19 March Tuesday

കോര്‍പറേറ്റുകളുടെ വായ്പാതുക

വെബ് ഡെസ്‌ക്‌Updated: Saturday Apr 30, 2016

ഇന്ത്യയിലെ വന്‍കിട കോര്‍പറേറ്റുകള്‍ ദേശസാല്‍കൃത ബാങ്കുകളില്‍നിന്ന് വന്‍തുക കടംവാങ്ങി വ്യവസായം കൊഴുപ്പിച്ച് അമിതലാഭം തട്ടിയെടുക്കുന്നു. എന്നാല്‍, ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ അവര്‍ക്ക്  മനസ്സില്ല. വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നു എന്നതല്ല പ്രശ്നം. വാങ്ങിയ വായ്പ ഒരിക്കലും തിരിച്ചടയ്ക്കുന്നില്ല. ഒടുവില്‍ അത് കിട്ടാക്കടമായി എഴുതിത്തള്ളുന്നു. ഇങ്ങനെ തിരിച്ചടയ്ക്കാനുള്ള തുകയുടെ യഥാര്‍ഥ വിവരമറിഞ്ഞാല്‍ ജനം ഞെട്ടിപ്പോകും. ഒരുലക്ഷം രൂപ വായ്പയെടുത്ത് വ്യാപാരം തുടങ്ങിയ ആള്‍ തിരിച്ചടയ്ക്കാന്‍ വീഴ്ച വരുത്തിയാല്‍ അയാള്‍ക്കെതിരെ ജപ്തി നടപടിയും ഈടുവച്ച തുകമുതല്‍ വില്‍പ്പിക്കലും ഒക്കെ ഈ നാട്ടില്‍ പതിവാണ്. എന്നാല്‍, 4.8 ലക്ഷം കോടിരൂപ ദേശസാല്‍കൃത ബാങ്കില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത കോടീശ്വരന്മാര്‍ക്കുവേണ്ടിയാണ് ഈ നാട്ടിലെ ഭരണം നടക്കുന്നത് എന്ന യഥാര്‍ഥ വസ്തുത ജനങ്ങള്‍ അറിയേണ്ടതുണ്ട്. കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാരും, ഇപ്പോള്‍ ഭരിക്കുന്ന എന്‍ഡിഎയും ഈ കുംഭകോണത്തിനുത്തരവാദികളാണ്. 44 വന്‍കിട കോര്‍പറേറ്റ് കോടീശ്വരന്മാരാണ് 4.8 ലക്ഷം കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരുന്നത്. 

ഇതിനോടൊപ്പം കര്‍ണാടകത്തില്‍നിന്നുള്ള ഒരു വാര്‍ത്ത ചേര്‍ത്തുവായിക്കുന്നത് നന്നായിരിക്കും. മൈസൂരുവില്‍ ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ ആത്മഹത്യക്ക് നിര്‍ബന്ധിതരായി. കുന്നുകൂടിയ കടബാധ്യതയും വരള്‍ച്ചയും കൃഷിനാശവുമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. 45 വയസ്സായ ശിവണയ്യയാണ് ആദ്യം ജീവനൊടുക്കിയത്. കൃഷിക്ക് നനയ്ക്കാന്‍ ഒരു കുഴല്‍ക്കിണര്‍ കുഴിക്കാന്‍ വായ്പയെടുത്തു. കിണറില്‍ വെള്ളം കണ്ടില്ല. കടുത്ത വരള്‍ച്ചയില്‍ ഭൂഗര്‍ഭജലം വറ്റിവരണ്ടു. കൃഷി നനയ്ക്കാനുമായില്ല. എല്ലാം നശിച്ചു. എല്ലാ പ്രതീക്ഷയും തകര്‍ന്നു. ശിവണയ്യ ആത്മഹത്യ ചെയ്തു. ഭാര്യയും രണ്ടു മക്കളും ഗൃഹനാഥനെ പിന്‍തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ഈ ആത്മഹത്യകള്‍ക്ക് കാരണം കടബാധ്യതയാണ്. എന്നാല്‍, 9000 കോടി രൂപ ബാങ്കില്‍നിന്ന് കടം വാങ്ങി തിരിച്ചടയ്ക്കാതിരുന്ന വിജയ് മല്യ സുഖമായി ജീവിക്കുന്നു; എല്ലാവരെയും വെല്ലുവിളിക്കുന്നു. 4.8 ലക്ഷം കോടി രൂപ തിരിച്ചടയ്ക്കാതെ വ്യവസായം നടത്തി അമിതലാഭം കൊയ്തെടുക്കുന്ന കോര്‍പറേറ്റുകള്‍ പിന്‍സീറ്റിലിരുന്ന് ഭരണം നടത്തുന്നു; പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വരച്ചവരയില്‍ നിര്‍ത്തുന്നു. ഇതാണ് ഭരണം. ഇതിന് കാരണക്കാരായ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമോ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top