13 June Thursday

അവയവദാനത്തിന് കൈകോര്‍ക്കുക

വെബ് ഡെസ്‌ക്‌Updated: Tuesday Oct 31, 2017

അവയവമാറ്റത്തിലൂടെ ജീവന്‍രക്ഷ എന്നത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ജീവിച്ചിരിക്കുന്നവരുടെ പരിമിതമായ അവയവങ്ങളേ മറ്റൊരാള്‍ക്ക് കൈമാറാനാവുകയുള്ളൂ. എന്നാല്‍, മരണാനന്തരം പ്രധാന ആന്തരിക അവയവങ്ങള്‍ മിക്കതും ദാനംചെയ്യാന്‍ സാധിക്കും. മരണാസന്നരായ നിരവധിപേരുടെ ജീവിതം തിരിച്ചുപിടിക്കാന്‍ ഇതിലൂടെ സാധിക്കും. മസ്തിഷ്കമരണം സംഭവിക്കുന്ന നല്ലൊരു പങ്ക് ആളുകളുടെയും ഹൃദയം, വൃക്ക, കരള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, ചെറുകുടല്‍ തുടങ്ങിയവയെല്ലാം മറ്റൊരാളില്‍ വച്ചുപിടിപ്പിക്കാനാകും. ആന്തരാവയവങ്ങള്‍ക്ക് കേടുസംഭവിച്ച്, മാറ്റിവയ്ക്കുക എന്ന ഏക പോംവഴിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇക്കാര്യത്തിലും ശാസ്ത്രത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ മലയാളികള്‍ മുന്‍പന്തിയിലാണ്. അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിലും വിജയനിരക്കിലും ലോകനിലവാരത്തിന് അടുത്തുവരും കേരളത്തിന്റെ നില.

അപകടങ്ങളിലും മറ്റും മസ്തിഷ്കമരണം സംഭവിച്ച് ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പാക്കപ്പെടുന്നവരുടെ അവയവങ്ങള്‍ കഴിയാവുന്നത്ര മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കണമെങ്കില്‍ ഈ രംഗത്ത് സമഗ്രമായ ഒരു പ്രവര്‍ത്തനപദ്ധതി അനിവാര്യമാണ്. മസ്തിഷ്കമരണം സംഭവിച്ചാല്‍ അത് യഥാസമയം സ്ഥിരീകരിച്ച് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയതിനുശേഷം വേണം അവയവദാനത്തിന് സാഹചര്യം ഒരുക്കാന്‍. മരിച്ച ആളില്‍നിന്ന് താമസംവിനാ നീക്കംചെയ്യുകയും രോഗികളെ എത്രയുംവേഗം അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്യണം. എങ്കില്‍മാത്രമേ ഈ ജീവന്‍രക്ഷാദൌത്യം ഫലപ്രദമാവുകയുള്ളൂ.

 മഹത്തരമെന്ന് പൊതുവില്‍ കണക്കാക്കുന്ന അവയവദാനത്തിനുപിന്നില്‍പ്പോലും കച്ചവടതാല്‍പ്പര്യങ്ങള്‍ കടന്നുകയറുന്നുണ്ടെങ്കില്‍ തടഞ്ഞേ മതിയാകൂ. മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ഗൌരവമുള്ളതാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യം ഇതാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരെയെല്ലാം വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ആശയവിനിമയത്തിന്റെ കുറവ് എവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതും പരിഹരിക്കപ്പെടണം.

കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള നെറ്റ്വര്‍ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് നടപ്പാക്കിവരുന്ന മൃതസഞ്ജീവനിപദ്ധതി നല്ല പ്രതികരണമാണ് ഈ രംഗത്ത് സൃഷ്ടിച്ചത്. തമിഴ്നാട് കഴിഞ്ഞാല്‍ അവയവദാനത്തില്‍ മികച്ച മാതൃക കേരളമാണ്. അവയവമാറ്റ ശസ്ത്രക്രിയ കുത്തകയാക്കിയ ചില സ്വകാര്യ ആശുപത്രികളുടെയും ഏജന്റുമാരുടെയും ചൂഷണത്തില്‍നിന്ന് നാടിനെ രക്ഷിക്കാനുള്ള അര്‍ഥവത്തായ സന്ദേശമായി മൃതസഞ്ജീവനി’മാറി. സര്‍ക്കാര്‍സംവിധാനത്തില്‍ അവയവങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു.

മരണാനന്തര അവയവദാനമെന്ന പുതിയൊരു അവബോധവും കേരളത്തില്‍ വര്‍ധിച്ചുവന്നു. ആവശ്യത്തിന് അനുസരിച്ച് അവയവങ്ങള്‍ ലഭ്യമാക്കാനും സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് കഴിഞ്ഞ ജനുവരിയില്‍ കേരള സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുത്തത്. സംസ്ഥാനത്താകെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന  അവയവമാറ്റങ്ങള്‍ നിരീക്ഷിക്കാനും ഏകോപനം ഉണ്ടാക്കാനുമായിരുന്നു ഇത്. അവയവകൈമാറ്റത്തില്‍ ചില സ്വകാര്യ ആശുപത്രികള്‍ കച്ചവടതാല്‍പ്പര്യങ്ങള്‍ക്ക് വഴിപ്പെടുന്നുവെന്ന പൊതുതാല്‍പ്പര്യഹര്‍ജിയെതുടര്‍ന്ന് കേരള ഹൈക്കോടതിയും ചില ആശങ്കകള്‍ മുന്നോട്ടുവച്ചു. മസ്തിഷ്കമരണം സാക്ഷ്യപ്പെടുത്തുന്നതിന് ഡോക്ടര്‍മാരുടെ നാലംഗസമിതിയെ ചുമതലപ്പെടുത്താനുള്ള സര്‍ക്കാര്‍തീരുമാനത്തിന്റെ പശ്ചാത്തലം ഇതായിരുന്നു.

 ജീവിച്ചിരിക്കുന്നവര്‍ക്ക് പണം നല്‍കിയും തെറ്റിദ്ധരിപ്പിച്ചും കരളും വൃക്കയും ദാനം’ചെയ്യിപ്പിക്കുന്ന ഏജന്റുമാര്‍ സംസ്ഥാനത്തെ ചില വന്‍കിട സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. അവയവമാറ്റ ശസ്ത്രക്രിയകളുടെ കണക്കുകളും ലഭ്യമല്ല. മൃതസഞ്ജീവനിയില്‍ അവയവങ്ങള്‍ ആവശ്യമുള്ളവരെല്ലാം രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായാല്‍ കേന്ദ്രീകരിച്ച കണക്ക് ലഭ്യമാക്കാന്‍ സാധിക്കും. അവയവകൈമാറ്റത്തിന് ഒരു സാമൂഹ്യനിയന്ത്രണം അനിവാര്യമാണ്. ബന്ധുക്കളല്ലാത്തവര്‍ പണം വാങ്ങി നടത്തുന്ന അവയവകൈമാറ്റം കുറയ്ക്കാനും മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാനും ഇതുവഴി സാധിക്കും. ഈ സദുദ്ദേശ്യങ്ങളോടെ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നുമാത്രമല്ല, ചില വിപരീതഫലങ്ങള്‍ ഉണ്ടാകുകയും ചെയ്തു.

മസ്തിഷ്കമരണം സാക്ഷ്യപ്പെടുത്തുന്നതിന് വ്യവസ്ഥാപിതവും സമയബന്ധിതവുമായ സംവിധാനം ഏര്‍പ്പെടുത്തുകവഴി കൂടുതല്‍ സുതാര്യതയും വിശ്വാസ്യതയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. യഥാസമയം സാക്ഷ്യപ്പെടുത്താനും ബന്ധുക്കളെ ബോധ്യപ്പെടുത്താനും സാധിച്ചാല്‍ അവയവങ്ങളുടെ ലഭ്യത വര്‍ധിക്കേണ്ടതാണ്. എന്നാല്‍,മറിച്ചാണ് അനുഭവം. മസ്തിഷ്കമരണം സാക്ഷ്യപ്പെടുത്തുന്നതില്‍ സാങ്കേതിക കുരുക്കുകള്‍ മുറുകിയെന്ന ധാരണയാണ് ഫലത്തില്‍ ശക്തിപ്പെട്ടത്. അവയവങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഏജന്റുമാരെവച്ച് ജീവിച്ചിരിക്കുന്നവരില്‍നിന്ന് അവയവങ്ങള്‍ ലഭ്യമാക്കുക എന്ന ലാഭക്കച്ചവടത്തിലേക്കാണ് സ്വകാര്യ ആശുപത്രികള്‍ തിരിഞ്ഞത്. വൃക്ക, കരള്‍ ശസ്ത്രക്രിയകളുടെ എണ്ണത്തില്‍ കുറവുവന്നിട്ടില്ലെന്ന കണക്ക് ഇതാണ് വ്യക്തമാക്കുന്നത്. പണം മുടക്കാന്‍ സാധിക്കുന്നവര്‍ക്ക് അവയവങ്ങള്‍ ലഭിക്കുന്നുണ്ട്. മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന പാവങ്ങളെ സര്‍ക്കാരിന് കൈയൊഴിയാനാകില്ല.

അവയവകച്ചവടം എന്ന ആപല്‍ക്കരമായ പ്രവണതയ്ക്ക് കടിഞ്ഞാണിടാനും മൃതസഞ്ജീവനി പദ്ധതി കൂടുതല്‍ ഫലപ്രദമാക്കാനുമുള്ള ഇടപെടലുകളാണ് അടിയന്തരമായി വേണ്ടത്. ഇക്കാര്യത്തില്‍ മുഖ്യപങ്കുവഹിക്കാനുള്ളത് ഡോക്ടര്‍സമൂഹത്തിനാണ്. സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ സദുദ്ദേശ്യം മനസ്സിലാക്കി എല്ലാ വിഭാഗം ഡോക്ടര്‍മാരും പദ്ധതിയോട് സഹകരിക്കണം. ചികിത്സിക്കുന്ന ന്യൂറോസര്‍ജന്റെമാത്രം തലയില്‍ തീരുമാനത്തിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കുന്ന രീതി മാറുന്നത് എന്തുകൊണ്ടും ആശാസ്യംതന്നെയാണ്. അകാലത്തില്‍ മസ്തിഷ്കമരണം സംഭവിച്ച സഹോദരങ്ങളുടെ അവയവങ്ങള്‍ സഹജീവികള്‍ക്ക് കൈമാറിക്കൊടുക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിനാകെയുള്ളതാണ്. ഇതിനുള്ള നിയമപരമായ മുന്‍കൈയും ഉത്തരവാദിത്തവുമാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. അതില്‍ ആശുപത്രി ഉടമകളെയും ഡോക്ടര്‍മാരെയും പങ്കാളികളാക്കുന്നതിനുള്ള ചര്‍ച്ചയും കൂടിയാലോചനകളും എല്ലാതലത്തിലും നടക്കണം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ മാധ്യമങ്ങളും മുന്നോട്ടുവരണം. ജനങ്ങളെ ബോധവല്‍ക്കരിക്കാനും അവയവദാനരംഗത്തെ കച്ചവടമനോഭാവത്തെയും ചൂഷണങ്ങളെയും തുറന്നുകാട്ടാനും മാധ്യമങ്ങള്‍ക്കാണ് സാധിക്കുക *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top