19 April Friday

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകുക

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019



മഴ അൽപ്പം കുറഞ്ഞതോടെ സംസ്ഥാനത്തെ പല ജില്ലകളെയും ഗ്രസിച്ച പ്രളയജലം ഇറങ്ങിത്തുടങ്ങി. ജനങ്ങൾക്ക് ആശ്വാസമേകി വീടുകളിലും കടകളിലും കയറിയ വെള്ളം ഒഴിഞ്ഞുപോകാനാരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന്‌ പല കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഗതാഗത സംവിധാനങ്ങളിലും പുരോഗതി ദൃശ്യമാണ്. നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു പ്രവർത്തനം തുടങ്ങി. കുട്ടനാട് പ്രദേശം ഒഴിച്ചുനിർത്തിയാൽ മറ്റിടങ്ങളിൽ റോഡ്‌ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിയിട്ടുണ്ട്. തീവണ്ടി സർവീസും ഭാഗീകമായി പുനഃസ്ഥാപിച്ചു കഴിഞ്ഞു. മഴ മാറിയതോടെ രക്ഷാപ്രവർത്തനത്തിന് വേഗം ലഭിച്ചിട്ടുണ്ട്.

കവളപ്പാറയിലടക്കം സൈനികരെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി. എങ്കിലും ജാഗ്രത കൈവെടിയാനായിട്ടില്ല. കാലാവസ്ഥാ വിഭാഗവും സർക്കാരും നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. അതോടൊപ്പം വീടുകളിലേക്ക് മടങ്ങുന്നവർ വീടും പരിസരവും പരിശോധിച്ചശേഷംമാത്രമേ അകത്ത് പ്രവേശിക്കാവൂ. 

കഴിഞ്ഞ വർഷത്തെപോലെതന്നെ ഇക്കുറിയും വലിയ ദുരന്തമാണ് കേരളത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്. പ്രളയത്തേക്കാൾ ഉരുൾപൊട്ടലാണ് ഇക്കുറി ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. എട്ട് ജില്ലയിലായി ചെറുതും വലുതുമായ 80 ഉരുൾപൊട്ടലാണ് റിപ്പോർട്ട് ചെയ്‌തത്‌. മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ മേപ്പാടിയിലുമാണ് ഏറ്റവും വലിയ ഉരുൾപൊട്ടലുകൾ ഉണ്ടായത്. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽപോലും ഉരുൾപൊട്ടലുണ്ടായതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. 1500 ലധികം ദുരിതാശ്വാസ ക്യാമ്പിലായി രണ്ട് ലക്ഷത്തിലധികം പേർ ഇപ്പോഴും കഴിയുന്നുണ്ട്. അവർക്കാശ്യമായ വസ്‌ത്രങ്ങളും ഭക്ഷ്യവസ്‌തുക്കളും ലഭ്യമാക്കി വരികയാണ്.

കഴിഞ്ഞ വർഷമെന്നതുപോലെ ഇക്കുറിയും രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും വലിയ ജനപങ്കാളിത്തമാണ്‌ ദൃശ്യമായത്. സർക്കാർ സംവിധാനങ്ങൾമാത്രമല്ല, സന്നദ്ധ സംഘടനകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ വിവിധ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായിനിന്നാണ് ദുരന്തത്തെ നേരിടുന്നത്‌. ഐക്യത്തോടെയുള്ള ഈ അതിജീവനം കേരളം ലോകത്തിന് കാട്ടിക്കൊടുക്കുന്ന മറ്റൊരു മാതൃകയാണ്‌.

ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിലെത്തുക ശീലമാക്കിയ പല ശക്തികൾക്കും അതിജീവനത്തിൽ കേരള ജനത കാണിക്കുന്ന ഈ മഹത്തായ ഐക്യം ഉൾക്കൊള്ളാനാകുന്നില്ല. അതുകൊണ്ടുതന്നെ ദുരിതാശ്വാസ പ്രവർത്തനത്തെ തുരങ്കംവയ്‌ക്കുന്ന പ്രചാരണങ്ങളുമായി ചിലർ പ്രത്യേകിച്ചും സംഘപരിവാർ ശക്തികൾ ഇറങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്നാണ് ഇവരുടെ പ്രചാരണം. സാമൂഹ്യമാധ്യമങ്ങളിൽ മാത്രമല്ല, പ്രവാസി സമൂഹത്തിനിടയിലും വ്യാപകമായ പ്രചാരണമാണ് ഇവർ നടത്തുന്നത്. നീറുന്ന കണ്ണീരുമായി കേരളം സഹായത്തിന് കേഴുമ്പോൾ അത് നൽകരുതെന്ന് പറയുന്നവർ മനുഷ്യത്വം കൈമോശം വന്നവരാണെന്നതിൽ തർക്കമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടതുപോലെ നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യം തന്നെയാണ് ഈ പ്രചാരണം. ഇത്തരക്കാരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും വേണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്നാൽ ഒരു ഔദ്യോഗിക സംവിധാനമാണ്. പ്രധാനമന്ത്രിയുടെപേരിലും രാജ്യത്തെ 28 സംസ്ഥാന മുഖ്യമന്ത്രിമാരുടെ പേരിലും ഇത്തരമൊരു ദുരിതാശ്വാസ നിധിയുണ്ട്. അതിൽനിന്ന്‌ പണം ചെലവഴിക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാത്രമായിരിക്കും. ബജറ്റിൽ ദുരിതാശ്വാസത്തിന് വകയിരുത്തുന്ന പണം മാത്രമാണ് മറ്റാവശ്യങ്ങൾക്ക് ചെലവഴിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമായും ചെക്കായും ഇലക്‌ട്രോണിക്‌ ട്രാൻസ്‌ഫറായും നൽകുന്ന പണം പൂർണമായും ദുരിതാശ്വാസത്തിന് മാത്രമേ ചെലവഴിക്കാൻ കഴിയു എന്ന് മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും ഇതിനകം വിശദീകരിച്ചിട്ടുമുണ്ട്. കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ (സിഎജി) പരിശോധനയ്‌ക്ക് വിധേയമാകുന്ന നിധിയുമാണിത്. എന്നിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നത് മനുഷ്യത്വരഹിതമായ കുറ്റകൃത്യം തന്നെയാണ്. പാവങ്ങളിൽ പാവങ്ങളായ ദുരിതബാധിതർക്ക് ലഭിക്കുന്ന കൈത്താങ്ങാണ് ഇവർ വെട്ടിമാറ്റുന്നത്. ഇതനുവദിച്ചുകൂടാ.

പതിമൂന്ന് സംസ്ഥാനങ്ങളിലായി എഴുനൂറ്റമ്പതോളം പേർ ഇതിനകം പ്രളയദുരന്തത്തിൽ മരിച്ചിട്ടുണ്ട്. മറ്റേതൊരു സംസ്ഥാനത്തേക്കാളും മെച്ചപ്പെട്ട രക്ഷാ–-ദുരിതാശ്വാസ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്. വടക്കൻ കർണാടകത്തിൽ പ്രളയദുരിതത്തിലകപ്പെട്ട ജനങ്ങൾ മുഖ്യമന്ത്രി യെദ്യൂരപ്പയെ കാണാൻ ചെന്നപ്പോൾ ലാത്തിവീശി അവരെ ഓടിക്കുന്ന കാഴ്‌ചയാണ്‌ നാം കൊന്നൂരുവിൽ കണ്ടത്. ഇരുനൂറോളം പേർ മരിച്ച മഹാരാഷ്ട്രയിലാകട്ടെ രണ്ടുദിവസം വെള്ളത്തിൽ കിടന്നവർക്കുമാത്രമേ, സഹായധനം നൽകൂ എന്നും അത് ബാങ്ക് അക്കൗണ്ട് വഴി മാത്രമേ നൽകൂ എന്നുമുള്ള ഉത്തരവ് ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ഫഡ്‌നാവിസ്‌ സർക്കാരിന് മാറ്റേണ്ടിവന്നു. ഇത്തരം അസ്വാരസ്യങ്ങളൊന്നുമില്ലാതെ ജനങ്ങളുടെ വർധിച്ച പങ്കാളിത്തത്തോടെയാണ് കേരളത്തിൽ രക്ഷാ–-ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നത്. അത് തടസ്സപ്പെടുത്താൻ ഒരു ശക്തിയെയും അനുവദിച്ചുകൂടാ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top