24 April Wednesday

അമേരിക്കയെ ഞെട്ടിച്ച നയതന്ത്രനീക്കം

വെബ് ഡെസ്‌ക്‌Updated: Friday Mar 30, 2018


കൊറിയൻ മേഖലയിലെ സമാധാനശ്രമങ്ങൾക്ക് വേഗം പകർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും വടക്കൻ കൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിൽ ബീജിങ്ങിൽ ഉച്ചകോടി സംഭാഷണം നടത്തി. റെയിൽമാർഗം ബീജിങ്ങിലെത്തിയ വടക്കൻ കൊറിയൻ സംഘം പ്യോങ്യാങ്ങിലേക്ക് തിരിച്ചുപോയതിനുശേഷമാണ് സന്ദർശനത്തെക്കുറിച്ച് ലോകം അറിഞ്ഞത്. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹ്വയും വടക്കൻ കൊറിയൻ വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയും സന്ദർശനവാർത്ത സ്ഥിരീകരിച്ചതോടെയാണ് മേഖലയിലെ ഏറ്റവും വലിയ നയതന്ത്രനീക്കത്തിന്റെ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയത്. ഏകധ്രുവലോകത്തിന്റെയും ആഗോളരാഷ്ട്രീയത്തിൽ അമേരിക്കയുടെ ആധിപത്യത്തിന്റെയും കാലം കഴിഞ്ഞുവെന്ന പ്രഖ്യാപനംകൂടിയാണ് ഏഷ്യൻ അയൽരാഷ്ട്രങ്ങൾ നടത്തിയ ഈ നയതന്ത്രവിപ്ലവം. പല നയതന്ത്രവിദഗ്ധരും വിലയിരുത്തുന്നതുപോലെ അമേരിക്കയ്ക്ക് 'ഷോക്ക്തെറാപ്പി'യാണ് ഷി‐കിം കൂടിക്കാഴ്ച.

ചൈനീസ് വിപ്ലവാനന്തരംതന്നെ വടക്കൻ കൊറിയയുമായി ഊഷ്മളമായ ബന്ധമാണ് നിലവിലുണ്ടായിരുന്നത്. 1950 മുതൽ മൂന്നുവർഷം നടന്ന കൊറിയൻ യുദ്ധവേളയിൽ വടക്കൻ കൊറിയക്ക് ഒപ്പമായിരുന്നു ചൈന. 1961ൽ ഇരുരാഷ്ട്രങ്ങളും പരസ്പര സഹകരണ സൗഹൃദ ഉടമ്പടിയിൽ ഒപ്പുവയ്ക്കുകയും ചെയ്തു.  വടക്കൻ കൊറിയൻ നേതാക്കളായ കിം ഇൽ സുങ്ങും, കിം ജോങ് ഇല്ലും നിരവധിതവണ ചൈന സന്ദർശിക്കുകയും ചെയ്തിരുന്നു. 2006ൽ ആദ്യമായി വടക്കൻ കൊറിയ അണുപരീക്ഷണം നടത്തിയതോടെയാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായത്. ഇതേത്തുടർന്ന് ഐക്യരാഷ്ട്രസംഘടന വടക്കൻ കൊറിയക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയപ്പോൾ ചൈന ആ നീക്കത്തെ പിന്തുണച്ചു. അടുത്തയിടെ തുടർച്ചയായി നടത്തിയ ആണവ‐ മിസൈൽ പരീക്ഷണങ്ങളിൽ ചൈന അതീവ ഉൽക്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തു. ഉലഞ്ഞുപോയ ഈ ബന്ധത്തെ വിളക്കിച്ചേർക്കുന്ന ഉച്ചകോടി സംഭാഷണമാണ് തിങ്കളാഴ്ച ബീജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ നടന്നത്. 

കിം ജോങ് ഇല്ലിന്റെ മരണശേഷം 2011 ഡിസംബറിൽ അധികാരമേറ്റ കിം ജോങ് ഉന്നിന്റെ ആദ്യ വിദേശസന്ദർശനംകൂടിയാണിത്. ഈ സന്ദർശനത്തിന് വടക്കൻ കൊറിയ നൽകുന്ന പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്. ചൈനീസ് പ്രസിഡന്റിന്റെ ക്ഷണം അനുസരിച്ചാണ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ചൈനയിലെത്തിയത്. തുറന്നതും ഗുണപരവും ആത്മാർഥവുമായ ചർച്ചയാണ് നടന്നതെന്ന് കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഉഭയകക്ഷിബന്ധം ഉന്നതമായ നിലവാരത്തിലേക്ക് ഉയർത്താൻ സന്ദർശനം സഹായിച്ചെന്നും വടക്കൻ കൊറിയ അവകാശപ്പെട്ടു. കൊറിയൻ ഉപദ്വീപുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ചയ്ക്ക് വിഷയമായതായും വടക്കൻ കൊറിയൻ വാർത്താ ഏജൻസി അറിയിച്ചു.

ഷിയെ വടക്കൻ കൊറിയൻ സന്ദർശനത്തിന് കിം ജോങ് ഉൻ ക്ഷണിക്കുകയും ചൈനീസ് പ്രസിഡന്റ് ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. 

വടക്കൻ കൊറിയയുമായുള്ള ബന്ധം പ്രധാനമാണെന്ന് അഭിപ്രായപ്പെട്ട ചൈന ആണവമുക്തസമൂഹത്തിനായി പ്രവർത്തിക്കാൻ പ്യോങ്യാങ് സന്നദ്ധത പ്രകടിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു. എന്നാൽ, സമാധാനം ലക്ഷ്യമാക്കി അനുകൂലമായ നീക്കങ്ങൾ അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ചൈന നിർദേശിച്ചു. അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസവും അതിലുള്ള 60,000 സൈനികരുടെ പങ്കാളിത്തവും വടക്കൻ കൊറിയക്കു ചുറ്റുമായി ഒരുലക്ഷത്തിലധികം അമേരിക്കൻ സൈനികരെ വിവിധ താവളങ്ങളിലായി വിന്യസിച്ചതും മറ്റുമാണ് വടക്കൻ കൊറിയയുടെ സമാധാനത്തെയും സുസ്ഥിരതയെയും ദുർബലപ്പെടുത്തുന്നതെന്നാണ് ചൈനയുടെ വിലയിരുത്തൽ. കൊറിയൻ ഉപദ്വീപിലുള്ള ഈ സൈനികവൽക്കരണം അവസാനിപ്പിക്കാൻ അമേരിക്കയും തെക്കൻ കൊറിയയും സന്നദ്ധമാകുന്നപക്ഷം ആണവപദ്ധതിയിൽനിന്ന് വടക്കൻ കൊറിയ പിൻവാങ്ങുമെന്ന സൂചനയാണ് ഷി ജിൻ പിങ് നൽകിയത്.

കൊറിയൻ ഉപദ്വീപിലെ സംഘർഷാവസ്ഥയിൽ അയവുണ്ടായത് വടക്കൻ കൊറിയ നടത്തിയ ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്നും ചൈന വിലയിരുത്തുകയുണ്ടായി.  ഞങ്ങൾ കണ്ണുരുട്ടി പേടിപ്പിച്ചതുകൊണ്ടാണ് വടക്കൻ കൊറിയ സംഭാഷണവഴിയിലേക്ക് വന്നതെന്ന അമേരിക്കൻ സിദ്ധാന്തത്തെയാണ് ചൈന ഇതുവഴി ചോദ്യംചെയ്യുന്നത്. മാത്രമല്ല, ചൈനയെ ഒഴിവാക്കി മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നത് വ്യാമോഹമായിരിക്കുമെന്ന സന്ദേശവും സമർഥമായ ഈ നയതന്ത്ര നീക്കത്തിലൂടെ ചൈന നൽകുന്നുണ്ട്. മെയ് മാസം നടക്കുന്ന  ഡോണൾഡ് ട്രംപ്‐ കിം കൂടിക്കാഴ്ചയുടെയും അടുത്തമാസം നടക്കുന്ന തെക്കൻ കൊറിയയും വടക്കൻ കൊറിയയും തമ്മിലുള്ള അന്തർ കൊറിയ ഉച്ചകോടിക്കുംമുമ്പാണ് ഷി‐കിം സംഭാഷണം നടന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. ഏറ്റവും അവസാനമായി ഇരുകൊറിയകളുടെ പ്രസിഡന്റുമാർ തമ്മിൽ കൂടിക്കാഴ്ച നടത്താനും ധാരണയായി. ഏപ്രിൽ 27ന് ഇരുകൊറിയകളുടെ അതിർത്തിയിലുള്ള ഗ്രാമമായ പാൻമുൻജോമിൽ വച്ചായിരിക്കും കിം ജോങ് ഉന്നും തെക്കൻ കൊറിയൻ പ്രസിഡന്റ് മൂൺ ജായിയും തമ്മിലുള്ള കൂടിക്കാഴ്ച. ഫെബ്രുവരിയിൽ പ്യോങ്ചാങ്ങിൽ നടന്ന ശീതകാല ഒളിമ്പിക്സിൽ ഒരു കൊടിക്കുകീഴിൽ ഇരുകൊറിയൻ ടീമുകളും പങ്കെടുത്തതോടെയാണ് ബന്ധത്തിലെ മഞ്ഞുരുക്കം ആരംഭിച്ചത്.  അതിന്റെ തുടർച്ചയെന്നോണമാണ് ഇരുരാജ്യങ്ങളിലെയും ഭരണാധികാരികൾ തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കുന്നത്. കൊറിയൻ ഉപദ്വീപ് സമാധാനത്തിലേക്ക് നീങ്ങുകയാണെന്ന് ഈ നയതന്ത്രനീക്കങ്ങൾ സൂചിപ്പിക്കുന്നു. ഇതിന് പിന്തുണ നൽകേണ്ടത് സമാധാനം ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും കടമയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top