28 May Sunday

താഴ്‌വരയിൽനിന്ന്‌ വാർത്തകളില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019


ഭരണഘടന ഉറപ്പുനൽകിയ പ്രത്യേകാവകാശങ്ങൾ എടുത്തുകളഞ്ഞ് സംസ്ഥാനത്തെ രണ്ടായി വിഭജിച്ചശേഷം ജമ്മു കശ്‌മീരിൽനിന്ന് വാർത്തകളൊന്നുമില്ല. ഈ ദിനങ്ങളിൽ കശ്‌മീരിൽ എന്താണ് സംഭവിക്കുന്നതെന്നതിന്റെ സൂചനപോലും മാധ്യമങ്ങളിൽ കാണുന്നില്ല. മാധ്യമങ്ങളെ ഇരുട്ടിൽനിർത്തിയുള്ള നടപടികളാണ് അവിടെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് വ്യക്തം. കശ്‌മീരിൽ കേന്ദ്രം കൈക്കൈാള്ളുന്ന നടപടികൾ അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ട്. അല്ലാത്തപക്ഷം അത് ജനാധിപത്യാവകാശങ്ങളുടെ നിഷേധംതന്നെയാണ്.

കലാപഭൂമിയിലും യുദ്ധരംഗത്തും മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കുന്നതും അവർക്ക് സുരക്ഷയേകുന്നതുമാണ് ഇന്ന് ലോകമാകെയുള്ള കീഴ്‌വഴക്കം. കുവൈത്തിലും സിറിയയിലുമെല്ലാം യുദ്ധരംഗത്ത് സൈനികർക്കൊപ്പം സഞ്ചരിച്ച മാധ്യമപ്രവർത്തകർ ധാരാളമുണ്ട്. കാർഗിൽ യുദ്ധകാലത്ത് സൈന്യത്തിന്റെ വാഹനങ്ങളിൽത്തന്നെയാണ് മാധ്യമപ്രവർത്തകർ ക്യാമറയുമായി യുദ്ധമുന്നണിയോളം കടന്നുചെന്നത്. അത്തരം യുദ്ധസാഹചര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും കശ്‌മീരിൽനിന്ന് രാജ്യത്തിന് വാർത്തകൾ നിഷേധിക്കുന്നത് എന്തിനാണെന്ന് മോഡി സർക്കാർ ജനങ്ങളോട് പറയണം. രാജ്യത്തെ ജനങ്ങളിൽനിന്ന് മറച്ചുവയ്‌ക്കേണ്ട എന്ത് കാര്യമാണ് കേന്ദ്രസർക്കാരും സൈന്യവും കശ്‌മീരിൽ ചെയ്യുന്നത്.

സംഘപരിവാറിന്റെ കപടദേശീയതയെ രാജ്യസ്‌നേഹമായി ചിത്രീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മുന്നിൽനിൽക്കുന്നവയാണ് ഇന്ത്യയിലെ കോർപറേറ്റ് മാധ്യമങ്ങൾ. കശ്‌മീരിൽ കപട രാജ്യസ്‌നേഹത്തിന്റെ വീരഗാഥകൾ രചിക്കാൻപോലും അവയെ എന്തേ മോഡി സർക്കാർ അനുവദിക്കുന്നില്ല. സ്വന്തം മാധ്യമകിങ്കരന്മാരിൽനിന്നുവരെ മറച്ചുവയ്‌ക്കേണ്ട എന്തൊക്കെയോ കശ്‌മീരിൽ നടക്കുന്നുണ്ടെന്നുതന്നെയാണ് ഈ വാർത്താനിരോധനം വ്യക്തമാക്കുന്നത്.
ഒരു നാടിന്റെ ജനാധിപത്യാവകാശങ്ങളുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും സൂചകങ്ങളാണ് മാധ്യമങ്ങൾ. അതുകൊണ്ടുകൂടിയാണ് ജനാധിപത്യത്തിന്റെ നാലാംതൂണെന്ന് അവയെ വിശേഷിപ്പിക്കുന്നത്. ദേശീയപ്രസ്ഥാനങ്ങളുടെ കാലംമുതൽ ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ പത്രമാധ്യമങ്ങൾ വലിയ പങ്കാണ് വഹിച്ചത്. അനുകൂലിക്കുന്നതിനേക്കാൾ വിമർശിച്ചുകൊണ്ടാണ് മാധ്യമങ്ങൾ ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും പുഷ്ടിപ്പെടുത്തുക.

എതിർപ്പിന്റെയും വിമർശനത്തിന്റെയും നേരിയ സ്വരംപോലും കേൾക്കാൻ ഇഷ്ടമില്ലാത്ത സംഘപരിവാർ മാധ്യമങ്ങളെയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. യഥാർഥ വസ്‌തുതകൾ മറച്ചുവയ്‌ക്കുകയും സ്വന്തം വ്യാജവാർത്താ നിർമാണശാലകളിൽ തയ്യാറാക്കുന്ന കള്ളങ്ങളിലൂടെ ജനങ്ങളെ മസ്‌തിഷ്‌കപ്രക്ഷാളനത്തിന് വിധേയമാക്കുകയുമാണ് അവർ. കശ്‌മീരിലെ അതിരുവിട്ടതും വീണ്ടുവിചാരമില്ലാത്തതുമായ നടപടികൾ രാജ്യസ്‌നേഹത്തിന്റെ മറ്റൊരു മഹാസംഭവമായി ചിത്രീകരിക്കാമെന്നാണ് മോഡിയും അമിത്‌ ‌ഷായും കൂട്ടരും സ്വപ്‌നം കാണുന്നത്. അതുവഴി ജനങ്ങളെ ഭിന്നിപ്പിക്കുകയും ജീവൽപ്രശ്നങ്ങൾ ചർച്ചയല്ലാതാക്കുകയുംവേണം. കശ്‌മീരിലെ യഥാർഥ ചിത്രം പുറത്തുവരുന്നത് സ്വന്തം കുതന്ത്രങ്ങൾ നടപ്പാക്കുന്നതിന് തടസ്സമാകുമെന്ന് കേന്ദ്രസർക്കാർ ഭയപ്പെടുന്നുണ്ടാകും.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് വിശേഷിക്കപ്പെടുന്ന ഇന്ത്യ ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിൽനിന്നുതന്നെ വഴിമാറി സഞ്ചരിക്കുന്നതിന്റെ സൂചനകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ മറപിടിച്ച് രാജ്യത്ത് ഏകാധിപത്യവും ഫാസിസവും ഒളിച്ചുകടത്തുകയാണ്. ആശയ വിനിമയത്തിലൂടെയും ചർച്ചകളിലൂടെയും അഭിപ്രായ സമന്വയത്തിലെത്തുകയെന്ന പാർലമെന്ററി കീഴ്‌വഴക്കങ്ങളും സംഘപരിവാർ ശക്തികൾ വലിച്ചെറിഞ്ഞുകഴിഞ്ഞു.

മാധ്യമങ്ങളുടെ നാവടച്ച് സ്വന്തം വീഴ്‌ചകൾ മറച്ചുവയ്‌ക്കാമെന്ന മൗഢ്യത്തിലാണ് ഹിന്ദുത്വശക്തികൾ. നോട്ടുനിരോധനമെന്ന ചരിത്രപരമായ വിഡ്ഢിത്തത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തികരംഗം തരിപ്പണമാക്കിയ മോഡിയും കൂട്ടരും രണ്ടാംവരവിൽ മഹാദുരന്തങ്ങൾ കെട്ടഴിച്ചുവിടുകയാണ്. നോട്ടുനിരോധനം രാജ്യത്തിന്റെ വളർച്ച മുരടിപ്പിച്ചെങ്കിൽ ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തിന്റെ കടയ്‌ക്കൽ കത്തിവയ്‌ക്കുകയാണ് കശ്‌മീരിലെ നടപടികൾ.

കശ്‌മീർ ഉപയോഗിച്ച് സൃഷ്ടിക്കുന്ന പുതിയ ദേശസ്‌നേഹ ഉന്മാദത്തിന്റെ മറവിൽ ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്, പ്രസിഡൻഷ്യൽ രീതി, ഹിന്ദുരാഷ്ട്രം, ഒടുവിൽ തെരഞ്ഞെടുപ്പ് തന്നെ ഇല്ലാതാക്കൽ എന്നിങ്ങനെ പല ലക്ഷ്യങ്ങളിലേക്കുള്ള തിടുക്കത്തിലാണ് സംഘപരിവാർ. ഇതിനെല്ലാം തടസ്സമാണ്‌ മാധ്യമങ്ങളും ജനങ്ങളുടെ അറിയാനുള്ള അവകാശവും. വിവരാവകാശനിയമത്തിന്റെ കടയ്‌ക്കൽ കത്തിവച്ച് ജനങ്ങളെ വസ്‌തുതകളിൽനിന്ന്‌ അകറ്റിനിർത്താനുള്ള മാർഗവും കേന്ദ്രം സ്വീകരിച്ചുകഴിഞ്ഞു.

വാർത്താവിനിമയസംവിധാനങ്ങളെയും സാമൂഹ്യമാധ്യമങ്ങളെയും മാധ്യമശൃംഖലകളെയുമെല്ലാം നിശ്ചലമാക്കിയാണ് കശ്‌മീരിൽ കേന്ദ്രം ഭരണഘടനാവിരുദ്ധമായ നടപടികൾക്ക് തുടക്കംകുറിച്ചത്. കശ്‌മീരിലേക്കോ പുറത്തേക്കോ ഫോണിൽപോലും ബന്ധപ്പെടാൻ സാധിക്കുന്നില്ല. വീട്ടുകാരുടെ വിവരങ്ങൾ അറിയാതെ തീ തിന്നുകയാണ് നാടുവിട്ടുകഴിയുന്ന കശ്‌മീരുകാർ. ഇന്റർ നെറ്റില്ല, ടെലിവിഷൻ വാർത്തകളില്ല, സർക്കാർ അറിയിപ്പുകളില്ല... കശ്‌മീരിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകം അറിയുന്നില്ല. യുദ്ധരംഗത്തുപോലുമില്ലാത്ത ഈ നിരോധനം എന്തിനാണെന്ന് രാജ്യത്തിന് അറിയേണ്ടതുണ്ട്. അറിയാനുള്ള അവകാശം നിഷേധിച്ച് ജനങ്ങളെ ഇരുളിൽനിർത്തി മോഡിയും കൂട്ടരും നടത്തുന്ന കടന്നാക്രമണത്തെ ജനാധിപത്യപരമായിത്തന്നെ രാജ്യം പ്രതിരോധിക്കും. ഈ ഭീഷണികളെ അതിജീവിക്കാൻ മാധ്യമങ്ങൾ കൂടുതൽ ഉറക്കെ സത്യങ്ങൾ വിളിച്ചുപറയുകയേ മാർഗമുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top