ പതറാത്തവരുടെ കൈമുതൽ.

ബഹുമുഖങ്ങളായ പ്രവർത്തനങ്ങളാണ്‌ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട്‌ സംസ്ഥനത്ത്‌ നടക്കുന്നത്‌. പെരുമഴയെ തുടർന്ന്‌ വീടും വഴിയും വെള്ളത്തിനടിയിലായ ജനങ്ങളെ സുരക്ഷിത കേന്ദ്രത്തിലെത്തിക്കുകയായിരുന്നു ആദ്യദൗത്യം. ജില്ലാഭരണത്തിന്റെ നേതൃത്വത്തിൽ എല്ലാ സർക്കാർ വകുപ്പുകളും ചേർന്ന്‌ ഫലപ്രദമായ സംവിധാനങ്ങളാണ്‌ ഇതിനായി ആദ്യദിവസംതന്നെ ഒരുക്കിയത്‌. തദ്ദേശഭരണസ്ഥാപനങ്ങളും സന്നദ്ധപ്രവർത്തകരുമെല്ലാം ഒറ്റമനസ്സോടെ പ്രവർത്തിക്കുന്നു. ആയിരത്തറുനൂറോളം ക്യാമ്പുകളിലായി മൂന്നുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. 3750 ക്യാമ്പുകളിലായി എട്ടരലക്ഷത്തോളം പേർക്കാണ്‌ കഴിഞ്ഞ പ്രളയത്തിൽ സൗകര്യം ഒരുക്കിയത്‌.

ദുരന്തത്തിന്റെ ക്രൂരമുഖം കണ്ടത്‌ വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലുമാണ്‌. അതിഭീകരമായ മലയിടിച്ചിലിൽ നിരവധിപേർ മണ്ണിനടിയിലായി. ഏക്കർകണക്കിന്‌ ഭൂമി ഒഴുകിപ്പോയ ഇവിടെ മണ്ണും കടപുഴകിയ വൃക്ഷങ്ങളും നീക്കി, കെട്ടിടാവശിഷ്ടങ്ങളിൽ പെട്ടുപോയവരെ കണ്ടെത്തുക എന്ന ശ്രമകരമായ പ്രവർത്തനമാണ്‌ ഇപ്പോൾ നടക്കുന്നത്‌. 27 പേരുടെ മൃതദേഹം പുറത്തെടുത്തു. അവശേഷിക്കുന്നവർക്കുവേണ്ടിയുള്ള തെരച്ചിലിന്‌ ആവശ്യമായ സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്‌. മഴ കുറഞ്ഞതോടെ വെള്ളമൊഴിഞ്ഞ സ്ഥലങ്ങളിൽ വീടുകളിലേക്ക്‌ ആളുകൾ മടങ്ങിത്തുടങ്ങിയിട്ടുണ്ട്‌. വീട്‌ വാസയോഗ്യമാക്കാനുള്ള കൂട്ടായ പ്രവർത്തനങ്ങൾ അത്തരം പ്രദേശങ്ങളിൽ ആരംഭിച്ചു.

അവശ്യ സർവീസുകളായ വൈദ്യുതി , കുടിവെള്ളം, ആരോഗ്യം , ടെലിഫോൺ , കെഎസ്‌ആർടിസി തുടങ്ങിയ മേഖലകളിലെല്ലാം രാപകൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്‌. ഈ മേഖലകളിലെ ജീവനക്കാർ മൂന്നുനാളായി പൊതുഅവധിയടക്കം ഉപേക്ഷിച്ചാണ്‌ ത്യാഗപൂർവം പ്രവർത്തിക്കുന്നത്‌. തൃശൂരിലെ കെഎസ്ഇബി എൻജിനിയർ ബൈജുവിന്റെ അപകടമരണം വൈദ്യുതിജീവനക്കാരുടെ യുദ്ധകാലപ്രവർത്തനത്തിന്‌ ഉദാഹരണമാണ്‌. എല്ലാ ജില്ലയിലും മന്ത്രിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്‌. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തിരുവനന്തപുരത്തെ കൺട്രോൾ റൂമിൽനിന്നാണ്‌ രക്ഷാപ്രവർത്തനങ്ങൾക്കുള്ള സന്നാഹങ്ങളും ക്രമീകരണങ്ങളും ഏകോപിപ്പിക്കുന്നത്‌. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഓരോ സൂക്ഷ്‌മാംശത്തിലും ഇടപെട്ട്‌ ഉദ്യോഗസ്ഥസംവിധാനത്തെ കർമനിരതമാക്കുന്നു.

റവന്യൂവകുപ്പ്‌ ഉദ്യോഗസ്ഥർ ദുരന്തബാധിത പ്രദേശങ്ങളിൽ മുഴുവൻ സമയവുമുണ്ട്‌. ഇവർ സൈന്യം, പൊലീസ്‌ , അഗ്നിരക്ഷാസേന, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനം ഫലപ്രദമായി കൂട്ടിയോജിപ്പിക്കുന്നു.

ക്യാമ്പുകളിൽ ഭക്ഷണവും വസ്‌ത്രവും മറ്റ്‌ അത്യാവശ്യസാധനങ്ങളും എത്തിക്കുന്നതിന്റെ ചുമതല ജില്ലാഭരണത്തിനാണ്‌. വിവിധ സംഘടനകളും സ്ഥാപനങ്ങളുമടക്കം പ്രധാന കേന്ദ്രങ്ങളിലെല്ലാം കലക്‌ഷൻ സെന്റർ തുറന്നിട്ടുണ്ട്‌. ഇതുവഴി സമാഹരിക്കുന്ന സാധനങ്ങൾ ജില്ലാകേന്ദ്രംവഴി വേണം ക്യാമ്പുകളിൽ വിതരണം ചെയ്യാനെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്‌. സർക്കാർ സംവിധാനത്തിലല്ലാതെ ക്യാമ്പുകൾ നടത്തുകയോ സാധനങ്ങൾ എത്തിക്കുകയോ ചെയ്യുന്നത്‌ വിലക്കിയിട്ടുണ്ട്‌. ക്യാമ്പുകളിൽ ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്‌. ഇത്രയൊക്കെ മുൻകരുതലുകൾ ഉണ്ടെങ്കിലും എല്ലായിടത്തും സൗകര്യങ്ങൾ തൃപ്‌തികരമാണെന്ന്‌ പറയാനാകില്ല. പോരായ്‌മകൾ യഥാസമയം പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കും ക്യാമ്പുകളിലേക്കുള്ള സാധന ശേഖരണത്തിനും എതിരെ നവമാധ്യമങ്ങളിൽ നടന്ന വിദ്വേഷ പ്രചാരണം തുടക്കത്തിൽ ചില്ലറ പ്രയാസങ്ങൾ സൃഷ്ടിച്ചെങ്കിലും ഇപ്പോൾ സ്ഥിതിമാറി. ദുരിതാശ്വാസ സാമഗ്രികളും മുഖ്യമന്ത്രിയുടെ നിധിയിലേക്ക്‌ ധനസഹായവും പ്രവഹിച്ചുതുടങ്ങി.

പ്രിയകഥാകാരൻ ടി പത്മനാഭനും എറണാകുളത്തെ നൗഷാദുമൊക്കെ ചൂണ്ടിയ വഴിയിൽ ഇനി ആശ്വാസ കേരളം കുതിച്ചുമുന്നേറും. സംഘപരിവാർ സംഘടനകളും ചില സാമൂഹ്യവിരുദ്ധരും സംഘടിതമായി നടത്തിയ കുപ്രചാരണങ്ങൾക്ക്‌ കുമിളയുടെ ആയുസ്സുപോലും ഉണ്ടായില്ല. വെള്ളത്തിൽമുങ്ങിയ കേരളത്തെ ആശ്വാസത്തിന്റെ മറുകരയിലേക്ക്‌ കരംപിടിച്ചുയർത്താൻ സർക്കാർ ഒപ്പമുണ്ടെന്ന വിശ്വാസം എല്ലാ സുമനസ്സുകളിലുമുണ്ട്‌. ഇത്തരം സന്ദർഭങ്ങളിൽ ഉയർന്നു പ്രവർത്തിക്കേണ്ട കേന്ദ്ര സർക്കാർ വിദ്വേഷ സമീപനമാണ്‌ തുടരുന്നത്‌. കഴിഞ്ഞവർഷം അർഹമായ സഹായം നൽകാതിരുന്ന കേന്ദ്രം ഇത്തവണ തുടക്കത്തിലേ മുഖംതിരിക്കുകയാണ്‌. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രളയബാധിത മേഖലകള്‍ മാത്രമാണ്‌ ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചത്‌. പ്രളയം തീവ്രമായി ബാധിച്ച കേരളത്തെ ബോധപൂര്‍‌വം  ഒഴിവാക്കുന്ന നടപടി തിരുത്താൻ കേന്ദ്രം തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top