19 April Friday

യുഡിഎഫിന്റെ അഴിമതി പരമ്പരകൾ

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020


അഴിമതിയുടെ പര്യായമായി ചരിത്രത്തിൽ ഇടംനേടിയ രാഷ്ട്രീയ പ്രസ്ഥാനമാണ്‌ കോൺഗ്രസ്‌. രാജീവ്‌ ഗാന്ധിയുടെ കാലത്ത്‌ പുറത്തുവന്ന ബൊഫോഴ്‌സ്‌ അഴിമതിമുതൽ മൻമോഹൻസിങ്ങിന്റെ കാലത്ത്‌ നടന്ന 1.76 ലക്ഷം കോടിരൂപയുടെ ടു ജി സ്‌പെക്ട്രംവരെ എത്രയെത്ര അഴിമതികളാണ്‌ കോൺഗ്രസ്‌ ഭരണകാലത്ത്‌ നടന്നിട്ടുള്ളത്‌. ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനത്തിന്‌ രാജ്യത്ത്‌ അധികാരത്തിലെത്താൻ സഹായിച്ച ഘടകങ്ങളിലൊന്ന് വന്ദ്യവയോധിക കക്ഷിയുടെ അഴിമതിപരമ്പരകളായിരുന്നു.

കേന്ദ്രത്തിൽ മാത്രമല്ല, കേരളത്തിലും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം അഴിമതി നിറഞ്ഞതായിരുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ കഴിഞ്ഞ ഒരാഴ്‌ചയായി പുറത്തുവരുന്ന വാർത്തകൾ. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ്‌ മന്ത്രിസഭയിലെ മൂന്ന്‌ അംഗങ്ങൾക്കെതിരെയാണ്‌ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായുള്ള കേസുകൾ പുറത്തുവന്നിട്ടുള്ളത്‌. അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ്‌ നേരത്തെ തന്നെ കേസെടുക്കുകയുണ്ടായി. കൊച്ചിയിലെ പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിക്കേസിൽ കുരുങ്ങിയ മുൻ പൊതുമരാമത്തു മന്ത്രിയും മുസ്ലിംലീഗ്‌ നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ ശനിയാഴ്‌ചയാണ്‌ വിജിലൻസ്‌ ചോദ്യം ചെയ്‌തത്‌. അതിനിടയിലാണ്‌ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന ശിവകുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ കേസെടുത്ത്‌ അന്വേഷണം നടത്താൻ വിജിലൻസിന്‌ സർക്കാരിന്റെ അനുമതി ലഭിച്ചത്‌. കോൺഗ്രസ്‌ നേതാവുകൂടിയായ ശിവകുമാറിനെയും പൊലീസ്‌ ഉടൻ ചോദ്യം ചെയ്യുമെന്നാണ്‌ കരുതുന്നത്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്തുതന്നെ വിജിലൻസ്‌ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ശിവകുമാർ ഉൾപ്പെടെ നാലുപേർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്‌ ലഭിച്ചിരുന്നു. ഇവരുടെ സ്വത്തിൽ ഇരട്ടി വർധനയുണ്ടെന്നായിരുന്നു വിജിലൻസ്‌ കണ്ടെത്തിയത്‌. ഇതേ തുടർന്നാണ്‌ കേസെടുത്ത്‌ വിശദമായ അന്വേഷണത്തിന്‌ വിജിലൻസ്‌ സർക്കാരിന്റെ അനുമതി തേടിയത്‌. അതാണ്‌ ഇപ്പോൾ ലഭിച്ചിട്ടുള്ളത്‌.

പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല യുഡിഎഫ്‌ നേതാക്കൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ

യുഡിഎഫ്‌ ഭരണകാലത്തെ അഴിമതി ഇവിടംകൊണ്ട്‌ അവസാനിക്കുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും ഉൾപ്പെട്ട ടൈറ്റാനിയം കേസും സിബിഐയുടെ പരിശോധനയിലാണ്‌ ഇപ്പോൾ. അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന പരിശോധനയാണ്‌ ഇപ്പോൾ സിബിഐ നടത്തുന്നത്‌. ഈ കേസ്‌ സിബിഐ ഏറ്റെടുക്കുന്നപക്ഷം യുഡിഎഫ്‌ കടുത്ത പ്രതിസന്ധിയിലാകും. യുഡിഎഫിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസിലെയും മുന്നണിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയായ മുസ്ലിംലീഗിലെയും മന്ത്രിമാർക്കെതിരെയാണ്‌ അഴിമതി ആരോപണം ഉയർന്നിട്ടുള്ളത്‌. സ്വാഭാവികമായും യുഡിഎഫിന്റെ പ്രതിച്ഛായാ നഷ്ടത്തിന്‌ ഇത്‌ കാരണമാകും. തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ യുഡിഎഫ്‌ മന്ത്രിമാർക്കെതിരെ അഴിമതിക്കേസ്‌ ഉയരുന്നത്‌ മുന്നണിയെ രാഷ്ട്രീയമായി ദുർബലമാക്കും. പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല യുഡിഎഫ്‌ നേതാക്കൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ.

യുഡിഎഫ്‌ നേതാക്കൾക്കെതിരെ അഴിമതിക്കേസുകൾ ഉയരുന്ന ഘട്ടത്തിൽ തന്നെ മുന്നണിയിൽ പടലപ്പിണക്കങ്ങളും പിളർപ്പിന്റെ ആരവങ്ങളും ഉയരുകയാണ്‌. ഘടക കക്ഷിയായ കേരള കോൺഗ്രസ്‌ എം പിളർപ്പിന്റെ വക്കിലാണ്‌. ജോസ്‌ കെ മാണിയും പി ജെ ജോസഫും തമ്മിലാണ്‌ പാർടി നേതൃത്വം കൈയടക്കാനുള്ള മത്സരം നടക്കുന്നത്‌. അതിനിടയിൽ മറ്റൊരു ഘടകകക്ഷിയായ കേരള കോൺഗ്രസ്‌ ജേക്കബ്ബിലും തർക്കം മുറുകുകയാണ്‌. കേരള കോൺഗ്രസിലെ പി ജെ ജോസഫ്‌ വിഭാഗവുമായി ലയിക്കാനുള്ള കേരള കോൺഗ്രസ്‌  ജേക്കബ്‌ ചെയർമാൻ ജോണി നെല്ലൂരിന്റെ നീക്കത്തിനെതിരെ മുൻമന്ത്രിയും പാർടി നേതാവുമായ അനൂപ്‌ ജേക്കബ്‌ രംഗത്തുവന്നിരിക്കുകയാണ്‌. ഏത്‌ കോണിലൂടെ നോക്കിയാലും അതിവേഗം ദുർബലമാകുന്ന സഖ്യമായി യുഡിഎഫ്‌ മാറുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top