26 September Tuesday

ചൈനയോട് മുഖം തിരിക്കുന്നത് ഇന്ത്യയെ ഒറ്റപ്പെടുത്തും

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2017


'ഒരുമേഖല ഒരുപാത' (വണ്‍ ബെല്‍റ്റ് വണ്‍ റോഡ്- ഒബിഒആര്‍) എന്ന പേരില്‍ അറിയപ്പെടുന്ന ചൈനയുടെ വന്‍കിട പശ്ചാത്തല വികസനപദ്ധതി സംബന്ധിച്ച ഉച്ചകോടി ബീജിങ്ങില്‍ സമാപിച്ചു. അഞ്ചുവര്‍ഷത്തിനകം ഒരുലക്ഷം കോടിയോളം ഡോളറിന്റെ നിക്ഷേപമാണ് 'പട്ടുപാത' പദ്ധതി എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ചേര്‍ന്ന ഉച്ചകോടിയില്‍ 12,400 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രഖ്യാപിക്കുകയും ചെയ്തു. 130 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും വിയത്നാം പ്രസിഡന്റ് ട്രാന്‍ ദായ് ക്വാങ്ങും തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ദോഗനും മറ്റും പങ്കെടുത്തു. നേരത്തെ 68 രാഷ്ട്രങ്ങള്‍മാത്രമായിരുന്നു ഈ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായിരുന്നത്. ഭൂട്ടാന്‍ ഒഴിച്ചുള്ള ഇന്ത്യയുടെ എല്ലാ അയല്‍രാജ്യങ്ങളും ബീജിങ്ങിലെത്തി. ലോകത്ത് രണ്ടാമത്തെ സാമ്പത്തികശക്തിയായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ചൈനയ്ക്ക് ലഭിച്ച അംഗീകാരത്തിന്റെ സൂചികകൂടിയായിരുന്നു ഈ വര്‍ധിച്ച പങ്കാളിത്തം. 

എന്നാല്‍, ചൈനയുടെ അയല്‍രാജ്യമായ ഇന്ത്യമാത്രം ഈ ഉച്ചകോടി ബഹിഷ്കരിച്ചു. 'ഒരുമേഖല ഒരുപാത' പദ്ധതിയുടെ ഭാഗമായുള്ള ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ഗില്‍ഗമിത് ബാള്‍ട്ടിസ്ഥാനിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞായിരുന്നു ഈ ബഹിഷ്കരണം. പാകിസ്ഥാന്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍നിന്ന് കൈവശപ്പെടുത്തിയ പ്രദേശമാണ് ഗില്‍ഗിത് എന്നും അതിനാല്‍ ഉച്ചകോടയില്‍ പങ്കെടുക്കുന്നത് രാജ്യത്തിന്റെ പരമാധികാരം അടിയറവയ്ക്കലായി വിലയിരുത്തപ്പെടുമെന്നുമാണ് ഇന്ത്യയുടെ വാദഗതി. ചൈനയുടേത് നവ കൊളോണിയലിസമാണെന്നും അതില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങള്‍ കടക്കെണിയിലേക്ക് വീഴുമെന്നുമാണ് മറ്റൊരു വാദഗതി.  ചൈനയുടെ ലക്ഷ്യം സുതാര്യമല്ലെന്നും വിദേശമന്ത്രാലയം ന്യൂഡല്‍ഹിയില്‍ ഇറക്കിയ പ്രസ്താവന കുറ്റപ്പെടുത്തുന്നു. എന്നാല്‍, ചൈനയുടെ ഈ പദ്ധതിയില്‍നിന്ന് ഇന്ത്യ വിട്ടുനില്‍ക്കാനുള്ള യഥാര്‍ഥ കാരണം ചൈനയെ വളഞ്ഞിടുകയെന്ന അമേരിക്കന്‍ നയതന്ത്രത്തിന്റെ ഭാഗമായി ഇന്ത്യ നിലകൊള്ളുന്നുവെന്നതാണ്. ഏഷ്യന്‍ശക്തികളായ ഇന്ത്യ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍, ഓസ്ട്രേലിയ എന്നിവയുമായി ചേര്‍ന്നുള്ളതാണ് അമേരിക്കയുടെ ചൈനാവിരുദ്ധ 'ഏഷ്യന്‍ അച്ചുതണ്ട്'. ഈ അച്ചുതണ്ടിന്റെ നേതൃസ്ഥാനത്തുള്ള അമേരിക്കപോലും ഉച്ചകോടിയിലേക്ക് പ്രതിനിധിയെ അയച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനും ഏഷ്യന്‍കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറിയുമായ മാറ്റ് പോടിങ്സാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. അമേരിക്കയെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ മുന്നിട്ടിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.  ചൈനയില്‍നിന്ന് യൂറോപ്പിലേക്ക് സാധനങ്ങള്‍ കടത്തിയിരുന്ന പട്ടുപാതകള്‍- കരയിലൂടെയും കടലിലൂടെയുമുള്ളവ- വീണ്ടെടുക്കുകയാണ് ചൈനയുടെ ലക്ഷ്യം. മാത്രമല്ല, റോഡ്, റെയില്‍, പാചകവാതക കുഴലുകള്‍, വൈദ്യുതി ഉല്‍പ്പാദനം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളിലാണ് വന്‍ നിക്ഷേപം നടക്കാന്‍ പോകുന്നത്. കരയിലൂടെയും കടലിലൂടെയുമായി അഞ്ച് പാത തീര്‍ക്കുകയാണ് ലക്ഷ്യം. ഇവ യൂറോപ്പിനെയും ആഫ്രിക്കയെയും മധ്യേഷ്യയുമായും ഏഷ്യയുമായി ബന്ധിപ്പിക്കും. ചൈനയുടേത് ഒരു ഭൌമരാഷ്ട്രീയ പദ്ധതിയാണ് എന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍, ഇതില്‍ സാമ്പത്തിക ഉള്ളടക്കവുമുണ്ട്. ഉപഭോക്തൃ സാധനങ്ങളുടെ പകുതിയും ഉല്‍പ്പാദിപ്പിക്കുന്ന ചൈനയ്ക്ക് ഇത് വന്‍ കമ്പോളം പ്രദാനം ചെയ്യും.

ഇന്ത്യയെപ്പോലെ ചൈനയുടെ നീക്കങ്ങളില്‍ റഷ്യക്കും ചില സംശയങ്ങളൊക്കെയുണ്ട്. ഇതില്‍ പല പ്രധാന പാതകളും റഷ്യയുടെ സ്വാധീനപ്രദേശമായ മധ്യേഷ്യയില്‍ക്കൂടിയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ റഷ്യയുടെ ഉല്‍ക്കണ്ഠ സ്വാഭാവികമാണ്. എന്നിട്ടും റഷ്യന്‍ പ്രസിഡന്റ് ഒബിഒആര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. കാരണം, ഈ പദ്ധതിയുടെ ഭാഗമായി ഈ മേഖലയില്‍ ഉണ്ടാകാവുന്ന വന്‍ നിക്ഷേപവും അത് റഷ്യന്‍ കമ്പനികള്‍ക്കും മറ്റും നല്‍കുന്ന അവസരവും പാഴാക്കിക്കളയാന്‍ റഷ്യ തയ്യാറല്ലെന്ന സന്ദേശമാണ് പുടിന്റെ സാന്നിധ്യം തെളിയിക്കുന്നത്.  ചൈനയുടെ പ്രവര്‍ത്തനം കൂടുതല്‍ തുറന്നതും സുതാര്യവുമാക്കണമെന്നു പറഞ്ഞ പുടിന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചും ദേശീയ വികസനമാതൃകകള്‍ ഉള്‍ക്കൊണ്ടുമായിരിക്കണം ചൈന പ്രവര്‍ത്തിക്കേണ്ടതെന്നും ബീജിങ്ങില്‍ പറഞ്ഞു. പ്രധാനമന്ത്രി മോഡിക്കും ബീജിങ്ങില്‍ ഷി ജിന്‍പിങ്ങിനെ സാക്ഷിനിര്‍ത്തി ഇന്ത്യയുടെയുടെ ഉല്‍ക്കണ്ഠകള്‍ ലോകത്തോട് പറയാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍, ഉച്ചകോടി ബഹിഷ്കരിച്ചതുവഴി ആ സാധ്യത ഇല്ലാതാക്കി. അതോടൊപ്പം ഒബിഒആര്‍ മുന്നോട്ടുവയ്ക്കുന്ന വന്‍ വികസനസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്ക് കഴിയുകയുമില്ല.  ഈ മേഖലയില്‍നിന്ന് പൂര്‍ണമായും ഒറ്റപ്പെടാനും ഇത് വഴിവയ്ക്കും.

ഇന്ത്യയുടെ നയതന്ത്രതാല്‍പ്പര്യങ്ങള്‍ക്കും സാമ്പത്തികതാല്‍പ്പര്യങ്ങള്‍ക്കും ഒട്ടും യോജിച്ച നടപടിയല്ല ഇത്. ചൈനയുടെ നേതൃത്വത്തിലുള്ള ഷാങ്ഹായി സഹകരണത്തില്‍ ഈ വര്‍ഷംമുതല്‍ പൂര്‍ണ അംഗമാവുകയാണ് ഇന്ത്യ. ചൈനയുമായി ചേര്‍ന്നുള്ള ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിലും ഇന്ത്യ അംഗമാണ്. സ്വാഭാവികമായും ഒബിഒആറിനു കീഴിലുള്ള പല പദ്ധതികളെയും പിന്തുണയ്ക്കാന്‍ ഇന്ത്യ അംഗമായ ഈ സംഘടനകളോട് ആവശ്യപ്പെടും. ആ ഘട്ടത്തില്‍ എന്ത് നിലപാടാണ് ഇന്ത്യ സ്വീകരിക്കുക? നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്നപക്ഷം ഈ സംഘങ്ങളില്‍നിന്ന് ഇന്ത്യ കൂടുതല്‍ ഒറ്റപ്പെടും. ഇതും ഇന്ത്യന്‍താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top