26 April Friday

അന്ധവിശ്വാസത്തിന്റെ വിളയാട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 29, 2015

ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചത് ഏതെങ്കിലും ദൈവികമോ അമാനുഷികമോ ആയ സിദ്ധികൊണ്ടല്ല. മറിച്ച്, രണ്ടാം യുപിഎ സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമായിരുന്നു അത്. കോണ്‍ഗ്രസ് സങ്കുചിത താല്‍പ്പര്യം മുന്‍നിര്‍ത്തി രൂപീകരിച്ച ഇരു സംസ്ഥാനങ്ങളിലും പക്ഷേ, ആ പാര്‍ടിക്ക് ഭരണത്തിലെത്താനായില്ല. സംസ്ഥാന വിഭജനത്തിനുവേണ്ടി പ്രക്ഷോഭം നയിച്ച കെ ചന്ദ്രശേഖരറാവുവാണ് തെലങ്കാനയില്‍ മുഖ്യമന്ത്രിയായത്. വിഭജനത്തിലൂടെ തങ്ങള്‍ക്ക് അമൂല്യനേട്ടം ലഭ്യമാകും എന്ന് തെറ്റിദ്ധരിച്ച തെലങ്കാനയിലെ വോട്ടര്‍മാരാണ് ചന്ദ്രശേഖരറാവുവിനെ മുഖ്യമന്ത്രിപദത്തിലെത്തിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം അയുതമഹാചണ്ഡി എന്നൊരു യാഗം നടത്തി തെലങ്കാന രൂപീകരണത്തില്‍ നന്ദി പ്രകാശിപ്പിക്കാന്‍ ശ്രമിച്ചു. നന്ദി പ്രകാശനത്തിനുപുറമെ പുതിയ സംസ്ഥാനത്ത് മഴ പെയ്യണമെന്നും അഭിവൃദ്ധിവരണമെന്നും കാംക്ഷിച്ചാണത്രെ അനേകകോടികള്‍ ചെലവിട്ട് യാഗം നടത്തിയത്. യാഗപ്പന്തലിനുമാത്രം ഏഴുകോടി രൂപ ചെലവായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന ഗവര്‍ണര്‍ നരസിംഹ എന്നിവരുള്‍പ്പെടെ വിവിഐപികളും പങ്കെടുക്കുന്ന സമാപനപരിപാടിക്കുമുമ്പ് യാഗശാല കത്തിനശിച്ചു എന്നാണ് വാര്‍ത്ത. മഴ പെയ്യിക്കാന്‍ ഉദ്ദേശിച്ചുനടത്തിയ യാഗം തീ കൊണ്ടുപോയി!

1500 പുരോഹിതര്‍, 50,000 പേരുടെ പങ്കാളിത്തം, ആയിരക്കണക്കിന് പരികര്‍മികള്‍, 150 പാചകക്കാര്‍– ഇങ്ങനെയൊക്കെയായിരുന്നു യാഗത്തിന്റെ സന്നാഹങ്ങള്‍. ശാസ്ത്രബോധവും മാനവികതയും വളര്‍ത്തേണ്ടത് പൌരന്റെ മൌലിക കടമയായി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത രാജ്യമാണ് ഇന്ത്യ. ആ രാജ്യത്താണ് ഭരണഘടനാപ്രകാരം അധികാരം കൈയാളുന്നവര്‍ ഇത്തരത്തില്‍ പൊതുജനങ്ങളുടെ പണം ധൂര്‍ത്തടിച്ച് കോമാളിത്തം കാണിക്കുന്നത്. സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്ക് ലഭ്യമായ വിഭവങ്ങള്‍ ഔചിത്യപൂര്‍വം ഉപയോഗിക്കാനും വികസനപദ്ധതികള്‍ ഏറ്റെടുത്ത് നടത്താനും ജനങ്ങള്‍ക്കിടയില്‍ തുല്യമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനും ചുമതലപ്പെട്ട സര്‍ക്കാരിനെ നയിക്കുന്ന ആളാണ് ചന്ദ്രശേഖരറാവു. ജനാധിപത്യപരമായ, ഭരണഘടനാദത്തമായ ആ കടമ നിര്‍വഹിക്കാതെ യാഗമെന്ന എളുപ്പവഴിയിലൂടെ കാര്യസാധ്യത്തിന് ശ്രമിച്ച തെലങ്കാന മുഖ്യമന്ത്രി ഇന്ത്യന്‍ പിന്നോക്കാവസ്ഥയുടെ പരിതാപകരവും പരിഹാസ്യവുമായ മുഖമാണ്.

ഒരു ചന്ദ്രശേഖരറാവുവിലോ തെലങ്കാന സര്‍ക്കാരിലോ ഒതുങ്ങിനില്‍ക്കുന്നതല്ല അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഈ വിളയാട്ടം. ആള്‍ദൈവങ്ങളെ ആരാധിക്കുന്നവരും ചാതുര്‍വര്‍ണ്യം അലംഘനീയമാണെന്നു കരുതി ജാത്യാനാചാരങ്ങള്‍ ശിരസ്സാവഹിക്കുന്നവരും രാജ്യഭരണം കൈയാളുന്ന കൂട്ടത്തില്‍തന്നെയുണ്ട്. ഇന്ത്യന്‍ ബഹിരാകാശശാസ്ത്രജ്ഞരുടെ അമൂല്യനേട്ടമായ മംഗള്‍യാന്റെ വിജയം കേരളത്തിലെ ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ പഴവങ്ങാടി ഗണപതിക്ക് തേങ്ങ ഉടച്ചാണ് ആഘോഷിച്ചത്. മന്ത്രിച്ചൂതിയ വെള്ളവും ചരടും മഹാത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ധനാകര്‍ഷണ കുബേരയന്ത്രം സമ്പത്ത് കൊണ്ടുവരുമെന്നും കരുതുന്നവരുടെ നാടാണിത്. ജ്യോതിഷവും മഷിനോട്ടവും മന്ത്രവാദവും ആള്‍ദൈവങ്ങളുടെ പേക്കൂത്തും ഒരുവശത്ത് അരങ്ങുതകര്‍ക്കുമ്പോള്‍ ജാതിയും മതവും പറഞ്ഞ് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ മറുവശത്ത് പ്രതിലോമശക്തികള്‍ ഇളകിയാടുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി ബന്ധപ്പെട്ട് പാവപ്പെട്ട ജനവിഭാഗങ്ങള്‍ കൊടുംചൂഷണത്തിന് ഇരയാകുന്നു.

സാമൂഹ്യവിപത്തായി വളര്‍ന്നുവരുന്ന ഇത്തരം ചൂഷണങ്ങളെ പ്രതിരോധിക്കാനും ഇരകള്‍ക്ക് നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കാനുമുള്ള ബാധ്യത ഭരണാധികാരികള്‍ക്കാണ്. ആ ഭരണാധികാരികള്‍തന്നെയാണ് ജനങ്ങളുടെ നികുതിപ്പണംകൊണ്ട് അന്ധവിശ്വാസത്തിന്റെ മഹോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. സാമൂഹികവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനമാണിത്. ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും പുരോഗമനചിന്തയും വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിപദത്തിലെത്തിയ ചന്ദ്രശേഖരറാവു നാടിന്റെ പുരോഗതിയുടെ കഴുത്തിലാണ് കത്തിവച്ചത്. ശാസ്ത്രാവബോധവും യുക്തിഭദ്രമായ സാമൂഹിക വീക്ഷണവും ഉയര്‍ത്തി ഇത്തരം അനാചാരങ്ങള്‍ക്കെതിരെ പോരാട്ടം സംഘടിപ്പിക്കേണ്ടതുണ്ട്. രാജ്യത്തിന്റെയും ജനതയുടെയും പുരോഗതി ആഗ്രഹിക്കുന്ന ഏതൊരാളും അണിചേരേണ്ട പോരാട്ടമാണിത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top