29 March Friday

നെല്‍വര്‍ഷം പുതിയ കാര്‍ഷിക സംസ്കൃതിയുടെ നാന്ദി

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2016

അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാം ആശ്വാസത്തിന്റെ വര്‍ത്തമാനവുമായാണ് ചിങ്ങം പിറന്നത്. ഒഴിഞ്ഞുകിടക്കുന്ന നെല്ലറകള്‍ ഇനി പതുക്കെ നിറഞ്ഞുതുടങ്ങും. കേരളത്തില്‍ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്ന നെല്ലുല്‍പ്പാദനം തിരികെ പിടിക്കാനുള്ള സമഗ്ര കര്‍മപദ്ധതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട്ട് പ്രഖ്യാപിച്ചത്. കര്‍ഷകദിന പരിപാടികളുടെ നാന്ദികുറിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം കേരളത്തിന്റെ കാര്‍ഷികസംസ്കൃതിയില്‍ പുതിയൊരു വഴിത്തിരിവ് കുറിക്കുന്നതായി. ദിനാചരണങ്ങളുടെ പതിവുരീതികള്‍ വെടിഞ്ഞ് സുവ്യക്തമായ ഒരു വാര്‍ഷികപദ്ധതിക്ക് തുടക്കമിട്ടത് ഈ പുതുവര്‍ഷദിനത്തെ വ്യത്യസ്തമാക്കി. വര്‍ഷാചരണം നെല്ലിന്റെ പേരിലാണെങ്കിലും കാര്‍ഷികമേഖലയ്ക്കാകെ ഉണര്‍വ് പകരുന്ന ബഹുമുഖ പദ്ധതികള്‍ക്കാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് രൂപംനല്‍കിയത്. 

അരി മുഖ്യാഹാരമായ കേരളത്തില്‍ 1970 മുതലാണ് നെല്ലുല്‍പ്പാദനത്തില്‍ സാരമായ ഇടിവ് തുടങ്ങിയത്്. മറ്റ് സംസ്ഥാനങ്ങളില്‍ കൃഷി മെച്ചപ്പെട്ടപ്പോള്‍ ഇവിടെ പിന്നോക്കംപോയി. നാണ്യവിളകളുടെ ആകര്‍ഷകത്വത്തില്‍ നെല്‍ക്കൃഷി അനാദായകരമായി. പലരും വയലുകള്‍ നികത്തി തെങ്ങും കവുങ്ങും കുരുമുളകും കൊക്കോയുമൊക്കെ നട്ടു. നെല്‍ക്കൃഷിക്കാവശ്യമായ പിന്തുണയും സഹായവുമൊന്നും കിട്ടാതെയുമായി. ജലസേചനവും മറ്റ് അടിസ്ഥാന സൌകര്യങ്ങളുംകൂടി ലഭിക്കാതായപ്പോള്‍, അതുവരെ പിടിച്ചുനിന്നവര്‍പോലും നിലം തരിശിടാന്‍ തുടങ്ങി. കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി നെല്‍ക്കൃഷിയും ഉല്‍പ്പാദനവും വര്‍ഷംപ്രതി കുറഞ്ഞുവന്നു. കാര്‍ഷികത്തകര്‍ച്ച നെല്ലില്‍മാത്രം ഒതുങ്ങിനിന്നില്ല. അരിക്ക് ആന്ധ്രയെയും പച്ചക്കറിക്ക് തമിഴ്നാടിനെയും ആശ്രയിച്ചുപോന്ന മലയാളനാട് ഇന്നൊരു വഴിത്തിരിവിലാണ്. ഭക്ഷ്യവസ്തുക്കള്‍ കഴിയുന്നത്ര ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കുക എന്ന ബോധത്തിലേക്ക് പതുക്കെ മലയാളി ചുവടുവച്ചുതുടങ്ങിയിരിക്കുന്നു.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും മായവുമാണ് മാറിചിന്തിക്കാന്‍ മലയാളിയെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങള്‍. കേരളം നല്ല കമ്പോളമായതോടെ തോന്നിയ വിലയ്ക്ക് വിഷമയമായ ഭക്ഷ്യസാധനങ്ങള്‍ ഇവിടേക്ക് ഒഴുകി. ഈ ദുരവസ്ഥയ്ക്ക് അറുതിവരുത്താന്‍ ഇടതുപക്ഷസര്‍ക്കാരുകള്‍ വന്ന ഘട്ടങ്ങളിലെല്ലാം ശ്രദ്ധചെലുത്തി. നെല്‍വയല്‍ നികത്തല്‍ തടയാനും കൃഷി പ്രോത്സാഹിപ്പിക്കാനും മുന്‍ ഇടതുസര്‍ക്കാരുകള്‍ കൈക്കൊണ്ട നടപടികള്‍ ചരിത്രത്തിന്റെ ഭാഗമാണ്. പൊതുവിതരണം ശക്തിപ്പെടുത്തി അയല്‍സംസ്ഥാന ലോബികളുടെ ചൂഷണം തടയാനും ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍, കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് എല്ലാം കുത്തഴിഞ്ഞു. വിലക്കയറ്റവും വിഷംപുരട്ടിയ പച്ചക്കറികളുടെ വരുവുമൊക്കെ നിയന്ത്രിക്കാനാരുമില്ലാതായി. ആഘോഷവേളകളിലെ വിപണി ഇടപെടല്‍തന്നെ അപ്രത്യക്ഷമായി. ഇപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു. ഇക്കൊല്ലം ഓണക്കാല വിലനിയന്ത്രണത്തിന് 150 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ നീക്കിവച്ചത്. 1464 ഓണച്ചന്തയും 1350 പച്ചക്കറി ചന്തയും.  അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലയാളികള്‍ക്ക്കാണംവില്‍ക്കാതെ ഓണമുണ്ണാന്‍ അവസരമൊരുങ്ങുന്നു.

അയല്‍സംസ്ഥാനങ്ങളില്‍ കീടനാശനികളും രാസവളവും തോന്നുംപടി ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വിഷപ്പച്ചക്കറിയില്‍നിന്ന് നമുക്ക് മോചനംകിട്ടാന്‍ ഒറ്റ പോംവഴിയേയുള്ളൂ. വിഷം കലരാത്ത പച്ചക്കറി നാം ഇവിടെത്തന്നെ ഉണ്ടാക്കുക. വന്‍തോതിലുള്ള ഉല്‍പ്പാദനം കേരളത്തിന്റെ സാഹചര്യങ്ങളില്‍ പ്രായോഗികമല്ലാത്തതിനാല്‍ വികേന്ദ്രീകൃതമായ ജൈവകൃഷിയാണ് ഏറ്റവും അഭികാമ്യം. ഈ കാഴ്ചപ്പാട് ജനകീയാസൂത്രണത്തിന്റെ കാലഘട്ടം മുതല്‍തന്നെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതാണ്. സിപിഐ എം ഈ രംഗത്ത് ആവിഷ്കരിച്ച കര്‍മപദ്ധതികള്‍ കേരളത്തിന് മാതൃകയായി തീര്‍ന്നിരിക്കുന്നു. നാടെങ്ങും പ്രാദേശിക കൂട്ടുകൃഷി സംരംഭങ്ങള്‍ ആരംഭിച്ചു. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, പുരുഷ സ്വയംസഹായസംഘങ്ങള്‍ എന്നിവയെ സംരംഭത്തില്‍ പങ്കാളികളാക്കി. ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനും ന്യായവില ഉറപ്പാക്കുന്നതിനും പ്രദേശികമായിത്തന്നെ കേന്ദ്രങ്ങള്‍ സംഘടിപ്പിച്ചു. കഴിഞ്ഞ ഓണക്കാലത്ത് ആരംഭിച്ച ഈ ജനകീയ ഇടപെടല്‍ ഇക്കുറി കൂടുതല്‍ ഫലപ്രദമായി മുന്നേറുകയാണ്.

ജനപങ്കാളിത്തത്തിന്റെ ഈ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് കാര്‍ഷികരംഗത്തെ പ്രവര്‍ത്തനപദ്ധതികള്‍ എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ആവിഷ്കരിച്ചത്. 50,000 ഹെക്ടറില്‍ ജൈവപച്ചക്കറി ആരംഭിക്കാനുള്ള എല്‍ഡിഎഫ് രൂപരേഖ പ്രാവര്‍ത്തികമായാല്‍ പുറത്തുനിന്നുള്ള പച്ചക്കറിവരവ്  നിലയ്ക്കും. തറവില നിശ്ചയിച്ച് പച്ചക്കറി സംഭരിച്ച് വിപണനംചെയ്യാനുളള സംവിധാനങ്ങളും ആവശ്യമായിവരും. സംയോജിത ബഹുവിള പുരയിടകൃഷി, ചെറുകിട യന്ത്രവല്‍ക്കരണം,  മൂന്നുലക്ഷം ഹെക്ടറില്‍ നെല്‍ക്കൃഷി തുടങ്ങിയ പദ്ധതികളും എല്‍ഡിഎഫ് വിഭാവനംചെയ്തു. കാര്‍ഷികരംഗത്ത് പ്രകടമായി തുടങ്ങിയ പുതുചലനങ്ങള്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് ചുമതലയേറ്റതോടെ ഫലപ്രാപ്തിയില്‍ എത്തുകയാണ്.

യുഡിഎഫ് ഗവണ്‍മെന്റിന്റെ അവസാനവര്‍ഷമായ 2015–16ല്‍ കാര്‍ഷികമേഖലയ്ക്ക് വകയിരുത്തിയത് 403 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍, ചെലവഴിച്ചതാകട്ടെ 307 കോടിയും. പുതുക്കിയ ബജറ്റില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് കൃഷിക്ക് 600 കോടി നീക്കിവച്ചു. 217 കോടിയുടെ കേന്ദ്രാവിഷ്കൃതപദ്ധതികളും തദ്ദേശസ്ഥാപനങ്ങളുടെ വികസനഫണ്ടില്‍നിന്നുള്ള വകയിരുത്തലും ഇതിന് പറുമേയാണ്. ജനകീയ പച്ചക്കറി ഉല്‍പ്പാദനത്തിന്  വിവിധ തലങ്ങളിലുള്ള ക്ളസ്റ്ററുകള്‍. വിപണനസൌകര്യത്തിന് 25 കോടി ബജറ്റ് വിഹിതം. തദ്ദേശസ്ഥാപനങ്ങളുടേതടക്കം 200 കോടിയുടെ മുതല്‍മുടക്ക് പച്ചക്കറിക്ക് വേണ്ടിമാത്രം.

പരിസ്ഥിതിസന്തുലനത്തിലെ പങ്കുകൂടി കണക്കിലെടുത്ത് വയലുകള്‍ തരിശിടാതിരിക്കാനും കൃഷി പ്രോത്സാഹനത്തിനുമായി 50 കോടി വകയിരുത്തി. നെല്‍സംഭരണത്തിന് 385 കോടി രൂപ നീക്കിവച്ചതാണ് കര്‍ഷകര്‍ക്ക് ഏറ്റവും ആശ്വാസമാകുന്നത്. ഇങ്ങനെ കൃത്യമായ ആസൂത്രണവും തയ്യാറെടുപ്പും നടത്തിയശേഷമാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് പുതുവര്‍ഷസമ്മാനമായി നെല്‍വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. നഷ്ടമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കാരത്തെ വീണ്ടെടുക്കാനുള്ള സുപ്രധാന ചുവടുവയ്പാണിത്. ആ പ്രാധാന്യം ഉള്‍ക്കൊണ്ടുതന്നെ നെല്‍വര്‍ഷത്തെ നമുക്ക് ആഹ്ളാദപൂര്‍വം വരവേല്‍ക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top