25 April Thursday

അമേരിക്കന്‍ ആധിപത്യത്തിന്റെ കൊടി താഴുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 29, 2016


ലോകചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് 2016 വിടവാങ്ങുന്നത്. ഒന്നാം ലോകമഹായുദ്ധത്തില്‍ തുടങ്ങിയതും രണ്ടാം ലോകയുദ്ധത്തോടെ ഊട്ടിയുറപ്പിക്കപ്പെട്ടതുമായ അമേരിക്കന്‍ ആധിപത്യത്തിന്റെ കൊടി താഴുന്നത് 2016ല്‍ കണ്ടു. അമേരിക്കന്‍ ആധിപത്യത്തിന്റെ തകര്‍ച്ച സൂചിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ക്കും സാക്ഷിയായി ഈ വര്‍ഷം. ഏറ്റവുമൊടുവില്‍, അഞ്ച് വര്‍ഷത്തിലധികമായി തുടരുന്ന സിറിയന്‍ യുദ്ധത്തിനുള്ള സമാധാനനീക്കം മോസ്കോവില്‍ നടക്കുമ്പോള്‍ അതില്‍ ഒരു പങ്കാളിത്തവും ഇല്ലാത്ത രാജ്യമായി അമേരിക്ക മാറിയിരിക്കുന്നു.  ഒന്നാം ലോകയുദ്ധത്തിന് ശേഷമുള്ള എല്ലാ ലോകസംഭവങ്ങളിലും തുടര്‍ന്ന് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ പ്രത്യേകിച്ചും അമേരിക്കന്‍ സ്പര്‍ശമില്ലാതെ ലോകത്ത് ഒരു സമാധാനസംഭാഷണവും സന്ധിയും ഉണ്ടായിരുന്നില്ല. എന്നാല്‍, സിറിയന്‍ സമാധാനത്തിന് മോസ്കോയില്‍ സമ്മേളിച്ചത് റഷ്യയുടെയും തുര്‍ക്കിയുടെയും ഇറാന്റെയും വിദേശമന്ത്രിമാര്‍. വീണ്ടും മോസ്കോയില്‍ സമ്മേളിക്കാന്‍ പോകുന്നതും ഇവര്‍തന്നെ. ഇതിലെങ്ങും അമേരിക്കയ്ക്ക് ഒരു പങ്കുമില്ലെന്നര്‍ഥം. 

സിറിയയിലെ വാണിജ്യനഗരമായ അലെപ്പോയില്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ സൈന്യം തിരിച്ചുപിടിച്ചതും അമേരിക്കയ്ക്ക് തിരിച്ചടിയായി.  അസദിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ അല്‍ഖായ്ദ വിഭാഗത്തില്‍പെട്ട വിമതരെ പിന്തുണയ്ക്കുകയായിരുന്നു അമേരിക്കയും സൌദിയും തുര്‍ക്കിയും മറ്റും. അലെപ്പോ വീണതോടെ തുര്‍ക്കി റഷ്യന്‍പക്ഷത്തേക്ക് പോയതും അമേരിക്കയ്ക്ക് ക്ഷീണമായി. അമേരിക്കയ്ക്കെതിരെ ഭീകരാക്രമണം നടത്തിയ അല്‍ ഖായ്ദയുമായി സിറിയന്‍ ഭരണം അട്ടിമറിക്കാന്‍ അമേരിക്ക നടത്തിയ നീക്കം ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്ക കാണിക്കുന്ന ആത്മാര്‍ഥതയില്ലായ്മയും വെളിവാക്കപ്പെട്ടു. അമേരിക്കയുടെ വീഴ്ച ഇപ്പോള്‍ റഷ്യ സമര്‍ഥമായി ഉപയോഗിക്കുന്നു. 

അമേരിക്ക ആജന്മശത്രുക്കളായി പ്രഖ്യാപിച്ച ക്യൂബയുമായും ഇറാനുമായും സമാധാനം സ്ഥാപിച്ചതും വാഷിങ്ടന്റെ ശക്തി ക്ഷയിക്കുയാണെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. 56 വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ഡിസംബറിലാണ് ക്യൂബയുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍  അമേരിക്ക തീരുമാനിച്ചത്. അഞ്ചു ദശാബ്ദമായി അമേരിക്കയുടെ ഉപരോധവും പ്രതികാരനടപടികളും സ്വീകരിച്ചിട്ടും തളരാതെ പിടിച്ചുനിന്ന ക്യൂബയെ അംഗീകരിക്കാന്‍ വാഷിങ്ടണ്‍ നിര്‍ബന്ധിതമായി. ഇരുരാജ്യങ്ങളും എംബസികള്‍ തുറന്നു. നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ക്യൂബ സന്ദര്‍ശിച്ചു.

മധ്യപൌരസ്ത്യ ദേശത്തെ പ്രധാന ശത്രുരാഷ്ട്രമായ ഇറാനുമായി  ആണവകരാറില്‍ ഒപ്പുവയ്ക്കാനും അമേരിക്ക നിര്‍ബന്ധിതമായി. അമേരിക്കന്‍പക്ഷത്ത് നിലയുറപ്പിച്ച സൌദി അറേബ്യയെയും ഇസ്രയേലിനെയും മറ്റും ഈ നീക്കം ചൊടിപ്പിച്ചു. ഇറാനെതിരെയുള്ള ഉപരോധവും അമേരിക്ക പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്. ഈ പശ്ചാത്തലത്തിലാണ് യമനുനേരെ എകപക്ഷീയമായി യുദ്ധം ആരംഭിക്കാന്‍ സൌദി ഇറങ്ങിപ്പുറപ്പെട്ടത്. ഇസ്രയേലിന്റെ കുടിയേറ്റ അധിനിവേശത്തിനെതിരെ യുഎന്നില്‍ പ്രമേയം പാസായതും ലോകത്ത് അമേരിക്കന്‍ ആധിപത്യത്തിന് ക്ഷതമേല്‍ക്കുകയാണെന്നതിന്റെ ലക്ഷണംതന്നെ. ബ്രിട്ടീഷ് വഞ്ചനയുടെ ഫലമായി ഇസ്രയേല്‍ എന്ന രാഷ്ട്രം 1948ല്‍ രൂപംകൊണ്ടതുമുതല്‍ ആ രാഷ്ട്രത്തിന് ആയുധവും പണവും നല്‍കി സംരക്ഷിക്കുന്നത് അമേരിക്കയാണ്. 1979ന് ശേഷം യുഎന്‍ രക്ഷാസമിതിയില്‍ ഒരു പ്രമേയം പോലും ഇസ്രയേലിനെതിരെ പാസായിരുന്നില്ല. എല്ലാ പ്രമേയങ്ങളും അമേരിക്ക വീറ്റോ ചെയ്തു. എന്നാല്‍, കഴിഞ്ഞയാഴ്ച രക്ഷാസമിതിയില്‍ ദുര്‍ബലമായ ഇസ്രയേല്‍ വിരുദ്ധ പ്രമേയം  വന്നപ്പോള്‍ അമേരിക്ക വിട്ടുനിന്നതോടെ പ്രമേയം പാസായി. പ്രമേയത്തെ തള്ളി അധിനിവേശവുമായി മുന്നോട്ടുപോകാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്.

ചൈനയ്ക്കെതിരെ അമേരിക്ക കെട്ടിപ്പൊക്കുന്ന 'ഏഷ്യന്‍ അച്ചുതണ്ടി'ലും വിള്ളല്‍ വീണു. തെക്കന്‍ ചൈനാ കടലില്‍ ചൈനയ്ക്കെതിരെ കേസ് വാദിച്ച് അന്തരാഷ്ട്ര ട്രിബ്യൂണലില്‍നിന്ന് അനുകൂലവിധി നേടിയ രാഷ്ട്രമാണ് ഫിലിപ്പീന്‍സ്. അതുകൊണ്ടുതന്നെ ഏഷ്യന്‍ അച്ചുതണ്ടിലെ പ്രധാന അംഗമായി ഫിലിപ്പീന്‍സിനെ ഉള്‍പ്പെടുത്താനുള്ള നീക്കം അമേരിക്ക തുടരവെയാണ് മനിലയിലെ പുതിയ പ്രസിഡന്റ് ദുത്താര്‍തെ അമേരിക്കയെ വിമര്‍ശിച്ച് ശക്തമായി രംഗത്തെത്തിയത്. അമേരിക്കന്‍ താവളങ്ങള്‍ ഫിലിപ്പീന്‍സില്‍നിന്ന് ഒഴിവാക്കാനും ദുത്താര്‍തെ ആവശ്യപ്പെട്ടിരിക്കുയാണ്. ദുത്താര്‍തെയെ അട്ടിമറിക്കാന്‍ അമേരിക്ക നടത്തിയ നീക്കത്തിനെതിരെ ഫിലിപ്പീന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു. അമേരിക്കയുടെ അടുത്ത സഖ്യകക്ഷികള്‍പോലും അവര്‍ക്കെതിരെ തിരിഞ്ഞു. ജര്‍മനിപോലുള്ള ശിങ്കടി രാഷ്ട്രങ്ങളിലെ രഹസ്യംപോലും അമേരിക്കന്‍ ചാരന്മാര്‍ ചോര്‍ത്തിയെന്ന എഡ്വേഡ് സ്നോഡന്റെ വെളിപ്പെടുത്തലാണ് രാജ്യങ്ങളെ അമേരിക്കയുമായി അകറ്റിയത്. അമേരിക്കന്‍പക്ഷത്ത് നിലയുറപ്പിച്ച യൂറോപ്യന്‍ യൂണിയനാകട്ടെ പ്രതിസന്ധിയിലുമാണ്. ബ്രെക്സിറ്റ് വോട്ടാണ് ഈ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടിയത്. 

അമേരിക്കന്‍ ആധിപത്യം അതിവേഗം അവസാനിക്കുകയാണെന്ന് വിലപിക്കുന്നത് ചാള്‍സ് ക്രൌതാര്‍മറാണ്.  നവ യാഥാസ്ഥിതികപക്ഷത്ത് നിലയുറപ്പിച്ച  അമേരിക്കന്‍ എഴുത്തുകാരനാണ് ക്രൌതാര്‍മര്‍. പ്രതിരോധ ബജറ്റ് പകുതിയായി കുറച്ച അമേരിക്കന്‍ നടപടി ആധിപത്യത്തകര്‍ച്ചയുടെ തുടക്കമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.  മാത്രമല്ല, ലോകം ഏകധ്രുവത്തില്‍നിന്ന് അതിവേഗം ബഹുധ്രുവത്തിലേക്ക്  മാറുകയാണെന്നും അദ്ദേഹം വിലയിരുത്തുന്നു. റഷ്യയും ചൈനയും ഇറാനും ചേര്‍ന്നുള്ള സഖ്യം രൂപീകരിക്കപ്പെടുന്നതാണ് അമേരിക്കന്‍ ആധിപത്യത്തെ വെല്ലുവിളിക്കുന്നത്. ഏകധ്രുവ ലോകനായക സ്ഥാനം അമേരിക്കയ്ക്ക് നഷ്ടപ്പെടാന്‍ ആരംഭിച്ചിരിക്കുന്നുവെന്നര്‍ഥം. ഡോണള്‍ഡ് ട്രംപ് എന്ന നിയുക്ത പ്രസിഡന്റിന്റെ ജല്‍പ്പനങ്ങളിലുടെ ലോകത്ത് നിറഞ്ഞുനില്‍ക്കാന്‍ മത്സരിക്കുന്ന അമേരിക്കയുടെ ദയനീയചിത്രമാണ് ദൃശ്യമാകുന്നത്. ഈ ഘട്ടത്തിലും അമേരിക്കയോടൊപ്പം ലോകശക്തിയാകാനുള്ള വൃഥാശ്രമത്തിലാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍. ഇത് പാഴ്വേലയാകുമെന്ന് പറയാതെവയ്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top