25 April Thursday

മൃതദേഹങ്ങള്‍ തര്‍ക്കവസ്തു ആകരുത്

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020

കേരളത്തിലെ മലങ്കര സഭയിലെ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഏറെ വിശ്വാസ, നിയമ പ്രശ്നങ്ങൾ ഉൾപ്പെട്ട ഈ വിഷയത്തിൽ സുപ്രീംകോടതി 2017ൽ ഒരു തീർപ്പുണ്ടാക്കി. ഈ വിധി നടപ്പായിവരികയാണ്. ഇതിന്റെ ഭാഗമായി ഒട്ടേറെ ക്രമസമാധാനപ്രശ്നങ്ങൾ സർക്കാരിന് നേരിടേണ്ടിവരുന്നു. എങ്കിലും ഇക്കാര്യത്തിൽ സർക്കാർ അതിന്റെ ചുമതല നിറവേറ്റിവരുന്നു. ഈ തർക്കത്തിൽ പക്ഷം ചേരാനോ ആരെയെങ്കിലും പ്രീതിപ്പെടുത്താനോ സർക്കാർ ശ്രമിച്ചില്ല.

എന്നാൽ, ഈ പള്ളിത്തർക്കത്തിനൊപ്പം മറ്റൊരു വിഷയം ഉയർന്നുവന്നു. പള്ളിയുടെ അവകാശം കിട്ടിയ വിഭാഗത്തിൽപ്പെടാത്ത ഇടവകാംഗങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ അവരുടെ മൃതദേഹം പള്ളിയിൽ അടക്കാൻ കഴിയാത്ത അവസ്ഥ വന്നു. സംസ്‌കാരത്തിനായി കൊണ്ടുവരുന്ന മൃതദേഹം തടയുക, മൃതദേഹത്തിനൊപ്പം വരുന്നവരെ ആക്രമിക്കുക തുടങ്ങി പല സംഭവവുമുണ്ടായി. പൂർവികരെ അടക്കംചെയ്ത സെമിത്തേരിയിൽ മരിച്ചവരെ അടക്കുകയെന്നത് ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അത് തടസ്സപ്പെട്ടതോടെ പലയിടത്തും പ്രശ്നം രൂക്ഷമായി. ഒരു മാസംവരെ അടക്കാനാകാതെ മൃതദേഹം ബന്ധുക്കൾ സൂക്ഷിക്കുന്ന സ്ഥിതിവന്നു. ചിലയിടത്ത് വീട്ടുവളപ്പിൽ താൽക്കാലിക കല്ലറയിൽ അടക്കിയശേഷം ഒരുനാൾ പള്ളിയിൽ അടക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ ബന്ധുക്കൾ കാത്തിരിക്കുന്ന അവസ്ഥ വന്നു. 91 വയസ്സായി മരിച്ച ഒരമ്മയുടെ മൃതദേഹം ഇത്തരത്തിൽ 38 ദിവസം താൽക്കാലിക കല്ലറയിൽ കിടന്നു.

ദൗർഭാഗ്യകരവും മനുഷ്യത്വഹീനവുമായ ഈ നില കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലെന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത് നടത്തിയ ചർച്ചകളിൽ അനുരഞ്ജനമുണ്ടായില്ല. ഒടുവിൽ വിവിധ സഭകളുടെ അധ്യക്ഷന്മാരും ഈ പ്രശ്നത്തിൽ ഒത്തുതീർപ്പിനു ശ്രമിച്ചു. എന്നാൽ, ഒരുവിഭാഗം ഇതിനോടൊന്നും സഹകരിച്ചില്ല. തുടർന്നാണ്‌ ശക്തമായി ഇടപെടാൻ സർക്കാർ തീരുമാനിച്ചത്. 2020ലെ ആദ്യദിനത്തിൽ ചേർന്ന മന്ത്രിസഭാ യോഗംതന്നെ പ്രശ്ന പരിഹാരത്തിനായി ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചു. ഈ നിയമസഭാ സമ്മേളനത്തിൽ ഓർഡിനൻസിനു പകരമുള്ള ബിൽ നിയമമാക്കുകയും ചെയ്തു. സബ്ജക്ട്‌ കമ്മിറ്റി നിർദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തി സമഗ്രമാക്കിയാണ് ബിൽ പാസാക്കിയത്.

സെമിത്തേരികളിൽ മൃതദേഹം അടക്കം ചെയ്യുന്നത് തടയുകയോ തടയാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്ക് ഒരു വർഷംവരെ തടവും 10,000 രൂപ പിഴയും രണ്ടും കൂടിയോ ശിക്ഷ നൽകാനും വ്യവസ്ഥ ചേർത്തിരിക്കുന്നു

ഇടവകയിലെ ഏതംഗം മരിച്ചാലും കുടുംബാംഗങ്ങൾക്ക് ആ ഇടവകയുടെ പള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യാൻ ബില്ലിലെ വ്യവസ്ഥയനുസരിച്ച് അവകാശം ലഭിക്കുന്നു. മരിച്ച ഇടവകാംഗത്തിന്റെ ബന്ധുക്കൾക്ക് മരണാനന്തരചടങ്ങുകൾ ആ ഇടവക പള്ളി സെമിത്തേരിയിൽ വേണ്ടെന്നുവയ്‌ക്കാനും അവർക്കു താൽപ്പര്യമുള്ള പുരോഹിതനെ കൊണ്ട് അവർ തെരഞ്ഞെടുക്കുന്ന മറ്റു സ്ഥലങ്ങളിൽ ചടങ്ങുകൾ നടത്താനും അവകാശമുണ്ടാകുമെന്നും വ്യവസ്ഥയുണ്ട്. സെമിത്തേരികളിൽ മൃതദേഹം അടക്കം ചെയ്യുന്നത് തടയുകയോ തടയാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്ക് ഒരു വർഷംവരെ തടവും 10,000 രൂപ പിഴയും രണ്ടും കൂടിയോ ശിക്ഷ നൽകാനും വ്യവസ്ഥ ചേർത്തിരിക്കുന്നു.

ബിൽ ആദ്യം സഭയിലെത്തിയ ഘട്ടത്തിൽ സർക്കാർ ക്രൈസ്തവർക്കെതിരെ എന്തോ നീക്കം നടത്തുന്നുവെന്ന ആക്ഷേപം ഉന്നയിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളുടെ അടിസ്ഥാനത്തിലാണ് ബിൽ കൊണ്ടുവന്നതെന്ന് മന്ത്രി എ കെ ബാലൻ ചൂണ്ടിക്കാട്ടിയിട്ടും പ്രതിപക്ഷം ആരോപണം തുടരുകയായിരുന്നു. ബില്ലിലെ ചില അപാകതകൾ ഭരണകക്ഷി അംഗങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ചില വാക്കുകളും പ്രയോഗങ്ങളും മാറ്റേണ്ടതുണ്ടായിരുന്നു. മൊത്തത്തിൽ ക്രിസ്ത്യൻ സഭകൾക്ക് ആകെ ബാധകമാകുംവിധം ആകില്ലേ ബിൽ എന്ന സംശയവും ഉയർന്നു. എന്നാൽ, പ്രതിപക്ഷം നിരാകരണ പ്രമേയത്തിന് നോട്ടീസ് നൽകി ബില്ലിനെ ആകെ എതിർക്കുന്ന സമീപനമാണ് സ്വീകരിച്ചത്. സംശയങ്ങൾക്കൊക്കെ പരിഹാരം ഉണ്ടാക്കിക്കൊണ്ട് സബ്ജക്ട് കമ്മിറ്റി വേണ്ട മാറ്റങ്ങൾ വരുത്തിയാണ് കഴിഞ്ഞദിവസം ബിൽ  വീണ്ടും സഭയിൽ അവതരിപ്പിച്ചത്.

സബ്ജക്ട്‌ കമ്മിറ്റിയുടെ ചർച്ചയിൽ ബില്ലിന്റെ ശീർഷകത്തിൽ തന്നെ മാറ്റംവരുത്തി. ക്രിസ്ത്യാനികളുടെ എന്ന് പൊതുവിൽ പറഞ്ഞത് മാറ്റി ‘മലങ്കര, ഓർത്തഡോക്സ്, യാക്കോബായ വിഭാഗത്തിൽപ്പെട്ട’ എന്നീ  വാക്കുകൾ ചേർത്ത് ബിൽ പരിഷ്കരിച്ചു. അതുപോലെ ബില്ലിൽ വികാരിയെന്നു മാത്രം ഉപയോഗിച്ചാൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകുമെന്ന വാദം ഉയർന്നിരുന്നു. അതും വികാരിയെന്ന വാക്കിന്റെ  നിർവചനത്തിലൂടെ പരിഹരിച്ചിട്ടുണ്ട്. മൃതദേഹം അടക്കം ചെയ്യുന്ന ആചാരങ്ങൾ നിർവഹിക്കുന്ന ആരെയും വികാരിയായി  കരുതാമെന്നാണ് മാറ്റം. ബില്ലിനെ ഒടുവിൽ പ്രതിപക്ഷത്തിന് പിന്തുണയ്ക്കേണ്ടിവന്നു. അപ്പോഴും സബ്ജക്ട്‌ കമ്മിറ്റി തയ്യാറാക്കിയ അന്തിമ ബില്ലിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ഉപനേതാവ് എം കെ മുനീറിന്റെയും  വിയോജനക്കുറിപ്പ് ഇടംപിടിച്ചിട്ടുണ്ട്.

സഭാ തർക്കം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും പരിഗണനയിൽ ആയതിനാൽ ഇത്തരമൊരു ബില്ലിന് നിലനിൽപ്പുണ്ടാകില്ലെന്ന വാദം ചില കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ, ഓർഡിനൻസ് ഇറങ്ങിയ ഘട്ടത്തിൽ തന്നെ ഈ പ്രശ്നം സുപ്രീംകോടതിയിൽ ഉന്നയിക്കപ്പെട്ടിരുന്നു. ഓർഡിനൻസ് വിഷയത്തിൽ ഇടപെടില്ലെന്നും മൃതദേഹങ്ങളോട് ആദരം കാണിക്കണമെന്നുമാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ  ബെഞ്ച് അപ്പോൾ വ്യക്തമാക്കിയത്. ഇതേ നിലപാട് കേരള ഹൈക്കോടതിയും ചൊവ്വാഴ്ച സ്വീകരിച്ചിരുന്നു.

സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് ബിൽ എന്ന്‌ ഓർത്തഡോക്സ് വിഭാഗത്തിന്റെ ആശങ്കയ്‌ക്ക്‌ അടിസ്ഥാനമില്ലെന്ന്‌ ബില്ലിന്റെ ചർച്ചയിൽ മന്ത്രി എ കെ ബാലൻ പറഞ്ഞിട്ടുണ്ട്. സഭാ കേസിലെ വിധിയിൽ മെത്രാപ്പോലീത്ത പരമാധികാരിയാണെന്നും പുരോഹിതരെ വാഴിക്കാനുള്ള അവകാശം അദ്ദേഹത്തിനാണെന്നും പറയുന്നുണ്ട്‌. ഇതിലൊന്നും സർക്കാർ ഇടപെടുന്നില്ല. പക്ഷേ, മൃതദേഹം അടക്കം ചെയ്യുന്നത് തടയുക തുടങ്ങിയ അപരിഷ്കൃത നടപടികൾ സർക്കാരിന് കണ്ടിരിക്കാനാകില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഈ ബില്ലിനും സർക്കാർ സ്വീകരിച്ച സമീപനത്തിനും എല്ലാ സഭയിലും ഉൾപ്പെട്ടവരും അല്ലാത്തവരുമായ പൊതുസമൂഹത്തിന്റെയാകെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top