25 April Thursday

വേലിതന്നെ വിളവുതിന്നുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 31, 2015

സോളാര്‍ തട്ടിപ്പുകേസ് അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും പ്രത്യേക സംഘത്തലവന്‍ എഡിജിപി എ ഹേമചന്ദ്രന്‍ ഇടപെട്ടിരുന്നു എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍തന്നെ ജസ്റ്റിസ് ശിവരാജന്‍ കമീഷന് മൊഴി നല്‍കിയതോടെ കേസന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന് അനിഷേധ്യമായി തെളിഞ്ഞു. പ്രത്യേക അന്വേഷണസംഘത്തില്‍ അംഗമായിരുന്ന ഡിവൈഎസ്പി ജെയ്സണ്‍ കെ എബ്രഹാമാണ് ഹേമചന്ദ്രന്റെ ഇടപെടല്‍ തുറന്നുപറഞ്ഞത്. കേസില്‍ സുപ്രധാന സാക്ഷികളെയും പ്രതികളെയും ചോദ്യംചെയ്യുമ്പോള്‍ ഹേമചന്ദ്രന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. എല്ലാ പ്രധാന തീരുമാനങ്ങളും എഡിജിപിയാണ് എടുത്തതെന്ന് മറ്റൊരു ഡിവൈഎസ്പി പ്രസന്നന്‍നായരും മൊഴി നല്‍കി.  

സോളാര്‍ തട്ടിപ്പില്‍ പ്രതിപക്ഷവും മാധ്യമങ്ങളും തുടക്കംമുതല്‍ പറഞ്ഞുവരുന്ന ഓരോ വിഷയവും അന്വേഷണ കമീഷന്‍ മുമ്പാകെ സ്ഥിരീകരിക്കപ്പെടുകയാണ്. ചൊവ്വാഴ്ച കമീഷന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ആരാഞ്ഞ ഒരു കാര്യം 'പ്രതികള്‍ നല്‍കിയ വിവരം മാത്രം വച്ചാണോ നിഗമനങ്ങളില്‍ എത്തിയത്' എന്നാണ്. അതാണ് യഥാര്‍ഥ പ്രശ്നം. ലഭിച്ച തെളിവുകളൊന്നും പരിശോധിച്ചില്ല. സാക്ഷികളെ ചോദ്യംചെയ്തില്ല. പ്രതികളോട് മറുചോദ്യങ്ങളുണ്ടായില്ല. ചിട്ടപ്പെടുത്തിയ പ്രകാരം കേസ് ഒതുക്കിത്തീര്‍ക്കാനും കുറ്റകൃത്യം നിയമത്തിനുമുന്നില്‍നിന്ന് മറച്ചുവയ്ക്കാനും ഭരണാധികാരികളെ രക്ഷപ്പെടുത്താനുമാണ് എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നിയോഗിക്കപ്പെട്ടത്. അന്വേഷണമായിരുന്നില്ല, ഒതുക്കിത്തീര്‍ക്കലായിരുന്നു ആ സംഘത്തിന്റെ ദൌത്യം. പ്രതികളില്‍നിന്ന് ഭരണാധികാരികള്‍ക്കെതിരായ ഒരു നീക്കവും ഉണ്ടാകരുതെന്നും അത്തരത്തിലുള്ള മൊഴി ഒഴിവാക്കണമെന്നും നിര്‍ബന്ധമുള്ളതിനാലാണ് സംസ്ഥാനത്തെ സമുന്നത പൊലീസ് ഉദ്യോഗസ്ഥന്‍തന്നെ ചോദ്യംചെയ്യലുകളില്‍ നേരിട്ട് സന്നിഹിതനായത്. 

കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത എസ് നായരുടെ ബാങ്ക് അക്കൌണ്ട് പരിശോധിച്ചതല്ലാതെ അവരുടെ കംപ്യൂട്ടര്‍, ലാപ്ടോപ്, ലഡ്ജര്‍, പെന്‍ഡ്രൈവ്, ഇ മെയില്‍ എന്നിവയൊന്നും അന്വേഷണസംഘം പരിശോധിച്ചില്ല എന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞാല്‍ കേരളം അത് താങ്ങില്ല എന്നാണ് സരിത എസ് നായര്‍ പൊതുപ്രസ്താവന നടത്തിയത്. സ്ഫോടനാത്മകമായ ദൃശ്യങ്ങളടങ്ങിയ ഒരു സിഡിയെക്കുറിച്ച് ബിജു രാധാകൃഷ്ണന്‍ കമീഷനുമുമ്പാകെ മൊഴി നല്‍കിയതും തുടര്‍ന്നുണ്ടായ കോലാഹലങ്ങളും സമീപനാളുകളില്‍ വാര്‍ത്തയില്‍ ഇടംനേടി. മുന്‍ ആഭ്യന്തരമന്ത്രിയുടെ കൈയില്‍ ഒരു പെന്‍ഡ്രൈവ് ഉണ്ടെന്ന് മാധ്യമചര്‍ച്ചയില്‍ പരാമര്‍ശമുണ്ടായപ്പോള്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ സമനില തെറ്റി ക്ഷോഭിക്കുന്നത് കേരളം കണ്ടു.

ഇലക്ട്രോണിക് ഉപകരണങ്ങളടക്കം നിര്‍ണായക തെളിവുകളും സുപ്രധാന ഫയലുകളും പിടിച്ചെടുത്ത പൊലീസ് ഉദ്യോഗസ്ഥനാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണന്‍. അദ്ദേഹം കമീഷനുമുമ്പില്‍ ഹാജരാകുന്നില്ല. രോഗബാധയും അസൌകര്യവും പറഞ്ഞ് അവധിയില്‍ പോയിരിക്കുന്നു. ഹരികൃഷ്ണന്റെ ഇടപെടലുകളില്‍ ശക്തമായ സംശയം മാധ്യമങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. നിര്‍ണായകമായ മൊഴി നല്‍കാന്‍ കഴിയുന്ന ആളാണ് ഹരികൃഷ്ണനെന്ന് കമീഷന്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ണായകമായ തെളിവും വിവരവും കേസന്വേഷണത്തിന് ഉപയോഗിച്ചില്ല എന്നാണതിന് അര്‍ഥം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ടെന്നി ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ് എന്നിവരുമായി പ്രതികള്‍ക്കുള്ള അടുപ്പവും ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്റെ മൊഴിയില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തട്ടിപ്പ് നടന്നിട്ടുണ്ട്, അതില്‍ ഭരണകേന്ദ്രങ്ങളിലെ പ്രധാനികള്‍ക്ക് പങ്കാളിത്തമുണ്ട്, തെളിവുകള്‍ ലഭിച്ചിട്ടുണ്ട്, ആ തെളിവുകളൊന്നും കേസിനുവേണ്ടി ഉപയോഗിച്ചിട്ടില്ല എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെടുന്നത്. പൊലീസ് കേസ് അട്ടിമറിച്ചതുകൊണ്ടാണ് സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണത്തിനുവേണ്ടി പ്രക്ഷോഭമുയര്‍ന്നതും ജുഡീഷ്യല്‍ കമീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതും. ആ കമീഷനുമുമ്പാകെപോലും ഹാജരാകാതെയും തെളിവുനല്‍കാതെയും ഒളിച്ചുകളിക്കുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നു എന്നതുതന്നെയാണ് അട്ടിമറിക്കുപിന്നില്‍ സര്‍ക്കാരാണ് എന്നതിന് അടിവരയിടുന്നത്. വേലിതന്നെയാണ് വിളവ് തിന്നുന്നത് *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top