29 March Friday

മോഡി സ്‌തുതിയും മൃദു ഹിന്ദുത്വവും

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019


മോഡിയെ സ്‌തുതിച്ച് ജയറാം രമേഷ്, മനു അഭിഷേക് സിങ്‌വി തുടങ്ങിയ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ പ്രസ്‌താവനയിൽ വിശദീകരണം തേടാൻപോലും കോൺഗ്രസ് നേതൃത്വത്തിന് ആർജവമുണ്ടായില്ല. ഡൽഹിയിലെ ഒരു ചടങ്ങിൽ ജയറാം രമേഷ് പറഞ്ഞത്, ജനങ്ങളുമായി ബന്ധമുണ്ടാകുന്ന ഭാഷയിലാണ് മോഡി സംസാരിക്കുന്നതെന്നും ചെയ്യുന്ന നല്ലകാര്യങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ എതിരിടാനാകില്ലെന്നുമാണ്. വക്താവ് മനു അഭിഷേക് സിങ്‌വി ഉടൻ പിന്തുണയുമായെത്തി. തുടർന്നായിരുന്നു ശശി തരൂരിന്റെ പ്രസ്‌താവം. മോഡി ശരിയായ കാര്യങ്ങൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ പ്രശംസിക്കണമെന്നായിരുന്നു പ്രതികരണം. ഉണക്ക മരത്തിൽനിന്ന് ഇലകൾ കൊഴിഞ്ഞുപോകുംപോലെ നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുമ്പോഴാണ് ഈ നിരുത്തരവാദം.

പാർലമെന്റിലെയും വിവിധ നിയമസഭകളിലെയും ബിജെപി പ്രതിനിധികളിൽ വലിയൊരു ഭാഗം പഴയ കോൺഗ്രസ് നേതാക്കളാണ്. മൃദു ഹിന്ദുത്വം തലയ്‌ക്കുപിടിച്ച, അധികാര ലഹരി മൂത്ത, കുതിരക്കച്ചവടത്തിന്റെ പ്രയോക്താക്കളായ, ‘ആയാറാം ഗയാറാം' അവസരവാദികളെ അണിനിരത്തി ബിജെപിയെ നേരിടുമെന്ന ആ പാർടിയുടെ അവകാശവാദം നല്ല ഫലിതവും. കോൺഗ്രസ് സാമാജികരെ വലയിലാക്കാൻ യെദ്യൂരപ്പ പദ്ധതിയിട്ട ‘ഓപ്പറേഷൻ കമൽ' കർണാടകത്തിൽ വിജയിച്ചു. ഗോവയിലും സ്ഥിതി സമാനം. ചരിത്രത്തിലില്ലാത്തവിധം തെരഞ്ഞെടുപ്പു പരാജയം ഏറ്റിട്ടും അത് ചർച്ച ചെയ്യാൻപോലും പതിറ്റാണ്ടുകളുടെ പാരമ്പര്യത്തിൽ ഊറ്റംകൊള്ളുന്നവർക്ക് കഴിഞ്ഞിട്ടില്ല.


 

ബാബ്‌റി മസ്ജിദ് തകർക്കൽ, രാമക്ഷേത്രം, ഗുജറാത്ത് വംശഹത്യ, പശു പൂജ തുടങ്ങിയ വിഷയങ്ങളിലെ കോൺഗ്രസ് നിലപാട് ജനാധിപത്യത്തിന് മുറിവേൽപ്പിച്ചതാണ്. നാലര നൂറ്റാണ്ട് മതസൗഹാർദത്തിന്റെ പ്രതീകമായി നിലനിന്ന മസ്ജിദ് തകർക്കാൻ കാവിപ്പടയ്‌ക്ക്‌ അവസരമൊരുക്കിയ കുറ്റത്തിൽനിന്ന് നരസിംഹ റാവുവിന് കൈകഴുകാനാകുമോ. പശു ഭീകരതയിൽ സംഘപരിവാറിന്റെ കാർബൺ പതിപ്പുമായി ബദൽ രാഷ്ട്രീയം ഉയർത്താമെന്നത് വ്യാമോഹംമാത്രമാണ്. തങ്ങൾ അധികാരത്തിലെത്തിയാൽ അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ പ്രഖ്യാപനം ഹിന്ദുത്വ പ്രചാരകരെപ്പോലും ഞെട്ടിച്ചു. ഗുജറാത്ത് വംശഹത്യയിൽ കോൺഗ്രസ്‌ നേതാവും മുൻ പാർലമെന്റ് അംഗവുമായ ഇഹ്‌സാൻ ജാഫ്രി പിടഞ്ഞുമരിക്കുമ്പോൾ സഹപ്രവർത്തകർ കാവിവൽക്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. രാജസ്ഥാനിൽ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് പെഹ്ലൂഖാനെ തല്ലിക്കൊന്ന കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടതിൽ കോൺഗ്രസും പ്രതിക്കൂട്ടിലാണ്. കാവിപ്പടയാണ് കൊല നടത്തിയതെങ്കിൽ അദ്ദേഹത്തിന്റെ രണ്ട് മക്കൾക്കെതിരെ മോഷണക്കുറ്റം ചുമത്തുകയായിരുന്നു അശോക് ഗെഹ്‌ലോട്ട് സർക്കാർ.

പശുവിനെ 'രാഷ്ട്ര മാത'യായി പ്രഖ്യാപിച്ച് ബിജെപി നേതാവ് ജയ്റാം താക്കൂർ മുഖ്യമന്ത്രിയായ ഹിമാചൽ നിയമസഭ 2018 ഡിസംബർ 13ന് പ്രമേയം പാസാക്കിയത് കോൺഗ്രസ് പിന്തുണയോടെയാണ്. ആ പാർടിയുടെ മൃദുഹിന്ദുത്വ സമീപനങ്ങൾ തുറന്ന് വെളിപ്പെടുത്തുന്നതായി മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക. ശ്രീരാമന്റെ യാത്രാവഴി ഓർമിപ്പിച്ച് ചിത്രകൂടിൽ നിന്നാരംഭിക്കുന്ന രാം പഥ് ഗമനായിരുന്നു പ്രധാന വാഗ്ദാനം. 23,000 പഞ്ചായത്തിലും ഗോശാലകൾ. ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും വാണിജ്യ വിപുലീകരണം. ആത്മീയ വകുപ്പ് തുടങ്ങിയ ഉറപ്പുകളും ബിജെപി പത്രികയുടെ തുടർച്ചതന്നെ.

ഒരു തെരഞ്ഞെടുപ്പുവേളയിൽ ബാബ്‌റി മസ്ജിദ് നിലനിന്ന ഫൈസാബാദ് മണ്ഡലത്തിൽനിന്ന് പര്യടനം ആരംഭിച്ച രാജീവ്‌ഗാന്ധി ലക്ഷ്യം രാമരാജ്യമാണെന്ന് തുറന്നടിച്ചു. ഇടതുപക്ഷ സ്ഥാനാർഥി മിത്രാസെൻ യാദവിനെ പരാജയപ്പെടുത്താൻ സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച് ബിജെപിക്ക് പിന്തുണ നൽകുകയും ചെയ്‌തു. ബിജെപി ഭരണത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ഭീകരതകൾക്കെതിരെ നാവനക്കാത്തവർ മോഡി ചെയ്‌ത ‘നല്ല കാര്യങ്ങളിൽ' പുളകംകൊള്ളുകയാണ്. കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370–ാം അനുച്ഛേദം റദ്ദാക്കിയതോ ആൾക്കൂട്ട വധങ്ങൾക്ക് സാധൂകരണം നൽകുന്നതോ വിത്തെടുത്ത് കുത്തുംപോലെ റിസർവ് ബാങ്കിന്റെ കരുതൽ ധനം ദുർവ്യയംചെയ്‌തതോ വസ്‌ത്രവ്യവസായംമുതൽ ജെറ്റ് എയർവെയ്‌സ്‌ വരെ പ്രതിസന്ധിയിലാക്കിയതോ ബിസ്‌കറ്റ് കച്ചവടംമുതൽ വാഹനവിപണിവരെ സ്‌തംഭിപ്പിച്ചതോ ഏതാണ് മോഡിയുടെ നേട്ടമെന്ന് സ്‌തുതിപാഠകർ വ്യക്തമാക്കേണ്ടതുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top