29 May Monday

മദ്യനയത്തിലെ സുപ്രീംകോടതി വിധി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 30, 2015

ബാര്‍ ലൈസന്‍സ് കേസില്‍ വന്ന സുപ്രീംകോടതി വിധി സംസ്ഥാനത്തെ മദ്യത്തിന്റെ ലഭ്യതയിലോ ഉപഭോഗത്തിലോ പുതിയ എന്തെങ്കിലും ചലനമുണ്ടാക്കുന്നതല്ല. വിധി ചരിത്രപ്രധാനമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അവകാശപ്പെടുന്നുണ്ട്. എക്സൈസ് മന്ത്രി കെ ബാബു വിധിയില്‍ സന്തോഷം രേഖപ്പെടുത്തി. സര്‍ക്കാര്‍ നയത്തിനുള്ള അംഗീകാരമാണ് വിധി എന്നാണ് അവകാശവാദം. മദ്യനയം രൂപീകരിക്കേണ്ടത് സര്‍ക്കാരാണ് എന്നല്ലാതെ നിലവിലുള്ള നയം ശരിയാണെന്ന് കോടതി വിധിച്ചിട്ടില്ല. വ്യാപകമായി ബിയര്‍– വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതിനെ വിമര്‍ശിച്ച സുപ്രീംകോടതി ബാറുകളടച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം അപര്യാപ്തമാണെന്നും അഞ്ചുശതമാനം സെസ് ഏര്‍പ്പെടുത്തിയിട്ടും തൊഴിലാളിക്ക് ഗുണംചെയ്തില്ല എന്നും ചൂണ്ടിക്കാട്ടി.

മദ്യഉപഭോഗം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നയം രൂപീകരിച്ചതെന്നും അതിന്റെ ഭാഗമായാണ് ബാറുകള്‍ പൂട്ടാന്‍ തീരുമാനിച്ചതെന്നും ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കലാണ് ലക്ഷ്യമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. അത്തരം കാര്യങ്ങളിലേക്ക് കടക്കാതെ അതിന്റെ ശരിതെറ്റുകള്‍ ജനങ്ങളുടെ തീരുമാനത്തിനു വിട്ടാണ് വിധി വന്നത്. ബാറുടമകളുടെ അപ്പീല്‍ തള്ളി അന്തിമവിധി വന്നതോടെ സംസ്ഥാനത്ത് രണ്ടുഘട്ടമായി അടച്ച 730 ബാറില്‍ വിദേശമദ്യവില്‍പ്പന പുനഃരാരംഭിക്കാനുള്ള സാധ്യത അടഞ്ഞു. 27 പഞ്ചനക്ഷത്ര ഹോട്ടലുകളിലും 33 ക്ളബ്ബുകളിലുമാണ് വിദേശ മദ്യവില്‍പ്പന തുടരുക. ബാറുകള്‍ അടച്ചപ്പോള്‍ രൂപംമാറിയ ബിയര്‍– വൈന്‍ വില്‍പ്പനശാലകളുടെ എണ്ണം 806 ആണ്. അവിടങ്ങളില്‍ ബിയറും വൈനും വില്‍ക്കും.

മദ്യത്തിന്റെ ദൂഷ്യഫലം ബോധ്യപ്പെടുത്തിയും മദ്യവര്‍ജനത്തിന് പ്രോത്സാഹനം നല്‍കിയും ലഭ്യത കുറച്ചും ജനങ്ങളെ മദ്യപാനശീലത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ദൌര്‍ഭാഗ്യവശാല്‍ അത്തരമൊരു ലക്ഷ്യംവച്ചുള്ളതല്ല ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം. 2014 ഏപ്രില്‍ ഒന്നിനാണ് നിലവാരമില്ലാത്ത 418 ബാര്‍ പൂട്ടാന്‍ തീരുമാനിച്ചത്. പൊടുന്നനെയുള്ള തീരുമാനമായിരുന്നു അത്. സര്‍ക്കാര്‍ മദ്യനയം രൂപീകരിക്കുമ്പോള്‍ ശാസ്ത്രീയമായ വസ്തുതകളുടെ പിന്‍ബലം ഉണ്ടാകണം, പഠനം നടക്കണം, സര്‍ക്കാര്‍ തലത്തിലും ഇതര വേദികളിലും ചര്‍ച്ച ഉണ്ടാകണം. കേരളം അഭിമുഖീകരിക്കുന്ന ഗുരുതര വിപത്താണ് മദ്യത്തിന്റേത്. മദ്യാസക്തിയും അമിത മദ്യപാനവും സമൂഹത്തെ കാര്‍ന്നുതിന്നുന്ന രോഗങ്ങളാണ്. അത് ചെറുക്കപ്പെടണമെന്നതില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍, അത്തരം ഒരു ശ്രമമല്ല; മറിച്ച്, നിലവാരപരിശോധനയുടെ പേരില്‍ ബാറുടമകളില്‍നിന്ന് കോഴ വാങ്ങാനുള്ള പദ്ധതിയാണ് 'മദ്യനയം' എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പാക്കിയത്.

നയം രൂപീകരിക്കാനുള്ള അധികാരം ഉപയോഗിച്ച് ബാറുടമകളുമായി കച്ചവടം നടത്തുകയാണുണ്ടായത്. അത് പുറത്തുവന്നപ്പോഴാണ് മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്ന കെ എം മാണി രാജിവച്ചുപോകാന്‍ നിര്‍ബന്ധിതനായത്. എക്സൈസ് മന്ത്രി കെ ബാബുവിന്റെ നില പരുങ്ങലിലാണ്. ബാര്‍കോഴക്കേസില്‍ ഭരണമുന്നണിയിലെ പ്രമുഖരായ പല നേതാക്കളുടെയും പങ്കാളിത്തം സ്ഥിരീകരിക്കുന്ന തെളിവുകള്‍ വന്നിട്ടുണ്ട്. കേസന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തിയതിന്റെയും ഉന്നത ഇടപെടലുകള്‍ ഉണ്ടായതിന്റെയും തെളിവുകളും വന്നു. മന്ത്രിമാര്‍ക്കുള്‍പ്പെടെ നേരിട്ട് കോഴ കൊടുക്കേണ്ടിവന്നു എന്ന് ബാറുടമാസംഘം നേതാക്കള്‍ പരസ്യമായി ആവര്‍ത്തിച്ച് വെളിപ്പെടുത്തി. കോടതിക്കുമുമ്പാകെയും തെളിവുകള്‍ എത്തി. കേസുകളും അന്വേഷണവും തുടരുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ കച്ചവടത്തിനോ വാങ്ങിയ കോഴയ്ക്കോ സുപ്രീംകോടതി വിധിയോടെ അംഗീകാരം കിട്ടി എന്ന് മേനി നടിക്കുന്നവര്‍ ബാര്‍ കോഴക്കേസ് എങ്ങനെയുണ്ടായി എന്നത് സൌകര്യപൂര്‍വം മറക്കുകയാണ്.

സുപ്രീംകോടതി വിധി വന്നയുടനെ ബാറുടമാസംഘം നേതാക്കള്‍ പ്രതികരിച്ചത് നിയമനടപടി തുടരുമെന്നും സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്നുമാണ്. തങ്ങള്‍ ഉന്നയിച്ച ആരോപണം കൂടുതലായി തെളിയാനുള്ള അവസരം വന്നു എന്നായിരുന്നു ഒരു നേതാവിന്റെ പ്രതികരണം. ബാര്‍ ലൈസന്‍സ് പ്രശ്നം കൂറ്റന്‍ അഴിമതിക്കേസിന്റെ ഉല്‍പ്പന്നമാണെന്നും 730 ബാര്‍ പുനരാരംഭിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതോടെ ബാര്‍ കോഴയുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നുമാണ് ഈ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാനാവുക. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം കൂറ്റന്‍ തട്ടിപ്പാണ്. അതിന്റെ ഫലമായി സംസ്ഥാനത്ത് മദ്യലഭ്യത കുറഞ്ഞിട്ടില്ല. വെള്ളംചേര്‍ത്ത് കഴിക്കുന്ന വിദേശമദ്യത്തിനുപകരം വെള്ളംചേര്‍ക്കാതെ കഴിക്കുന്ന ബിയറിലേക്ക് കുറേ മദ്യപര്‍ മാറിയെന്നല്ലാതെ മദ്യലഭ്യതയോ ഉപഭോഗമോ കുറഞ്ഞതായി ഒരു കണക്കുമില്ല. മദ്യത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുനേടാനും പണം നേടാനും വ്യഗ്രതകാട്ടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കപടമുഖമാണ് സുപ്രീംകോടതി വിധിയോടെ കൂടുതല്‍ തെളിഞ്ഞത്. ബാറുടമകള്‍ക്ക് ഭീഷണി മുഴക്കാവുന്ന തരത്തിലുള്ള ഇടപാടുകള്‍ സര്‍ക്കാരുമായി നടന്നു എന്നതും അനിഷേധ്യമായ വസ്തുതയാണ്. സുപ്രീംകോടതി വിധിയോടെ യഥാര്‍ഥത്തില്‍ പ്രതിസന്ധിയിലായത് യുഡിഎഫ് സര്‍ക്കാരാണ് എന്നര്‍ഥം.

ബാറുകള്‍ അടച്ചതോടെ തൊഴില്‍രഹിതരായവര്‍ക്കുള്ള പുനരധിവാസ പദ്ധതിയുടെ പ്രസക്തിയും പ്രാധാന്യവും സുപ്രീംകോടതി അംഗീകരിച്ചുവെന്നതാണ് ഈ വിധിയിലെ എടുത്തുപറയേണ്ട ഒരു വിഷയം. തങ്ങളുടെ ആവശ്യങ്ങള്‍ ഹൈക്കോടതിക്കുമുമ്പാകെ അവതരിപ്പിക്കാനുള്ള അവസരമാണ് സുപ്രീംകോടതി തൊഴിലാളികള്‍ക്ക് നല്‍കിയത്. അത് ആശ്വാസകരമാണ്. സുപ്രീംകോടതി വിധിയുടെ സത്ത മാനിച്ച്, ശാസ്ത്രീയമായ മാര്‍ഗം അവലംബിച്ച് മദ്യവിപത്തിനെതിരായ പോരാട്ടം നയിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകേണ്ടത്. മദ്യോപഭോഗം വര്‍ധിച്ചുവെന്ന് എക്സൈസ് മന്ത്രിയും സ്വകാര്യ കാറുകള്‍പോലും ബാറുകളായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും പരസ്യമായി പറഞ്ഞത് നാം കേട്ടതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ വിജയമല്ല അവരിരുവരും പ്രഖ്യാപിച്ചത്. സുപ്രീംകോടതി വിധിയില്‍ ഊറ്റം കൊള്ളുന്നതിനുപകരം മദ്യവിപത്തിനെ ഫലപ്രദമായി തടയാനുള്ള മാര്‍ഗങ്ങള്‍ ഇനിയെങ്കിലും ആലോചിച്ചാല്‍ സര്‍ക്കാരിനും കേരളത്തിനും നല്ലത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top