15 April Monday

കെപിസിസി നിലപാട‌് തള്ളി രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 31, 2018


ശബരിമലവിഷയത്തിൽ ആർഎസ്എസ് നിലപാട് കൈക്കില കൂട്ടാതെ  മാറ്റിയത് കേരളത്തിൽ അവരുടെ രാഷ്ട്രീയത്തിന് കടന്നുകയറാൻ ഒരവസരം ഉണ്ടാകും എന്ന വ്യാമോഹത്തിന്മേലാണ്. അതുവരെ യുവതീപ്രവേശത്തിന് അനുകൂല നിലപാടെടുക്കുകയും സുപ്രീംകോടതി വിധി വന്നപ്പോൾ സ്വാഗതംചെയ്യുകയും ചെയ്തവർ, പൊടുന്നനെ കീഴ‌്മേൽമറിഞ്ഞ‌് അക്രമത്തിന്റെ വഴിയിലെത്തുകയായിരുന്നു. ആർഎസ്എസിൽനിന്ന് അത്തരം സമീപനം പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ജനാധിപത്യത്തിനും മാനവികതയ‌്ക്കും ഒട്ടും പരിചിതമല്ലാത്ത രീതികളാണ് ആർഎസ്എസ് എക്കാലത്തും സ്വീകരിച്ചത്. അതുപോലെയാണ് കോൺഗ്രസ‌് എന്ന് സാധാരണ നിലയിൽ ആരും കരുതില്ല. എഐസിസി നേതൃത്വം സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ‌്തു. കേരളത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തുടക്കത്തിൽ അതേ നിലപാടാണെടുത്തത്. എന്നാൽ, ആർഎസ്എസിനേക്കാൾ വേഗത്തിൽ കോൺഗ്രസ‌് നിലപാട് മാറ്റുന്നതും കാവിക്കൂട്ടം ആസൂത്രണംചെയ‌്ത കലാപ സമരത്തിലടക്കം പങ്കാളികളാകുന്നതുമാണ് പിന്നീട് കണ്ടത്.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും തുല്യത എന്ന മഹത്തായ സങ്കല്പത്തെയും ചവിട്ടിത്തേച്ച് ആർഎസ്എസിന്റെ ബി ടീമായി കോൺഗ്രസ‌് നേതാക്കൾ അരങ്ങുതകർത്താടുകയായിരുന്നു. വിശ്വാസികളുടെ പേരുപറഞ്ഞ‌് നിയമം കൈയിലെടുത്ത‌് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള  ആർഎസ്എസ് പദ്ധതിയിൽ നിർലജ്ജം കോൺഗ്രസിന്റെ പ്രമുഖ നേതാക്കളുൾപ്പെടെ പങ്കാളികളായി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയായ കെപിസിസി അംഗത്തിന് മൂവർണക്കൊടി വലിച്ചെറിഞ്ഞ‌് കാവിക്കൊടി പിടിച്ച‌് അമിത് ഷായുടെ കൂടാരത്തിലേക്കു വലിഞ്ഞുകയറാൻ  നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. മഹാത്മാഗാന്ധിയുടെയും ജവാഹർലാൽ നെഹ്‌റുവിന്റെയും പാരമ്പര്യമുള്ള കോൺഗ്രസ‌് അതിന്റെ എല്ലാ നെറിയും നേരും ഉപേക്ഷിച്ച് വർഗീയതയുടെയും നിലപാടില്ലായ‌്മയുടെയും പരിഹാസ്യതയിലേക്കും പരാജയത്തിലേക്കും കൂപ്പുകുത്തുന്നതിന്റെ  ദൃശ്യമാണ് അതിന്റെ നേതാക്കളുടെ വാക്കിലും പ്രവൃത്തിയിലും അതിൽനിന്ന് ബിജെപിയിലേക്ക് ചാടിയവരുടെ ലജ്ജ ശൂന്യതയിലും  തെളിഞ്ഞുകണ്ടത്. കേവലം നാല് വോട്ട‌് വീണുകിട്ടും  എന്ന് കണ്ടാൽ എന്തുംചെയ്യുന്ന കേരള നേതൃത്വത്തിന്റെ ഇടപെടലുകളിൽ അതൃപ്തിയുള്ളവർ കോൺഗ്രസിൽത്തന്നെയുണ്ട്.  അത്തരക്കാരുടെ ശബ്ദമാണ‌്, കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാക്കുകളിലൂടെ പുറത്തുവരുന്നത്.

ശബരിമല സ‌്ത്രീ പ്രവേശന വിഷയത്തിൽ കെപിസിസിയെ   രാഹുൽ ഗാന്ധി പരിപൂർണമായി തള്ളിയിരിക്കുന്നു. തന്റെ നിലപാട് പാർടി നിലപാടിന് വിരുദ്ധമാണെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്. സ‌്ത്രീയും പുരുഷനും തുല്യരാണെന്നും സ‌്ത്രീകളെ എല്ലായിടത്തും പോകാൻ അനുവദിക്കണമെന്നും പറഞ്ഞുകൊണ്ട്, ശബരിമല വൈകാരികവിഷയമാണെന്നാണ് കേരളത്തിലെ പാർടിയുടെ നിലപാടെന്നുകൂടി രാഹുൽ  കൂട്ടിച്ചേർക്കുന്നു.  ഇതിനർഥം പാർടി പ്രസിഡന്റിന് അംഗീകരിക്കാനാകാത്ത നിലപാടാണ് കേരളത്തിലെ കോൺഗ്രസ‌് നേതൃത്വത്തിന്റേത്; അത്  സ‌്ത്രീവിരുദ്ധമാണ് എന്നുതന്നെയാണ്.

എല്ലാ പ്രായത്തിലുള്ള സ്‌ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വർഗീയ ധ്രുവീകരത്തിലൂടെ  സങ്കുചിത രാഷ്ട്രീയലക്ഷ്യം നേടാനുള്ള ആയുധമാക്കിയത് ബിജെപിയാണ്. ആ ബിജെപിയോട് കൂട്ടുകൂടിയാണ്  കോൺഗ്രസ‌് ഇന്ന് കേരളത്തിൽ നിലകൊള്ളുന്നത്. കേരളത്തിന്റെ മഹിതമായ നവോത്ഥാന പാരമ്പര്യത്തെയും  ക്ഷേത്രപ്രവേശനത്തിനും തുല്യതയ്ക്കുംവേണ്ടി നടത്തിയ ഉജ്വല പോരാട്ടങ്ങളെയും പരസ്യമായി തള്ളിക്കൊണ്ടാണ്, കൊടി പിടിക്കാതെ സമരത്തിനിറങ്ങുമെന്ന പ്രഖ്യാപനം കെപിസിസി നേതൃത്വം നടത്തിയത്.  പന്ത്രണ്ട്‌ വർഷം നീണ്ട നിയമനടപടികൾക്ക്‌ ശേഷമാണ്‌ സുപ്രിംകോടതിയുടെ ഭരണ ഘടനാ ബെഞ്ച്   ചരിത്രപ്രാധാന്യമുള്ള വിധി പ്രസ്‌താവിച്ചത്‌ എന്നത് മറച്ചുവച്ച, ആ വിധി നടപ്പാക്കാൻ ഭരണഘടനാപരമായി ബാധ്യതയുള്ള സംസ്ഥാന സർക്കാരിനുമേൽ കുതിരകയറിയ ആർഎസ‌്എസിനെ തുറന്നുകാട്ടുന്നതിനു പകരം അവരുടെ കുപ്രചാരണത്തിന്റെ മെഗാഫോണുകളായി അധഃപതിക്കുകയായിരുന്നു കെപി സിസി നേതൃത്വം. ആധുനിക കേരളത്തെ രൂപപ്പെടുത്തിയ പോരാട്ടങ്ങളിൽനിന്ന് പുതിയ കോൺഗ്രസ‌്നേതൃത്വം സ്വയം വിടുതൽ നേടിയിരിക്കുന്നു.  

പിന്നോക്കക്കാരന്‌ വഴിനടക്കുന്നതിനും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും  സ്‌ത്രീകൾക്ക്‌ മാറു മറയ്‌ക്കുന്നതിനും നടത്തിയ തീക്ഷ്ണസമരങ്ങളിൽ ഒരുകാലത്ത‌് കോൺഗ്രസിന്റെ പതാക ഉണ്ടായിരുന്നുവെങ്കിൽ, ഇന്ന് അത് കൂട്ടിക്കെട്ടിയിരിക്കുന്നത്  കുറുവടിയും കല്ലുമായി സ്ത്രീകളെ ആക്രമിക്കുന്ന പിന്തിരിപ്പന്മാരുടെ കൊടിയുമായാണ്.  സിപിഐ എമ്മും സംസ്ഥാന സർക്കാരും ഈ വിഷയത്തിൽ സ്വീകരിച്ചത് തുറന്ന സമീപനമാണ്. ക്രൈസ്‌തവ വിഭാഗത്തിലെ സ്‌ത്രീകളുടെ പിന്തുടർച്ചാവകാശത്തിന്റെ കാര്യത്തിലും മുസ്ലിംവിഭാഗത്തിലെ ബഹുഭാര്യാത്വ  പ്രശ്‌നത്തിലും എന്ത് നിലപാടെടുത്തോ, അതുതന്നെയാണ് ശബരിമല വിധിയുടെ കാര്യത്തിലും പാർടി സ്വീകരിച്ചത്. സ്‌ത്രീകളെ ശബരിമലയിലേക്ക്‌ കൊണ്ടുപോകുകയെന്നത്‌ സിപിഐ എമ്മിന്റെ പരിപാടിയല്ല  എന്ന് പാർടി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.  പോകാൻ ആഗ്രഹിക്കുന്ന വിശ്വാസിയായ ഏതൊരു സ്‌ത്രീക്കും ശബരിമലക്ഷേത്രത്തിൽ ദർശനം നടത്താനുള്ള അവകാശം ഉറപ്പുവരുത്താൻ  സുപ്രീംകോടതി വിധിയനുസരിച്ച‌് സർക്കാർ ബാധ്യസ്ഥമാണ് എന്നതിലും പാർടി സന്ദേഹപ്പെടുന്നില്ല.  ഇത്രയും വ്യക്തമായ നിലപാട് സിപിഐ എമ്മും സംസ്ഥാന സർക്കാരും എടുത്തിരിക്കെയാണ്, ആർഎസ്എസിന്റെ ആക്രമണോത്സുക സമരത്തിന് ചൂട്ടു പിടിച്ച‌് കോൺഗ്രസ‌് രംഗത്തെത്തിയത്. അത് തെറ്റായിരുന്നു; വികാരപരമായിരുന്നു എന്നാണ‌് ആ പാർടിയുടെ ഏറ്റവും ഉന്നതനായ നേതാവ് ഇപ്പോൾ തുറന്നു പറയുന്നത്. കോൺഗ്രസ‌് അധ്യക്ഷന് അംഗീകരിക്കാനാകാത്തതാണ് കെപിസിസി നേതൃത്വത്തിന്റെ സമീപനം എന്ന് വ്യക്തമാക്കപ്പെട്ട സ്ഥിതിക്ക് ഇനി കേരള നേതാക്കൾ എന്ത് പറയും എന്നത് പ്രധാനമാണ്. ഒന്നുകിൽ തെറ്റായ തീരുമാനവും  പ്രവൃത്തിയും തിരുത്തി ജനങ്ങളോട് മാപ്പു പറയണം. അല്ലെങ്കിൽ തങ്ങൾ ബിജെപിയോടൊപ്പമാണ് എന്ന് തുറന്നു സമ്മതിക്കണം.

കേരളത്തെ ലക്ഷ്യംവച്ച് സംഘപരിവാർ നടത്തുന്ന എല്ലാ ആക്രമണങ്ങളെയും പരോക്ഷമായും പ്രത്യക്ഷമായും പ്രോത്സാഹിപ്പിച്ചവരാണ‌്  ഇവിടത്തെ കോൺഗ്രസ‌്നേതൃത്വം. ആർഎസ്എസിന്റെ ഒരാക്രമത്തെപ്പോലും അവർ തള്ളിപ്പറഞ്ഞിട്ടില്ല. ശബരിമലയിൽ അക്രമം നടത്തിയവരെ നിയമാനുസൃതം അറസ‌്റ്റ‌് ചെയ്യുമ്പോൾ പ്രതിഷേധസ്വരം ഉയർന്നതും ഇതേ കോൺഗ്രസിൽനിന്നാണ് എന്ന് ഓർക്കണം.  ഇത്തരം അവസ്ഥയിലാണ്, കോൺഗ്രസിൽ നിൽക്കുന്നതും ബിജെപിയിലേക്ക് പോകുന്നതും ഒരേപോലെയല്ലേ എന്ന് ഖാദറിട്ട ചിലർക്ക് തോന്നുന്നത്, കോൺഗ്രസിന്റെ കാൽച്ചുവട്ടിൽനിന്ന് മണ്ണൊലിച്ച്‌ പോകുകയാണ്. രാഹുൽ ഗാന്ധിയുടെ തുറന്നുപറച്ചിൽ ഒരു പുനശ്ചിന്തനത്തിലേക്ക‌് ആ പാർടിയെ നയിക്കുമെങ്കിൽ അവർക്കു നല്ലത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top