27 May Monday

സംഘടിതമായ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Wednesday May 1, 2019


ബിജെപിയുടെ അഞ്ചുവർഷത്തെ ഭരണത്തിൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള അനേകം പൊതു സ്ഥാപനങ്ങൾ സംഘടിതമായ ആക്രമണങ്ങൾക്ക‌് വിധേയമായി. ആർഎസ്എസ് നിയന്ത്രണത്തിന‌് കീഴിൽ ഇവയെ കൊണ്ടുവരുന്നതിനും സ്വകാര്യവൽക്കരണത്തിനെതിരായ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചെറുത്തുനിൽപ്പിനെ തകർത്തെറിയുന്നതിനും വേണ്ടിയായിരുന്നു ഇത‌്. സ്ഥാപനങ്ങളുടെ മേധാവികളായി ആർഎസ്എസ‌ിന‌് അടുപ്പമുള്ളവരെ പ്രതിഷ‌്ഠിക്കുകയും അവരിലൂടെ സ്ഥാപനങ്ങളിലെ പദവികളിൽ ആർഎസ്എസുകാരെ നിയമിക്കുകയുമാണ് സംഘപരിവാർ തന്ത്രം.

അതിന്റെ ചില ഉദാഹരണങ്ങളാണ‌് മദ്രാസ് ഐഐടിയിലെ അംബേദ്കർ- പെരിയാർ സ്റ്റഡി സെന്റർ നിരോധിച്ചത‌് (രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കൊടുവിൽ നിരോധനം നീക്കി),  ആർഎസ്എസുകാരനായ ഗജേന്ദ്ര ചൗഹാനെ അയാൾക്ക് മതിയായ യോഗ്യതയില്ല എന്ന് ചൂണ്ടിക്കാണിച്ച വിദ്യാർഥികൾ നടത്തിയ പ്രതിഷേധം അവഗണിച്ചുകൊണ്ട് ഫിലിം ആൻഡ‌് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചു, ഹിമാചൽ പ്രദേശ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ‌് നിരോധിച്ചു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാർഥികളെ പീഡിപ്പിക്കുകയും അത് രോഹിത് വെമുലയുടെ ഭരണകൂട കൊലപാതകത്തിൽ കലാശിക്കുകയും ചെയ‌്തു. ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാർഥികളെ ജയിലിലടയ‌്ക്കുകയും ദേശദ്രോഹക്കുറ്റം ചുമത്തുകയും ചെയ‌്തു. വിദ്യാർഥികളെ നിശ്ശബ‌്ദരാക്കാൻ ഇത്തരം ആക്രമണങ്ങൾക്ക‌് കഴിയുകയില്ല എന്നായപ്പോൾ 2017-–-18 ലെ ജെഎൻയു ഗവേഷണ പരിപാടിയിൽ ആയിരത്തിൽ കൂടുതൽ സീറ്റുകൾ വെട്ടിക്കുറച്ചു. രാജ്യത്തുടനീളമുള്ള ക്യാമ്പസുകളിലെ വിയോജിപ്പിനെ ക്രിമിനൽവൽക്കരിക്കുകയും അനീതിക്കെതിരെ ശബ്ദമുയർത്തിയ വിദ്യാർഥികളെ കുറ്റവാളികളായി പീഡിപ്പിക്കുകയും ചെയ്യുന്നു. ക്യാമ്പസ് ജനാധിപത്യം പ്രായോഗികമായി ഇല്ലാതായിരിക്കുന്നു.
ദുർബല വിഭാഗത്തെ ഒഴിവാക്കുന്നതിനും ബിജെപി സർക്കാർ തുടർച്ചയായ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എസ്‌സി/എസ്ടി വിദ്യാർ‌ഥികൾക്കുള്ള ഹോസ്റ്റൽ ഫണ്ട് അനുവദിക്കാതിരിക്കുക, ഫെലോഷിപ്പുകളുടെ എണ്ണം കുറയ‌്ക്കുക, സംസ്ഥാനങ്ങളിലെ പോസ്റ്റ് മെട്രിക് ഫെലോഷിപ് പദ്ധതി (100 ശതമാനം കേന്ദ്രഫണ്ടുള്ള പദ്ധതി)ക്കുള്ള ഭീമമായ കുടിശ്ശിക അനുവദിക്കാതിരിക്കുക.  ഇവയൊക്കെ ഇതിനുള്ള ചെറിയ ഉദാഹരണങ്ങൾ മാത്രമാണ‌്.

ലിംഗനീതിയുടെ നേർക്കുള്ള കേന്ദ്രസർക്കാരിന്റെ ആക്രമണത്തിന്‌ ഉദാഹരണമാണ്‌ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്ക് അനുവദിച്ച ഫണ്ടിന്റെ 56 ശതമാനത്തോളം പരസ്യത്തിനും മറ്റുമുള്ള പ്രചാരണത്തിനുമായി ചെലവിട്ടത‌്. പല കോളേജുകളിലും സ‌്കൂളിലും പെൺകുട്ടികൾക്ക് പ്രത്യേക ശുചിമുറികൾപോലും ഇല്ലാതിരിക്കുമ്പോഴാണിത‌്. ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ ജൻഡർ സെൻസിറ്റൈസേഷൻ കമ്മിറ്റി എഗയിൻസ്റ്റ‌് സെക്ഷ്വൽ ഹറാസ്‌മെന്റ് (ജിഎസ‌്സിഎഎസ്‌എച്ച‌്) എന്ന ഫലപ്രദമാണെന്ന‌് തെളിയിക്കപ്പെട്ട കമ്മിറ്റിക്കുപകരം ഭരണവിഭാഗത്തിന്റെ ഒരു പാവ കമ്മിറ്റിയെ ഏർപ്പെടുത്തിയിരിക്കുന്നത‌് ഇതിന്റെ മറ്റൊരു ഉദാഹരണമാണ്‌.

സാമുദായികവൽക്കരണത്തിനും ശാസ്ത്രാഭാസത്തിനും നിരവധി ഉദാഹരണങ്ങളുണ്ട‌്. ദിനനാഥ‌് ബത്ര കൺവീനറായ ആർഎസ‌്എസ‌് പിന്തുണയുള്ള ‘ശിക്ഷാ ബച്ചാവോ ആന്തോളൻ സമിതി'യോട് ആദ്യം ഗുജറാത്തിലും പിന്നെ ബിജെപിയുടെ കീഴിലുള്ള ഹരിയാനയിലും പാഠപുസ‌്തകം എഴുതാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അദ്ദേഹം സ്‌കൂൾ പാഠപുസ‌്തകങ്ങൾ ‘പക്ഷപാതിത്വം' കുറയ‌്ക്കുന്നതിനും കൂടുതൽ ആവേശകരവും ആക്കുന്നതിനായി ഒരു അഞ്ചുപേജ് വരുന്ന ശുപാർശപ്പട്ടിക എൻസിഇആർടിക്ക് അയച്ചിരിക്കുകയാണ്. ഇതിലെ നിർദേശങ്ങളിൽ ഇംഗ്ലീഷ്, അറബിക്, ഉറുദു വാക്കുകൾ ഇല്ലാതിരിക്കുക, പാഷിന്റെ കവിത, മിർസാ ഗാലിബിന്റെ ഈരടികൾ, എം എഫ് ഹുസൈന്റെ ആത്മകഥയിൽനിന്നുള്ള ഭാഗങ്ങൾ, രബീന്ദ്രനാഥ് ടാഗോറിന്റെ ചിന്ത എന്നിവയും ഉൾപ്പെടുന്നു. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് പോലുള്ള വേദികള്‍ ശാസ്ത്രബോധം വളര്‍ത്തുവാനാണ് ഉപയോഗിക്കപ്പെട്ടിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഐതിഹ്യങ്ങളെയും പുരാണകഥാപാത്രങ്ങളെയും ശാസ്ത്രവുമായി കൂട്ടിക്കലര്‍ത്താനുള്ള ശ്രമം ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുപോലും ഉണ്ടാവുകയാണ്.
ഇത്തരം അനുഭവങ്ങൾ സൂചിപ്പിക്കുന്നത് രാജ്യത്തെ പിന്നോട്ട് വലിക്കാനും പ്രാകൃതമായ അവസ്ഥയിലേക്ക് കൊണ്ടുപോകാനുമുള്ള ശ്രമങ്ങൾ ആസൂത്രിതമായി കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതൃത്വംതന്നെ നടത്തുന്നുണ്ട‌് എന്നതാണ്. 17‐ാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇത്തരം കാര്യങ്ങൾ സ്വാഭാവികമായും ചർച്ചാവിഷയമായിട്ടുണ്ട്.

എന്നാൽ, ഇത‌് ഒരു ചർച്ചാവിഷയം എന്നതിലുപരി രാജ്യത്തെ ആകെ ബാധിക്കുന്ന രാജ്യത്തിന്റെ ഭാവിയെ തീരുമാനിക്കുന്ന ഒരു ഇടപെടലാണ‌് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ശക്തമായ പ്രതിരോധം സൃഷ്ടിക്കാനുള്ള സമയമാണ‌് അടുത്തിരിക്കുന്നത‌്. ഇത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെയോ വ്യക്തികളെയോ ബാധിക്കുന്ന പ്രശ്നമല്ല മറിച്ച്, രാജ്യത്തെ ആകെ ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളിലും വിശ്വാസമുള്ള ഓരോരുത്തരും ഇൗകാര്യങ്ങളിൽ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top