20 April Saturday

തല ഉയർത്തി കൈകൾ കോർത്ത് മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Jan 30, 2020


ശക്തവും ഐശ്വര്യപൂർണവും അതേസമയംതന്നെ മതനിരപേക്ഷവുമായ കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പിന്‌ കൃത്യമായ ദിശാബോധം നൽകുന്നതാണ് നിയമസഭയിൽ സംസ്ഥാന സർക്കാരിനുവേണ്ടി ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗം. രണ്ടു പ്രളയവും കേന്ദ്രത്തിന്റെ സാമ്പത്തിക സമ്മർദവും നേരിട്ടുതന്നെ ഈ സംസ്ഥാനത്തെ കൈപിടിച്ചു നടത്താൻ ശേഷിയുണ്ടെന്ന് തെളിയിച്ച സർക്കാർ നാലാം വർഷത്തേക്ക് അടുക്കുമ്പോൾ തിളക്കമാർന്ന ഒരു ഭാവികേരളത്തിനുകൂടി അടിത്തറ പാകുകയാണ്.

വികസനരംഗത്ത് സംസ്ഥാനം നേരിടുന്ന വെല്ലുവിളികൾ ഒട്ടേറെയാണ്. അവ നേരിടേണ്ടതുണ്ട്. ഒപ്പം രാഷ്ട്രത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരായ രാഷ്ട്രീയപോരാട്ടവും നയിക്കേണ്ടതുണ്ട്. രണ്ടു രംഗത്തും വ്യക്തമായ കാഴ്ചപ്പാട് നൽകുന്നതാണ് നയപ്രഖ്യാപനം.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ നയപ്രഖ്യാപനത്തിലെ ഭാഗം ഉൾപ്പെട്ട പതിനെട്ടാം ഖണ്ഡിക ഗവർണർ വായിക്കില്ലെന്ന ശക്തമായ പ്രചാരണം ഉണ്ടായിരുന്നു. മലയാളത്തിലെ രണ്ടു പ്രമുഖപത്രങ്ങളുടെ ബുധനാഴ്‌ചത്തെ പ്രധാന തലക്കെട്ടും ഇത് വായിക്കില്ല എന്ന് ഉറപ്പിച്ചായിരുന്നു. എന്നാൽ, ഒരു ചെറു ആമുഖം പറഞ്ഞിട്ടായാലും ഗവർണർ അത് വായിക്കാൻ നിർബന്ധിതനായി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് വായിക്കുന്നത് എന്ന് പറയുകയും ചെയ്‌തു.

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ച പക്വതയുള്ള സമീപനം ഫലം കണ്ടു എന്നുവേണം കരുതാൻ. ഗവർണർ നിയമസഭയുടെ അവകാശത്തെ ചെറുതാക്കി കാണിക്കുകയും രാഷ്ട്രീയ വിമർശങ്ങൾ ഉന്നയിക്കുകയും ചെയ്യുമ്പോൾ ശക്തമായ വിമർശംതന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉയർത്തിയിട്ടുണ്ട്. എന്നാൽ, ഗവർണറെ ഭരണഘടനാബാധ്യത നിർവഹിക്കുന്നതിൽനിന്ന് തടസ്സപ്പെടുത്തുക എന്ന സമീപനം ഭരണപക്ഷം സ്വീകരിച്ചില്ല. ഇക്കാര്യത്തിൽ ധീരവും മാന്യവും തന്ത്രപരവുമായ നിലപാട് സർക്കാർ സ്വീകരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭാഗം  നീക്കണമെന്ന ആവശ്യമാണ്‌ ഗവർണർ ആദ്യം ഉന്നയിച്ചത്. അത് കാര്യകാരണ സഹിതം സർക്കാർ തള്ളി. പ്രസംഗത്തിനു തൊട്ടുമുമ്പും മുഖ്യമന്ത്രി സർക്കാർ നിലപാട്  വ്യക്തമാക്കി ഗവർണർക്ക്‌ കത്തയച്ചു. പ്രസംഗം അതേപടി  വായിക്കേണ്ടത് ഭരണഘടനയുടെ 176 –-ാം അനുച്ഛേദമനുസരിച്ച് ഗവർണറുടെ ഉത്തരവാദിത്തമാണെന്ന് ഓർമിപ്പിക്കുന്നതായിരുന്നു കത്ത്. ഗവർണർ പ്രസംഗം പൂർണമായി വായിക്കുകയും ചെയ്‌തു.


 

പ്രതിപക്ഷം ഈ പ്രശ്നം രാഷ്ട്രീയനേട്ടത്തിന്‌ ഉപയോഗിക്കാൻ ശ്രമിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ കാര്യമായി ഇടപെടാതെ ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട അവർ ഭരണഘടനാചുമതല നിർവഹിക്കാനെത്തിയ ഗവർണറുടെ വഴിതടഞ്ഞു. പ്രസംഗം ഗവർണർ പൂർണമായി വായിക്കില്ലെന്ന ഉറപ്പിൽ ആയിരുന്നിരിക്കും അത്. എന്നാൽ, സർക്കാരിന്റെ ഉറച്ച നിലപാടിനു വഴങ്ങി ഗവർണർ പ്രസംഗം വായിച്ചതോടെ പ്രതിപക്ഷം നാണംകെട്ടു. ആ ജാള്യം മറയ്‌ക്കാൻ മുഖ്യമന്ത്രിയും ഗവർണറും ഒത്തുകളിച്ചു എന്ന അപഹാസ്യമായ വാദവുമായി ഇപ്പോൾ  ഇറങ്ങുന്നു.

വികസനരംഗത്ത് എല്ലാ പ്രതികൂലഘടകങ്ങളെയും അതിജീവിച്ച് സംസ്ഥാനം നിവർന്നുനിന്നത്‌ എങ്ങനെ എന്ന് നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുന്നു. ദേശീയ സമ്പദ് വ്യവസ്ഥയുടെ തകർച്ചമൂലം വൻതോതിൽ വരുമാനക്കുറവ് സംസ്ഥാനവും നേരിടുന്നു. എന്നിട്ടും സാമൂഹ്യമേഖലയിലെ ചെലവുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലാതെ സർക്കാർ നീങ്ങുകയാണ്. പ്രളയത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിട്ട്‌ നീങ്ങാനുള്ള കാർഷിക പദ്ധതികൾ, സഹകരണമേഖലയിലെ ഉൽപ്പന്നങ്ങൾ വിൽക്കാൻ പൊതുവേദി, ജൈവവൈവിധ്യം സംരക്ഷിക്കാൻ പ്രാദേശിക സർക്കാരുകളുടെ മുൻകൈയോടെയുള്ള നടപടികൾ, പുഴകളുടെ സംരക്ഷണത്തിനുള്ള ജനകീയ ഇടപെടൽ തുടങ്ങി പുതുമയാർന്ന നിർദേശങ്ങളും പ്രസംഗത്തിലുണ്ട്. പ്ലാസ്റ്റിക്‌ നിരോധനം ഏർപ്പെടുത്തിയ സർക്കാർ അക്കാര്യത്തിൽ വേണ്ട തുടർനടപടികൾക്കും പ്രാധാന്യം നൽകുന്നു.

ആരോഗ്യ–- വിദ്യാഭ്യാസ രംഗങ്ങളിൽ നിലവിലെ മിഷനുകളിലൂടെ കൂടുതൽ മുന്നോട്ടു നീങ്ങാനും നിർദേശങ്ങളുണ്ട്. ലൈഫ് മിഷനിലെ ഭാവി പദ്ധതികളും മുന്നോട്ടുവയ്‌ക്കുന്നു. എല്ലാ മേഖലയിലും ആധുനിക സാങ്കേതികവിദ്യയുടെ ജനോപകാരപ്രദമായ ഉപയോഗത്തിനും ശ്രമമുണ്ട്. ഐടി, റോഡ്‌ വികസനം, പശ്ചാത്തല സൗകര്യവികസനം എന്നീ മേഖലകളിലെല്ലാം പുതു നിർദേശങ്ങളുണ്ട്. സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ ഭൂമിയിൽ പണിത പൊതുമേഖലാ സ്ഥാപനങ്ങൾപോലും വിറ്റുതുലയ്‌ക്കുന്ന കേന്ദ്ര സർക്കാരിനെ പ്രസംഗത്തിൽ ശക്തമായി വിമർശിക്കുന്നു. അത്തരം സ്ഥാപനങ്ങൾ ഏറ്റെടുക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന്‌ നൽകണമെന്ന ആവശ്യവും നയപ്രഖ്യാപന പ്രസംഗത്തിൽ മുന്നോട്ടുവയ്‌ക്കുന്നു.

പ്രസംഗത്തിലെ അവസാന വരികളിൽ പറയുമ്പോലെ ‘തല ഉയർത്തിപ്പിടിച്ചും കൈകൾ കോർത്തുപിടിച്ചും വെല്ലുവിളികളെ നേരിട്ട്  ജനപക്ഷത്ത് ഉറച്ചുനിൽക്കുന്ന' ഒരു സർക്കാരിന്‌ ചേർന്ന ഒന്നാണ് നയപ്രഖ്യാപന പ്രസംഗം എന്നത് ഉറപ്പിച്ചു പറയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top