09 June Friday

കലാപത്തിന്റെ ലക്ഷ്യം വംശഹത്യ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020


ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ ഭാവി അപകടത്തിലാണെന്ന്‌ ആവർത്തിച്ച്‌ ഓർമിപ്പിച്ചുകൊണ്ട്‌ വടക്കുകിഴക്കൻ ഡൽഹി വർഗീയ കലാപത്തിൽ അമർന്നിരിക്കുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ തുടരുന്ന പ്രതിഷേധത്തെ തകർക്കാൻ ലക്ഷ്യമിട്ട്‌ സംഘപരിവാർ തുടങ്ങിയ കലാപത്തിൽ ഇതിനകം പതിമൂന്ന്‌ പേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. നേരത്തെ യുപിയിൽ 21 പേരും കർണാടകത്തിൽ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. ഡൽഹിയിൽ കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ്‌ ഉദ്യോഗസ്ഥനും ഉൾപ്പെടും. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്‌. ഒരു മതവിഭാഗത്തിന്റെ മാത്രം കടകളും വീടുകളും വാഹനങ്ങളും തെരഞ്ഞുപിടിച്ച്‌ കത്തിക്കുകയും നശിപ്പിക്കുകയുമാണ്‌. പെട്രോൾ പമ്പുകളും അഗ്നിക്കിരയാക്കുന്നു. ജഫ്രബാദിൽ പള്ളി കത്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫാക്ടറികളും അടഞ്ഞുകിടക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളും മുസ്ലിങ്ങളും വടക്കുകിഴക്കൻ ഡൽഹിയിൽനിന്നു കൂട്ടത്തോടെ പലായനം ചെയ്യുകയാണ്‌. തോക്കുകളുമായി ‘ജയ്‌ ശ്രീറാം’ വിളിച്ചാണ്‌ കലാപകാരികൾ അഴിഞ്ഞാടുന്നത്‌. മാധ്യമപ്രവർത്തകർപോലും ആക്രമിക്കപ്പെട്ടു. രാജ്യതലസ്ഥാനത്ത്‌ നിയമവാഴ്‌ച പൂർണമായും തകരുകയാണ്‌. എന്നിട്ടും അമിത്‌ ഷായും ഡൽഹി പൊലീസും പറയുന്നത്‌ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ്‌. പട്ടാളത്തെ വിളിക്കേണ്ടതില്ലെന്നാണത്രെ തീരുമാനം. ഗുജറാത്ത്‌ മോഡലിലുള്ള കലാപമാണ്‌ ഡൽഹിയിലും ആവർത്തിക്കുന്നത്‌. രണ്ട്‌ ഗുജറാത്തുകാർ കേന്ദ്രഭരണത്തിന്റെ ചുക്കാൻപിടിക്കുന്ന വേളയിലാണ്‌ ഇത്‌.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കീഴിലുള്ള ഡൽഹി പൊലീസാകട്ടെ കലാപം അടിച്ചമർത്തുന്നതിനു പകരം കലാപകാരികളെ സഹായിക്കുന്ന സമീപനമാണ്‌ സ്വീകരിക്കുന്നത്‌. സിഎഎ വിരുദ്ധ പ്രക്ഷോഭകർക്കുനേരെ കല്ലെറിയാൻ കലാപകാരികളോട്‌ പൊലീസ്‌ ആവശ്യപ്പെടുന്നതായി റോയിട്ടർ റിപ്പോർട്ട്‌ ചെയ്‌തു. കലാപകാരികൾ കൊലയും കൊള്ളിവയ്‌പും നടത്തുമ്പോൾ അമിത്‌ ഷായുടെ പൊലീസ്‌ കാഴ്‌ചക്കാരായി നോക്കിനിൽക്കുകയായിരുന്നു. ജനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും തടയാൻ പൊലീസ്‌ തയ്യാറാകുന്നില്ലെന്ന പരാതി വ്യാപകമാണ്‌. ഉത്തർപ്രദേശിലെ കുപ്രസിദ്ധ പിഎസിയെപ്പോലെ ഡൽഹി പൊലീസും വർഗീയവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‌ ഇത്‌. ജാമിയ മിലിയ വിദ്യാർഥികളെ മർദിച്ചപ്പോഴും ജെഎൻയുവിലെ വിദ്യാർഥികളെ സംഘപരിവാർ ഗുണ്ടകൾ ആക്രമിച്ചപ്പോഴും കാഴ്‌ചക്കാരായതും ഡൽഹി പൊലീസിന്റെ കാവിയണിയൽ പ്രക്രിയയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. അമേരിക്കൻ പ്രസിഡന്റ്‌ ഇന്ത്യ സന്ദർശിക്കുന്ന വേളയിലാണ്‌ കലാപം ആരംഭിച്ചത്‌ എന്നത്‌ രാജ്യത്തിന്റെ പ്രതിച്ഛായാ നഷ്ടത്തിനു കാരണമായി. കലാപസ്ഥലത്തുനിന്ന്‌ 20 കിലോമീറ്റർ അകലെ അമേരിക്കൻ പ്രസിഡന്റും പ്രതിനിധിസംഘവും താമസിച്ചിരുന്ന ദിവസംതന്നെയാണ്‌ കലാപത്തിനു തുടക്കമായത്‌. എന്നിട്ടുപോലും കലാപം നിയന്ത്രിക്കാൻ ചെറുവിരലനക്കാൻ മോഡി–-അമിത്‌ ഷാ കൂട്ടുകെട്ട്‌ തയ്യാറായില്ല.

ഹരിയാനയിൽനിന്നും ഉത്തർപ്രദേശിൽനിന്നും വൻതോതിൽ ബജ്‌രംഗ്‌ദൾ പ്രവർത്തകർ ഡൽഹിയിൽ എത്തിയിട്ടുമുണ്ട്‌. കല്ലുകളും കോൺക്രീറ്റ്‌ അവശിഷ്ടങ്ങളും വൻതോതിൽ ശേഖരിച്ച്‌ കലാപസ്ഥലത്തേക്ക്‌ എത്തിക്കുന്ന വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌.

കലാപത്തിനു പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നുവെന്നതിന്‌ നിരവധി സൂചന ലഭ്യമാണ്‌. കലാപം അടിച്ചമർത്താൻ പൊലീസ്‌ തയ്യാറാകാത്തതു മാത്രമല്ല പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും തുടരുന്ന മൗനവും ഈ സംശയം ബലപ്പെടുത്തുന്നു. രാജ്യം മുഴുവൻ സിഎഎ വിരുദ്ധപ്രക്ഷോഭം ശക്തമാകുന്ന സാഹചര്യമാണ്‌ ഉള്ളത്‌. ആം ആദ്‌മി പാർടിയിൽനിന്നു കൂറുമാറി ബിജെപിയിൽ എത്തിയ കപിൽ മിശ്ര കഴിഞ്ഞദിവസം നടത്തിയ പ്രസ്‌താവന തന്നെ സംഘപരിവാർ ആസൂത്രണത്തിലേക്ക്‌ വിരൽചൂണ്ടുന്നതാണ്‌. മൂന്നു ദിവസത്തിനകം സിഎഎ വിരുദ്ധ പ്രക്ഷോഭകരെ നീക്കംചെയ്യാൻ പൊലീസ്‌ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പൊലീസ്‌ പറയുന്നതൊന്നും തങ്ങൾ കേൾക്കില്ലെന്നുമാണ്‌ കപിൽ മിശ്ര പറഞ്ഞത്‌. മാത്രമല്ല, അമേരിക്കൻ പ്രസിഡന്റ്‌ ട്രംപ്‌ ഇന്ത്യയിൽനിന്ന്‌ പോകുന്നതുവരെ കാത്തുനിൽക്കുകയാണെന്നും കപിൽ മിശ്ര പറയുകയുണ്ടായി. കലാപത്തിനുള്ള പരസ്യമായ ആഹ്വാനമായിരുന്നു അത്‌. ഡൽഹി നിയമസഭയിലേക്ക്‌ മൽസരിച്ചു തോറ്റ കപിൽ മിശ്ര സംസ്ഥാന ബിജെപിയിൽ കടുത്ത വിമർശനത്തിനു വിധേയമാകുന്ന വേളയിലാണ്‌ കലാപാഹ്വാനവുമായി രംഗത്തെത്തിയത്‌. മാത്രമല്ല, ഹരിയാനയിൽനിന്നും ഉത്തർപ്രദേശിൽനിന്നും വൻതോതിൽ ബജ്‌രംഗ്‌ദൾ പ്രവർത്തകർ ഡൽഹിയിൽ എത്തിയിട്ടുമുണ്ട്‌. കല്ലുകളും കോൺക്രീറ്റ്‌ അവശിഷ്ടങ്ങളും വൻതോതിൽ ശേഖരിച്ച്‌ കലാപസ്ഥലത്തേക്ക്‌ എത്തിക്കുന്ന വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. ഇത്‌ ശരിയാണെങ്കിൽ അതും ആസൂത്രണത്തിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.

കലാപം ഡൽഹിയിൽ ഒതുങ്ങിനിൽക്കുമെന്ന്‌ കരുതാനാകില്ല. അയൽ സംസ്ഥാനങ്ങളിലേക്കും കലാപം പടരാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. സിഎഎ വിരുദ്ധപ്രക്ഷോഭത്തെ തകർക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമായാണ്‌ വർഗീയകലാപത്തിനു തിരികൊളുത്തിയിട്ടുള്ളത്‌. സിഎഎ പാർലമെന്റ്‌ പാസാക്കിയിട്ട്‌ മൂന്നു മാസമായിട്ടും അതിനെതിരെയുള്ള ജനകീയപ്രതിഷേധം ശമനമില്ലാതെ തുടരുകയാണ്‌. ഇത്‌ അവസാനിപ്പിക്കാൻ രാജ്യത്തെ വർഗീയാഗ്നിയിലേക്ക്‌ തള്ളിയിടുകയാണ്‌. വർഗീയധ്രുവീകരണം ശക്തമാക്കി അധികാരം നിലനിർത്തുകയും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയുമാണ്‌ ലക്ഷ്യം. അതിനെതിരെ എല്ലാ ജനാധിപത്യ മതനിരപേക്ഷവിശ്വാസികളും അണിനിരക്കേണ്ട സമയമാണ്‌ ഇത്‌. വർഗീയ ശക്‌തികൾക്കെതിരെ മതനിരപേക്ഷതയിൽ ഊന്നി നിന്നുകൊണ്ടുള്ള യോജിച്ച പോരാട്ടമാണ്‌ രാജ്യം ഇന്ന്‌ ആവശ്യപ്പെടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top