18 April Thursday

തുടരണോ ഈ ഭരണം?

വെബ് ഡെസ്‌ക്‌Updated: Saturday Apr 30, 2016

കര്‍ഷക ആത്മഹത്യയുടെ കാര്യത്തില്‍ കേരളം വളരുക തന്നെയാണ്. 22ലെ പത്രങ്ങളില്‍ ഒരു വാര്‍ത്ത കാണാനിടയായി– 'കടക്കെണിയിലായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു'. മാളയിലാണ് സംഭവം. ഭൂമി പാട്ടത്തിനെടുത്ത് ചേനയും വാഴയും കൃഷിചെയ്ത ചന്ദ്രന്‍ കനറാബാങ്കില്‍നിന്നും ഒരുലക്ഷം രൂപ വായ്പ എടുത്തു. കൃഷിനാശം കാരണം വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ കഴിയാതായതിനെ തുടര്‍ന്നാണ് ചന്ദ്രന്‍ വിഷം കഴിച്ച് ആത്മഹത്യചെയ്തത്. 

യുഡിഎഫ് അധികാരത്തില്‍ വന്നശേഷം 69 കര്‍ഷകരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരായത്. യുഡിഎഫ് ഭരിച്ച കാലത്താണ് മുമ്പും കേരളത്തില്‍, പ്രത്യേകിച്ച് വയനാട്ടില്‍ കര്‍ഷകര്‍ കടബാധ്യതമൂലം ആത്മഹത്യ ചെയ്തത്. എല്‍ഡിഎഫ് 2006ല്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് പല ആശ്വാസപദ്ധതികളും നടപ്പാക്കി. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി. കടാശ്വാസ കമീഷന്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കടാശ്വാസം അനുവദിക്കുകയും ചെയ്തു. കടം എഴുതിത്തള്ളി. 15,000 കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. കര്‍ഷക ആത്മഹത്യ ഇല്ലാതായി.

യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ കര്‍ഷക ആത്മഹത്യയും തിരിച്ചുവന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില ഇടിഞ്ഞു. റബര്‍ കര്‍ഷകര്‍ നിരാശരായി ആത്മഹത്യാമുനമ്പിലെത്തി. ഇപ്പോള്‍ റബര്‍വില അല്‍പ്പം മെച്ചപ്പെട്ടു. രണ്ടുദിവസം മുമ്പ് മലയാള മനോരമ ഒന്നാംപേജില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. റബര്‍വില ഉയരും എന്നാണ് വാര്‍ത്ത. വാര്‍ത്തയുടെ തലക്കെട്ടങ്ങനെയാണെങ്കിലും ഒന്നാമത്തെ വാചകം റബര്‍വില ഇനിയും ഉയര്‍ന്നേക്കും എന്നാണ്. റബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കാനാണ് വാര്‍ത്ത. തെരഞ്ഞെടുപ്പടുത്തല്ലോ! ലോകത്ത് ഏറ്റവും കൂടുതല്‍ റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങള്‍ രാജ്യാന്തര വില വര്‍ധിപ്പിക്കാനായി കയറ്റുമതിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വില കയറും എന്ന് പ്രവചിക്കാന്‍ കാരണമായത്.

ഇതില്‍നിന്ന് വായിച്ചെടുക്കേണ്ട പ്രധാനപ്പെട്ട കാര്യമുണ്ട്. ഈ രാജ്യങ്ങള്‍ നിയന്ത്രണമില്ലാതെ റബര്‍ കയറ്റുമതി ചെയ്തു. ഇവിടെ റബര്‍ വ്യവസായികള്‍ക്കുവേണ്ടി താരിഫ് വെട്ടിക്കുറച്ച് ഇറക്കുമതി ചെയ്തു. ഇതു രണ്ടുമാണ് റബര്‍വില ഇടിയാന്‍ കാരണമായത് എന്ന് മനോരമ സമ്മതിക്കുന്നു. ആസിയന്‍ കരാറാണ് യഥാര്‍ഥ വില്ലന്‍. ആ ആസിയന്‍ കരാറിനെതിരെയാണ് എല്‍ഡിഎഫ് സമരം നടത്തിയത്; കര്‍ഷകര്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്. മനോരമ ഇത് സമ്മതിച്ചതിന് നന്ദിയുണ്ട്. ആസിയന്‍ കരാറിനെ പാടിപ്പുകഴ്ത്തിയവര്‍ മൌനികളായിരിക്കുന്നു. റബറിന്റെയും നാളികേരത്തിന്റെയും വിലത്തകര്‍ച്ച കേരളം വളരാനല്ല തകരാനാണ് ഇടവരുത്തിയത്. ഈ ഭരണം തുടരാനനുവദിക്കില്ല; ഒരുവട്ടംകൂടി ഈ ഭരണം വേണ്ടേ, വേണ്ട എന്നാണ് കര്‍ഷകരുടെ തീരുമാനം


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top