09 December Saturday

മതരാഷ്‌ട്രത്തിന്‌ വഴിവെട്ടുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്‌റ്റ്‌, മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നു എന്ന് അടിവരയിട്ടുകൊണ്ടാണ്‌ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്‌. ഇന്ത്യ എന്ന രാഷ്‌ട്രം എല്ലാ വിശ്വാസങ്ങളെയും മാനിക്കുകയും മതനിരപേക്ഷമായി നിലനിൽക്കുകയും ചെയ്യുമെന്ന്‌ ഭരണഘടന പൗരൻമാർക്ക്‌ ഉറപ്പുനൽകുന്നു. രാമക്ഷേത്രം ദേശീയ വികാരമാണെന്ന്‌ പ്രഖ്യാപിച്ച്‌ അയോധ്യയിൽ ക്ഷേത്രത്തിന്‌ ശിലയിട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി തള്ളിപ്പറഞ്ഞത്‌ ഭരണഘടനയുടെ ഈ അടിസ്ഥാന പ്രമാണങ്ങളെയാണ്‌.  ഭരണഘടനയോട്‌ നിർവ്യാജമായ വിശ്വസ്‌തതയും കൂറും പുലർത്തുമെന്നും പക്ഷപാതമോ വിദ്വേഷമോ ഇല്ലാതെ പ്രവർത്തിക്കുമെന്നുമുള്ള സത്യപ്രതിജ്ഞ പരസ്യമായി ലംഘിച്ച്‌‌ ശിലയിടൽ കേന്ദ്ര സർക്കാർ ഔദ്യോഗിക പരിപാടിയാക്കി മാറ്റി‌. ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തിന്‌ ശിലയിടാൻ ഭരണകർത്താക്കൾതന്നെ കാർമികത്വം വഹിക്കുമ്പോൾ ഇന്ത്യ മതനിരപേക്ഷതയിൽനിന്ന്‌ മതരാഷ്‌ട്രത്തിലേക്കുള്ള പാതയിലാണെന്ന്‌ ആശങ്കപ്പെടാതെ തരമില്ല.

അഞ്ചു നൂറ്റാണ്ട്‌‌ നിലനിന്ന ബാബ്‌റി മസ്‌ജിദ്‌ എന്ന ആരാധനാലയം തകർത്തെറിഞ്ഞ സ്ഥലത്ത്‌ മറ്റൊരു മതവിഭാഗത്തിന്റ ആരാധനാലയത്തിന്‌ ശിലയിടുന്നതിനെ നൂറ്റാണ്ടുകളായി നടത്തിയ പോരാട്ടം സഫലമായ ദിനമെന്നാണ്‌ രാജ്യത്തിന്റെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്‌. ബാബ്‌റി മസ്‌ജിദ്‌ തകർത്തത്‌ നിയമവാഴ്‌ചയുടെ കടുത്ത ലംഘനമാണെന്നും കുറ്റക്കാരെ വിചാരണ ചെയ്യണമെന്നും പള്ളി പൊളിച്ച സ്ഥലം ക്ഷേത്രം പണിയാൻ വിട്ടുകൊടുക്കണമെന്നുമെല്ലാം പറഞ്ഞ സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ നടത്തിയ ശിലയിടലിൽ രാമക്ഷേത്ര പ്രസ്ഥാനത്തെ സ്വാതന്ത്ര്യസമരത്തോടാണ്‌ അദ്ദേഹം ഉപമിച്ചത്‌. രാമക്ഷേത്രത്തിനായി ഇന്ത്യക്കാർ നൂറ്റാണ്ടുകളായി  പോരാടുകയാണെന്നത്‌ ചരിത്രത്തിലെ പെരും കള്ളമാണ്‌. രാമക്ഷേത്രം സംഘപരിവാറിന്റെ രാഷ്‌ട്രീയ മുദ്രാവാക്യം മാത്രമാണ്‌. ആർഎസ്‌എസ്‌ സ്വപ്‌നം കണ്ട ദിവസമാണ്‌ ഇതെന്നും പുതിയ ഇന്ത്യയുടെ തുടക്കമാണെന്നുമുള്ള ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിന്റെ വാക്കുകളിൽ എല്ലാം വ്യക്തമാണ്‌.


 

സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും സ്‌നേഹസാഹോദര്യങ്ങളോടെ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ചരിത്രത്തെയാണ്‌ കേന്ദ്ര സർക്കാരും സംഘപരിവാറും നിരാകരിക്കുന്നത്‌. ശ്രീരാമന്റെ പേരിൽ വിശ്വാസികളുടെ മതവികാരം ചൂഷണംചെയ്‌ത്‌ രാഷ്‌ട്രീയാധികാരം ഉറപ്പിക്കുന്ന സംഘപരിവാർ പുരാണത്തിലെ രാമന്റെ സദ്‌ഗുണങ്ങളും മൂല്യങ്ങളും കൈയൊഴിയുന്നു. ത്യാഗത്തിന്റെയും നീതിബോധത്തിന്റെയും പ്രതീകമാണ്‌ വിശ്വാസികളുടെ രാമൻ. പിതാവ്‌ നൽകിയ വാക്കുപാലിക്കാൻ രാജ്യാധികാരം ത്യജിച്ച്‌ പതിനാല്‌  സംവൽസരം കാട്ടിൽ കഴിഞ്ഞ ശ്രീരാമനല്ല വെറുപ്പ്‌ വിതച്ച്‌ അധികാരം കൊയ്യുന്ന സംഘപരിവാറിന്റെ ശ്രീരാമൻ. ഹിന്ദുത്വ തീവ്രവാദിയുടെ വെടിയേറ്റ്‌ വീഴുമ്പോൾ ഗാന്ധിജി വിളിച്ച രാമനല്ല ഗോഡ്‌സെ ശിഷ്യരുടെ രാമൻ. ഗാന്ധിജിയുടെ രാമനിൽനിന്ന്‌ സംഘപരിവാറിന്റെ രാമനിലേക്കുള്ള ദൂരം സാഹോദര്യത്തിൽനിന്നും ചേർത്തുപിടിക്കലിൽനിന്നും അസഹിഷ്‌ണുതയിലേക്കും അതിക്രമത്തിലേക്കുമുള്ള  ദൂരമാണ്‌.

ഭരണഘടനയ്‌ക്കും മതനിരപേക്ഷതയ്‌ക്കും നേരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളിൽ കോൺഗ്രസ്‌ അടക്കമുള്ള പാർടികൾ മൗനം പാലിക്കുകയാണ്‌. എക്കാലത്തും മൃദുഹിന്ദുത്വം പയറ്റുന്ന കോൺഗ്രസിന്‌ രാമക്ഷേത്ര നിർമാണം ബിജെപി സ്വകാര്യ പരിപാടിയാക്കി മാറ്റുന്നതിലാണ്‌ ഉൽക്കണ്ഠ. മതനിരപേക്ഷതയെയും ജനാധിപത്യത്തെയും തകർക്കുമ്പോഴും ജനപ്രതിനിധികളെ വിലയ്‌ക്കുവാങ്ങി സർക്കാരുകളെ വീഴ്‌ത്തുമ്പോഴും  ബിജെപിക്കെതിരെ കോൺഗ്രസ്‌ മിണ്ടാൻ തയ്യാറല്ല.

ശിലയിടലിനെ പിന്തുണച്ച പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നിലപാടിനോട്‌ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം പ്രതികരണം വ്യക്തമാക്കേണ്ടതുണ്ട്‌. മുസ്ലിം ലീഗാകട്ടെ പ്രതികരിച്ചുവെന്ന്‌ വരുത്തി ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിലാണ്‌.

ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന അവർ നെഹ്‌റുവിന്റെ മതനിരപേക്ഷത കൈയൊഴിഞ്ഞുകഴിഞ്ഞു. സംഘർഷം  ഒഴിവാക്കാൻ നെഹ്‌റു അടച്ചുപൂട്ടിയ ബാബ്‌റി മസ്‌ജിദ്‌ ഹിന്ദു ആരാധനയ്‌ക്കും ശിലാന്യാസത്തിനും തുറന്നുകൊടുത്തത്‌  രാജീവ്‌ ഗാന്ധിയുടെ ഭരണത്തിലാണ്‌. 1992ൽ സംഘപരിവാർ പള്ളി തകർത്തപ്പോൾ  നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി. ഇങ്ങനെ സംഘപരിവാറുമായി ഒത്തുകളിച്ച കോൺഗ്രസിന്‌ അവർക്ക് എതിരുനിൽക്കുക പ്രയാസം. ശിലയിടലിനെ പിന്തുണച്ച പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നിലപാടിനോട്‌ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം പ്രതികരണം വ്യക്തമാക്കേണ്ടതുണ്ട്‌. മുസ്ലിം ലീഗാകട്ടെ പ്രതികരിച്ചുവെന്ന്‌ വരുത്തി ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിലാണ്‌.

പ്രശ്നത്തിന് നീതിപീഠത്തിലൂടെ പരിഹാരം കാണണമെന്ന  നിലപാടാണ് സിപിഐ എം പൊളിറ്റ് ബ്യൂറോ സ്വീകരിച്ചത്. വിമർശനങ്ങളുണ്ടെങ്കിലും സുപ്രീംകോടതി വിധിയിലൂടെ തർക്കം സമാധാനപരമായി അവസാനിക്കട്ടെയെന്നാണ് ഏവരും പ്രത്യാശിച്ചത്. സുപ്രീംകോടതി വിധിയനുസരിച്ച് രൂപീകരിച്ച ട്രസ്റ്റാണ് ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം വഹിക്കേണ്ടത്. എന്നാൽ ട്രസ്റ്റിനെ കാഴ്ചക്കാരാക്കിനിർത്തി പ്രധാനമന്ത്രിതന്നെ ശിലയിടലിന് കാർമ്മികത്വം വഹിക്കുന്നതാണ് കണ്ടത്.

അയോധ്യയിൽ സംഘപരിവാർ ശിലയിട്ടതും തുർക്കിയിലെ ഇസ്ലാമിക ഭരണകൂടം ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്ലിം പള്ളിയാക്കി മാറ്റിയതും മതവിശ്വാസത്തെ രാഷ്‌ട്രീയാധികാരത്തിന്‌ കുറുക്കുവഴിയാക്കുന്നതിന്റെ സമീപകാല അനുഭവങ്ങളാണ്‌. വെറുപ്പിന്റെ തത്വശാസ്‌ത്രം ഭരണം കൈയാളുമ്പോൾ മതനിരപേക്ഷതയും എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്‌കാരവും ഇന്ത്യക്ക്‌‌ കൈമോശം വരികയാണ്‌. ഭരണഘടനാ ശിൽപ്പികൾ വിഭാവനംചെയ്‌ത ഇന്ത്യ അകന്നുപോകുകയാണ്‌. മതനിരപേക്ഷ ശക്തികളുടെ യോജിച്ച പ്രവർത്തനം ശക്തിപ്പെടുത്തേണ്ടത്‌ അനിവാര്യമായിരിക്കുന്നു. വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയ 2019ലെ തെരഞ്ഞെടുപ്പിൽ മോഡിക്ക്‌ 37 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളതെന്ന്‌ ഓർക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top