26 April Friday

കേരളത്തെ നൂതന വ്യവസായ
ഹബ്ബാക്കാൻ പുതിയനയം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


വ്യവസായവൽക്കരണത്തിൽ വലിയ കുതിച്ചുച്ചാട്ടം സൃഷ്ടിക്കുന്ന പുതിയ വ്യവസായനയം കേരളത്തിൽ പൂർണമായും സംരംഭകസൗഹൃദമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കും. നിലവിലുള്ള വ്യവസായമേഖലയെ സമഗ്രമായി വിലയിരുത്തിയും കേരളത്തിന്റെ പ്രത്യേകതയും പുതിയകാലത്തിന്റെ ആവശ്യകതയും പരിഗണിച്ചുള്ള വ്യവസായങ്ങളിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്‌ ലക്ഷ്യം. നിക്ഷേപം വളർത്തിയും സുസ്ഥിര വ്യാവസായിക സൗഹൃദാന്തരീക്ഷം ഒരുക്കിയും അഭ്യസ്തവിദ്യരായ യുവാക്കളെയും സ്ത്രീകളെയും സംരംഭകലോകത്തേക്ക് കൈപിടിച്ചുയർത്താൻ നിരവധി പദ്ധതികൾ മുന്നോട്ടുവയ്‌ക്കുന്നു. വ്യവസായ വിപ്ലവം 4.0 ഇന്ത്യയിൽ നടപ്പാക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണെന്ന യാഥാർഥ്യം അംഗീകരിക്കുകയാണ്‌.  അത്യാധുനിക സാങ്കേതികവിദ്യകളിൽ ഊന്നിയുള്ള വ്യവസായങ്ങൾക്ക്‌ മുൻഗണന നൽകുന്നതോടൊപ്പം ചെറുകിട, ഇടത്തരം, സൂക്ഷ്‌മ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഒട്ടനവധി ഇളവുകളും സഹായങ്ങളും വ്യവസായ നയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. സംസ്ഥാനത്തിന്‌ അനുയോജ്യമായ 22 മുൻഗണനാമേഖല നിശ്‌ചയിച്ച്‌ അത്തരം വ്യവസായങ്ങളുടെ വളർച്ച സാധ്യമാക്കും.  ദൃഢമായ ഒരു സംരംഭക ആവാസവ്യവസ്ഥ സംജാതമാക്കുക, ഉത്തരവാദിത്വ നിക്ഷേപങ്ങളെയും സുസ്ഥിര വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കുക, പുതുതലമുറ സംരംഭങ്ങൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുക, സംരംഭങ്ങളെ പാരിസ്ഥിതിക സാമൂഹ്യ ഘടകങ്ങളിൽ ലോകോത്തര നിലവാരത്തിനനുസരിച്ച് മാറ്റങ്ങൾ സ്വീകരിക്കാൻ പ്രാപ്തരാക്കുക, ഉൽപ്പന്നങ്ങൾക്ക് "കേരള ബ്രാൻഡ്’ ലേബലിൽ വിപണനം ചെയ്യുന്നതിനും വിദേശവിപണി കണ്ടെത്തുന്നതിന് സൗകര്യം ഒരുക്കുക എന്നിവയാണ്  പ്രധാനമായും ലക്ഷ്യമിടുന്നത്.

അത്യാധുനിക വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയം രാജ്യത്തെ ഏറ്റവും വികസിത വ്യവസായ ഹബ്ബാക്കി കേരളത്തെ മാറ്റും. എയ്റോസ്പേസ് ആൻഡ്‌ ഡിഫൻസ്, നിർമിതബുദ്ധി, റോബോട്ടിക്സ്, മറ്റ് ബ്രേക്ക് ത്രൂ സാങ്കേതികവിദ്യകൾ, ബയോടെക്നോളജി ആൻഡ്‌ ലൈഫ് സയൻസ്, രൂപകൽപ്പന (ഡിസൈൻ), ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് സിസ്റ്റം രൂപകൽപ്പനയും ഉൽപ്പാദനവും, എൻജിനിയറിങ് ഗവേഷണവും വികസനവും, ഭക്ഷ്യ സാങ്കേതിക വിദ്യകൾ, ഗ്രഫീൻ, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ്‌ തുടങ്ങിയ നവീന വ്യവസായങ്ങൾ  മുൻഗണനാ മേഖലകളിൽ ഉൾപ്പെടുന്നു. അടിസ്ഥാനസൗകര്യ വികസനം, സാങ്കേതികവിദ്യയും നവീകരണവും, സ്ഥാപനപരമായ കാര്യക്ഷമത, വിപണി വികസനം, കയറ്റുമതി സുഗമമാക്കൽ, ഗവേഷണ വികസനം, നൈപുണ്യ വികസനം, പ്രോത്സാഹനം എന്നിവയിലൂടെ ഈ വ്യവസായങ്ങളുടെ വളർച്ചയ്‌ക്ക്‌  സർക്കാർ സമഗ്രപിന്തുണ നൽകും. ഇന്ത്യക്ക്‌ അകത്തും പുറത്തും ജോലി ചെയ്യുന്ന മലയാളികളായ പതിനായിരക്കണക്കിന്‌ സാങ്കേതിക വിദഗ്‌ധരെ കേരളത്തിലേക്ക്‌ ആകർഷിച്ച്‌ പുതിയസംരംഭങ്ങൾ തുടങ്ങാൻ ഇതിലൂടെ സാധിക്കും. പ്രാദേശിക തൊഴിലാളികൾക്ക്‌ സ്ഥിരജോലി നൽകുന്ന വൻകിട സംരംഭങ്ങളിൽ  ഇത്തരം തൊഴിലാളികളുടെ മാസശമ്പളത്തിന്റെ 20 ശതമാനം (പരമാവധി 5000 രൂപവരെ) സർക്കാർ നൽകുന്നത്‌ ന്യായമായ ശമ്പളം ഉറപ്പുവരുത്തി മലയാളികൾക്ക്‌ തൊഴിൽ നൽകാനും സഹായകമാകും.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നീ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾക്കൊപ്പം വ്യവസായരംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഒന്നാം പിണറായി സർക്കാർ മുൻഗണന നൽകിയത്‌. രണ്ടാം പിണറായി സർക്കാർ ഇത്‌ കുറെക്കൂടി വിപുലപ്പെടുത്തുകയാണ്‌. എൽഡിഎഫ്‌ സർക്കാർ തുടർച്ചയായി രണ്ടാംതവണയും  അധികാരത്തിലെത്തിയതിന്റെ പ്രതിഫലനം വ്യവസായരംഗത്ത് പ്രകടമാണ്‌. വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തിക്കൊണ്ട്‌ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിൽ കേരളം ഇരുപത്തെട്ടിൽനിന്ന് 15ൽ എത്തി. അടുത്ത സർവേയിൽ ആദ്യ പത്തിലെത്താനാണ് ശ്രമിക്കുന്നത്. വ്യവസായ വളർച്ച നിരക്കിൽ വലിയമുന്നേറ്റമുണ്ടായി.  മാനുഫാക്ചറിങ്‌ മേഖലയിൽ ദേശീയ ശരാശരിക്ക് മുകളിലാണ്‌ കേരളം. പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കി, ആധുനികവൽക്കരിച്ച് മത്സരക്ഷമവും ലാഭകരവുമാക്കുന്നു. നഷ്ടത്തിന്റെ പേരിൽ കേന്ദ്രസർക്കാർ അടച്ചുപൂട്ടിയ എച്ച്‌എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌  നവീകരിച്ച്‌ നല്ല രീതിയിൽ പ്രവർത്തിപ്പിച്ചു തുടങ്ങി. പുതിയ നയത്തിലൂടെ വ്യവസായരംഗത്തും കേരള മാതൃക സൃഷ്ടിക്കാനുള്ള എൽഡിഎഫ്‌ സർക്കാരിന്റെ ശ്രമത്തെ വ്യവസായലോകം ഒന്നടങ്കം സ്വാഗതം ചെയ്യുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top