10 June Saturday

ജാതിവേട്ട പൊള്ളുന്ന ഇന്ത്യന്‍ യാഥാര്‍ഥ്യം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2016

പത്തുവര്‍ഷം മുമ്പ് സെപ്തംബര്‍ 29നാണ് മഹാരാഷ്ട്രയില്‍ നാഗ്പുരിനടുത്തുള്ള ഭണ്ഡാര ജില്ലയിലെ കൈര്‍ലാഞ്ചി ഗ്രാമത്തില്‍ രാജ്യം കണ്ട ഏറ്റവും വലിയ ദളിത് വേട്ട നടന്നത്. ഒരു കുടുംബത്തിലെ നാലുപേരെയാണ് അന്ന് ഗ്രാമത്തിലെ ഒബിസി വിഭാഗത്തില്‍പെട്ടയാളുകള്‍ കൊന്നുതള്ളിയത്. ഗ്രാമത്തിലെ ഓവുചാലുകളില്‍നിന്നും വയലില്‍നിന്നും മറ്റുമായാണ് ഈ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നാല്‍പ്പത്തഞ്ചുകാരിയായ സുരേഖ അവരുടെ മക്കളായ സുധീര്‍ (21), കണ്ണിന് കാഴ്ചയില്ലാത്ത രോഷന്‍ (19), പ്രിയങ്ക (17) എന്നിവരാണ് കൊലചെയ്യപ്പെട്ടത്.  സ്ത്രീകളെ വസ്ത്രമുരിഞ്ഞ് നഗ്നരാക്കി മര്‍ദിച്ച്, ബലാത്സംഗം ചെയ്ത് ക്രൂരമായി കൊല്ലുകയായിരുന്നു. സുരേഖയുടെ ഭര്‍ത്താവ് ഭയ്യാലാല്‍ ബൂത്മാംഗെ സ്ഥലത്തില്ലാത്തതുകൊണ്ടു മാത്രം കൊലചെയ്യപ്പെടാതെ രക്ഷപ്പെട്ടു.

എന്തായിരുന്നു ഈ കൊടും ക്രൂരതയ്ക്ക് കാരണം? സുരേഖയ്ക്കും കുടുംബത്തിനും സ്വന്തമായി അഞ്ചേക്കര്‍ ഭൂമിയുണ്ട്് എന്നതുതന്നെ പ്രധാന കാരണം. സ്വന്തം ഭൂമിയില്‍ കൃഷിചെയ്യുമെന്ന സുരേഖയുടെയും കുടുംബത്തിന്റെയും നിര്‍ബന്ധമാണ് ഗ്രാമത്തില്‍ ആധിപത്യമുള്ള ഒബിസി വിഭാഗത്തില്‍പെട്ട കുന്‍ബി ഭൂരിപക്ഷത്തെ പ്രകോപിപ്പിച്ചത്. തങ്ങള്‍ക്കു മുമ്പില്‍ വഴങ്ങിനില്‍ക്കേണ്ടവര്‍ അതിനു തയ്യാറാകാതെ വന്നപ്പോഴുള്ള മേല്‍ജാതിക്കാരുടെ രോഷമാണ് കൈര്‍ലാഞ്ചി കൂട്ടക്കൊലയിലേക്ക് നയിച്ചത്.  ഈ ഭൂമി വിട്ടുകൊടുക്കാന്‍ ഗ്രാമത്തിലെ രണ്ട് ദളിത് കുടുംബങ്ങളിലൊന്നായ ഭയ്യാലാലിനോട് കുന്‍ബി പ്രമുഖര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിന് വഴങ്ങാന്‍ അവര്‍ തയ്യാറായില്ല. സ്വന്തം ഭൂമിയില്‍ കൃഷിയിറക്കണമെന്ന നിര്‍ബന്ധം സുരേഖയ്ക്കാണെന്നതിനാലാണ് അവര്‍ക്കെതിരെ രോഷം പതഞ്ഞൊഴുകിയത്. സുരേഖയ്ക്കും മകള്‍ക്കുമെതിരെ ലൈംഗികച്ചുവയുള്ള അസഭ്യവര്‍ഷവും പതിവായിരുന്നു.  ഈ ഘട്ടത്തിലാണ് അടുത്ത ഗ്രാമമായ ദുഷാലയിലെ പൊലീസ്് ഉദ്യോഗസ്ഥനും ദളിതനുമായ സിദ്ധാര്‍ഥ് ഗജ്ബിയെയുടെയും സഹോദരന്റെയും സഹായം സുരേഖയുടെ കുടുംബം തേടിയത്. സുരേഖയെ സഹായിക്കാന്‍ സിദ്ധാര്‍ഥ് തയ്യാറായി എന്നതുകൊണ്ടു തന്നെ കൈര്‍ലാഞ്ചിയിലെ കുന്‍ബി സമുദായക്കാര്‍ അദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചു. ഇതില്‍നിന്നു സിദ്ധാര്‍ഥിനെ രക്ഷിച്ചതും അയാള്‍ക്ക് അനുകൂലമായി പൊലീസിന് മൊഴികൊടുത്തതും സുരേഖയായിരുന്നു. സിദ്ധാര്‍ഥ് ഇതിന്റെ ഫലമായി ജാമ്യത്തില്‍ ഇറങ്ങി.  ഇതിനുള്ള പ്രതികാരമെന്ന നിലയിലാണ് 50ല്‍ അധികം വരുന്ന കുന്‍ബി സമുദായക്കാര്‍ സുരേഖയെയും കുടുംബത്തെയും ആക്രമിച്ച് കൊലപ്പെടുത്തിയത്. അന്ന് വിവിധ അന്വേഷക സംഘങ്ങള്‍ കണ്ടെടുത്ത ഫോട്ടോഗ്രാഫുകള്‍ വ്യക്തമാക്കുന്നത് സുരേഖയുടെയും പ്രിയങ്കയുടെയും ശരീരരത്തില്‍ മര്‍ദനമേല്‍ക്കാത്ത ഒരുഭാഗം പോലും ഉണ്ടായിരുന്നില്ലെന്നാണ്. എന്നാല്‍, ഇത്തരം സാഹചര്യത്തെളിവുകളൊന്നും പരിഗണിക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായില്ലെന്ന് കൈര്‍ലാഞ്ചി സംഭവത്തെക്കുറിച്ച് പുസ്തകമെഴുതിയ ആനന്ദ് തെല്‍തുംബ്ഡെ സാക്ഷ്യപ്പെടുത്തുന്നു.  ഈ കൊടുംക്രൂരതയുടെ വേദന പേറി ഇന്നും ഭണ്ഡാര നഗരത്തില്‍ ജീവിക്കുന്ന ഭയ്യാലാല്‍ നീതിക്കായി കേഴുകയാണ്.

തുടക്കം മുതല്‍തന്നെ കേസ് തേയ്ച്ചുമായ്ച്ചു കളയാനാണ് അന്ന് അധികാരത്തിലിരുന്ന കോണ്‍ഗ്രസ്–എന്‍സിപി സര്‍ക്കാരും പിന്നീട് അധികാരമേറിയ ബിജെപി–ശിവസേന സര്‍ക്കാരും തയ്യാറായത്. കുറ്റവാളികളെ രക്ഷിക്കാന്‍ തുടക്കം മുതല്‍തന്നെ ഉന്നതങ്ങളില്‍ കരുനീക്കങ്ങള്‍ നടന്നു. പ്രധാന പ്രതികള്‍ ബിജെപിക്കാരായതിനാല്‍ ഇതിന് ആക്കം കൂടി.

ദളിത്–ആദിവാസി ആക്രമണ നിരോധന ബില്ലിലെ വ്യവസ്ഥകളൊന്നും കുറ്റം ചെയ്തവര്‍ക്കെതിരെ ചുമത്തിയില്ല.  ബലാത്സംഗക്കുറ്റവും അക്രമികള്‍ക്കെതിരെ ചാര്‍ജ് ചെയ്തില്ല. ദളിത് ആക്രമണത്തെ വ്യക്തികള്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെയും തര്‍ക്കത്തിന്റെയും ഫലമാണെന്ന രീതിയിലാണ് അധികൃതരും മാധ്യമങ്ങളും ചിത്രീകരിച്ചത്.  'ലോക്മത് ടൈംസ്' പോലുള്ള മാധ്യമങ്ങളാകട്ടെ സുരേഖയുടെ വഴിവിട്ട സഞ്ചാരമാണ് എല്ലാ കുഴപ്പത്തിനും കാരണമെന്ന് വരുത്തിത്തീര്‍ക്കാനായി വാര്‍ത്തകള്‍ കെട്ടിച്ചമച്ചു. സുരേഖയുടെ കുടുംബം കൂട്ടക്കൊലയ്ക്ക് വിധേയമായത് അവരുടെ തന്നെ കുഴപ്പംകൊണ്ടാണെന്ന് അവസാനം പൊലീസും കോടതിയും വരെ നിഗമനത്തിലെത്തി. സിഐഡിയും അവസാനം സിബിഐയും കേസന്വേഷിച്ചുവെങ്കിലും അതെല്ലാം തന്നെ യഥാര്‍ഥ പ്രതികളെ രക്ഷിക്കുന്നതിലേക്കാണ് നയിച്ചത്.  ആദ്യം പ്രതിപ്പട്ടികയില്‍ 50 പേരാണ് ഉണ്ടായിരുന്നതെങ്കില്‍ രണ്ടുവര്‍ഷത്തിനകം ഭണ്ഡാരെ സെഷന്‍സ് കോടതിക്ക് മുമ്പിലെത്തിയപ്പോള്‍ അത് 11 ആയി ചുരുങ്ങി.  വിധി പറഞ്ഞപ്പോള്‍ അവരുടെ എണ്ണം എട്ടായി. എട്ടു പേര്‍ക്ക് വധശിക്ഷയാണ് സെഷന്‍സ് കോടതി വിധിച്ചത്.  മൂന്നുപേരെ വെറുതെവിട്ടു.  2010ല്‍ മുംബൈ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്തു. ഇതിനെതിരെ ഭയ്യാലാലും മറ്റും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. അന്തിമ വിധി ഇനിയും വന്നിട്ടില്ല.

ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ ക്രൌര്യവും സ്വാധീനവും എത്രയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് കൈര്‍ലാഞ്ചി സംഭവം. ദളിത് വേട്ട തടയാന്‍ നിയമം കര്‍ക്കശമാക്കണമെന്ന ആവശ്യത്തിനു പകരം മഹാരാഷ്ട്രയിലെ മറാത്ത സമുദായക്കാര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ആ നിയമം തന്നെ റദ്ദുചെയ്യണമെന്നാണ്.  ദളിതര്‍ക്ക് ചത്ത പശുവിന്റെ വിലപോലും നല്‍കാത്ത ജാതിവ്യവസ്ഥയെയും ഭൂവുടമത്വത്തെയും താങ്ങിനിര്‍ത്തുന്ന ഭരണമാണ് ഇന്ത്യയിലിപ്പോഴും തുടരുന്നതെന്നതാണ് ഇത് ബോധ്യപ്പെടുത്തുന്നത്. അധികാരത്തിലെത്തുന്നതിനായി ജാതിയെ സമര്‍ഥമായി ഇന്ത്യയിലെ ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികള്‍ ഉപയോഗിക്കുമ്പോള്‍ ജാതിവ്യവസ്ഥ തകരുകയല്ല മറിച്ച് കരുത്തുനേടുകയാണ് ചെയ്യുന്നത്. തൊഴിലാളികളുടെ വര്‍ധിച്ച ചൂഷണം ലക്ഷ്യമാക്കി ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വാതന്ത്യ്രത്തിനു ശേഷം രാജ്യം തെരഞ്ഞെടുത്ത മുതലാളിത്ത വികസന പാതയിലും നിഴലിച്ചുകാണുന്നത്. അതിനാല്‍ ജാതിവ്യവസ്ഥയ്ക്കെതിരായ സമരം മുതലാളിത്ത വ്യവസ്ഥയ്ക്കെതിരായ സമരവുമായി കൂട്ടിയോജിപ്പിക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ കൈര്‍ലാഞ്ചി ഇന്ത്യയില്‍ ആവര്‍ത്തിക്കാതിരിക്കൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top