20 August Saturday

ഫീസ്‌ ഒഴിവാക്കി, നടപടി ലഘൂകരിച്ച്‌ സർക്കാർ സേവനം

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021കോവിഡിനിടയിലും സാധാരണക്കാരിൽ തുടർച്ചയായി ഭാരം ചുമത്തുന്ന കേന്ദ്ര ഭരണം; കൈത്താങ്ങു നൽകുന്ന സംസ്ഥാന സർക്കാർ. പെട്രോൾ, ഡീസൽ, പാചകവാതകം തുടങ്ങിയവ ദരിദ്രർക്ക്‌ ആഡംബരമായിരിക്കുന്നു. പൊതു ഗതാഗതമേഖലയിലും മോദിയുടെ ചൂഷണമാണ്‌. പാസഞ്ചറുകൾ എക്‌സ്‌പ്രസ്‌ നിരക്കിലേക്ക്‌ മാറ്റി  പിഴിയുന്നതിനു പിന്നാലെ സ്റ്റേഷനുകൾക്ക്‌ യൂസർ ഫീയും വരുന്നു. സമീപകാലത്ത് നവീകരിച്ചതോ പുതുക്കിപ്പണിയാൻ പോകുന്നതോ ആയ സ്റ്റേഷനുകളിൽനിന്ന് ട്രെയിനിൽ കയറാനും ഇറങ്ങാനുമാണ് 10 മുതൽ 50 രൂപവരെ നൽകേണ്ടിവരിക. പ്ലാറ്റ്‌ഫോം ടിക്കറ്റും  50 രൂപയാക്കി. വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ എന്നിവയും  കുത്തനെകൂട്ടി. 2022 ഏപ്രിൽ ഒന്നുമുതൽ നിരക്ക്‌ പ്രാബല്യത്തിലാകും. ഇത്തരം നടപടികൾക്കിടയിലാണ്‌ പിണറായി സർക്കാർ  സേവനങ്ങളുടെ അപേക്ഷാ ഫീസ്‌ ഒഴിവാക്കാനും  നടപടി ലഘൂകരിക്കാനും  തീരുമാനിച്ചത്‌. അതേസമയം, വാണിജ്യാവശ്യങ്ങൾക്കുള്ള ഫീസ് തുടരും. 

സേവനങ്ങൾക്കുള്ള രേഖയും സർട്ടിഫിക്കറ്റും ഗസറ്റഡ് ഉദ്യോഗസ്ഥനോ  നോട്ടറിയോ  സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധനയില്ല; സ്വയം സാക്ഷ്യപ്പെടുത്താം. സേവനങ്ങളെല്ലാം  ഓൺലൈനാക്കാനുള്ള നടപടികൾക്കു പുറമെയുള്ള സുപ്രധാന തീരുമാനങ്ങൾ സർട്ടിഫിക്കറ്റുകൾക്കായി ദിവസങ്ങൾ പാഴാവുന്ന ലക്ഷങ്ങൾക്ക്‌ ആശ്വാസമാകും. ഫോറങ്ങളുടെ അമിത വലുപ്പം ഒഴിവാക്കി  ഒരു പേജിൽ പരിമിതപ്പെടുത്തും. ഒരിക്കൽ നൽകിയ സർട്ടിഫിക്കറ്റ്‌ മറ്റ്‌  ആവശ്യങ്ങൾക്കും ഉപയോഗിക്കാം. സേവന ലഘൂകരണത്തിന്റെ ഭാഗമായി നിയമങ്ങളിലും ചട്ടങ്ങളിലും  ആവശ്യമെങ്കിൽ ഭേദഗതിയും  വരുത്തും. ഓൺലൈൻ  അപേക്ഷയിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും നിർദേശമുണ്ടാകും. 

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ ജനന സർട്ടിഫിക്കറ്റോ അഞ്ചു വർഷം സംസ്ഥാനത്ത്‌ പഠിച്ചതിന്റെ രേഖയോ  സത്യപ്രസ്‌താവനയോ  റസിഡന്റ്സ് സർട്ടിഫിക്കറ്റിന്  ആധാർ കാർഡോ ഇലക്ട്രിസിറ്റി ബില്ലോ മതി.  വിദ്യാഭ്യാസരേഖയിൽ  മതം ഉണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് വേണ്ട.  വൺ ആൻഡ്‌ സെയിം സർട്ടിഫിക്കറ്റിന് സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന മതി.  റേഷൻ കാർഡിൽ ബന്ധുത്വമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്‌ നിർബന്ധമല്ല. വിദ്യാഭ്യാസരേഖയിൽ ജാതി  രേഖപ്പെടുത്തിയാൽ വേറെ സർട്ടിഫിക്കറ്റ്‌ വേണ്ട.  വിദേശത്ത്‌ പോകുന്നവർക്ക്‌  ഓൺലൈനായി അപേക്ഷിക്കാം. തിരിച്ചറിയൽ  രേഖയായി ഗസറ്റഡ് ഓഫീസർ നൽകുന്ന ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് മതി. സർട്ടിഫിക്കറ്റുകൾക്ക്‌ ഒരുവർഷത്തെ കാലാവധിയുണ്ടെന്നതും സ്വയം സാക്ഷ്യപ്പെടുത്താമെന്നതും ഏറെ ആശ്വാസകരമാണ്‌. കേരളത്തിന്‌ പുറത്ത്‌ ജനിച്ചവർക്ക് വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകും. 

റസിഡന്റ്‌സ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡ്, പുതിയ വൈദ്യുതി‐കുടിവെള്ള‐ഫോൺ ബിൽ, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും മതി. ഇല്ലാത്തവർക്ക് തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള  സർട്ടിഫിക്കറ്റ് ഹാജരാക്കാം. ലൈഫ് സർട്ടിഫിക്കറ്റിന് കേന്ദ്ര പെൻഷൻകാർക്ക് ഏർപ്പെടുത്തിയ "ജീവൻ പ്രമാൺ'  ബയോമെട്രിക് സംവിധാനം ഉപയോഗിക്കാം. അത്‌ സംസ്ഥാന  ട്രഷറിയിലും ബാങ്കുകളിലും ലഭിക്കും. രണ്ടും ഒന്നാണെന്ന്‌ തെളിയിക്കാൻ വൺ ആൻഡ്‌  സെയിം സർട്ടിഫിക്കറ്റിന് സത്യപ്രസ്താവന ഗസറ്റഡ്  ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ മതി. വിദ്യാഭ്യാസരേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫീസർ/തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിനു പകരമായി പരിഗണിക്കും. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരെങ്കിൽ  ഒരാളുടെ വിദ്യാഭ്യാസരേഖ തെളിവാകും. ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓൺലൈനായി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്ന സൗകര്യം വിദേശ തൊഴിലന്വേഷകർക്കും  ലഭ്യമാക്കും. അങ്ങനെ സർട്ടിഫിക്കറ്റുകൾക്കുള്ള ഫീസ്‌ ഒഴിവാക്കുകയും നടപടിക്രമം ലഘൂകരിക്കുകയും ചെയ്‌ത തീരുമാനം എൽഡിഎഫ്‌ സർക്കാരിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top