25 June Saturday

സിറിയയുടെ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Mar 31, 2016

രണ്ടായിരം വര്‍ഷത്തെ ചരിത്രമുള്ള പൌരാണികനഗരമായ പല്‍മിറയില്‍നിന്ന് ഐഎസ് ഭീകരരെ തുരത്തി സിറിയന്‍ സൈന്യം ആധിപത്യം നേടിയിരിക്കുന്നു. ഭീകരപ്രസ്ഥാനമായ ഐഎസ് ഏറെക്കാലമായി കൈയടക്കിവച്ച പല്‍മിറ രൂക്ഷമായ ഏറ്റമുട്ടലിനൊടുവിലാണ് സൈന്യം പിടിച്ചെടുത്തത്. റഷ്യന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു. 500 ഐഎസുകാരാണ് ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഹോംസ് പ്രവിശ്യയിലെ സുഖ്ന ഉള്‍പ്പെടെയുള്ള മേഖലകളിലേക്കാണ് ഭീകരര്‍ പലായനംചെയ്തത്. അടുത്തകാലത്തൊന്നും ഇത്രയും വലിയ ആള്‍നഷ്ടം ഐഎസിന് ഉണ്ടായിട്ടില്ല. കൊബാനെ നഷ്ടപ്പെട്ടശേഷം ഐഎസ് നേരിടുന്ന ഏറ്റവും കനത്ത ആഘാതമാണ് പല്‍മിറയുടെ പതനം. കുര്‍ദിഷ് വൈപിജി സേനയാണ് കൊബാനെ പിടിച്ചെടുത്തതെങ്കില്‍ പല്‍മിറ ബാഷര്‍ അല്‍ അസദിന്റെ സൈന്യമാണ് പിടിച്ചെടുത്തതെന്നു മാത്രം.

പല്‍മിറയുടെ പതനത്തിന് ഏറെ തന്ത്രപ്രാധാന്യമുണ്ട്. 'മരുഭൂമിയുടെ മണവാട്ടി'യെന്ന് സിറിയയില്‍ വിളിപ്പേരുള്ള പ്രദേശമാണ് പല്‍മിറ. വിശാലമായ മരുഭൂമിയില്‍ ഏതാനും നഗരം മാത്രമാണുള്ളത്. അതില്‍ ഏറ്റവും പ്രധാന നഗരമാണിത്. പല്‍മിറ പിടിക്കാനായതും അവിടത്തെ വ്യോമ്യത്താവളം ഉപയോഗിക്കാന്‍ സിറിയന്‍ സൈന്യത്തിനു കഴിയുന്നതും സമീപമുള്ള ഡീര്‍ എസോര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കീഴ്പ്പെടുത്താന്‍ അവരെ സഹായിക്കും. ഈ നീക്കം വിജയിക്കുന്നപക്ഷം കിഴക്കന്‍ സിറിയയുടെ ശാക്തിക ബലാബലത്തില്‍ വലിയ മാറ്റംതന്നെ ഉണ്ടാകും. ഈ ഭാഗത്താണ് ഐഎസിന്റെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റാഖ നഗരം. ഈ നഗരത്തിലേക്കുള്ള എല്ലാ വഴിയും നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞാല്‍ ഐഎസിനെ അവിടെയും പരാജയപ്പെടുത്താന്‍ സൈന്യത്തിന് കഴിയും. ഐഎസിന് സിറിയയില്‍ മുന്നേറ്റം അസാധ്യമാക്കുന്നതാണ് പല്‍മിറയുടെ പതനമെന്ന് ഉറപ്പിച്ചുപറയാം.

സിറിയയും റഷ്യയും ഇറാനും ഹിസബുള്ളയും മറ്റും ഐഎസിനെതിരെ പോരാടാനല്ല മറിച്ച് പാശ്ചാത്യരും സൌദി അറേബ്യയും തുര്‍ക്കിയും മറ്റും പിന്തുണയ്ക്കുന്ന വിമതരെ നേരിടാനാണ് അവരുടെ സൈനികശേഷി മുഴുവന്‍ ഉപയോഗിക്കുന്നതെന്ന അമേരിക്കയുടെയും പാശ്ചാത്യമാധ്യമങ്ങളുടെയും പ്രചാരണം തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് പല്‍മിറയില്‍ സിറിയന്‍ സൈന്യം നേടിയ വിജയം. ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍നിന്ന് ഇറക്കാന്‍ അല്‍ ഖായ്ദയുമായി ബന്ധമുള്ള ജബാത്ത് അല്‍ നൂസ്റ എന്ന വിമതവിഭാഗത്തിനു പണവും ആയുധവും നല്‍കുന്നത് അമേരിക്കയും സൌദിഅറേബ്യയും മറ്റുമാണ്. ഐഎസിനെതിരെ പൊരുതുന്നതോടൊപ്പംതന്നെ ഈ വിഭാഗത്തിനെതിരെയും സിറിയന്‍ സൈന്യം അടുത്തകാലത്ത് വന്‍വിജയങ്ങള്‍ നേടുകയുണ്ടായി. ലടാക്കിയ, അലെപ്പോ തുടങ്ങിയ മേഖലകളിലാണ് ഇവര്‍ക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. സിറിയന്‍ സൈന്യത്തിന് അനുകൂലമായി റഷ്യ രംഗത്തുവന്നതോടെ വിമതര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. ഇതോടെയാണ് തുര്‍ക്കി ഒഴികെയുള്ള യൂറോപ്യന്‍ ശക്തികളും അമേരിക്കയും ചര്‍ച്ചയുടെയും അനുരഞ്ജനത്തിന്റെയും പാത സ്വീകരിക്കാന്‍ തയ്യാറായതും ജനീവയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതും. സിറിയയിലായാലും ഇറാക്കിലായാലും ഐഎസിനെതിരെ എണ്ണമറ്റവിജയങ്ങളൊന്നും അമേരിക്കന്‍ സൈന്യത്തിനോ അവരുടെ സഖ്യശക്തികള്‍ക്കോ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നതും ചര്‍ച്ചയ്ക്ക് സന്നദ്ധമാകാന്‍ ഇവരെ പ്രേരിപ്പിച്ചു. ഏതായാലും ജനീവ ചര്‍ച്ച പല വിമതര്‍ക്കും സര്‍ക്കാരുമായി അനുരഞ്ജനത്തിലെത്താന്‍ വഴിതുറന്നു. തകര്‍ച്ചയില്‍നിന്നു രക്ഷപ്പെടാന്‍ ഇതുമാത്രമാണ് മാര്‍ഗമെന്ന് വിമതര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ഐഎസും അല്‍ ഖായ്ദയും മാത്രമാണ് സിറിയന്‍ സൈന്യത്തിനെതിരെ ഇപ്പോള്‍ പോരടിക്കുന്നത്.

സിറിയന്‍ വിമതര്‍ക്ക് ആയുധവും പണവും നല്‍കി സഹായിക്കുക വഴി ഐഎസിനെതിരായ യുദ്ധത്തിന്റെ മുനയൊടിക്കുന്നത് അമേരിക്കയും സഖ്യശക്തികളും തന്നെയാണെന്ന് ദിവസംതോറും വ്യക്തമാകുകയാണ്. നാറ്റോ അംഗമായ തുര്‍ക്കിയാകട്ടെ, ഐഎസിന്റെ എണ്ണപോലും വ്യാപാരം നടത്താന്‍ സഹായിക്കുകയാണ്. മാത്രമല്ല, അവര്‍ക്ക് സിറിയയിലേക്കും ഇറാക്കിലേക്കും പുറത്തേക്കും തടസ്സമില്ലാതെ പോകാന്‍ വഴിയൊരുക്കുന്നതും തുര്‍ക്കി തന്നെ. റഷ്യ ഇക്കാര്യം പരസ്യമായി പറഞ്ഞപ്പോള്‍ അമേരിക്കയും മറ്റും അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍,  അമേരിക്കയുടെ സഖ്യകക്ഷിയായ ജോര്‍ദാനിലെ രാജാവ് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളോട് സംസാരിക്കവെ തുര്‍ക്കിക്കെതിരായ ആരോപണങ്ങള്‍ ശരിവച്ചതായി വെളിപ്പെടുകയുണ്ടായി.  അഫ്ഗാനിസ്ഥാനില്‍നിന്നും ലിബിയയില്‍നിന്നും ഇറാക്കില്‍നിന്നും ഒരുപാഠവും അമേരിക്കയും സഖ്യശക്തികളും പഠിച്ചിട്ടില്ലെന്ന് ഇത് തെളിയിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top