27 April Saturday

അഴിമതിക്കാരെ പൊറുപ്പിക്കരുത്

വെബ് ഡെസ്‌ക്‌Updated: Saturday Oct 29, 2016


കേരളത്തില്‍ അസാധാരണമായ ഒരു മുറുമുറുപ്പ് ഉയരുന്നു. അഴിമതിക്കേസുകളുടെ അന്വേഷണം നിയമാനുസൃതം നടക്കരുത് എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ്, ഒരുപറ്റം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരില്‍ ചിലരും മാധ്യമങ്ങളില്‍ ചിലതും സംഘടിതമായി കോലാഹലമുയര്‍ത്തുന്നത്. ഞങ്ങള്‍ എല്ലാറ്റിനും മുകളില്‍, എല്ലാറ്റിനും അതീതര്‍; ഞങ്ങളെ സ്പര്‍ശിക്കാന്‍ ആര്‍ക്കുമില്ല അധികാരം എന്ന അഹങ്കാരം നിറഞ്ഞ പ്രഖ്യാപനമാണ് കഴിഞ്ഞദിവസം ചില ഉദ്യോഗസ്ഥപ്രമാണിമാര്‍ നടത്തിയത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ക്രമക്കേട് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ന്നാല്‍, മുന്നിലെത്തുന്ന വിവരങ്ങള്‍ പ്രഥമദൃഷ്ട്യാ കഴമ്പുള്ളതാണെന്ന് തോന്നിയാല്‍ നിയമാനുസൃതം അന്വേഷണം നടത്തണം. ആരോപണങ്ങളിലെ നെല്ലും പതിരും തിരിച്ചറിയുന്നത് സമഗ്രമായ അന്വേഷണത്തിലൂടെയാണ്. അത്തരം അന്വേഷണങ്ങള്‍ അംഗീകരിക്കില്ല എന്ന നിയമനിഷേധത്തിന്റെ തലമാണ് പുതിയ വിവാദങ്ങള്‍ ചികഞ്ഞാല്‍ കണ്ടെത്താനാവുക.

ഉമ്മന്‍ചാണ്ടി നയിച്ച യുഡിഎഫ് ഗവണ്‍മെന്റ് ചരിത്രത്തില്‍ ഇടംപിടിക്കുന്നത് സമാനതകളില്ലാത്ത അഴിമതികളുടെ എണ്ണവും വലുപ്പവുംകൊണ്ടാണ്. രാഷ്ട്രീയനേതൃത്വം അഴിമതിയുടെ ദുഷിപ്പുപേറുമ്പോള്‍ ഉദ്യോഗസ്ഥവൃന്ദവും അതേവഴിയിലേക്ക് വലിച്ചിഴയ്ക്കപ്പെടും. സര്‍വീസിലിരിക്കെ സല്‍ക്കീര്‍ത്തി നേടിയ പ്രമുഖ ഉദ്യോഗസ്ഥമേധാവികള്‍പോലും അഴിമതിസംരക്ഷണത്തിന്റെയും തെളിവുനശിപ്പിക്കലിന്റെയും പാപക്കറയില്‍ കുളിച്ച് അപഹാസ്യരാകുന്ന രംഗങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ദൃശ്യമായി. അത്തരമൊരു ദുരന്തത്തിന്റെ അനിവാര്യമായ പ്രത്യാഘാതമാണ് അനേകം ഉദ്യോഗസ്ഥപ്രമാണിമാര്‍ വിജിലന്‍സ് കേസില്‍പ്പെടുന്ന അവസ്ഥ. ചിലര്‍ സ്വമേധയാ അഴിമതിക്ക് കീഴ്പ്പെട്ടവരാകും. മറ്റുചിലര്‍ ചെറുത്തുനില്‍ക്കാനാകാതെ കൂട്ടുനില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാകും. ഒട്ടേറെപ്പേര്‍ നിയമത്തിന്റെയും ചട്ടങ്ങളുടെയും ധാര്‍മികതയുടെയും ആദര്‍ശനിഷ്ഠമായ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്, അഴിമതിക്ക് പുറംതിരിഞ്ഞുനിന്നവരാണ്. സാമാന്യമായി ഇത്തരമൊരു വേര്‍തിരിവ് കാണാമെങ്കിലും നിയമത്തിനുമുന്നില്‍ ആര്‍ക്കും പ്രത്യേക അവകാശങ്ങള്‍ ലഭിക്കുന്നില്ല.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി, മുതിര്‍ന്ന രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് നടപടിയാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെ അനധികൃത സ്വത്തുസമ്പാദനം ആരോപിച്ചുള്ള പരാതി നേരത്തെ തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിച്ചിരുന്നു. ഉചിതമായ അധികാരപരിധിയുള്ള കോടതി പരിഗണിക്കട്ടെ എന്ന തീര്‍പ്പിനെത്തുടര്‍ന്നാണ് അത് തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെത്തിയത്. ഒക്ടോബര്‍ ഏഴിന് പരാതി പരിശോധിച്ച വിജിലന്‍സ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടു. ഒരുമാസംകൊണ്ട് പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ചുമതലയാണ് വിജിലന്‍സിന് നല്‍കിയത്. ആ ചുമതല നിര്‍വഹിക്കുന്നതിന്റെ ഭാഗമായി, അനധികൃത സ്വത്തുസമ്പാദനത്തിന് തെളിവായി പരാതിയില്‍ ചൂണ്ടിക്കാട്ടിയ ഫ്ളാറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിക്കുകയാണ് വിജിലന്‍സ് സംഘം ചെയ്തത്.

അതിനെ റെയ്ഡായും അപമാനിക്കലായും ചട്ടലംഘനമായും വ്യാഖ്യാനിച്ച് വിജിലന്‍സിനെതിരെ കോലാഹലം സൃഷ്ടിക്കാനാണ് തല്‍പ്പരകക്ഷികള്‍ തയ്യാറായത്. തൊട്ടടുത്തദിവസം മറ്റൊരു സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസിനെതിരെ വിജിലന്‍സ് നടപടി വന്നു. അതും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട എഫ്ഐആറിന്റെ ഭാഗമായ അന്വേഷണം. വരുമാനവും സ്വത്തും തമ്മില്‍ വലിയ വ്യത്യാസം അന്വേഷിച്ച് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. അതിനെതിരെയും ശബ്ദമുയര്‍ത്താന്‍ ആളുണ്ടായി. സാങ്കേതിക ന്യായങ്ങള്‍ ഉയര്‍ത്തിയും വൈകാരികപ്രകടനം നടത്തിയും അന്വേഷണം അട്ടിമറിക്കാനും സത്യസന്ധരായ ഉദ്യോഗസ്ഥരെ അന്വേഷണച്ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്താനുമുള്ള ആസൂത്രണമാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് ചില പ്രതികരണങ്ങള്‍. അതിനിടെ, വിജിലന്‍സ് മേധാവിയെ വ്യക്തിപരമായി ഒറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമം നടക്കുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പരസ്യമായി അദ്ദേഹത്തിനെതിരെ ആക്ഷേപം ചൊരിഞ്ഞു.

നിയമവിരുദ്ധമായോ ചട്ടവിരുദ്ധമായോ അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാനും തടയാനും നിയമത്തിന്റെ വഴിയുണ്ട്. ജേക്കബ് തോമസിനെതിരെ കെ എം എബ്രഹാം നല്‍കിയ പരാതി ഗൌരവത്തില്‍ കാണുന്നുവെന്നും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതാണ് ശരിയായ രീതി. അതിനുപകരം ആ ഉദ്യോഗസ്ഥനെ പുകച്ച് പുറത്തുചാടിക്കാനുള്ള പടപ്പുറപ്പാട് അഴിമതിക്കാരെ സംരക്ഷിക്കാനുള്ളതാണ്. അതിനുള്ള ഐക്യമുന്നണിയാണ് ഇപ്പോള്‍ രൂപപ്പെടുന്നത്.

യഥാര്‍ഥ വിഷയത്തില്‍നിന്നും വസ്തുതകളില്‍നിന്നും ശ്രദ്ധമാറ്റാന്‍ ഐഎഎസ്– ഐപിഎസ് പോരെന്നും ഉദ്യോഗസ്ഥര്‍ക്കിടയിലെ ചക്കളത്തിപ്പോരാട്ടമെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഈ വിവാദത്തിന് ചിലര്‍ നല്‍കുന്നുണ്ട്. അതിനായി യഥേഷ്ടം ഉപയോഗിച്ച ഒരുപേര് ഐഎഎസ് അസോസിയേഷന്റേതാണ്. എന്നാല്‍, വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട പുതിയ വിവാദം ആ സംഘടന ചര്‍ച്ചചെയ്യുകയോ, അതിന്റെ യോഗം ചേരുകപോലുമോ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അഴിമതിക്കടിപ്പെട്ട ഏതാനും ഉദ്യോഗസ്ഥരും അവരെ തുണയ്ക്കുന്ന ചിലരും മാത്രമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. അതല്ലാത്ത ഭൂരിപക്ഷമുണ്ട്. ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ അഴിമതിവിരുദ്ധ നീക്കങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കുന്നവരാണ്. ഏതാനും ചിലര്‍ക്കുവേണ്ടി, അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുവേണ്ടി ഉയരുന്നതല്ല അവരുടെ ശബ്ദം. ഇവിടെ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള അഴിമതിവിരുദ്ധ ഇടപെടലാണുണ്ടാകുന്നത്. വിജിലന്‍സിനെ അതിന്റെ വഴിക്ക്, നിയമത്തിന്റെ വഴിക്ക് വിട്ടുകൊണ്ടാണ് അത് നടപ്പാകുന്നത്. കുറ്റം ചെയ്തവര്‍ ആരായാലും നിയമത്തിനുമുന്നിലെത്തുമെന്ന സ്ഥിതിയാണ് സംജാതമാകുന്നത്. അതില്‍ വിറളിപൂണ്ടവരും സഹായികളും ഒറ്റപ്പെട്ടുകൊണ്ടിരിക്കും. ഏതെങ്കിലും ചിലര്‍ സത്യസന്ധരെന്നും മറ്റുചിലര്‍ മോശക്കാരെന്നുമുള്ള കേവലമായ വിലയിരുത്തലും അതിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പുകളുമല്ല വേണ്ടത്. ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ വസ്തുനിഷ്ഠമായും നിയമപരമായും പരിശോധിക്കപ്പെടട്ടെ. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടുകയും നിരപരാധികളുടെ സംശുദ്ധി തെളിയിക്കപ്പെടുകയും ചെയ്യട്ടെ. ആ പ്രക്രിയയെ തടസ്സപ്പെടുത്താന്‍ ആരും മുതിരരുത്. അത് അഴിമതിയോളം ഗൌരവമുള്ള കുറ്റമാണ്.

സത്യസന്ധരായി കൃത്യനിര്‍വഹണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം സര്‍ക്കാരും ജനങ്ങളുമുണ്ടാകും. കള്ളനാണയങ്ങള്‍ക്കെതിരെ കര്‍ക്കശ പ്രതികരണവുമുണ്ടാകും. ഒരുതരത്തിലുമുള്ള പ്രതികാരനടപടിയും പ്രോത്സാഹിപ്പിക്കില്ല; സങ്കുചിത പരിഗണനകള്‍ക്ക് സ്ഥാനമുണ്ടാകില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിനിടെ അരുതായ്മ സംഭവിക്കുന്നുവെങ്കില്‍ അതിനെ അതുപോലെ കൈകാര്യം ചെയ്യണം. അല്ലാതെ കാടടച്ച് വെടിവച്ച് അന്വേഷണം അട്ടിമറിക്കാന്‍ ആര് ശ്രമിച്ചാലും അത് പൊറുക്കപ്പെടില്ല. ബഹളക്കാര്‍ അത് ഓര്‍ക്കുന്നത് നന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top