02 October Monday

വളരട്ടെ കേരളം , ഇന്ത്യക്ക്‌ വഴികാട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

മാനവ സാഹോദര്യത്തിന്റെ മഹാശൃംഖല തീർത്ത്‌ കേരളം കേന്ദ്രഭരണത്തിന്റെ മതവെറിക്കെതിരെ മതിലുകെട്ടി. മതം പറഞ്ഞ്‌ മനുഷ്യരെ വേർതിരിക്കാൻ വരുന്നവർക്ക്‌ മലയാളമണ്ണിൽ സ്ഥാനമില്ലെന്ന കാഹളം ആസേതു ഹിമാചലം മുഴങ്ങി. മതാന്ധരല്ലാത്ത അസംഖ്യം മനുഷ്യർ തോളുചേർത്ത്‌ കോട്ടകെട്ടി; ഞങ്ങൾ ഇന്ത്യയുടെ മക്കളെന്ന് പ്രഖ്യാപിച്ചു. ഇത്രയേറെ ജനങ്ങൾ തെരുവിൽ അണിനിരന്ന്‌ ഭരണഘടന വായിച്ച അനുഭവം ലോകത്ത്‌ മുമ്പുണ്ടായിട്ടില്ല . 71–-ാം റിപ്പബ്ലിക്‌ ദിനത്തിൽ കേരളം ഇന്ത്യക്കുവേണ്ടി തീർത്ത മതനിരപേക്ഷ മനുഷ്യമതിലിന്റെ അതിരുകൾ രാജ്യത്തോളം വളരുമ്പോഴാണ്‌ ഈ പോരാട്ടം അർഥപൂർണമാകുക. 

കേരളം ഇന്ന്‌ ചിന്തിക്കുന്നത്‌ നാളെ ഇന്ത്യക്ക്‌ വഴികാട്ടുമെന്നത്‌ ചരിത്രപാഠമാണ്‌. ചാന്നാർ ലഹളമുതൽ പാലിയം സത്യഗ്രഹംവരെ, ഒട്ടേറെ സമരമുഖങ്ങളിൽ  മത– ജാതി–-ലിംഗ വിവേചനത്തിനും ഉച്ചനീചത്വത്തിനുമെതിരെ  വിട്ടുവീഴ്‌ചയില്ലാതെ പോരാടിയ നിരവധി ഉൽപ്പതിഷ്‌ണുക്കളാണ്‌ ആധുനിക കേരളം രൂപപ്പെടുത്തിയത്‌. സ്വാതന്ത്ര്യപ്രാപ്‌തിയും ഐക്യകേരളപ്പിറവിയും നവോത്ഥാന മുന്നേറ്റത്തിന്‌ ഇടവേളയായില്ല. എവിടെയെല്ലാം മനുഷ്യർ സമ്പത്തിന്റെയും ഭൂസ്വത്തിന്റെയും മതത്തിന്റെയും പേരിൽ ചൂഷണത്തിനും അന്യായത്തിനും ഇരയാക്കപ്പെടുന്നോ അവിടെയെല്ലാം ചെറുത്തുനിൽപ്പും ഉയർന്നിട്ടുണ്ടെന്നതാണ്‌ കേരളത്തിന്റെ പ്രത്യേകത. ഏറ്റവും ഒടുവിൽ മതാചാരങ്ങളിലെ സ്‌ത്രീവിവേചനത്തിനെതിരെ  കഴിഞ്ഞ വർഷം കേരളക്കരയിൽ ഉയർന്ന വനിതാമതിലും ചരിത്രത്തിൽ ഇടംനേടി.


 

കേരളത്തിന്റെ നവോത്ഥാന സമരപാരമ്പര്യത്തിന്റെ സമുജ്വലമായ തുടർച്ചയാണ്‌ ഞായറാഴ്‌ച കാസർകോടുമുതൽ കളിയിക്കാവിളവരെ 620 കിലോമീറ്ററിൽ  കണ്ണിചേർത്ത മനുഷ്യ മഹാശൃംഖല. മതം അടിസ്ഥാനമാക്കി പൗരത്വം നൽകുന്നതിന്‌ മോഡി സർക്കാർ പാർലമെന്റിൽ പാസാക്കിയ നിയമഭേദഗതിക്കെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭമാണ്‌ കേരളം ഇതിലൂടെ മുന്നോട്ടുവച്ചത്‌. മുസ്ലിങ്ങളെ ഒറ്റതിരിച്ച്‌ പൗരത്വം നിഷേധിക്കുന്ന നിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ തുടക്കത്തിൽത്തന്നെ  പ്രഖ്യാപിച്ച എൽഡിഎഫ്‌ സർക്കാർ വലിയ ആത്മവിശ്വാസമാണ്‌ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിൽ പകർന്നത്‌. നിയമസഭ വിളിച്ചുചേർത്ത്‌ കേന്ദ്ര നിയമത്തിനെതിരെ പ്രമേയം പാസാക്കുകയും  സുപ്രീംകോടതിയിൽ ഒറിജിനൽ സ്യൂട്ട്‌ നൽകുകയും ചെയ്‌തു.

പൗരത്വ ഭേദഗതി നിയമത്തിനുപിന്നാലെ ദേശീയ ജനസംഖ്യാ രജിസ്‌റ്ററും ദേശീയ പൗരത്വ രജിസ്‌റ്ററും രാജ്യത്താകമാനം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ കുതന്ത്രവും സമയോചിതമായി ഇടപെട്ട്‌ തടഞ്ഞത്‌ പിണറായി സർക്കാരാണ്‌. സെൻസസ്‌ ചോദ്യാവലിയിൽ മുൻതലമുറകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വിഭാഗത്തെ സംശയപ്പട്ടികയിൽപെടുത്തുകയായിരുന്നു ലക്ഷ്യം. സെൻസസുമായി സഹകരിക്കുമ്പോൾതന്നെ ജനസംഖ്യാ രജിസ്‌റ്ററും ദേശീയ പൗരത്വ രജിസ്‌റ്ററും കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ മന്ത്രിസഭായോഗം തീരുമാനിച്ചത്‌ ജനങ്ങളുടെ ആശങ്ക അകറ്റി.


 

തുടർച്ചയായുള്ള  ബഹുമുഖ പ്രവർത്തനങ്ങളുടെ സുപ്രധാന ഘട്ടമായിരുന്നു റിപ്പബ്ലിക് ദിനത്തിലെ മഹാശൃംഖല. 70 ലക്ഷം പേരെ അണിനിരത്താനാണ്‌ എൽഡിഎഫ്‌ തീരുമാനിച്ചത്‌. ദേശീയപാതയിൽ തെക്കുവടക്ക്‌ ജനങ്ങൾ കൈകോർത്ത്‌ നിൽക്കാനായിരുന്നു തീരുമാനം. എന്നാൽ, കേരളം സാക്ഷ്യംവഹിച്ചത്‌ അഭൂതപൂർവമായ ജനമുന്നേറ്റത്തിനാണ്. പലയിടങ്ങളിലും പ്രതീക്ഷിച്ചതിന്റെ പലമടങ്ങ്‌ എത്തി.

മനുഷ്യച്ചങ്ങല പലതുകണ്ട കേരളജനത അതിശയക്കണ്ണുകളോടെ നോക്കിനിന്ന ജനസഞ്ചയം. നിശ്ചയിച്ച ആളുകൾ എത്തുംമുമ്പ്‌ ചങ്ങല രൂപപ്പെട്ടിരുന്നു. പിന്നീടുവന്നവർ ചേർന്ന്‌ മനുഷ്യമതിലായി.  പ്രതിജ്ഞ ചൊല്ലിത്തുടങ്ങുമ്പോഴും ജനപ്രവാഹം തുടർന്നു. വാഹനങ്ങളിൽ ദീർഘയാത്ര ചെയ്യുന്നവർ ഇറങ്ങിവന്ന്‌ പാതയോരത്തെ ജനക്കൂട്ടത്തിൽ ചേരുന്നത്‌ പലയിടത്തും കാണാനായി. ഭിന്നശേഷിക്കാരും കൈകാലുകൾക്ക്‌ പരിക്കേറ്റവരും  ഉപകരണങ്ങളുടെ സഹായത്തോടെ എത്തി. കുട്ടികളുടെ പങ്കാളിത്തവും കൈക്കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരും ആവേശം പകരുന്ന കാഴ്‌ചയായി. 

ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട സ്‌ത്രീകളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്‌. മുസ്ലിം, ക്രിസ്‌ത്യൻ പുരോഹിതർ, മതപാഠശാലകളിലെ വിദ്യാർഥികൾ തുടങ്ങിയവർ എല്ലായിടത്തും ശൃംഖലയിൽ അണിനിരന്നു.  മുസ്ലിം പള്ളികളിൽ രാവിലെ ദേശീയ പതാക ഉയർത്തി ഭരണഘടനയുടെ ആമുഖം വായിച്ചത്‌ പലർക്കും ശൃംഖലയിൽ പങ്കെടുക്കാൻ പ്രചോദനമായി. ബിഷപ്പുമാർ ഉൾപ്പെടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തതും ജനങ്ങളെ ആഴത്തിൽ സ്‌പർശിച്ചു. മുതിർന്ന രാഷ്‌ട്രീയ നേതാക്കൾ, വിശ്രുത സാഹിത്യകാരൻമാർ, സിനിമാനടൻമാർ, ഇതര കലാകാരൻമാർ, വിദ്യാർഥികൾ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ളവരും  മതേതര പൗരത്വം എന്ന മുദ്രാവാക്യത്തിനുപിന്നിൽ കണ്ണിചേർന്നു. എൽഡിഎഫിന്റെ ആഹ്വാനം ജനങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയെന്ന്‌ ഒാരോ നാടും നഗരവും മഹാപ്രവാഹത്തിലൂടെ തെളിയിച്ചു. സംഘപരിവാർ ഒഴിച്ചുള്ള എല്ലാ രാഷ്‌ട്രീയ വിശ്വാസികളും മനസ്സുകൊണ്ടോ ശരീരംകൊണ്ടോ സമരത്തിനൊപ്പം നിന്നുവെന്നത്‌ പുതിയൊരു അനുഭവമായി. 


 

തുടക്കത്തിൽ യോജിച്ച പ്രക്ഷോഭത്തിന്‌ സന്നദ്ധമായ യുഡിഎഫ്‌ നേതൃത്വം പിന്നീട്‌ പിൻമാറിയെങ്കിലും അവരുടെ അണികൾ പലയിടങ്ങളിലും  എൽഡിഎഫ്‌ പ്രക്ഷോഭത്തിനൊപ്പം ചേർന്നു. ഗൾഫിലും ചില പാശ്ചാത്യ രാജ്യങ്ങളിലും മലയാളികളുടെ മുൻകൈയിൽ അനുഭാവ ശൃംഖലകൾ കോർത്തു. ചെന്നൈയിൽ സിഐടിയു അഖിലേന്ത്യാ സമ്മേളന പ്രതിനിധികൾ നഗരത്തിൽ ചങ്ങല തീർത്തു. വർഗീയ ചേരിതിരിവിനായി കേന്ദ്രം കൊണ്ടുവന്ന നിയമം പിൻവലിപ്പിക്കുന്നതുവരെ വിശ്രമമില്ലെന്ന വികാരമാണ്‌ ജനങ്ങൾ പങ്കുവയ്‌ക്കുന്നത്‌. മതാധിഷ്‌ഠിത പൗരത്വം എന്ന ബിജെപി അജൻഡ മഹാഭൂരിപക്ഷം ജനങ്ങളും തള്ളിക്കളയുന്നുവെന്ന സന്ദേശമാണ്‌ ഇതെല്ലാം നൽകുന്നത്‌. പക്ഷേ, കേരളം കാണിച്ച മാതൃക പിന്തുടരാൻ  കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങൾപോലും തയ്യാറായിട്ടില്ലെന്നത്‌ ഖേദകരമാണ്‌. കേരളം ഉയർത്തിയതുപോലെ ശക്തമായ പ്രതിഷേധജ്വാല  ഇന്ത്യയിലെമ്പാടും പടരാൻ മനുഷ്യ മഹാശൃംഖലയുടെ ഐതിഹാസിക വിജയം വഴിതെളിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top