25 April Thursday

യുപിയിലെ സംഘപരിവാര്‍ അജന്‍ഡ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2016

അടുത്തവര്‍ഷം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ വര്‍ഗീയസംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള നീക്കങ്ങള്‍ സംഘപരിവാര്‍ ശക്തിപ്പെടുത്തുകയാണെന്ന വാര്‍ത്ത ആശങ്കയുണര്‍ത്തുന്നതാണ്. കള്ളംമെനഞ്ഞ് വര്‍ഗീയകലാപങ്ങള്‍ ആസൂത്രണംചെയ്യാന്‍ സംഘപരിവാര്‍ സംഘടനകളും നേതാക്കളും ശ്രമിക്കുകയാണെന്ന വാര്‍ത്തയാണ് ഏറ്റവും അവസാനം പുറത്തുവന്നത്. വരുംദിവസങ്ങളില്‍ വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാന്‍ തയ്യാറാണെന്ന, വിശ്വഹിന്ദുപരിഷത്തുമായി ബന്ധമുള്ള ഹിന്ദുസ്വാഭിമാന്‍ സംഘടനയുടെ നേതാവ് പര്‍മീന്ദര്‍ ആര്യയുടെ സംഭാഷണം ഒളിക്യാമറയില്‍ പകര്‍ത്തി ഇന്ത്യാടുഡെ ടെലിവിഷന്‍ പുറത്തുവിട്ടു. ശ്രീരാമനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നിടത്ത് വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കമെന്നും ആര്യ പറയുന്നു. ഐഎസിനെ നേരിടാനെന്നപേരില്‍ സായുധപരിശീലനത്തിന് നേതൃത്വംകൊടുക്കുന്ന ആര്യയുടെ ഈ നീക്കം ഒറ്റപ്പെട്ടതാണെന്ന് കരുതാനാകില്ല. ഊഹാപോഹങ്ങളും നുണകളും പ്രചരിപ്പിച്ച് വര്‍ഗീയസംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തുകയെന്നത് സംഘപരിവാറിന്റെ പതിവുരീതിയാണ്. ഉത്തര്‍പ്രദേശിലെങ്ങും ഈ തന്ത്രം പയറ്റി ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ട് ബിജെപിയുടെ പെട്ടിയിലാക്കാനുള്ള സംഘപരിവാര്‍ പദ്ധതിയാണ് ഇവിടെ വെളിവാകുന്നത്.

ഇത്തരമൊരു നിഗമനത്തെ ബലപ്പെടുത്തുന്ന സംഭവങ്ങളാണ് ഉത്തര്‍പ്രദേശില്‍നിന്ന് പ്രത്യേകിച്ച്, പശ്ചിമ ഉത്തര്‍പ്രദേശില്‍നിന്ന് വരുന്നത്. 2013 സെപ്തംബറിലാണ് പശ്ചിമ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ 60പേരുടെ കൊലപാതകത്തിനിടയാക്കിയ വര്‍ഗീയകലാപം നടന്നത്. ഇതിന്റെ ഫലമായി അവിടത്തെ ജനങ്ങളില്‍ പ്രത്യേകിച്ച്, ജാട്ട് സമുദായത്തില്‍ ഉണ്ടായ വര്‍ഗീയധ്രുവീകരണമാണ് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം നേടിക്കൊടുത്തത്. തുടര്‍ന്നിങ്ങോട്ട് വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് സംഘപരിവാറില്‍നിന്ന് ഉണ്ടാകുന്നത്. ഈ മേഖലയില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരായ മഹേഷ് ശര്‍മ, സഞ്ജീവ് ബാലിയാന്‍, നിരഞ്ജന്‍ ജ്യോതി, ലോക്സഭാംഗങ്ങളായ യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ്, സംഗീത് സോം തുടങ്ങിയവരുടെ വിഷലിപ്തമായ പ്രസ്താവനകള്‍ വര്‍ഗീയസ്പര്‍ധ നിലനിര്‍ത്താനും ജനങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്താനും ലക്ഷ്യമിട്ടാണ്. ലവ് ജിഹാദ്, ഘര്‍വാപ്പസി, ബീഫ് തുടങ്ങിയ വിഷയങ്ങള്‍ ഇതിനായി നിരന്തരം ഉയര്‍ത്തുകയും അതിന്റെപേരില്‍ ഉത്തര്‍പ്രദേശിലങ്ങിങ്ങായി സംഘര്‍ഷത്തിന് കോപ്പുകൂട്ടുകയുംചെയ്തു.  ഇതിന്റെ ഫലമായാണ് ബീഫ് കഴിച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അക്ലാഖിനെ തല്ലിക്കൊന്നത്. ബീഫിന്റെപേരില്‍ മറ്റ് സംസ്ഥാനങ്ങളിലും സംഘര്‍ഷങ്ങളും കൊലപാതകങ്ങളുമുണ്ടായി. നുണ നൂറുവട്ടം ആവര്‍ത്തിക്കുന്ന ഗീബല്‍സിയന്‍തന്ത്രമാണ് ഇക്കാര്യത്തില്‍ സംഘപരിവാര്‍ സ്വീകരിച്ചത്. 

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് മുസഫര്‍നഗറിന് തൊട്ടടുത്തുള്ള ഷാമ്ലി ജില്ലയിലെ ഖൈരാനയില്‍നിന്ന് 346 ഹിന്ദു കുടുംബങ്ങള്‍ പലായനംചെയ്തെന്ന, വസ്തുതയുമായി പുലബന്ധമില്ലാത്ത പ്രസ്താവനയുമായി ബിജെപി എംപി ഹുക്കുംസിങ് രംഗത്തുവന്നത്.  എന്നാല്‍, ഹുക്കുംസിങ്ങിന്റെ പട്ടികയിലുള്ള പലരും ഖൈരാനയില്‍ത്തന്നെ താമസിക്കുന്നുണ്ടെന്ന്  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംഘപരിവാര്‍ കള്ളക്കളി പൊളിഞ്ഞു.  1857ലെ ബ്രിട്ടീഷ്വിരുദ്ധ മുന്നേറ്റകാലത്ത് ഹിന്ദുക്കളും മുസ്ളിങ്ങളും തോളോടുതോള്‍ ചേര്‍ന്ന് പൊരുതിയ സ്ഥലമാണ് ഷാമ്ലി ഉള്‍പ്പെടെയുള്ള പശ്ചിമ ഉത്തര്‍പ്രദേശ്. ഹിന്ദുസ്ഥാനി സംഗീതത്തിലെ കിരാന ഘരാനയുടെ കേന്ദ്രം. മതസൌഹാര്‍ദത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച ഉസ്താദ് അബ്ദുള്‍ കരീംഖാന്റെ നാട്.  ഈ മതസൌഹാര്‍ദം തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍പോലും ബോധപൂര്‍വം ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ലെന്നതും ചരിത്രം. രണ്ടരവര്‍ഷംമുമ്പ് മുസഫര്‍ നഗറില്‍ കലാപാഗ്നി ഉയര്‍ന്നപ്പോഴും ഒരു അനിഷ്ടസംഭവവും ഖൈരാനയില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ഈ മതസൌഹാര്‍ദത്തെ തകര്‍ക്കാനാണ് ഹുക്കുംസിങ് വ്യാജ റിപ്പോര്‍ട്ടുമായി രംഗത്തുവന്നത്. 

ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രവുമായി രംഗത്തിറങ്ങിയ ബിജെപിയും കൂട്ടരും ജനങ്ങളെ ഭയത്തിന്റെ കരിനിഴലില്‍ നിര്‍ത്തി ലഖ്നൌവിലെ മന്ത്രിക്കസേരയിലെത്താനുള്ള നെട്ടോട്ടത്തിലാണ്. മതനിരപേക്ഷശക്തികളുടെ ജാഗ്രതയോടെയുള്ള ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട് ഈ സംഭവവികാസങ്ങള്‍ *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top