25 April Thursday

ഇനി ലക്ഷ്യം വൈദ്യുതി ഉല്‍പ്പാദനവര്‍ധന

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2017

എന്താണ് നിങ്ങളുടെ ബദല്‍ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം നല്‍കുന്നത്, ഒരുവര്‍ഷം ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയാണ്. വിവാദ സ്രഷ്ടാക്കളുടെയും രാഷ്ട്രീയവിരോധത്തിന്റെ ജ്വരം ബാധിച്ച വലതുപക്ഷ- മാധ്യമ കൂട്ടുകെട്ടിന്റെയും ബഹളങ്ങളെ മറികടന്ന് സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ നേട്ടങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുന്നതിന്റെ പ്രതിഫലനമാണ് വാര്‍ഷികാഘോഷ പരിപാടികളുടെ വന്‍വിജയം.

അടിസ്ഥാന ജനവിഭാഗങ്ങളുടെ ചെറുപ്രശ്നങ്ങളെപ്പോലും അഭിമുഖീകരിക്കുന്നതിലും എല്ലാ സാമ്പത്തികഞെരുക്കങ്ങള്‍ക്കിടയിലും വരിഞ്ഞുമുറുക്കലിനിടയിലും ക്ഷേമ- വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും പിണറായി സര്‍ക്കാര്‍ കാണിക്കുന്ന നിശ്ചയദാര്‍ഢ്യം കേരളത്തെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്കാണ് നയിക്കുന്നത്. അതുകൊണ്ടാണ്, കേരള മാതൃകയ്ക്ക് തിളക്കം വര്‍ധിക്കുന്നത്. പലതിലും രാജ്യത്തിന് മാതൃകയായ കേരളം, മുഴുവന്‍ വീടുകളിലും അങ്കണവാടികളിലും വൈദ്യുതി എത്തിച്ച് ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നു. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് ഒരുവര്‍ഷത്തിനകം പൂര്‍ത്തീകരിച്ചിരിക്കുന്നു.

 ഇന്ത്യാരാജ്യത്ത് നാലായിരത്തോളം ഗ്രാമങ്ങളും നാലരക്കോടി വീടുകളും വൈദ്യുതിയില്ലാതെ കഴിയുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിച്ചത്. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം നടത്തിയതോടെ, വലിയൊരു നേട്ടം സാധ്യമായതിന്റെ ആഹ്ളാദത്തില്‍ അഭിരമിച്ച് അഹങ്കരിക്കാനല്ല, മറിച്ച് പുതിയ വെല്ലുവിളികള്‍ എങ്ങനെ ഏറ്റെടുക്കണമെന്ന് ഉറക്കെ ചിന്തിക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്. വൈദ്യുതിപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുതിയ സ്രോതസ്സുകള്‍ തേടണമെന്നും സൌരോര്‍ജമേഖലയിലേക്ക് വേഗത്തില്‍ ചുവടുവയ്ക്കണമെന്നുമുള്ള ആഹ്വാനമാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്. സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമായതുകൊണ്ട് അവസാനിക്കുന്നതല്ല കേരളത്തിന്റെ ഊര്‍ജപ്രശ്നം എന്ന തിരിച്ചറിവില്‍നിന്ന് ഉരുത്തിരിയുന്ന ആഹ്വാനമാണത്.  

വൈദ്യുതിരംഗത്ത് അഞ്ചുവര്‍ഷം യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച മുരടിപ്പിനെക്കുറിച്ചുള്ള കണക്കെടുപ്പിലേക്കുകൂടി ശ്രദ്ധ ക്ഷണിക്കുന്നുണ്ട് ഒരുവര്‍ഷംകൊണ്ട് എല്‍ഡിഎഫ് ഉണ്ടാക്കിയ നേട്ടം. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനം ആരംഭിച്ചത്. 2009ല്‍ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പാലക്കാടിനെ പ്രഖ്യാപിച്ചു. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടയില്‍ തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകള്‍കൂടി സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലകളായി. ഈ പ്രവര്‍ത്തനത്തിന് പിന്നീട് തുടര്‍ച്ചയുണ്ടായില്ല. 2012ഓടെ സമ്പൂര്‍ണ വൈദ്യുതീകരണം നേടുമായിരുന്ന കേരളം അഞ്ചുവര്‍ഷം പിന്നിലായിരിക്കുന്നു. വൈദ്യുതിവകുപ്പിന്റെ ചിട്ടയായും ശാസ്ത്രീയമായുമുള്ള ഒരുവര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം. ഒന്നരലക്ഷത്തിലധികം ഗുണഭോക്താക്കളെയാണ് കണ്ടെത്തിയത്. ഇതില്‍ ഒന്നേകാല്‍ലക്ഷത്തോളം ദാരിദ്യ്രരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങളാണ്. 32,000 കുടുംബങ്ങള്‍ പട്ടികജാതിയിലും 17,500 കുടുംബങ്ങള്‍ പട്ടികവര്‍ഗത്തിലും പെടുന്നു. മുപ്പതിനായിരത്തോളം ബിപിഎല്‍ പട്ടികവര്‍ഗകുടുംബങ്ങളുടെ വയറിങ് വൈദ്യുതിബോര്‍ഡ് നേരിട്ട് ഏറ്റെടുത്തു. ബോര്‍ഡ് ജീവനക്കാരും സന്നദ്ധസംഘടനകളും സഹായങ്ങള്‍ നല്‍കി.  ലൈന്‍ വലിക്കാന്‍ നിര്‍വാഹമില്ലാത്ത വനാന്തരങ്ങളില്‍ സൌരോര്‍ജപ്ളാന്റുകള്‍ സ്ഥാപിച്ചാണ് വൈദ്യുതി എത്തിച്ചത്. ഇങ്ങനെ 22 കോളനികളിലായി ഉദ്ദേശം 1600 വീടുകളില്‍ വൈദ്യുതി എത്തിച്ചു. അനെര്‍ട്ട്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ എന്നീ സ്ഥാപനങ്ങളും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഈ നേട്ടത്തിന്റെ അടിത്തറ. ഊര്‍ജമേഖലയിലെ ഇടപെടലിനെ അശ്ളീലത്തിന്റെ തലത്തിലേക്ക് അധഃപതിപ്പിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങിയത്. അതില്‍നിന്ന് നാടിന് മുക്തി നേടേണ്ടതുണ്ട്. പുതിയ സ്രോതസ്സുകള്‍ കണ്ടെത്തലും പ്രസരണ വിതരണ നഷ്ടം കുറയ്ക്കലും വൈദ്യുതിയുടെ ഗുണമേന്മ വര്‍ധിപ്പിക്കലും പ്രധാനമാണ്. വൈദ്യുതി ആവശ്യകതയുടെ 70 ശതമാനത്തോളം ഇന്ന് പുറത്തുനിന്ന് വാങ്ങുകയാണ്. ഉല്‍പ്പാദിപ്പിക്കുന്ന 30 ശതമാനത്തില്‍ കൂടുതലും ജലവൈദ്യുതിയില്‍നിന്നുള്ളതാണ്. മഴയുടെ ലഭ്യതയിലുണ്ടായ കുറവ് ഉല്‍പ്പാദനം പകുതിയാക്കി കുറച്ചു. ഉപയോഗത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. പവര്‍കട്ടോ ലോഡ്ഷെഡിങ്ങോ ഏര്‍പ്പെടുത്താതെ ഈ പ്രതിസന്ധി തരണംചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇങ്ങനെ എല്ലാ കാലത്തും സാധിക്കണമെന്നില്ല. ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. വൈദ്യുതി സാമൂഹ്യവികസനത്തിനുള്ള പശ്ചാത്തലസൌകര്യമായാണ് സര്‍ക്കാര്‍ കാണുന്നത് എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. കുറഞ്ഞ ചെലവില്‍ മേന്മയുള്ള വൈദ്യുതി ലഭ്യമാക്കേണ്ടതിന്റെ അനിവാര്യതയാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്്. എല്ലാ സ്രോതസ്സുകളും വിനിയോഗിക്കപ്പെടണം. ഊര്‍ജസംരക്ഷണം മുഖ്യ അജന്‍ഡയായി നടപ്പാക്കണം.

വൈദ്യുതി പാഴാക്കാതിരിക്കണം. 1996ല്‍ സമയബന്ധിതവും ഭാവനാപൂര്‍ണവുമായ പ്രവര്‍ത്തനത്തിലൂടെ കേരളത്തിന്റെ വൈദ്യുതിമേഖലയില്‍ കുതിച്ചുചാട്ടം സൃഷ്ടിച്ച അനുഭവം നമുക്കുമുന്നിലുണ്ട്. അന്നത്തെ വൈദ്യുതിമന്ത്രിയാണ് ഇന്ന് മുഖ്യമന്ത്രി. അദ്ദേഹംതന്നെയാണ്, അസൂയാവഹമായ നേട്ടത്തിന്റെ സാക്ഷാല്‍ക്കാരവേളയിലും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നുന്നത്. ഊര്‍ജമേഖലയുടെ വളര്‍ച്ച സര്‍ക്കാരിന്റെമാത്രം വിഷയമല്ല. ജനകീയ പങ്കാളിത്തത്തോടെ സാധ്യമാകേണ്ടതാണത്. ഒരുവര്‍ഷംകൊണ്ട് സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ലക്ഷ്യം നേടാനായ സര്‍ക്കാരിന്, അഞ്ചുവര്‍ഷംകൊണ്ട് ഈ രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാനാകും. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതോടൊപ്പം, ഈ അസുലഭനേട്ടത്തിനായി പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുകകൂടി ചെയ്യുന്നു *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top