28 March Thursday

ഉമ്മന്‍ചാണ്ടിയുടെ കുരുട്ടുബുദ്ധി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 30, 2016

കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും സമ്മതിദായകരെ ഓര്‍ക്കുന്നത് തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയപ്പോഴാണ്. നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമാണ് പുതിയ ആനുകൂല്യങ്ങളുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രംഗത്തുവരുന്നത്. സ്വന്തം കഴിവുകേടും കൊള്ളരുതായ്മകളും മൂടിവച്ച് അവസാനനിമിഷം തെരഞ്ഞെടുപ്പ് കമീഷനുമേല്‍ പഴിചാരി രക്ഷപ്പെടാനുള്ള വൃഥാശ്രമത്തിലാണ് അദ്ദേഹം. 58 മാസംകൊണ്ട് ചെയ്യാന്‍ കഴിയാത്തത് ഒരുമാസത്തിനകം ചെയ്തുതീര്‍ക്കുമെന്ന ധാരണ സൃഷ്ടിക്കാനാണ് ശ്രമം. 

ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് സൌജന്യമായി അരി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നിഷേധിച്ചുവെന്നാണ് ഒന്നാമത്തെ പരാതി. സൌജ്യനമായി അരി നല്‍കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നത് വളരെ വ്യക്തം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ അവസാനനിമിഷം അധികാരദുര്‍വിനിയോഗം നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. കഴിഞ്ഞ 58 മാസം കാര്‍ഡുടമകള്‍ക്ക് അരി സൌജന്യമായി നല്‍കിയിട്ടില്ല. ഇപ്പോള്‍ ഒരുമാസമെങ്കിലും സൌജന്യമായി അരി നല്‍കി സമ്മതിദായകരുടെ പ്രീതി സമ്പാദിക്കാനാണ് ശ്രമം. അതുകൊണ്ടുതന്നെ ഇതുപറയേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ ഭരണഘടനാപരമായ ചുമതലയാണ്. ആ ചുമതല നിര്‍വഹിക്കുന്നതിനെതിരെ പത്രപ്രസ്താവന ഇറക്കി സമ്മര്‍ദം ചെലുത്തുന്നത് ഒരു മുഖ്യമന്ത്രിക്ക് യോജിച്ചതല്ല. പെരുമാറ്റച്ചട്ടം ലംഘിക്കാന്‍ അനുവദിക്കില്ലെന്ന കമീഷന്റെ നിലപാടില്‍ മാറ്റംവരുത്തണമെന്ന് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. അങ്ങനെ ചെയ്യുന്നത് മുഖ്യമന്ത്രിയുടെയും ഭരണകക്ഷിയുടെയും സമ്മര്‍ദത്തിനു വഴങ്ങലാകും.

40,000 അപേക്ഷകള്‍ തെരഞ്ഞെടുപ്പ് കമീഷന്റെ ദയാദാക്ഷിണ്യത്തിനായി കാത്തുകിടക്കുകയാണെന്നാണ് ഒടുവിലത്തെ വാര്‍ത്തകള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ആനുകൂല്യം ലഭിക്കുന്നതിന് 40,000 അപേക്ഷകള്‍ ഇതിനകം സമര്‍പ്പിക്കപ്പെട്ടുവെന്നും 44.50 കോടി രൂപ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ മുഖ്യമന്ത്രി സന്നദ്ധമായെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്കേര്‍പ്പെടുത്തിയെന്നുമാണ് മറ്റൊരു ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം നല്‍കുന്നതിന് ആരും എതിരല്ല. എന്നാല്‍, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചശേഷം അങ്ങനെ ചെയ്യുന്നത് സമ്മതിദായകരെ സ്വാധീനിക്കലാണ്. സര്‍ക്കാര്‍ ഖജനാവിലെ പണം ഇത്തരത്തില്‍ വിനിയോഗിക്കുന്നത് പെരുമാറ്റച്ചട്ടം അനുസരിച്ച് അനുവദനീയമല്ല. കഴിഞ്ഞ 58 മാസം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് ഒരു കമീഷനും തടസ്സമായിരുന്നില്ല. എന്നാല്‍, ബോധപൂര്‍വം അത്തരം ആനുകൂല്യങ്ങള്‍ നല്‍കാതെ അവസാനനിമിഷം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനോടാണ് എതിര്‍പ്പ്.

ഇതിന് ഒരു മറുവശമുണ്ട്. സര്‍ക്കാരിന്റെ ഖജനാവ് കാലിയാണ്. കടം മൂക്കറ്റം കയറിനില്‍ക്കുകയാണ്. 1500 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവാദം ചോദിച്ചിരിക്കുകയാണ്. അടുത്തമാസം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ കഴിവില്ലാത്തതുമൂലം വിവിധ ക്ഷേമനിധികളിലെ പണവും സഹകരണസ്ഥാപനങ്ങളുടെ പണവും സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി. അതിന്റെ അര്‍ഥം സാമ്പത്തികഞെരുക്കം അനുഭവപ്പെടുന്നു എന്നുതന്നെ. കര്‍ഷകര്‍ക്ക് ഒരുവര്‍ഷമായി പെന്‍ഷന്‍ നല്‍കിയിട്ടില്ല. 190 കോടിരൂപ ഇതിന് ആവശ്യമാണെന്നാണ് പറയുന്നത്. മറ്റു വിവിധ ക്ഷേമപെന്‍ഷനുകളിലും വന്‍ കുടിശ്ശികയുണ്ട്്. ഇതൊന്നും നല്‍കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍ തടസ്സമല്ല. എന്നാല്‍, അര്‍ഹതപ്പെട്ട ആനുകൂല്യം നിഷേധിച്ച് അവസാനനിമിഷം പുതിയ ആനുകൂല്യം പ്രഖ്യാപിക്കുന്നതും നല്‍കുന്നതും ചട്ടവിരുദ്ധമാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമീഷനില്‍ ഭരണാധികാരം ഉപയോഗിച്ച് സമ്മര്‍ദം ചെലുത്തുന്ന രീതി മുഖ്യമന്ത്രിക്ക് ഒട്ടും യോജിച്ചതല്ല. പെരുമാറ്റച്ചട്ടം ലംഘിക്കാന്‍ ആരെയും അനുവദിക്കരുത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top