27 April Saturday

ലാറ്റിനമേരിക്ക കൂടുതൽ ഇടത്തേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2019

എന്നും മാറി ചിന്തിക്കുന്നവരുടെ നാടാണ് ലാറ്റിനമേരിക്ക. തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും കരീബിയയിലുമായി ചെറുതും വലുതുമായ 33 രാജ്യങ്ങളും അവിടങ്ങളിലെ 63 കോടി ജനതയും എന്നും ലോകത്തിന്‌ മാതൃക കാട്ടിയിട്ടുണ്ട്. രാഷ്ട്രീയത്തിലായാലും സാഹിത്യത്തിലായാലും പുതുവഴികൾ വെട്ടിത്തുറന്നവരുടെ വലിയൊരു നിര ഈ നാടുകളിൽനിന്ന് ലോകത്തിനു മുന്നിലേക്ക്‌ പലപ്പോഴായി തല ഉയർത്തി കടന്നുവന്നിട്ടുണ്ട് .

ഇന്ന് ലാറ്റിനമേരിക്ക വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. അവിടെ കൂടുതൽ രാജ്യങ്ങൾ ഇടത്തേക്ക് നീങ്ങുകയാണ്. എന്നും ഇടതുമാതൃകയായി നിലനിൽക്കുന്ന ക്യുബയ്‌ക്കൊപ്പം ചേർത്തുവയ്‌ക്കാവുന്ന  രാജ്യങ്ങളുടെ പട്ടിക നീളുകയാണ്.  വെനസ്വേലയ്ക്കും നിക്കരാഗ്വേയ്‌ക്കും  മെക്‌സിക്കോയ്ക്കും ബൊളീവിയക്കുമൊപ്പം ഇപ്പോൾ ഇതാ അർജന്റീനയിലും മധ്യ ഇടതുപക്ഷം  അധികാരത്തിലേറിയിരിക്കുന്നു.

നാലുവർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ് അർജന്റീനയിൽ ഇടതുസർക്കാർ ഭരണത്തിലെത്തുന്നത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി പെറൊണിസ്റ്റ് പാർടിയുടെ  ആൽബെർട്ടോ ഫെർണാണ്ടസും വൈസ് പ്രസിഡന്റായി മുൻ പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസും തെരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം പട്ടാള സ്വേച്ഛാധിപത്യത്തിലും തുടർന്ന് വലതുപക്ഷഭരണത്തിലുമായിരുന്ന അർജന്റീനയിൽ 2004ൽ ക്രിസ്റ്റീനയുടെ ഭർത്താവ് നെസ്റ്റർ ക്രിർച്ച്നറിലൂടെ ഇടതുചേരി അധികാരത്തിലെത്തിയിരുന്നു. എന്നാൽ, 2015ൽ പുറത്തായി. പിന്നീട്‌ നാലുവർഷം ഭരണം വലതുപക്ഷത്തിനായി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ദാരിദ്ര്യം പത്ത് ശതമാനത്തോളം വർധിച്ചു.  പണപ്പെരുപ്പവും നിയന്ത്രണാതീതമായി. ജനങ്ങൾ പ്രക്ഷോഭങ്ങളിലേക്ക് തിരിഞ്ഞു. ഒരിക്കൽക്കൂടി അവർ ഇടതു സ്വഭാവമുള്ള കക്ഷികളിൽ വിശ്വാസമർപ്പിച്ചു. കടുത്ത പോരാട്ടത്തിനൊടുവിലാണ്‌ വിജയം.

ലാറ്റിനമേരിക്കയിൽ വലതുപക്ഷമുന്നേറ്റം എന്നുപോലും  വാഴ്‌ത്തപ്പെട്ട ഭരണമാറ്റങ്ങൾക്ക് അറുതി വരുത്തിക്കൊണ്ടാണ്‌ ഇപ്പോൾ രാജ്യങ്ങൾ ഒന്നൊന്നായി ഇടത്തേക്ക് ചായുന്നത്. 2012ൽ പരാഗ്വേയിൽ ഫെർണാഡോ ലുഗോയ്‌ക്ക്‌ അധികാരം നഷ്ടമായതോടെയാണ് വലതുപക്ഷശക്തികൾ അധികാരത്തിൽ തിരിച്ചുവരുന്ന പ്രക്രിയക്ക് തുടക്കമായത്. 2015  അർജന്റീനയ്‌ക്ക്‌ പിന്നാലെ  വെനസ്വേലയിൽ നടന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മഡുറോയുടെ കക്ഷിയേക്കാൾ വലതുപക്ഷത്തിന് സീറ്റ് ലഭിച്ചു. 2016ൽ ബ്രസീലിൽ  ദിൽമ റൂസഫിനെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കി. ബൊളീവിയയിൽ ഹിതപരിശോധനയിൽ ഇവോ മൊറാലസിന്റെ കക്ഷി പരാജയപ്പെട്ടു. കൊളംബിയയിൽ ഇടതുപക്ഷ ഫാർക്ക് ഗറില്ലകളും സാന്റോസ് സർക്കാരും തമ്മിൽ ഒപ്പിട്ട സമാധാന കരാറിനെതിരെ ജനങ്ങൾ വോട്ട് ചെയ്‌തു.  ഹൈത്തിയിലും പെറുവിലും വലതുപക്ഷ സർക്കാരുകൾ അമേരിക്കൻ പിന്തുണയോടെ അധികാരത്തിൽ വന്നു. തുടർച്ചയായ ഈ തിരിച്ചടികൾ സ്വാഭാവികമായും കോർപറേറ്റ് മാധ്യമങ്ങൾക്ക് ആവേശം പകർന്നു. അവർ ലാറ്റിനമേരിക്കയിൽ ഇടതുപക്ഷത്തിന്റെ മരണം പ്രവചിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ബ്രസീലിൽ തീവ്ര വലതുപക്ഷക്കാരനായ ജെയിർ ബൊൾസൊനാരോ അധികാരത്തിൽ വന്നതോടെ ഇടതുപക്ഷ തകർച്ച എല്ലാവരും ഉറപ്പിച്ചു.

എന്നാൽ,  ഈ പ്രചാരണങ്ങൾക്കിടയിൽത്തന്നെ  2018 ജൂലൈയിൽ ആൻഡ്രസ് മാനുവൽ ലോപസ് ഒബ്രദോർ മെക്‌സിക്കൻ പ്രസിഡന്റായും  മേയിൽ സോഷ്യലിസ്റ്റ് നേതാവ് നികോളാസ് മഡൂറോ വെനസ്വേലൻ പ്രസിഡന്റായും ഇടതുമുന്നേറ്റങ്ങൾക്ക് കരുത്തുനൽകി.  മധ്യ ഇടതുപക്ഷക്കാരനായ ലൊറേന്റിനോ നിറ്റോ കോർട്ടിസോ 2019 മേയിൽ പനാമയുടെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 2019 ഒക്ടോബറിൽ മിഗ്വേൽ ഡയസ് കാനെൽ ക്യൂബൻ പ്രസിഡന്റായും  സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവ് ഇവോ മൊറാലസ് ബൊളീവിയൻ പ്രസിഡന്റായും വീണ്ടും  വിജയിച്ചുവന്നു. ഇപ്പോൾ അർജന്റീനാഫലവും വന്നു. ഇതിനുപുറമെ 2014ൽ അധികാരത്തിലെത്തിയ ഉറുഗ്വേയിലെ മധ്യ ഇടതുപക്ഷ സർക്കാർ വീണ്ടും ജനവിധി തേടാൻ ഒരുങ്ങുകയാണ്. ആദ്യ റൗണ്ടിൽ ഒപ്പത്തിനൊപ്പമാണെങ്കിലും മധ്യ ഇടതുപക്ഷം വിജയം പ്രതീക്ഷിക്കുന്നു.

ഭരണമാറ്റം വന്ന രാജ്യങ്ങൾക്കുപുറമെ ഇപ്പോൾ ചിലിയിൽ വൻ പ്രക്ഷോഭം നടക്കുകയാണ്. ലാറ്റിനമേരിക്കയിൽ ആദ്യമായി നവ ലിബറൽനയങ്ങളെ പുൽകിയ രാജ്യമായിരുന്ന ഇവിടെ ലക്ഷങ്ങളാണ് റാലികളിൽ പങ്കെടുക്കുന്നത്. മെട്രോ നിരക്ക് വർധനയ്‌ക്കെതിരെയാണ് തുടങ്ങിയതെങ്കിലും ആ പ്രക്ഷോഭം ഇന്ന് വലതുപക്ഷഭരണത്തെ തൂത്തെറിയാനുള്ള കരുത്ത് നേടിക്കഴിഞ്ഞു. പല രാജ്യങ്ങളിലും ഇത്തരം പ്രശ്നങ്ങളിലൂടെയാണ് ഭരണത്തിലുള്ള അതൃപ്തി പുറത്തുവരിക. അത് ജനകീയപ്രക്ഷോഭമായി വളരുകയും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയുമാണ് പതിവ്.

ലാറ്റിനമേരിക്കയിലെ ഈ ഇടതുപക്ഷ ഭരണമാറ്റങ്ങൾ മിക്കതും  ഉജ്വലമായ സമരപരമ്പരകളിലൂടെ ജനങ്ങൾ നേടിയെടുക്കുന്നവയാണ്. 1959ൽ ഫിദൽ കാസ്ട്രോയുടെയും ചെ ഗുവേരയുടെയും നേതൃത്വത്തിൽ നടന്ന ക്യൂബൻ വിപ്ലവമാണ് ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിൽ ഇടതുമുന്നേറ്റത്തിന്‌ കുതിപ്പ് പകർന്നത്. എന്നാൽ, ആ മാതൃകയിൽ നീണ്ടുനിന്ന സായുധപോരാട്ടങ്ങളിലൂടെയല്ല മറ്റ് രാജ്യങ്ങളിൽ ഭരണമുന്നേറ്റം സാധ്യമായത്. പ്രക്ഷോഭങ്ങളിലെ ജനകീയ മുൻകൈ പ്രയോജനപ്പെടുത്തി തെരഞ്ഞെടുപ്പു വിജയം നേടുകയായിരുന്നു അവർ. 1998ൽ വെനസ്വേലയിൽ അധികാരമേറിയ ഹ്യൂഗോ ഷാവേസായിരുന്നു ഈ മാറ്റത്തിന്റെ ചാലകശക്തി.

എന്നും എല്ലാ അർഥത്തിലും അമേരിക്കയുടെ പിന്നാമ്പുറമായിരുന്ന ലാറ്റിനമേരിക്ക ഇന്ന് അമേരിക്കയ്‌ക്കെതിരെ എഴുന്നേറ്റുനിന്ന് വിരൽചൂണ്ടുന്ന ഒരു നിര രാജ്യങ്ങളുടെ കൂട്ടമാണ്‌. അമേരിക്കയെ അംഗീകരിക്കാത്ത ഒരു ഭരണത്തലവനും മുമ്പ്  ലാറ്റിനമേരിക്കയിൽ വാഴാൻ കഴിയുമായിരുന്നില്ല. വെല്ലുവിളിച്ചുവന്നവരെയൊക്കെ പട്ടാളനടപടിയിലൂടെയും ഫണ്ട് നൽകി കലാപം സംഘടിപ്പിച്ചും അവർ പുറത്താക്കി. ഇന്നും അമേരിക്ക അതേ തന്ത്രങ്ങൾ പയറ്റുന്നു. പണം ഒഴുക്കി അട്ടിമറിക്ക്‌ ആളെക്കൂട്ടുന്നു.പക്ഷേ ഒന്നും പണ്ടേപോലെ ഫലിക്കുന്നില്ല.

ഇന്ന് ലാറ്റിനമേരിക്കയിൽ അമേരിക്കൻ വിരുദ്ധ രാജ്യങ്ങൾ പരസ്പരം കൈകോർത്താണ് നീങ്ങുന്നത്. സൈനിക സാമ്പത്തിക സഹകരണങ്ങൾക്കായി സംഘടനകൾ രൂപപ്പെടുത്തി അവർ ഒന്നിച്ചു നിൽക്കുന്നു. അമേരിക്കയ്‌ക്ക് ഇടപെടലിന് പഴുത് നൽകാതിരിക്കാൻ ഈ കൂട്ടായ്‌മകൾ സഹായകമാകുന്നു. എങ്കിലും സാമ്പത്തിക ഉപരോധമടക്കം അതിജീവിച്ചു പിടിച്ചുനിൽക്കുക ശ്രമകരം തന്നെയാണ്. ഇടതുപക്ഷം എന്ന ലേബലിൽ അധികാരത്തിൽ എത്തുന്ന പാർടികൾ എല്ലാം തികഞ്ഞവയല്ലതാനും. പക്ഷേ ഗതിമാറ്റം പ്രകടമാണ്. ലാറ്റിനമേരിക്ക ഇടത്തേക്കുള്ള പാതയിലാണ്. ഇനിയും കൂടുതൽ രാജ്യങ്ങളിൽ പ്രക്ഷോഭങ്ങളും ഭരണമാറ്റങ്ങളും അവിടെ  പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top