27 April Saturday

മോഡിയുടെ രണ്ടാമൂഴം

വെബ് ഡെസ്‌ക്‌Updated: Friday May 31, 2019



ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിൽ നരേന്ദ്ര മോഡി രണ്ടാമതും എത്തുമ്പോൾ സ‌്തുതിവചനങ്ങൾക്കും വാഴ‌്ത്തുപാട്ടുകൾക്കും അപ്പുറം വിശ്വാസരാഹിത്യവും ഭയവുമാണ‌് ബഹുഭൂരിപക്ഷം മനസ്സുകളെയും ഭരിക്കുന്നത‌്. ഭൂരിപക്ഷ മതവർഗീയതയാണ‌് ബിജെപിയുടെ ആശയതലമെങ്കിൽ മോഡി പ്രയോഗിക്കുന്നത‌് ഫാസിസത്തിന്റെ ചില പാഠങ്ങൾ  കൂടിയാണ‌്‌. ഇന്ത്യയുടെ അനന്തമായ വൈവിധ്യങ്ങ‌ളും സാംസ‌്കാരിക ബഹുത്വവും പിഴുതെറിഞ്ഞ‌് വിദ്വേഷവും വിഭജനവും നാട‌് ഭരിച്ച അഞ്ചാണ്ടാണ‌് കഴിഞ്ഞുപോയത‌്‌. ബിജെപിക്ക‌് തനിച്ച‌് ഭൂരിപക്ഷവും എൻഡിഎക്ക‌് മൂന്നിൽ രണ്ടിനടുത്ത‌് അംഗസംഖ്യയുമായാണ‌് മോഡി വീണ്ടും അധികാരത്തിലേറിയത‌്.  ഇത‌് ജനാധിപത്യത്തെയും മതനിരപേക്ഷ ഭരണത്തെയും വിലമതിക്കുന്നവരിൽ വലിയ ആധിതന്നെ സൃഷ്ടിക്കുന്നുണ്ട‌്.

കോൺഗ്രസ‌് ഭരണത്തിൽ വഴിമുട്ടിയ കർഷക –- തൊഴിലാളി ജീവിതങ്ങളും അഴിമതികളിൽ മനംമടുത്ത ബഹുജനങ്ങളുമാണ‌് 2014ൽ മോഡിയുടെ അധികാരപ്രവേശം എളുപ്പമാക്കിയത‌്. മതബിംബങ്ങളും വിശ്വാസാചാരങ്ങളും അധികാരത്തി‌ന‌് വളമാക്കുന്നത‌് ബിജെപിക്ക‌് പുതിയ കാര്യമല്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു മുസ്ലിം ആരാധനാലയത്തിന‌ുമേലുള്ള  അവകാശവാദം ശക്തിപ്പെടുത്തിക്കൊണ്ടാണ‌് എൺപതുകളിൽ വാജ‌്പേയിയും  അദ്വാനിയും ബിജെപിയെ രാഷ്ട്രീയശക്തിയാക്കി മാറ്റിയത‌്. ഇതരമതസ്ഥർക്കെതിരെ വിദ്വേഷം വളർത്തിയും  ഹിന്ദുവിന്റെ രക്ഷകൻ ചമഞ്ഞുമാണ‌് ബിജെപി വളർന്നത‌്.

വാജ‌്പേയി–- അദ്വാനിമാരിൽനിന്ന‌് മോഡി–- അമിത‌് ഷാമാരിലേക്ക‌് എത്തുമ്പോൾ ബിജെപിയുടെ ഹിംസാത്മകത കുറച്ചൊന്നുമല്ല ശക്തിപ്പെട്ടത‌്. ഗുജറാത്തിന്റെ ഭരണനേതൃത്വത്തിൽ മോഡിയും അമിത‌് ഷായും വിരാജിക്കുമ്പോ‌ഴാണ‌് 3000 മുസ്ലിങ്ങളെ കൊന്നുതള്ളിയത‌്. ഇത‌്  വെറും യാദൃച്ഛികത ആയിരുന്നില്ല. പല കൊടുംക്രൂരതകളുടെയും സൂത്രധാരന്മാരായിരുന്നു ഇവരെന്നത‌് കാലം മായ‌്ക്കാത്ത ചരിത്രസത്യം. ഇതോടൊപ്പം ചേർത്തുവയ‌്ക്കാവുന്ന എത്രയെത്ര  അത്യാചാരങ്ങളാണ‌് മോഡിഭരണത്തിന്റെ ബാക്കിപത്രമായുള്ളത‌്. എന്നിട്ടും എന്തുകൊണ്ട‌്  മോഡിയും എൻഡിഎയും വീണ്ടും വിജയിച്ചുവെന്നതിന്റെ ഉത്തരം ലളിതമാണ‌്‌. യാഥാർഥ്യങ്ങളിൽനിന്ന‌് അകറ്റി വ്യാമോഹത്തിന്റെയും ഭ്രമാത്മകതയുടെയും ലോകത്തിലേക്ക‌് ജനങ്ങളെ കൊണ്ടുപോകുന്നതിൽ ബിജെപി വിജയിച്ചു. അധികാരം ഉപയോഗിച്ചുകൊണ്ടുള്ള ശക്തമായ പ്രചാരണത്തിന്റെയും മതവും വിശ്വാസവും ഉപയോഗിച്ച‌് സൃഷ്ടിക്കുന്ന ചേരിതിരിവിന്റെയും ഫലമാണിത‌്. ഒപ്പം മതന്യൂനപക്ഷങ്ങളെയും ദളിത‌് പിന്നോക്കവിഭാഗങ്ങളെയും കടന്നാക്രമിച്ച‌് മാനസിക അടിമത്തത്തിലേക്ക‌് നയിക്കാനുള്ള ഗൂഢപദ്ധതിയും സംഘപരിവാർ വിട്ടുവീഴ‌്ചയില്ലാതെ നടപ്പാക്കുന്നു.

അഞ്ചുവർഷത്തെ ഭരണനടപടികൾ എടുത്താൽ ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയായ റഫേൽ ഇടപാടിലൂടെ 30,000 കോടിയാണ‌്  ചോർന്നുപോയത‌്. നോട്ടുനിരോധനവും  ജിഎസ‌്ടിയുംവഴി സ്വപ‌്നങ്ങൾ കരിഞ്ഞുപോയവരും  ജീവിതദുരന്തങ്ങളെ അഭിമുഖീകരിക്കാനാകാതെ ജീവൻ ഹോമിച്ച കർഷകരും അസംഖ്യമാണ‌്. മറുവശത്ത‌് അതിസമ്പന്നരുടെ  കച്ചവട താൽപ്പര്യങ്ങൾക്ക‌് അരുനിൽക്കാനും  സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അവരെ നിർലജ്ജം സഹായിക്കാനും മോഡിക്ക‌് മടിയുണ്ടായില്ല.  തൊഴിലവസരം, പെട്രോൾ വിലനിയന്ത്രണം ഉൾപ്പെടെ വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തിയ മോഡി ജനജീവിതം എത്രമാത്രം ദുസ്സഹമാക്കിയെന്നത‌് ചരിത്രത്താളുകളിലുണ്ട‌്. ഇതിനെല്ലാമെതിരെ ഐതിഹാസികമായ കർഷക –- തൊഴിലാളി പോരാട്ടങ്ങൾ നടന്ന കാലഘട്ടംകൂടിയായിരുന്നു പിന്നിട്ട അഞ്ചുവർഷം. തെരഞ്ഞെടുപ്പ‌് അടുത്തതോടെ പാവങ്ങളുടെ അക്കൗണ്ടിൽ നേരിട്ട‌് പണം നിക്ഷേപിക്കുന്നതടക്കമുള്ള പൊടിക്കൈകളുമായി മോഡി രംഗത്തുവന്നു. ഉത്തേരേന്ത്യൻ ഗ്രാമങ്ങളിൽ കക്കൂസുകൾ നിർമിച്ചെന്നും ഗ്യാസ‌് കണക‌്ഷനുകൾ നൽകിയെന്നുമുള്ള വ്യാപക പ്രചാരണവും അഴിച്ചുവിട്ടു. ഒരുവശത്ത‌് അങ്ങേയറ്റം ദ്രോഹകരമായ നിലപാടുകൾ സ്വീകരിക്കുക മറുവശത്ത‌് ജനക്ഷേമനടപടികൾ സ്വീകരിച്ചെന്ന പ്രചണ്ഡ പ്രചാരണം സംഘടിപ്പിക്കുക. ഇങ്ങനെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സാധിച്ചതും മോഡിക്ക‌് നേട്ടമായി.

സാമൂഹ്യജീവിതത്തിലും സാംസ‌്കാരിക മേഖലകളിലും മോഡി ഭരണം നടത്തിയ കൈകടത്തലുകളാണ‌് ഇന്നത്തെ അരക്ഷിതാവസ്ഥയിലേക്ക‌് രാജ്യത്തെ എത്തിച്ചത‌്. സങ്കുചിത ദേശീയതയും  മതവിദ്വേഷവും ശാസ‌്ത്രവിരുദ്ധതയും സംഘപരിവാർ ശക്തികൾ നിർലോപം ഉപയോഗിച്ചു. സർവകലാശാലകളിലെ കാവിവൽക്കരണവും തുടർന്നു നടന്ന കായികാക്രമണങ്ങളും ന്യൂനപക്ഷ –-ദളിത‌് വിദ്യാർഥികൾക്കെതിരെയുള്ള  പീഡനങ്ങളും രാജ്യത്തിന്റെ അന്തസ്സ‌് കെടുത്തി. ഇതിനെല്ലാമെതിരെ ശബ്ദമുയർത്തിയ സാംസ‌്കാരിക നായകരെ വെടിവച്ചുകൊന്നു. ഗോരക്ഷയുടെ പേരിൽ നിരവധിപേരെ കൊല്ലുകയോ കഠിനപീഡനങ്ങൾക്ക‌് ഇരയാക്കുകയോ ചെയ‌്തു. രാജ്യസ‌്നേഹത്തിന്റെ മറപിടിച്ച‌് നിരന്തരം തുടർന്ന  പാക‌് വിരുദ്ധ പ്രകോപനങ്ങൾക്ക‌ു പിന്നിലും ‘ഇസ‌്ലാമോഫോബിയ’ വളർത്തുകയെന്ന ഗൂഢലക്ഷ്യം തന്നെയായിരുന്നു. കശ‌്മീർ,  പുൽവാമ, ബാലാകോട്ട‌് വിഷയങ്ങളിലും ഈ ദുഷ്ടലാക്ക‌് പ്രകടമായിരുന്നു. ‌

ഇത്തരത്തിലെല്ലാം ആദ്യ ഊഴത്തിൽ  വിഭാഗീയ അജൻഡകൾ രാഷ്ട്രത്തിനുമേൽ അടിച്ചേൽപ്പിച്ചവരെ ജനങ്ങൾ അവിശ്വസിക്കുന്നതിലും ഭയപ്പെടുന്നതിലും അത്ഭുതമില്ല. വാചകക്കസർത്തുകൊണ്ടോ പൊള്ളയായ വാഗ്ദാനങ്ങൾകൊണ്ടോ മെച്ചപ്പെടുത്താവുന്നതല്ല മോഡിയുടെ പ്രതിച്ഛായ. എല്ലാവരെയും ഒന്നുപോലെ കണ്ട‌് വിശ്വാസം ആർജിക്കുമെന്ന മോഡിയുടെ വാക്കുകൾ അർഥവത്താകണമെങ്കിൽ ആദ്യം ആത്മാവിൽ തൊടേണ്ടത‌് അദ്ദേഹം താണുവണങ്ങിയ ഇന്ത്യൻ ഭരണഘടന തന്നെയാണ‌്. ഇപ്പോഴുള്ള ഭൂരിപക്ഷം ഉപയോഗിച്ച‌് ഭരണഘടനയെയും ഫെഡറൽ ജനാധിപത്യ വ്യവസ്ഥയെയും അട്ടിമറിക്കില്ലെന്ന വിശ്വാസമാണ‌് ആദ്യം മോഡി ജനങ്ങളിലേക്ക‌് പകരേണ്ടത‌്‌. കേരളത്തിൽനിന്നുള്ള വി മുരളീധരനടക്കം വ്യാഴാഴ‌്ച സായാഹ്നത്തിൽ ചുമതലയേറ്റ  മന്ത്രിമാരും ഇനി കൂട്ടിച്ചേർക്കപ്പെടുന്നവരും നെഞ്ചിൽ കൈവച്ച‌് സത്യം ചെയ്യേണ്ടത‌്‌ ഇന്ത്യ പിന്തുടരുന്ന മഹത്തായ മതേതര മൂല്യങ്ങളെ മുറുകെപ്പിടിക്കുമെന്നാണ‌്. ബിജെപി പിന്തുടരുന്ന ഹിന്ദുത്വ ആശയങ്ങൾ നടപ്പാക്കാനല്ല ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന ജീവിതസുരക്ഷ എല്ലാവർക്കും ലഭ്യമാക്കുന്നതിലാകണം പുതിയ സർക്കാരിന്റെ മുൻഗണന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top